പഠിച്ചത് അഗ്രിക്കൾച്ചറൽ സയൻസ്, ജോലി തീരസംരക്ഷണ സേനയിൽ; കടലിലെ പെണ്‍കരുത്താകാന്‍ ഫെറ


എൻ. സൗമ്യ

2 min read
Read later
Print
Share

അസി. കമാൻഡന്റായ ഫെറ നവംബർ 30-നാണ് പരിശീലനം പൂർത്തിയാക്കിയത്

പ്രതിരോധസേനയിലെ കരിയറിനെ കുറിച്ചും സർവീസ് സെലക്‌ഷന് ബോർഡ് അഭിമുഖത്തെ കുറിച്ചും തീരസംരക്ഷണ സേനയിൽ കമ്മിഷൻഡ് ഓഫീസറായ കോഴിക്കോട് മൂഴിക്കൽ വിരുപ്പിലിലെ ടി.പി. ഫെറ പറയുന്നു. അസി. കമാൻഡന്റായ ഫെറ നവംബർ 30-നാണ് ഏഴിമല നാവിക അക്കാദമിയിൽനിന്നു പരിശീലനം പൂർത്തിയാക്കിയത്.

വ്യോമസേനയെന്ന സ്വപ്നം പൊലിയുന്നു

എം.ബി.ബി.എസിന് പ്രവേശനം കിട്ടാതെ വന്നപ്പോൾ അഗ്രിക്കൾച്ചറൽ സയൻസിലേക്ക് തിരിഞ്ഞു. അഗ്രിക്കൾച്ചറിൽ ബിരുദവും ഹോർട്ടികൾച്ചറിൽ ഉപരിപഠനവും നടത്തി. അപ്പോഴാണ് എയർഫോഴ്‌സെന്ന സ്വപ്‌നം പിന്തുടരാൻ തുടങ്ങിയത്. എയർഫോഴ്‌സ് കോമൺ അഡ്മിഷൻ ടെസ്റ്റ് എഴുതി.

ആദ്യ രണ്ടുശ്രമങ്ങൾ പരാജയപ്പെട്ടു. അതോടെ മൂന്നാമത്തെ ചാൻസിൽ നേടിയേ തീരൂവെന്ന വാശിയിൽ പഠിച്ചു. അതിനായി കൊച്ചിയിലും ഡൽഹിയിലുമെല്ലാം പരിശീലനം. അത്യാവശ്യമില്ലാതെ ഫോൺപോലും ഉപയോഗിച്ചില്ല. എന്നാൽ, മൂന്നാമത്തെ തവണയും വ്യോമസേനയിൽ പ്രവേശനം നേടാൻ കഴിഞ്ഞില്ല.

തോൽക്കാൻ മനസ്സില്ല

തോറ്റുകൊടുക്കാൻ തയ്യാറായില്ല. ബിരുദം യോഗ്യതയാക്കി തീരസംരക്ഷണ സേനയിലേക്ക് അപേക്ഷിച്ചു. രണ്ട് ഘട്ടമായിട്ടായിരുന്നു ഇത്. പ്രിലിമിനറി സെലക്‌ഷൻ ചെന്നൈയിലായിരുന്നു. ഓഫീസേഴ്‌സ് ഇന്റലിജൻസ് റേറ്റിങ് ടെസ്റ്റും പിക്ചർ പേഴ്‌സപ്ഷൻ ആൻഡ് ഡിസ്‌ക്രിപ്ഷൻ ടെസ്റ്റുമാണുള്ളത്. ആപ്റ്റിറ്റ്യൂഡ്, റീസണിങ് എന്നിവയാണ് അതിൽ വരുക. ഇതിൽ വിജയിച്ചതോടെ സർവീസ് സെലക്‌ഷൻ ബോർഡ് (എസ്.എസ്.ബി.) അഭിമുഖത്തിലേക്ക്.

ആത്മവിശ്വാസത്തോടെ എസ്.എസ്.ബി.

അഞ്ച് ദിവസമാണ് എസ്.എസ്.ബി. അഭിമുഖ നടപടിക്രമങ്ങൾ. അഭിമുഖം, സൈക്കോളജി ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ്, കോൺഫറൻസ് എന്നിവയെല്ലാം ഉണ്ടാകും. വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചും പഠനത്തെ കുറിച്ചുമെല്ലാം അഭിമുഖത്തിൽ ചോദിച്ചു. ഒരു പെൺകുട്ടിയെന്ന രീതിയിൽ എങ്ങനെയാണ് ഇതിലേക്ക് വന്നത്, മുസ്‌ലിം സമുദായത്തിൽനിന്ന് മുന്നോട്ടുവരാൻ തയ്യാറായത് എന്തുകൊണ്ടാണ് തുടങ്ങിയ ചോദ്യങ്ങളാണ് കൂടുതലും ഉണ്ടായത്. ഈ ചോദ്യങ്ങൾ അപ്രതീക്ഷിതമായിരുന്നു. പിന്നെ പൊതുവിവരങ്ങളും ചോദിച്ചു.

ചെറിയൊരു എഴുത്തുപരീക്ഷയാണ് സൈക്കോളജി ടെസ്റ്റ്. നമ്മൾ എന്താണെന്ന് തിരിച്ചറിയാനുള്ള ശ്രമം. അഭിമുഖവും ടെസ്റ്റുമായി ഒത്തുപോകുന്നുണ്ടോയെന്നൊരു നിരീക്ഷണം. ആത്മവിശ്വാസത്തോടെ ഇതെല്ലാം നേരിട്ടാൽ വിജയിക്കാനാവും. മെഡിക്കൽ ടെസ്റ്റും പൂർത്തിയായപ്പോൾ 11 പേരെയാണ് എടുത്തത്. അതിൽ എട്ടാമതായി.

സ്വയം ചോദ്യങ്ങൾ ചോദിച്ചു

സ്‌കൂൾ-കോളേജ് പഠനകാലത്ത് സ്‌പോർട്‌സിലുണ്ടായിരുന്നു. അത് ഗുണംചെയ്തു. പരിശീലനസമയത്തു ജിമ്മിൽ പോകുമായിരുന്നു. ഉറക്കമിളച്ച് പഠിക്കാറില്ല. രാവിലെ നാലിനോ അഞ്ചിനോ പഠനം തുടങ്ങും. ചെറിയ ഇടവേളകളുണ്ടാകും. ഉച്ചസമയത്ത് ഉറങ്ങാൻ കിടന്നാലും എന്റെ മനസ്സിലെ ലക്ഷ്യം ഒരിക്കലും അതിനനുവദിച്ചില്ല. രാത്രി പത്തരയ്ക്കപ്പുറം ഒരിക്കലും പഠിക്കാറില്ല. എട്ട് മണിക്കൂർ എങ്ങനെയായാലും ഉറങ്ങും. അഭിമുഖത്തിനുമുമ്പ് കണ്ണാടിക്ക് മുന്നിൽനിന്ന് സ്വയം ചോദ്യങ്ങൾ ഉന്നയിച്ചും ഉത്തരം നൽകിയുമെല്ലാം പരിശീലിച്ചു. ആത്മവിശ്വാസത്തോടെ അഭിമുഖത്തെ നേരിടാൻ അത് സഹായിച്ചു.

ഏഴിമലയിൽ

ഏഴിമല നേവൽ അക്കാദമിയിൽ 22 ആഴ്ചത്തെ പരിശീലനമാണുണ്ടായിരുന്നത്. യുദ്ധസമാനമായ സാഹചര്യം വന്നാൽ എങ്ങനെ നേരിടുമെന്ന രീതിയിലുള്ള പരിശീലനം. രാവിലെ ആറിനുമുമ്പ് തുടങ്ങും. പഠനം, കായികപരിശീലനം എന്നിവ പരിശീലനത്തിന്റെ ഭാഗമായുണ്ട്. 15 കിലോഗ്രാം ബാഗൊക്കെ ചുമന്നാണ് പലപ്പോഴും ഓടേണ്ടിവരുക.

ഇന്ത്യയെന്ന വികാരം

ഇന്ത്യയെന്ന വികാരമാണ് എന്നും തന്റെ ഉള്ളിലുണ്ടായിരുന്നതെന്ന് ഫെറ പറയുന്നു. അതുകൊണ്ട് എന്റെ രാജ്യത്തിന്റെ സുരക്ഷയെ മുൻനിർത്തിയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും മുന്നിലുണ്ടാകും. ഈ രംഗത്തേക്കായാലും മറ്റേത് മേഖലയിലേക്കായാലും വരുന്നവരോട് എനിക്ക് പറയാനുള്ളത് നമ്മുടെ വഴി ശരിയായിരിക്കണമെന്നു മാത്രമാണ്. കുറ്റപ്പെടുത്തി പിന്നോട്ടുവലിക്കാൻ ശ്രമിക്കുന്നവരുണ്ടാകും. നമുക്ക് സ്വയം ബോധ്യപ്പെടുത്താൻ കഴിയണം ശരിയാണെന്ന്. അതോടൊപ്പം അച്ഛനമ്മമാരെയും ദൈവത്തെയും മറക്കാതിരിക്കുക.

Content Highlights: TP Ferah from Kozhikode becomes commissioned officer in coast guard

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

എയറോനോട്ടിക്കല്‍ എന്‍ജിനീയര്‍മാരാകം

Feb 10, 2016


mathrubhumi

7 min

വിദേശത്തെ മെഡിക്കല്‍ വിദ്യാഭ്യാസം

Oct 16, 2019


mathrubhumi

2 min

സർക്കാർ അധ്യാപകർക്ക് ശമ്പളം 57000; പതിനായിരം പോലും തികയാതെ സ്വകാര്യകോളജ് അധ്യാപകർ

Sep 10, 2018