കേരളത്തിലെ സഹകരണരംഗത്ത് ചരിത്രം കുറിച്ച സ്ഥാപനമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. 1925-ല്‍ വാഗ്ഭടാനന്ദനാണ് തൊഴിലാളികളുടെ സഹകരണസംഘം സ്ഥാപിച്ചത്. നിര്‍മാണമേഖലയില്‍ നാലായിരത്തിലേറെ ജോലികള്‍ സംഘം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോഴിക്കോട്ടെ യു.എല്‍. സൈബര്‍പാര്‍ക്കിലൂടെ കമ്പനി ഐ.ടി. വ്യവസായ രംഗത്തും ചുവടുറപ്പിച്ചു. യു.എല്‍.ടെക്നോളജി സൊലൂഷന്‍സ് മറ്റൊരു സംരംഭമാണ്. സഹകരണരംഗത്തെ മാതൃകാസ്ഥാപനമായി വിശേഷിപ്പിക്കപ്പെടുന്ന യു.എല്‍.സി.സി.യുടെ സി.ഇ.ഒ.ആയി കണ്ണൂരുകാരനായ രവീന്ദ്രന്‍ കസ്തൂരി ചുമതലയേറ്റു.
സിവില്‍ എന്‍ജിനീയറിങ്ങില്‍ കോഴിക്കോട് എന്‍.ഐ.ടി.യില്‍നിന്ന് ബിരുദവും തുടര്‍ന്ന് സ്ട്രക്ചറല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും നേടിയ രവീന്ദ്രന്‍ എല്‍. ആന്‍ഡ് ടി., ക്രോംപ്ടണ്‍, ടെല്‍കൊ, ഐ.ബി.എം. എന്നീ കമ്പനികളില്‍ വിവിധ പദവികളില്‍ ജോലിചെയ്തിട്ടുണ്ട്. ഐ.ബി.എമ്മില്‍ 20 വര്‍ഷത്തിലേറെ മാനേജ്‌മെന്റ് പദവികള്‍ വഹിച്ചശേഷമാണ് അദ്ദേഹം കോഴിക്കോട്ടെത്തുന്നത്. നിര്‍മാണമേഖലയിലും ഐ.ടി.യിലും മാനേജ്മെന്റിലും ഒരുപോലെ അറിവുള്ളത് യു.എല്‍.സി.സി.യെ നയിക്കാന്‍ രവീന്ദ്രന് സഹായകമാവും. ലോകത്തെ മികച്ച കമ്പനികളിലൊന്നായി യു.എല്‍.സി.സി.യെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്ന രവീന്ദ്രന്‍ സംസാരിക്കുന്നു.
ഐ.ടി.യില്‍ കോഴിക്കോടിന്റെ സാധ്യതകളെ എങ്ങനെ നോക്കിക്കാണുന്നു?
ഐ.ടി.ജോലികളില്‍ നൈപുണ്യമുള്ള പ്രതിഭകളുടെ സംഘത്തെ ഇവിടെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ബ്ലോക്ക്ചെയിന്‍, അനലിറ്റിക്‌സ്, ഓട്ടൊമേഷന്‍ മേഖലയിലാണ് ഞങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇതിനായി ചുരുങ്ങിയത് 1500-2000 വിദഗ്ധരെങ്കിലും ആവശ്യമായി വരും. എങ്കില്‍മാത്രമേ ഐ.ടി.ബിസിനസ് മാപ്പില്‍ കോഴിക്കോടിന് ഇടംനേടാനാവൂ. ഞങ്ങളുടെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തിലാണ്. രണ്ടുമൂന്നുവര്‍ഷത്തിനകം ലക്ഷ്യം നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നല്ല നേതൃത്വവും പ്രതിഭകളുടെ ലഭ്യതയുമുണ്ടെങ്കില്‍ ബിസിനസ് ആകര്‍ഷിക്കാന്‍ കോഴിക്കോടിന് പ്രയാസമുണ്ടാവില്ല.
തൊഴിലില്‍ നൈപുണ്യമുള്ളവരുടെ കുറവ് എങ്ങനെ പരിഹരിക്കപ്പെടും?
കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്നുമാത്രം ഒരു വര്‍ഷം രണ്ടരലക്ഷം പേരാണ് ബിരുദം കഴിഞ്ഞ് പുറത്തിറങ്ങുന്നതെന്നത് ആശ്ചര്യപ്പെടുത്തുന്നു. അപ്പോള്‍ നമുക്ക് ആവശ്യത്തിന് യോഗ്യതയുള്ളവരുണ്ട്. ഇതില്‍ ഒന്നോ രണ്ടോ ശതമാനത്തെ രംഗത്തെത്തിച്ചാല്‍ത്തന്നെ വലിയ സംഖ്യയായി. ശ്രമിച്ചാല്‍ 5000-10000 വിദഗ്ധരെ സൃഷ്ടിച്ചെടുക്കാന്‍ വലിയ പ്രയാസമുണ്ടാവില്ല.
സൈബര്‍ പാര്‍ക്കുകള്‍ വളരണമെങ്കില്‍ നല്ല സര്‍വകലാശാലകള്‍ അടുത്തുണ്ടാവണം. ലോകത്ത് എല്ലായിടത്തും ഇതാണ് സ്ഥിതി. കാലിക്കറ്റ് സര്‍വകലാശാലയ്ക്കുപുറമേ എന്‍.ഐ.ടി., ഐ.ഐ.എം.മറ്റ് എന്‍ജിനീയറിങ് കോളേജുകള്‍ തുടങ്ങിയവ കോഴിക്കോട്ടുണ്ട്. എന്നാല്‍, ഇവയെല്ലാം ഒരുമിച്ചുചേര്‍ന്ന് പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതില്‍ കാര്യമായ ശ്രമമൊന്നും നടത്തുന്നില്ല. ആ വെല്ലുവിളി ഞങ്ങള്‍ ഏറ്റെടുക്കും. സര്‍വകലാശാലാ അധികൃതരുമായി ഇക്കാര്യം ചര്‍ച്ചചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സ്‌കില്‍ എജ്യുക്കേഷന്‍ നല്‍കുകയാണ് ലക്ഷ്യം. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിനും സൗകര്യമൊരുക്കും.
ഐ.ടി. മേഖലയുടെ വളര്‍ച്ചയ്ക്കനുസരിച്ച് നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളും വികസിക്കേണ്ടതില്ലേ ?
ഐ.ടി.മേഖലയില്‍ യുവാക്കളാണ് കൂടുതലും ജോലിചെയ്യുന്നത്. അവധിദിവസങ്ങള്‍ ചെലവഴിക്കാന്‍ അവര്‍ക്ക് സൗകര്യങ്ങള്‍ വേണം. ഭാവിയില്‍ പതിനായിരം പ്രൊഫഷണലുകളൊക്കെ ജോലി ചെയ്യുകയാണെങ്കില്‍ നഗരത്തില്‍ ആവശ്യത്തിന് താമസസൗകര്യങ്ങളും െറസ്റ്റോറന്റുകളും പാര്‍ക്കുകളുമെല്ലാം ആവശ്യമായി വരും. നമ്മള്‍ പരിഹരിക്കേണ്ട മറ്റൊരു മേഖലയാണിത്. ഇത്തരം സൗകര്യങ്ങള്‍ ഒരുക്കുന്നതും ഞങ്ങളുടെ പരിഗണനയിലുണ്ട്. ജനപ്രതിനിധികളുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. വലിയതോതിലുള്ള മുതല്‍മുടക്കും ഇതിനാവശ്യമില്ല. കെട്ടിടങ്ങളുംമറ്റും നിര്‍മിച്ചാല്‍ മതിയാവും. യഥാര്‍ഥത്തില്‍ ഇത് 'നല്ലൊരു പ്രശ്‌ന'മാണ്. കോഴിക്കോടിന്റെ വളര്‍ച്ചയെ സഹായിക്കുന്ന പ്രശ്‌നം.
ബെംഗളൂരുപോലുള്ള വന്‍ നഗരങ്ങളോട് മത്സരിക്കാന്‍ കോഴിക്കോടിന് കഴിയുമോ ?
ബെംഗളൂരു അടക്കമുള്ള നഗരങ്ങള്‍ ഐ.ടി.യില്‍ പിന്നാക്കം പോവുകയാണ്. ഈ അവസരം മുതലെടുക്കാന്‍ നമുക്ക് കഴിയണം. ചെറുനഗരങ്ങള്‍ ഈ രംഗത്ത് മുന്നേറുന്നുണ്ട്. ഇന്ത്യയിലെ ആദ്യ ഐ.ടി.പാര്‍ക്കായിരുന്നു തിരുവനന്തപുരത്തേത്. എന്നാല്‍, ഇന്ന് അഹമ്മദാബാദുപോലും തിരുവനന്തപുരത്തെ മറികടന്നുകഴിഞ്ഞു.
ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ് രാജ്യത്തെ ഐ.ടി.വ്യവസായത്തിന്റെ 62 ശതമാനവും നടക്കുന്നത്. എന്നാല്‍, ഈ നഗരങ്ങള്‍ ഇപ്പോള്‍ പിന്നോട്ടുപോവുകയാണ്. തൊഴില്‍ശക്തി വളര്‍ത്തിയെടുത്താല്‍ മാത്രമേ നമുക്ക് അവസരം മുതലെടുക്കാനാവൂ.
യു.എല്‍. സൈബര്‍ പാര്‍ക്കിന് ലോകത്തെ വന്‍കിട കമ്പനികളെ ആകര്‍ഷിക്കാന്‍ കഴിയും. കമ്പനികള്‍ക്ക് വളരാനാവശ്യമായ സൗകര്യങ്ങള്‍ ഞങ്ങള്‍ ഒരുക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്കുംമറ്റും മാര്‍ഗനിര്‍ദേശങ്ങളും സാങ്കേതിക ഉപദേശങ്ങളും നല്‍കാനാവും. ഈ ലക്ഷ്യത്തിനായി വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വിദഗ്ധരെ കൊണ്ടുവരും. അവര്‍ക്ക് കമ്പനികളെയും സ്റ്റാര്‍ട്ടപ്പുകളെയും സഹായിക്കാനാവും.
നിര്‍മാണ മേഖലയിലൂടെയാണ് യു.എല്‍.സി.സി. പ്രശസ്തിയിലേക്ക് ഉയര്‍ന്നത്
ഈ രംഗത്ത് എന്തെല്ലാം മാറ്റങ്ങളുണ്ടാവും, അവരെ സാങ്കേതികമായി എങ്ങനെ സഹായിക്കാനാവും എന്നാണ് നോക്കുന്നത്. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകള്‍ നിര്‍മാണരംഗത്ത് ഉപയോഗപ്പെടുത്തും. ജോലിയുടെ പുരോഗതിയുംമറ്റും വിലയിരുത്താനും മേല്‍നോട്ടത്തിനും ഇവ ഏറെ സഹായകമാവും. പണിസ്ഥലങ്ങളില്‍ എന്താണ് നടക്കുന്നത് എന്നതിന്റെ യഥാര്‍ഥചിത്രം ലഭിക്കാന്‍ ഇതുവഴി എളുപ്പമാവും.
ചുമതലയേറ്റപ്പോള്‍ ഊരാളുങ്കലിനെ ലോകത്തെ അറിയപ്പെടുന്ന കമ്പനിയാക്കി മാറ്റുമെന്ന് പറഞ്ഞിരുന്നു. ലക്ഷ്യം എളുപ്പമാണോ?
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഗുണനിലവാരംകൊണ്ടും സമയബന്ധിതമായി ജോലികള്‍ ചുരുങ്ങിയ ചെലവില്‍ തീര്‍ത്തുകൊണ്ടുമാണ് വിശ്വാസ്യതയാര്‍ജിച്ചത്. സൈബര്‍പാര്‍ക്കിലും ഐ.ടി.യിലും ഇതേ കാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ ലോകത്തെ പ്രധാന കമ്പനികളിലൊന്നായി യു.എല്‍.സി.സി. മാറുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ നടത്തുന്ന സ്ഥാപനമാണെന്നതാണ് കമ്പനിയുടെ ഏറ്റവുംവലിയ കരുത്ത്. ലാഭംമാത്രം ലക്ഷ്യംെവച്ചല്ല പ്രവര്‍ത്തനം. എന്നെ കമ്പനിയിലേക്ക് ആകര്‍ഷിച്ചതും ഇക്കാര്യങ്ങളാണ്.