ടിങ്കർ ഹബ്ബ്: പഠിക്കാനും പഠിപ്പിക്കാനും ഒരു കൂട്ടായ്മ


കെ.പി. പ്രവിത

2 min read
Read later
Print
Share

സ്വയം പഠിക്കാനും പഠിപ്പിക്കാനുമുള്ളൊരു കൂട്ടായ്മ. നാളത്തെ സാങ്കേതിക വിദ്യകളെക്കുറിച്ചാണ് ഇവിടെ ചർച്ചകളേറെയും. ആശയങ്ങൾക്കും സ്വപ്‌നങ്ങൾക്കും അതിരില്ലെന്ന് ഇവർ പറയും. മാറുന്ന ലോകത്തിന്റെ പുതിയ മുഖമാവുകയാണ് ടിങ്കർ ഹബ്ബ്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) തുടങ്ങിയ സൗഹൃദകൂട്ടായ്‌മയാണ് ഇന്നിപ്പോൾ ടിങ്കർ ഹബ്ബ് എന്ന പേരിൽ കേരളത്തിലെ ഒട്ടേറെ കാമ്പസുകളിൽ പ്രവർത്തിക്കുന്നത്. വിദ്യാർഥികളും സംരംഭകരുംമുതൽ കമ്പനി മേധാവികൾവരെ ഇതിന്റെ ഭാഗമാണ്. പുതു സാങ്കേതികവിദ്യയെക്കുറിച്ചുള്ള പാഠങ്ങൾ പകരാൻ പലരും ടിങ്കർ ഹബ്ബിലെത്തി. അവർ പകർന്ന അറിവുകൾ വിദ്യാർഥികൾക്ക് കരിയറിൽ ഏറെ ഗുണംചെയ്തു.

വേറിട്ട ആശയങ്ങൾ

സാങ്കേതികവിദ്യ ഓരോ വർഷവും മാറിക്കൊണ്ടിരിക്കുന്നു. ഇതനുസരിച്ച് കാലാനുസൃതമായ മാറ്റം സിലബസിൽ സാധ്യമല്ല. സ്വയം പഠിക്കുകയെന്നതാണ് ലഭ്യമായ മാർഗം. ഇത്തരത്തിൽ സ്വയം സജ്ജരാകാൻ വിദ്യാർഥികളെ സഹായിക്കുകയാണ് ടിങ്കർ ഹബ്ബ് ചെയ്യുന്നത്. പുതുപാഠങ്ങൾ പകരാൻ കൂട്ടായ്മയ്ക്ക് മുന്നിലേക്ക് എത്തുന്നത് അതത് മേഖലകളിൽ ജോലിചെയ്യുന്നവരാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓഗ്‌മെന്റഡ് റിയാലിറ്റിയും വെർച്വൽ റിയാലിറ്റിയും ഡേറ്റ അനലിറ്റിക്‌സും തുടങ്ങി പുതിയ സാങ്കേതികവിദ്യകളെല്ലാം ആഴത്തിൽ പഠിക്കാൻ അവസരമൊരുങ്ങുന്നു.

സാങ്കേതിക കൂട്ടായ്മ

ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് എന്ന അന്താരാഷ്ട്ര കൂട്ടായ്മ അവരുടെ ആഗോള യുവജന സംരംഭക പദ്ധതിയിലേക്ക് പങ്കാളിയായി തിരഞ്ഞെടുത്തിരിക്കുന്നത് ടിങ്കർ ഹബ്ബിനെയാണ്. സാങ്കേതികവിദ്യയെയും യുവാക്കളെയും ഒരുമിപ്പിച്ച് നടപ്പാക്കുന്ന വ്യത്യസ്തമായ ആശയങ്ങളാണ് ടിങ്കർ ഹബ്ബിനെ ഈ നേട്ടത്തിന് അർഹമാക്കിയത്. സഹകരണ സ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹരിക്കാൻ നടത്തിയ ശ്രമങ്ങളും ശ്രദ്ധിക്കപ്പെട്ടു.
സാങ്കേതികവിദ്യ കടന്നെത്താത്ത ഗ്രാമങ്ങളിലെ സഹകരണ സ്ഥാപനങ്ങളെ സഹായിക്കാനും ടിങ്കർ ഹബ്ബ് പദ്ധതികൾ തയ്യാറാക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാങ്കേതിക കൂട്ടായ്മകളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അവസരംകൂടിയാണ് ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് ഒരുക്കുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയും ടിങ്കർ ഹബ്ബിന്റെ പ്രവർത്തനങ്ങൾക്കുണ്ട്.

പൈ ലാഡ്‌

പുതിയ അധ്യയനവർഷത്തിലും ഒട്ടേറെ പദ്ധതികൾ ടിങ്കർ ഹബ്ബിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നുണ്ട്. സാധാരണക്കാർക്ക് കംപ്യൂട്ടർ പ്രോഗ്രാമിങ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ പരിചയപ്പെടുത്താൻ ഉദ്ദേശിച്ചുള്ള പൈ ലാഡ് ഉൾപ്പെടെയാണിത്‌. മറ്റ് മേഖലകളിൽ ജോലി ചെയ്യുന്നവരിൽ കംപ്യൂട്ടറും പ്രോഗ്രാമിങ്ങുമെല്ലാം പഠിക്കാൻ ആഗ്രഹിക്കുന്നവരുണ്ട്. ഇത്തരക്കാർക്ക് അവസരമൊരുക്കുകയാണ് പൈ ലാഡിൽ ചെയ്യുന്നത്. സാങ്കേതിക പരിജ്ഞാനമുള്ളവരാണ് അധ്യാപകരായെത്തുന്നത്. ഓൺലൈൻ കോഴ്‌സാണ് ഉദ്ദേശിക്കുന്നത്. താത്പര്യമുള്ളവർക്ക് https://tinkerhub.org/pylad/ വഴി രജിസ്റ്റർ ചെയ്യാം. ആദ്യഘട്ടത്തിൽ നൂറുപേർക്കാണ്‌ പരിശീലനംനൽകുന്നത്. സൗജന്യമായിട്ടാണ് പരിശീലനം. കംപ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ പരിശീലിപ്പിക്കുന്ന ഡിജിറ്റൽ സാക്ഷരത പദ്ധതിയും ടിങ്കർ ഹബ്ബ് നടപ്പാക്കുന്നുണ്ട്. ഇതുവരെ 200 പേർക്ക് പരിശീലനംനൽകി.

ഹയർഹാക്

സാങ്കേതികവിദ്യ പഠിക്കുന്ന വിദ്യാർഥികളുടെ തൊഴിൽശേഷി കൂട്ടാനുദ്ദേശിച്ചുള്ളതാണ് ഹയർഹാക്. പുത്തൻ സാങ്കേതികതയിൽ വിദ്യാർഥികൾക്ക് പരിശീലനംനൽകും. അതത് മേഖലകളിൽ ജോലി ചെയ്യുന്നവരാണ് ക്ലാസുകൾ നയിക്കുക. കാമ്പസ് കമ്യൂണിറ്റി പദ്ധതികളുമുണ്ട്. സിലബസിനപ്പുറത്തേക്ക് അറിവ് നേടാൻ കാമ്പസിനകത്തെ ഈ പഠന കൂട്ടായ്മകൾ വിദ്യാർഥികളെ സഹായിക്കും.

സ്വയംസജ്ജരാകുക

കുസാറ്റിലെ പഠനകാലയളവിലാണ് കൂട്ടായ്മയെന്ന ആശയം ഉയർന്നുവരുന്നത്. 2015-ൽ തുടങ്ങിയ ടിങ്കർ ഹബ്ബിൽ ഇതിനകം 26,000 പേർ പങ്കാളികളായി. സ്വയംസജ്ജരാകാൻ വിദ്യാർഥികളെ സഹായിക്കുകയാണ് ടിങ്കർ ഹബ്ബ് ചെയ്യുന്നത്.
-എം.പി. മൂസ മെഹർ, സി.ഇ.ഒ., ടിങ്കർ ഹബ്ബ്

Content Highlights: Tinker Hub, Start Up, Tinker Hub in CUSAT, Technological Innovation

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

3 min

എളുപ്പം ജോലി നേടാന്‍ ഡിപ്ലോമ, ഐ.ടി.ഐ കോഴ്‌സുകള്‍

May 18, 2019


mathrubhumi

3 min

കൃത്രിമബുദ്ധി ഒരു സംഭവമാണ്

Jul 19, 2017