കോട്ടയത്ത് കരസേനാ റിക്രൂട്ട്മെന്റ് റാലി: രജിസ്‌ട്രേഷന്‍ നവംബര്‍ 16 വരെ


4 min read
Read later
Print
Share

റാലി ഡിസംബര്‍ രണ്ട് മുതല്‍ 11 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍

രസേനയിലേക്ക് മികവുള്ള യുവാക്കളെ കണ്ടെത്തുന്നതിനുള്ള റിക്രൂട്ട്മെന്റ് റാലി ഡിസംബര്‍ രണ്ട് മുതല്‍ 11 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും. തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫീസ് നടത്തുന്ന റാലിയില്‍ തെക്കന്‍ ജില്ലക്കാര്‍ക്ക് പങ്കെടുക്കാം.

സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി, ടെക്നിക്കല്‍ (ഏവിയേഷന്‍/അമ്യുനിഷന്‍ എക്സാമിനര്‍), നഴ്സിങ് അസിസ്റ്റന്റ്/ നഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി, ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍ ടെക്നിക്കല്‍/ഇന്‍വന്ററി മാനേജ്മെന്റ്, ട്രേഡ്സ്മെന്‍, ശിപായ് ഫാര്‍മ വിഭാഗങ്ങളിലായാണ് അവസരം. ഏതെങ്കിലും ഒരു ട്രേഡിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ.

റാലിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 16ന് മുമ്പ് www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ നടത്തണം. ആധാര്‍കാര്‍ഡ് വിവരങ്ങളും നല്‍കണം. കൃത്യമായി അപേക്ഷിച്ചുകഴിഞ്ഞാല്‍ നവംബര്‍ 27-ന് ആര്‍മി വെബ്സൈറ്റില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഈ അഡ്മിറ്റ് കാര്‍ഡ്/സ്ലിപ്പുമായി അതില്‍ പറഞ്ഞ ദിവസത്തും സമയത്തും റാലിസ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യണം. രജിസ്ട്രേഷന്‍ സംബന്ധിച്ച സംശയനിവാരണത്തിന് തിരുവനന്തപുരം ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസുമായി ബന്ധപ്പെടുക.

വിവിധ ദിവസങ്ങളിലായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലക്കാര്‍ക്ക് റാലിയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും. പുരുഷന്മാര്‍ക്ക് മാത്രമുള്ള ഒഴിവുകളാണിത്. റാലിക്ക് പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ 10 രൂപ മുദ്രപത്രത്തില്‍ തയ്യാറാക്കിയ സാക്ഷ്യപത്രം ഹാജരാക്കേണ്ടതുണ്ട്. 18 വയസ്സില്‍ താഴെയുള്ളവരാണെങ്കില്‍ അവരുടെ രക്ഷിതാവിന്റെ സാക്ഷ്യപത്രവും കൊണ്ടുവരണം.

പ്രായം: സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി - 17 1/2 21 വയസ്സ്. മറ്റെല്ലാ തസ്തികകളിലേക്കും 17 1/2 23 വയസ്സ്. കുറഞ്ഞ ഭാരം- 50 കി.ഗ്രാം, സോള്‍ജ്യര്‍ ട്രേഡ്സ്മാന് 48 കി.ഗ്രാം.
ആവശ്യമായ ശാരീരിക/വിദ്യാഭ്യാസയോഗ്യതകള്‍ ഇനി പറയുന്ന പ്രകാരമാണ്:

1. സോള്‍ജ്യര്‍ ജനറല്‍ഡ്യൂട്ടി: പൊക്കം 166 സെ.മീ. ഭാരം 50 കി.ഗ്രാം, നെഞ്ചളവ് 77/82 സെ.മീ. എസ്.എസ്.എല്‍.സി/ മെട്രിക്ക് 45 ശതമാനം മാര്‍ക്കോടെ പാസാവുകയും ഓരോ വിഷയത്തിനും 33 ശതമാനം മാര്‍ക്ക് നേടിയിരിക്കണം, കൂടുതല്‍ വിദ്യാഭ്യാസയോഗ്യതയുണ്ടെങ്കില്‍ ഇത് പരിഗണിക്കുകയില്ല. CBSEക്ക് ഓരോ വിഷയത്തിനും കുറഞ്ഞത് ഡി-ഗ്രേഡ് (3340) ലഭിക്കുകയും ആകെ കൂടി സി2 ഗ്രേഡ് അല്ലെങ്കില്‍ 4.75 പോയിന്റ് ലഭിക്കുകയും വേണം. 1998 ഒക്ടോബര്‍ ഒന്നിനും 2002 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ).

2. സോള്‍ജ്യര്‍ ടെക്നിക്കല്‍: പൊക്കം 165 സെ.മീ. ഭാരം 50 കി.ഗ്രാം, നെഞ്ചളവ് 77/82 സെ.മീ. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളോടു കൂടി പ്ലസ്ടു അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ് മൊത്തം 50 ശതമാനം മാര്‍ക്കോ ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്കോ നേടിയിരിക്കണം. 1996 ഒക്ടോബര്‍ ഒന്നിനും 2002 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ).

3. സോള്‍ജ്യര്‍ നഴ്സിങ് അസിസ്റ്റന്റ്/നഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി: പൊക്കം 165 സെ.മീ. തൂക്കം 50 കി.ഗ്രാം, നെഞ്ചളവ് 77/82 സെ.മീ. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളോടുകൂടി 50 ശതമാനം മൊത്തം മാര്‍ക്കോടെയും ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്കോടെയും പ്ലസ്ടു അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ് പാസായിരിക്കണം. 1996 ഒക്ടോബര്‍ ഒന്നിനും 2002 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ).

4. സോള്‍ജ്യര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍ ടെക്നിക്കല്‍/ഇന്‍വെന്ററി മാനേജ്മെന്റ്: പൊക്കം 162 സെ.മീ. തൂക്കം 50 കി.ഗ്രാം, നെഞ്ചളവ് 77/82 സെ.മീ. ഇംഗ്ലീഷ്, കണക്ക്/അക്കൗണ്ട്സ്/ബുക്ക് കീപ്പിങ് വിഷയങ്ങളില്‍ പ്ലസ്ടുവിന് എല്ലാ വിഷയങ്ങളിലും കൂടി 60 ശതമാനം മാര്‍ക്കോടെയും ഓരോ വിഷയത്തിനും 50 ശതമാനം മാര്‍ക്കോടെയും പാസായിരിക്കണം. 1996 ഒക്ടോബര്‍ ഒന്നിനും 2002 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ).

5. സോള്‍ജ്യര്‍ ട്രേഡ്സ്മെന്‍: പൊക്കം 166 സെ.മീ. തൂക്കം 48 കി.ഗ്രാം, നെഞ്ചളവ് 76/81 സെ.മീ. എസ്.എസ്.എല്‍.സി./പത്താം ക്ലാസ് ജയം. ഹൗസ്‌കീപ്പര്‍ക്കും മെസ്‌കീപ്പര്‍ക്കും എട്ടാം ക്ലാസ് ജയം. 1996 ഒക്ടോബര്‍ ഒന്നിനും 2002 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ).

6. ശിപായ് ഫാര്‍മ: പൊക്കം 165 സെ.മീ. തൂക്കം 50 കി.ഗ്രാം, നെഞ്ചളവ് 77/82 സെ.മീ. പ്ലസ്ടു പാസ്, 55 ശതമാനം മാര്‍ക്കോടെ ഡി.ഫാമ പാസായിരിക്കണം. ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ നേടിയിരിക്കണം. 50 ശതമാനം മാര്‍ക്കോടെ ബി.ഫാര്‍മ പാസായി ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ നേടിയവര്‍ക്കും അപേക്ഷിക്കാം. 1994 ഒക്ടോബര്‍ ഒന്നിനും 2000 സെപ്റ്റംബര്‍ 30നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ).

ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25,000 രൂപയ്ക്കുമേല്‍ വേതനവും മറ്റ് മിലിട്ടറി ആനുകൂല്യങ്ങളും ലഭിക്കും. ശിപായി തസ്തികയില്‍നിന്ന് സുബേദാര്‍ മേജര്‍ പദവിവരെ എത്താന്‍ സാധിക്കുന്ന ഒഴിവുകളാണിത്.

കായികക്ഷമതാപരീക്ഷ ഉണ്ടായിരിക്കും. 5 മിനിറ്റ് 30 സെക്കന്‍ഡിനുള്ളില്‍ 1.6 കി.മീ ഓട്ടം, 6 മുതല്‍ 10 വരെ പുള്‍ അപ് (കൂടുതല്‍ ചെയ്യുന്നവര്‍ക്ക് മാര്‍ക്ക് കൂടും), സിഗ് സാഗ് ബാലന്‍സ് രീതിയില്‍ നടത്തം, 9 അടി നീളത്തില്‍ ചാട്ടം എന്നിവയായിരിക്കും പരീക്ഷയില്‍ ഉള്‍പ്പെടുന്നത്. റാലിയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫീസില്‍ വെച്ച് എഴുത്തുപരീക്ഷ നടത്തും. തീയതി പിന്നീട് അറിയിക്കും. ശരിയുത്തരത്തിന് 2 മാര്‍ക്കും, തെറ്റ് ഉത്തരത്തിന് 0.5 നെഗറ്റിവ് മാര്‍ക്കും, ലഭിക്കും.

റാലിക്ക് എത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. എട്ടാംക്ലാസ്, എസ്.എസ്.എല്‍.സി/ പ്ലസ്ടു/മറ്റ് ഉയര്‍ന്ന യോഗ്യതകളുണ്ടെങ്കില്‍ അവയുടെയും ഒറിജിനലും രണ്ട് വീതം ഫോട്ടോസ്റ്റാറ്റ് പകര്‍പ്പുകളും കൊണ്ടുവരണം.
2. 10 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ ഇംഗ്ലീഷില്‍ എഴുതിയ സത്യവാങ്മൂലം.
3. മൂന്ന് മാസത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത 20 പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോകള്‍. പഴകിയതോ കമ്പ്യൂട്ടര്‍ നിര്‍മിതമോ ആയ പടങ്ങള്‍ സ്വീകരിക്കില്ല.
4. തഹസില്‍ദാരുടെയോ ജില്ലാ മജിസ്ട്രേറ്റിന്റെയോ പക്കല്‍നിന്നുള്ള നേറ്റിവിറ്റി/ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റും ജാതിസര്‍ട്ടിഫിക്കറ്റും അതിന്റെ പകര്‍പ്പുകളും.
5. ഉദ്യോഗാര്‍ഥി അവസാനം പഠിച്ച സ്‌കൂള്‍/കോളേജിലെ ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തുന്ന സ്വഭാവസര്‍ട്ടിഫിക്കറ്റ്, വില്ലേജ് സര്‍പഞ്ച്/മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് ലഭിച്ച സ്വഭാവ സര്‍ട്ടിഫിക്കറ്റ് (ഫോട്ടോയോട് കൂടിയത്), 21 വയസ്സിന് താഴെയുള്ളവര്‍ അവിവാഹിതനാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയും കൊണ്ടുവരണം.
6. ജവാന്മാരുടെ മക്കള്‍, വിമുക്ത ഭടന്മാരുടെ മക്കള്‍, യുദ്ധത്തില്‍ മരിച്ചവരുടെ വിധവകളുടെയോ സര്‍വീസില്‍ ഇപ്പോഴുള്ളവരുടെയോ മക്കള്‍ ആണെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുമുള്ള റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സാക്ഷ്യപ്പെടുത്തുന്നവരുടെ നമ്പറും റാങ്കും പേരും വ്യക്തമാക്കിയിരിക്കണം.
7. എന്‍.സി.സി. സര്‍ട്ടിഫിക്കറ്റുള്ളവര്‍ അവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ മൂന്ന് പകര്‍പ്പുകളും.
8. ക്ലാര്‍ക്ക് സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ അപേക്ഷകര്‍ ഡൊയാകില്‍ നിന്നുള്ള ബിസിനസ്സ് പ്രൊഫഷണല്‍ പ്രോഗ്രാമര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരാണെങ്കില്‍ മുന്‍ഗണന ലഭിക്കും.
9. രേഖകള്‍ എല്ലാം ഇംഗ്ലീഷിലോ അതോ ഹിന്ദിയിലോ തയ്യാറാക്കിയതാവണം.
10. കായിക പരീക്ഷയ്ക്ക് ആവശ്യമായ റണ്ണിങ് ഷൂവും ഷോര്‍ട്സും ഉദ്യോഗാര്‍ഥികള്‍ കരുതണം.
11. അഡ്മിറ്റ് കാര്‍ഡ് ലേസര്‍ പ്രിന്റര്‍ ഉപയോഗിച്ച് ഗുണനിലവാരമുള്ള കടലാസില്‍ പ്രിന്റ് ചെയ്‌തെടുക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.joinindianarmy.nic.in

Content Highlights: Army Recruitment Rally at Kottayam; Register Online by 16 November

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram