ആവശ്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ എത്തിച്ചുനല്‍കി വ്യത്യസ്തനാവുകയാണ് ചണ്ഡീഗഢ് സ്വദേശി സന്ദീപ് കുമാര്‍. അധ്യയന വര്‍ഷം കഴിയുമ്പോള്‍ വിദ്യാര്‍ഥികള്‍ ഉപയോഗിച്ച് മാറ്റിവെച്ച പുസ്തകങ്ങള്‍ ശേഖരിച്ച് മറ്റ് ആവശ്യക്കാരിലേക്ക് എത്തിച്ചുനല്‍കിയാണ് ഈ യുവാവ് ശ്രദ്ധേയനാകുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പതിനായിരത്തിലേറെ പുസ്‌തകങ്ങളാണ് സന്ദീപ് ഇത്തരത്തില്‍ ശേഖരിച്ചത്.
ഹരിയാണയിലെ ഭിവാനിയില്‍ ഒരു കര്‍ഷകന്റെ മകനായാണ് സന്ദീപ് കുമാര്‍ ജനിച്ചത്. പന്ത്രണ്ടാം ക്ലാസുവരെ ഭിവാനിയില്‍ പഠിച്ചുവളര്‍ന്ന സന്ദീപ് പിന്നീട് ഉദ്യോഗസ്ഥനായ സഹോദരനും കുടുംബത്തോടുമൊപ്പം ചണ്ഡീഗഢിലെത്തുകയായിരുന്നു. ബിരുദവും ടീച്ചര്‍ ട്രെയിനിങ് കോഴ്‌സും പൂര്‍ത്തിയാക്കിയ സന്ദീപ് അഞ്ചാം ക്ലാസ് വരെയുള്ള സ്‌കൂള്‍ കുട്ടികളെ പഠിപ്പിക്കാനുള്ള യോഗ്യത നേടി.
ടീച്ചര്‍ ട്രെയിനിങ് കോഴ്‌സിന്റെ അവസാന വര്‍ഷം തന്റെ സ്വദേശമായ ഭിവാനിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കുന്നതിനിടെ സന്ദീപ് ഒരുകാര്യം ശ്രദ്ധിച്ചു. വിദ്യാഭ്യാസം സൗജന്യമാണെങ്കിലും സ്വന്തമായി പുസ്തകങ്ങളോ പേനയോ പെന്‍സിലോ വാങ്ങാവുന്ന സാമ്പത്തിക നിലയിലായിരുന്നില്ല കുട്ടികളില്‍ പലരും. ക്ലാസില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ അവര്‍ക്ക് നന്നായി മനസിലാക്കാനാവുന്നുണ്ട്, എന്നാല്‍ കുറിച്ചെടുക്കാന്‍ പുസ്തകവും പേനയുമില്ലാത്ത അവസ്ഥ.
Don't Miss It: പന്ത്രണ്ടാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചു; 19 വര്‍ഷത്തിന് ശേഷം കളക്ടര്‍, അതും ഏഴാം ശ്രമത്തില്‍
സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്നവരെന്ന് ബോധ്യപ്പെട്ട ചില വിദ്യാര്‍ഥികള്‍ക്ക് സ്വന്തം കീശയില്‍ നിന്ന് കാശെടുത്ത് പുസ്തകം വാങ്ങിനല്‍കാന്‍ സന്ദീപ് തയ്യാറായി. എന്നാല്‍ ഈ സംഭവം ധാരാളം കുട്ടികള്‍ അറിയാന്‍ തുടങ്ങിയതോടെ സംഗതി സന്ദീപിന്റെ കൈയില്‍ നില്‍ക്കാതായി. സൗജന്യമായി പുസ്തകം നല്‍കുന്ന അധ്യാപകനെത്തേടി കൂടുതല്‍ കുട്ടികളെത്തി. കുട്ടികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കുന്ന രാജ്യത്ത് ഇതെങ്ങനെ സംഭവിക്കുവെന്ന് അന്വേഷിക്കാന്‍ സന്ദീപ് തീരുമാനിച്ചു.
സര്‍വശിക്ഷാ അഭിയാൻ പദ്ധതിക്ക് കീഴില്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസമാണ് നല്‍കുന്നത്. പുസ്തകങ്ങള്‍ക്കും മറ്റ് പഠനോപകരണങ്ങള്‍ക്കുമുള്ള പണം കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുകയാണ് ചെയ്യുന്നത്. തന്റെ കൈയില്‍നിന്നും പുസ്തകങ്ങള്‍ വാങ്ങിയ കുട്ടികളുടെ വീട്ടില്‍ എത്തിയ സന്ദീപ് കണ്ടത് ദാരിദ്യത്തിന്റെ ഏറ്റവും ക്രൂരമുഖമായിരുന്നു. ഒരുനേരത്തെ ഭക്ഷണത്തിനുള്ള വക കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കുടുംബത്തിന് പുസ്തകങ്ങള്‍ വാങ്ങാനാനായി പണംമാറ്റിവെക്കുകയെന്നത് എളുപ്പമല്ലെന്ന് സന്ദീപിനോട് ആരും പറയേണ്ടിവന്നില്ല.
തിരിച്ച് ചണ്ഡീഗഢിലെത്തിയ സന്ദീപിന് സമാന സാഹചര്യം അവിടുത്തെ സര്‍ക്കാര്‍ കോളേജുകളിലും സ്‌കൂളുകളിലും നിലനില്‍ക്കുന്നുണ്ടെന്ന് മനസിലായി. പുസ്തകങ്ങള്‍ ഇല്ലാത്തതിനാല്‍ ക്ലാസിലെ മറ്റു കുട്ടികളില്‍ നിന്നും അകന്നുനില്‍ക്കേണ്ടിവരുന്നവരെ കണ്ടെത്തി സഹായിക്കാന്‍ സന്ദീപ് തീരുമാനിച്ചു.
അധ്യയന വര്‍ഷാവസാനം പരീക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടികള്‍ അവര്‍ ഉപയോഗിച്ച പുസ്തങ്ങള്‍ എന്തുചെയ്യുന്നു എന്ന കാര്യത്തേക്കുറിച്ച് സന്ദീപ് ആലോചിച്ചു. അവ പിന്നീട് വെറും കടലാസുകള്‍ മാത്രമായി മാറുകയും പഴയ സാധനങ്ങളോടൊപ്പം വിറ്റുപോവുകയാണെന്നുമുള്ള കാര്യം കണ്ടെത്താന്‍ ഏറെ നേരത്തെ ആലോചന വേണ്ടിവന്നില്ലെന്ന് സന്ദീപ് പറയുന്നു.
പാഠപുസ്തകങ്ങള്‍ മാത്രമല്ല, പാതി മാത്രം ഉപയോഗിച്ച നോട്ട്ബുക്കുകളും മഷി തീര്‍ന്ന പേനകളും പുനരുപയോഗിക്കാമെന്ന് സന്ദീപ് പറയുന്നു. തുടക്കം സ്വന്തം വീട്ടില്‍നിന്നു തന്നെയായിരുന്നു, താന്‍ മുമ്പ് ഉപയോഗിച്ച പാഠപുസ്തകങ്ങളും പാതിയില്‍ എഴുതിനിര്‍ത്തിയ നോട്ട്ബുക്കുകളും അദ്ദേഹം പൊടിതട്ടിയെടുത്തു. പല പുസ്തകങ്ങളില്‍ നിന്നായി എഴുതാത്ത പേജുകള്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ പുതിയവ വീണ്ടും ഉപയോഗിക്കാമെന്നായി.
അടുപ്പമുള്ളവരോട് പറഞ്ഞപ്പോള്‍ എന്തുകൊണ്ട് ഇതിനായി ഒരു എന്‍.ജി.ഒ ആയിക്കൂടാ എന്ന ആശയം ഉയര്‍ന്നുവന്നു. ഇത് ഒടുവില്‍ ഓപ്പണ്‍ ഐസ് ഫൗണ്ടേഷന്‍ (Open Eyes Foundation) എന്ന എന്‍.ജി.ഒയുടെ രൂപീകരണത്തില്‍ കലാശിക്കുകയും ചെയ്തു. ഭിവാനിയിലെ സന്ദീപിന്റെ കാര്‍ സര്‍വീസ് സ്റ്റേഷനില്‍നിന്നുള്ള വരുമാനവും സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ളവരുടെ സംഭാവനകളിലൂടെയുമാണ് ഇന്ന് ഓപ്പണ്‍ ഐസ് പ്രവര്‍ത്തിക്കുന്നത്.
ഓപ്പണ്‍ ഐസിന്റെ ചണ്ഡിഗഢിലുള്ള ഓഫീസില്‍ പതിനായിരത്തിലേറെ പുസ്തകങ്ങളാണുള്ളത്. ആവശ്യക്കാര്‍ക്ക് ഇവിടെയെത്തിയാല്‍ സന്ദീപ് പുസ്തകങ്ങള്‍ നല്‍കും. ഉപയോഗിച്ച ശേഷം തിരികെ നല്‍കണമെന്നുമാത്രം. ഇതിനുപുറമേ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 200 കുട്ടികളെ ഓപ്പണ്‍ ഐസ് ഫൗണ്ടേഷന്‍ ഏറ്റെടുത്ത് പഠിപ്പിക്കുന്നുമുണ്ട്.
Content Highlights: Sandeep Kumar and his NGO Open Eyes Foundation to provide educational aid for poor students