ലോകമറിയുന്ന ശാസ്ത്രജ്ഞയാകണമെന്ന ആഗ്രഹവുമായി എന്‍ജിനീയറിങ് കോളേജിന്റെ പടികയറിയ പെണ്‍കുട്ടി അവിടെ നിന്നിറങ്ങിയത് സ്വന്തം കമ്പനിയുടെ സി.ഇ.ഒ. ആയാണ്. കടുപ്പമേറിയ സോഫ്റ്റ്‌വെയര്‍ മേഖലയില്‍ തന്റേതായ വഴിതെളിച്ച് ആത്മവിശ്വാസത്തോടെ ഈ 24-കാരി വിജയപ്പടവുകള്‍ കയറി. അറിയാം ബിരുദം പൂര്‍ത്തിയാക്കുന്നതിന് മുന്‍പു തന്നെ സി.ഇ.ഒ. പദവിയിലെത്തി ഗീതു ശിവകുമാറിനെക്കുറിച്ച്.
ആശയില്‍ നിന്ന് ആശയത്തിലേക്ക്
തിരുവനന്തപുരം കവടിയാറുള്ള നിര്‍മല ഭവന്‍ ഗേള്‍സ് സ്‌കൂളിലായിരുന്നു ഗീതുവിന്റെ പഠനം. ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ സ്വയംപര്യാപ്തയാകാന്‍ ഈ കാലഘട്ടം വലിയ പങ്ക് വഹിച്ചു. 11- ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരും ടെക്നോപാര്‍ക്കും ഐ.ടി. മിഷനും സംയുക്തമായി നടത്തിയ സംസ്ഥാന ഐ.ടി. ഫെസ്റ്റില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച വെബ് ഡവലപ്പര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ സാങ്കേതികവിദ്യ തന്റെ തട്ടകമാണെന്ന ചിന്ത മനസ്സിലുറച്ചു. ഇതിനുപിന്നാലെ 2012-ല്‍ ഇന്ത്യ-ജപ്പാന്‍ യൂത്ത് എക്സ്ചേഞ്ചില്‍ സാങ്കേതികവിദ്യാ വിഭാഗത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്തു. സാങ്കേതിക വിദ്യയുടെ പുത്തന്‍ മാനങ്ങളറിയാന്‍ ജപ്പാനിലേക്കുള്ള ഈ യാത്ര വഴിയൊരുക്കി. ഹയര്‍സെക്കന്‍ഡറിക്ക് ശേഷം തിരുവനന്തപുരം ഗവ. എന്‍ജീനീയറിങ് കോളേജില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് പഠനത്തിന് ചേര്‍ന്നു. ഈ കാലഘട്ടത്തിലാണ് സ്റ്റാര്‍ട്ടപ്പ് എന്ന ആഗ്രഹം മുളപൊട്ടിയത്.
സാങ്കേതികവിദ്യയുടെ ലോകം
കോളേജാണ് സ്റ്റാര്‍ട്ടപ്പിന് ബെസ്റ്റ്
കോളേജ് കാലഘട്ടമാണ് സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ബെസ്റ്റ് എന്നാണ് ഗീതുവിന്റെ പക്ഷം. സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്ക് കരുത്ത് പകരാനും വന്‍ വ്യക്തിത്വങ്ങളെ കണ്ടെത്താനുമെല്ലാം കോളേജിലെ അധ്യാപകര്‍ക്കാകും. ഫെയ്സ്ബുക്ക്, ലിങ്ക്ഡ് ഇന്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളും ബിസിനസ് മേഖലയിലെ വന്‍ശക്തികളുമായി കൈകോര്‍ക്കാനുള്ള അവസരം ഒരുക്കിത്തരുന്നുണ്ട്. അതും സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യത വര്‍ധിപ്പിക്കുന്നു. പഠനമെല്ലാം കഴിഞ്ഞ് സ്വസ്ഥമായി ഇരുന്ന് സ്റ്റാര്‍ട്ടപ്പ് ചെയ്യാമെന്ന് ഒരിക്കലും വിചാരിക്കരുതെന്നാണ് ഗീതുവിന് പറയാനുള്ളത്. സ്വന്തം ആശയത്തില്‍ വിശ്വാസം ഉണ്ടെങ്കില്‍ അപ്പോള്‍ തന്നെ അത് ആരംഭിക്കണം. മറ്റുള്ളവര്‍ എന്ത് പറയും എന്നോര്‍ത്ത് കാത്തിരിക്കരുത്.
എന്താണ് പേസ് ഹെടെക്
ഐ.ടി. സേവനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്ഥാപനമാണിത്. വെബ്ഡെവലപ്മെന്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നീ അടിസ്ഥാന സേവനങ്ങള്‍ മാത്രമാണ് ആദ്യം നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ എന്റര്‍പ്രൈസ് സോഫ്റ്റ്‌വെയര്‍, ഡാറ്റ അനലറ്റിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ക്ലൗഡ് ആപ്ലിക്കേഷന്‍, ബ്രാന്‍ഡിങ് തുടങ്ങി നിരവധി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. നിലവില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്ന സ്റ്റാര്‍ട്ടപ്പാണിത്. എന്ത് ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കും സഹായം നല്‍കുന്ന തരത്തിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. അഞ്ച് രാജ്യങ്ങളുമായി പാര്‍ട്ണര്‍ഷിപ്പുണ്ട്. 20 ജീവനക്കാരാണ് ഇപ്പോള്‍ സ്ഥാപനത്തിലുള്ളത്.
Content Highlights: success story of geethu sivakumar, ceo of pace hitech