മികച്ച കരിയര്‍ അവസരങ്ങളുമായി റോബോട്ടിക്‌സ്


അജീഷ് പ്രഭാകരന്‍ | ajeeshpp@mpp.co.in

3 min read
Read later
Print
Share

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള നൂതന സാങ്കേതികവിദ്യകള്‍ക്കൊപ്പം റോബോട്ടിക്‌സും എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് പുതിയൊരു കരിയര്‍മേഖല തുറന്നുതരുന്നു

വീട്ടുജോലിക്ക് ഒരു റോബോട്ടിനെ വേണം. എങ്ങനെയുണ്ടാക്കും, ആരോടുപറയും? പ്രതിരോധം, കാര്‍ഷികം, ആരോഗ്യം അടക്കമുള്ള മേഖലകളില്‍ ഇനി റോബോട്ടുകളുടെ കാലമാണ്. അതിനാല്‍ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് റോബോട്ടിക്‌സ് മേഖല തരുന്ന അവസരം വലുതാണ്. അറിവ് കൃത്യമായി പ്രയോഗിക്കുന്നവര്‍ക്കും വേറിട്ട ആശയം അവതരിപ്പിക്കുന്നവര്‍ക്കും തിളങ്ങാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള നൂതന സാങ്കേതികവിദ്യകള്‍ക്കൊപ്പം റോബോട്ടിക്‌സും എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് പുതിയൊരു കരിയര്‍മേഖല തുറന്നുതരുന്നു.

റോബോട്ടിക്‌സ് എന്‍ജിനീയര്‍
മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന രീതിയില്‍ സാങ്കേതികവിദ്യ പ്രയോഗിക്കാന്‍ കഴിയുന്നവര്‍ക്കുള്ളതാണ് ഈ മേഖല. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടു വിജയിച്ചവര്‍ക്ക് ഡിഗ്രി തലത്തില്‍ റോബോട്ടിക്‌സ് പഠിക്കാം. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് പഠിച്ചവര്‍ക്ക് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടാം. റോബോട്ടിക്‌സ് സ്‌പെഷലൈസേഷനായി കോഴ്‌സ് പൂര്‍ത്തിയാക്കാം.

റോബോട്ട് ഉണ്ടാക്കണമെങ്കില്‍ ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍ വേണം. റോബോട്ടിന്റെ ശരീരം മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍ നിര്‍മിക്കുമ്പോള്‍ അതിലെ നാഡികളെ ഇലക്ട്രോണിക്‌സുകാര്‍ വികസിപ്പിക്കുന്നു. റോബോട്ടിന്റെ മസ്തിഷ്‌കം അല്ലെങ്കില്‍ പ്രോഗ്രാമിങ് കംപ്യൂട്ടര്‍ സയന്‍സ് വിദഗ്ധരുടെ കൈയിലാണ്. സാധ്യതകളറിഞ്ഞ് റോബോട്ടിക്‌സിനെ എന്‍ജിനീയറിങ്ങില്‍ സ്വതന്ത്ര പഠനവിഭാഗമാക്കിയിട്ടുണ്ട്.

ഇവിടെ പഠിക്കാം

  • ഐ.ഐ.ടി. (കാന്‍പുര്‍, മുംബൈ, മദ്രാസ്, ഡല്‍ഹി, ഖരഗ്പുര്‍, അലഹബാദ്): റോബോട്ടിക്‌സ് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം
  • ബെംഗളൂരു, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്: എം.ഇ. മെക്കാനിക്കല്‍; റോബോട്ടിക്‌സ് വിഷയം
  • യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിങ്, ഒസ്മാനിയ യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്: എം.ടെക്. ഇന്‍ ഓട്ടോമേഷന്‍ ആന്‍ഡ് റോബോട്ടിക്‌സ്
  • യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്: എം.ടെക്. ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക്‌സ്
  • കൊല്‍ക്കത്ത ജാദവ്പുര്‍ സര്‍വകലാശാല: എം.ഇ. റോബോട്ടിക്‌സ്
  • പിലാനി ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സസ്: എം.ഇ. ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് (റോബോട്ടിക്‌സ് വിഷയം)
  • എസ്.ആര്‍.എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കാട്ടാന്‍കുളത്തൂര്‍ ചെന്നൈ: എം.ടെക്. റോബോട്ടിക്‌സ്
  • യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി സ്റ്റഡീസ് മുംബൈ /ദെഹ്‌റാദൂന്‍: എം.ഇ. ഓട്ടോമേഷന്‍ ആന്‍ഡ് റോബോട്ടിക്‌സ്
  • ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ്: എം.ടെക്. ഇന്‍ ഓട്ടോമേഷന്‍ ആന്‍ഡ് റോബോട്ടിക്‌സ്

സാധ്യതകള്‍
ഗവേഷണ, ഉത്പാദന മേഖലകളില്‍ റോബോട്ടിക്‌സ് എന്‍ജിനീയര്‍മാര്‍ ആവശ്യമാണ്. മനുഷ്യന് ആവശ്യമുള്ള മേഖലകളില്‍ അനുയോജ്യമായ റോബോട്ടുകളെ നിര്‍മിക്കുകയാണ് റോബോട്ടിക്‌സ് എന്‍ജിനീയര്‍മാര്‍ ചെയ്യുന്നത്. രൂപകല്പന, നിര്‍മാണം, സാങ്കേതികത, നിയന്ത്രണം, ഘടനാരൂപവത്കരണം തുടങ്ങിയവ. ആണവോര്‍ജ മേഖലകള്‍, ഉരുക്കുനിര്‍മാണം, എണ്ണ പര്യവേഷണംശുദ്ധീകരണം, മൈനിങ്, കാര്‍ഷികം, പ്രതിരോധം, ഗാര്‍ഹികാവശ്യങ്ങള്‍, ബഹിരാകാശ ഗവേഷണപദ്ധതികള്‍, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ റോബോട്ടിക്‌സ് സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നു. കൂടാതെ ഐ.എസ്.ആര്‍.ഒ., ഡി.ആര്‍.ഡി.ഒ., ഭെല്‍ അടക്കമുള്ള പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളും റോബോട്ടിക്‌സില്‍ വിദഗ്ധരെ തേടിയെത്തുന്നു.

ജന്റോബോട്ടിക്‌സ്

''മാന്‍ഹോളുകളും സീവേജ് പൈപ്പുകളും ക്ലീന്‍ചെയ്യുന്നത് യന്ത്രവത്കരിച്ചേ ഈ ലക്ഷ്യം നേടാനാവൂ. ഇത് എങ്ങനെയാണ് ചെയ്യാന്‍പറ്റുക എന്നതിനെക്കുറിച്ച് എനിക്ക് വലിയ പിടിപാടൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, കോഴിക്കോട്ടുകാരനായ ഒരു എം.ടെക്. വിദ്യാര്‍ഥി ഈ വെല്ലുവിളി ഏറ്റെടുത്തു. മാന്‍ഹോള്‍ ക്ലീന്‍ ചെയ്യാന്‍ ബാന്‍ഡികൂട്ട് എന്ന റോബോട്ടിന്റെ ആശയം അയാള്‍ മുന്നോട്ടുവെച്ചു. സ്റ്റാര്‍ട്ടപ്പ് മിഷന്‍ പിന്തുണ നല്‍കി. കഴിഞ്ഞ മാസം കാനകളും മാന്‍ഹോളുകളും സീവേജ് പൈപ്പുകളും ക്ലീന്‍ ചെയ്യാന്‍ ബാന്‍ഡികൂട്ട് റെഡി''. (ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ 2018ലെ ബജറ്റ് പ്രസംഗത്തില്‍നിന്ന്)

കോഴ്‌സ് പൂര്‍ത്തിയാക്കി സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ കുറച്ച് വിദ്യാര്‍ഥികളുടെ ആത്മവിശ്വാസത്തിനും കഠിനാധ്വാനത്തിനും ഇതിലും വലിയൊരു അംഗീകാരം ലഭിക്കാനില്ല. എം.കെ. വിമല്‍ ഗോവിന്ദ് എന്ന എം.ടെക്കുകാരന്റെ നേതൃത്വത്തില്‍ തുടങ്ങിയ ജന്റോബോട്ടിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പാണ് ആള്‍ത്തുളകളും മലിനജലപൈപ്പുകളും വൃത്തിയാക്കാന്‍ ബാന്‍ഡികൂട്ട് എന്ന റോബോട്ട് നിര്‍മിച്ചത്. സാങ്കേതികവിദ്യ എങ്ങനെ മനുഷ്യന് പ്രയോജനപ്പെടുത്താമെന്ന് വിമലും സംഘവും ലോകത്തിന് കാണിച്ചു കൊടുത്തു.

ഇവരുടെ ആശയത്തിനും കഠിനാധ്വാനത്തിനുമൊപ്പം കേരളാ വാട്ടര്‍ ഇന്നൊവേഷന്‍ സോണും സ്റ്റാര്‍ട്ടപ്പ് മിഷനുംകൂടി ചേര്‍ന്നപ്പോഴാണ് ബാന്‍ഡിക്കൂട്ട് തയ്യാറായത്. യന്ത്രക്കാലുകളും ബക്കറ്റും ഉപയോഗിച്ച് ഓടകളും ആള്‍ത്തുളകളും വൃത്തിയാക്കുന്ന റോബോട്ടാണ് ഇവര്‍ വികസിപ്പിച്ചത്. ഇതിനൊപ്പം പവര്‍ എക്‌സോ സ്‌കെല്‍റ്റണ്‍ എന്ന റോബോട്ടും വികസിപ്പിച്ചിട്ടുണ്ട്. പട്ടാളക്കാരുടെ ബാക്ക്പാക്കും വലിയ ഭാരമുള്ള തോക്കുകളും കൊണ്ടുപോകുന്നതുമുതല്‍ ഭക്ഷണസാധനങ്ങള്‍ എത്തിക്കാന്‍വരെ റോബോട്ടിനെ ഉപയോഗപ്പെടുത്താം. നിര്‍മാണ, മെഡിക്കല്‍രംഗത്തും ഉപയോഗിക്കാം. റോബോട്ടിക്‌സ് നല്‍കുന്ന സാധ്യത അനന്തമാണെന്ന് വിമല്‍ ഗോവിന്ദ് പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

സിവില്‍ പോലീസ് ഓഫീസര്‍ അപേക്ഷകര്‍ കുറയും; നിയമനസാധ്യത കൂടും

Jan 23, 2018


mathrubhumi

4 min

ക്വിസിന്റെ രസതന്ത്രം; അറിയാം, പഠിക്കാം

Nov 13, 2017


mathrubhumi

6 min

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്: ബിരുദധാരികള്‍ അപേക്ഷിക്കേണ്ട

Jul 17, 2016