കരിയറുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്കാണ് 'സ്‌കോപ്'. ഉപരിപഠനത്തിനായി പോകുന്നതിന് മുന്‍പേ കേള്‍ക്കാം. ഏത് മേഖലയിലാണ് സ്‌കോപ്? എവിടെയാണ് സ്‌കോപ്? എവിടെ പഠിച്ചാലാണ് സ്‌കോപ്...പിന്നെ ഗൂഗിളില്‍ സെര്‍ച്ചോട് സെര്‍ച്ച്...
''പത്താംക്ലാസ് കഴിഞ്ഞില്ലേ...ഏത് വിഷയമാ എടുക്കുന്നത്''. ഉത്തരം പറയാന്‍ വാ തുറക്കുമ്പോഴേക്കും അടുത്ത നിര്‍ദേശവും എത്തുകയായി. ''ഹ്യുമാനിറ്റീസിനൊന്നും പോയി തലവെയ്ക്കണ്ടാ ട്ടോ. സയന്‍സെടുത്തോ. മെഡിസിനിലും എന്‍ജനീയറിങിലുമാണ് സ്‌കോപ്. അതില്‍ തന്നെ കമ്പ്യൂട്ടര്‍ സയന്‍സ്''.
വാസ്തവത്തില്‍ തൊഴില്‍ മേഖലകളുടെ സ്‌കോപ് അഥവാ സാധ്യതകള്‍ ആരാണ് നിര്‍ണയിക്കുന്നത്? അതിന്റെ മാനദണ്ഡമെന്താണ്? ഏറ്റവും കൂടുതല്‍ സ്‌കോപ് ഉണ്ടെന്ന് പറഞ്ഞ് നിങ്ങള്‍ തിരഞ്ഞെടുക്കുന്ന തൊഴില്‍മേഖല യതാര്‍ത്ഥത്തില്‍ അത് തന്നെയാണോ? അങ്ങനെ തിരഞ്ഞെടുക്കുന്ന മേഖലയില്‍ വിജയിക്കാനാകുമെന്ന ഉറച്ച വിശ്വാസം നിങ്ങള്‍ക്കുണ്ടോ?
കുട്ടി പറയുന്നത് കേള്‍ക്കാന്‍ കൂടി നില്‍ക്കാതെ ഉപദേശകര്‍ സ്ഥലം വിടും. 'സ്‌കോപ്'കളുടെ ഘോഷയാത്ര അവിടം കൊണ്ട് തുടങ്ങുകയായി
ഏത് തൊഴില്‍മേഖല തെരെഞ്ഞെടുക്കണമെന്ന് ചിന്തിക്കുമ്പോഴും മനസില്‍ സ്‌കോപ് എന്ന വാക്ക് അറിയാതെ കടന്നുവരും. വ്യക്തിത്വം, അഭിരുചി,താത്പര്യം,ജോലിയോടുള്ള ആഭിമുഖ്യം....എല്ലാത്തിനും സ്‌കോപിന് മുന്നില്‍ പുല്ലു വില. ഇങ്ങനെ തെരെഞ്ഞെടുത്ത കരിയറില്‍ എങ്ങനെ വിജയിക്കാമെന്നോ...മുന്നേറാമെന്നോ നോ ഐഡിയ.
മറ്റുള്ളവരുടെ വാക്കോ ഗൂഗിള്‍ നോക്കിയോ സ്‌കോപ് നോക്കി തൊഴില്‍ തെരെഞ്ഞെടുത്തപ്പോള്‍ കരിയര്‍ സുരക്ഷിതമാകുമോ?
ഉയര്‍ന്ന ശമ്പളം മാത്രം നോക്കിയാണ് സ്‌കോപ് തേടി പോവുന്നതെങ്കില്‍ മടുക്കാനും ജീവിതം വിരസമാവാനും അധിക സമയം വേണ്ടി വരില്ല. കണ്ണുമടച്ച് സ്‌കോപിന് പിന്നാലെ പോകുന്നതിന് മുന്നേ ഈ നാല് കാര്യങ്ങള്‍ വായിക്കൂ
1. സ്‌കോപ് ഉള്ള ജോലി നിങ്ങള്‍ക്ക് വിജയം സമ്മാനിക്കണമെന്നില്ല
ഏറ്റവും കൂടുതല്‍ സ്‌കോപ് ഉളള ജോലിക്കായി ഗൂഗിളില്‍ തിരഞ്ഞാല്‍ എഞ്ചിനീയറിങ് കോഴ്സുകളായിരിക്കാം മുന്‍പന്തിയില്‍. ഇവ നിങ്ങളുടെ അഭിരുചിക്ക് ഇണങ്ങുന്നതായിരിണമെന്നില്ല. ഒരു ജോലി നിങ്ങള്‍ക്ക് ഇണങ്ങുമോ എന്ന് നിര്‍ണയിക്കുന്നതില്‍ അഭിരുചി, വ്യക്തിത്വം, താത്പര്യം എന്നിവ പ്രധാന ഘടകങ്ങളാണ്. ഇവയിലൊന്നിനെപ്പോലും തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ല എങ്കില്‍ ദുരന്തമായിരിക്കും ഫലം.
സ്‌കോപ് അല്ല വിജയം നിശ്ചയിക്കുന്നത് ദയവായി ഓര്‍ക്കുക. ഒരു ജോലിയോട് നിങ്ങള്‍ കാണിക്കുന്ന ആത്മാര്‍ത്ഥത, കഠിനാധ്വാനം എന്നിവയ്ക്കൊപ്പം കഴിവും നൈപുണ്യവും കൂടിച്ചേരുമ്പോഴാണ് കരിയറില്‍ വിജയിക്കാനാവുക. അതുകൊണ്ട് ഏറ്റവും നന്നായി ശോഭിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്കുറപ്പുള്ള മേഖല മാത്രം തൊഴിലിനായി തെരെഞ്ഞെടുക്കുക
2. മനസ് പറയുന്നത് കേള്‍ക്കൂ
സ്‌കോപ് എന്നത് ഒരു നിശ്ചലാവസ്ഥയല്ല. ഇന്ന് ജോലിസാധ്യത കല്‍പിക്കുന്ന മേഖലയായിരിക്കില്ല നാളത്തെ അവസര മേഖല. ഇന്നലെവരെ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടായിരുന്ന കോഴ്സുകള്‍ ഇന്ന് പേരിന് പോലും ഉണ്ടാവണമെന്നില്ല. കാലത്തിനനുസരിച്ച് ആ സ്ഥാനം മാറിക്കൊണ്ടേ ഇരിക്കുമെന്ന കാര്യം മറക്കരുത്.
പോയ വര്‍ഷങ്ങളില്‍ കേട്ടു കേള്‍വി പോലുമില്ലാതിരുന്ന ഡാറ്റാ സയന്‍സ്, മെഷീന്‍ ലോണിങ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്, വ്ളോഗിങ്്, എത്തിക്കല്‍ ഹാക്കിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകള്‍ക്കാണ് ഭാവിയില്‍ സാധ്യത കല്‍പിക്കുന്നത്. എന്നാല്‍ അവയെയും മറികടക്കുന്ന സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ സാധ്യത എന്നത് മാറിമറിയും. അതുകൊണ്ട് തന്നെ മനസിനിണങ്ങുന്ന തൊഴില്‍ കണ്ടെത്താം...ജോലി ആസ്വദിക്കാം
3. ഒരു 'പെര്‍ഫെക്ട് മാച്ച്' മിസ് ചെയ്തോ
താത്പര്യത്തിനപ്പുറം സ്‌കോപിന് പ്രാധാന്യം കൊടുക്കുമ്പോള്‍ നിങ്ങള്‍ക്കേറ്റവും യോജിച്ച ഒരു ജോലിയാണ് നിങ്ങള്‍ നഷ്ടപ്പെടുത്തുക. സ്‌കോപ് എന്നാല്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലിയെന്നാണ് പലരും മനസിലാക്കിയിരിക്കുന്നത്. എന്നാല്‍ യതാര്‍ഥത്തില്‍ അതൊരു ട്രെന്‍ഡ് സെറ്റിങ് മാത്രമാണ്. ആ സമയത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉള്ള തൊഴില്‍ മേഖലയില്‍ 'സ്‌കോപ്' നോക്കി
അത് സുനിശ്ചിതമായിരിക്കില്ല. പണത്തിനപ്പുറമാണ് താത്പര്യവും അഭിരുചിയും. ഇഷ്ടമില്ലാത്ത ജോലി കഷ്ടപ്പെട്ട് ഇഷ്ടപ്പെടുന്നതിലും ഭേദം ഇഷ്ടമുള്ള ജോലി തുടരുന്നതല്ലേ നല്ലത്. അതില്‍നിന്നും ലഭിക്കുന്ന സംതൃപ്തി മറ്റെവിടെ നിന്ന് ലഭിക്കും?
2004ല്‍ കേട്ടുകേള്‍വി പോലുമുള്ള വാക്കായിരുന്നില്ല ബ്ലോഗിങ്. എന്നാല്‍ ബ്ലോഗിങ് കൊണ്ട് തലവര വരെ മാറ്റി വരച്ച ഒരാളാണ് അമിത് അഗര്‍വാള്‍. ഇന്ത്യയിലെ ആദ്യത്തെ പ്രഫഷണല്‍ ബ്ലോഗര്‍. ഏകദേശം മുപ്പത് ലക്ഷം ആളുകളാണ് അമിത് അഗര്‍വാളിന്റെ ബ്ലോഗ് പ്രതിമാസം സന്ദര്‍ശിക്കുന്നത്.
സ്‌കോപ് എല്ലാ മേഖലയിലുമുണ്ട്്. നിങ്ങള്‍ എങ്ങനെ ആ മേഖലയെ കൈകാര്യം ചെയ്യുന്നു എന്നതിന് അനുസരിച്ചിരിക്കുമെന്ന് മാത്രം
4. ഡിമാന്റാണോ..പോപ്പുലാരിറ്റിയാണോ സ്‌കോപിന് അടിസ്ഥാനം
റോബര്‍ട്ട് ഫ്രോസ്റ്റിന്റെ 'The Road Not Taken' എന്ന കവിത ചൊല്ലാത്ത വിദ്യാര്‍ഥികള്‍ കുറവായിരിക്കും. എന്നിട്ടും ചവിട്ടിമെതിച്ച വഴി തന്നെ നടക്കാനാണ് നമ്മുടെ കുട്ടികള്‍ക്ക് ഇഷ്ടം. രക്ഷിതാക്കള്‍ അതിനുള്ള ധൈര്യം നല്‍കാന്‍ തയ്യാറാവുന്നില്ലെന്നതാണ് സത്യം.
ഒരാള്‍ക്ക് വിജയം കൈവരിക്കാനായെന്ന് കരുതി അതേ വിജയം എല്ലാവര്‍ക്കും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് കരുതരുത്. എങ്കില്‍ സൗണ്ട് എഞ്ചിനീയറിങ് പഠിച്ച സര്‍വരും റസൂല്‍ പൂക്കുട്ടിമാരായേനെ..!
ഇഷ്ടമുളള ജോലി ചെയ്യൂ...
സ്‌കോപ് നിര്‍ണയിക്കാനുള്ള മാനദണ്ഡം ആധികാരികമായി ആരും ഇതേവരെ നിര്‍ണയിച്ചിട്ടില്ല. മറ്റുള്ളവരുടെ അഭിപ്രായത്തിലും വിദ്യാഭ്യാസ കച്ചവടക്കാരുടെയും ഐക്യപ്പെടലിലും നിര്‍മ്മിക്കപ്പെടുന്ന ട്രെന്‍ഡ് സെറ്റിങ്് മാത്രമാണ് യാതാര്‍ത്ഥത്തില്‍ സ്‌കോപ് എന്ന പദം. അവ കാലത്തിനനുസരിച്ച് മാറി മറിഞ്ഞുകൊണ്ടേ ഇരിക്കും. ചുരുക്കത്തില്‍ നിങ്ങളുടെ താത്പര്യത്തിലും ആത്മവിശ്വാസത്തിലും നിങ്ങള്‍ കെട്ടിപ്പടുക്കുന്ന മേഖല ഏതാണോ അവിടെയാണ് നിങ്ങളുടെ സ്‌കോപ് ഒളിഞ്ഞിരിക്കുന്നത്.