ചുവന്ന യൂണിഫോമില്‍ തലയിലെ വലിയ ചുമടിനൊപ്പം ചെവിയിലെ ചെറിയ ഹെഡ്സെറ്റുമായാണ് ശ്രീനാഥെന്ന പോര്‍ട്ടറിനെ റെയില്‍വേ സ്റ്റേഷനില്‍ കാണുക. അതുമല്ലെങ്കില്‍ അടുക്കിവെച്ചിരിക്കുന്ന പെട്ടികള്‍ക്ക് മുകളില്‍ ഇ-പുസ്തകങ്ങള്‍ വായിച്ചിരിക്കുന്നതും.
ജോലിയുടെ ഇടവേളകളില്‍ സൗത്ത് റെയില്‍വേ സ്റ്റേഷനിലെ വൈഫൈയിലൂടെ പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യും. എന്നിട്ട് വായിച്ചും കേട്ടും പഠിക്കുന്നതാണ് ശ്രീനാഥിന്റെ രീതി. രാത്രിയില്‍ പഠിച്ചവയൊക്കെ ഒന്നുകൂടി ആവര്‍ത്തിച്ച് ഹൃദിസ്ഥമാക്കും.
ദിവസം എട്ട് മണിക്കൂറിലധികം പഠിക്കാന്‍ സമയം ലഭിക്കാറുണ്ട്. രാവിലെ എട്ടിന് ജോലിക്ക് കയറിയാല്‍ 10-ന് കുറച്ച് സമയം കിട്ടും. പിന്നീട് തിരക്കുള്ളത് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും അടുത്ത തീവണ്ടി വരുമ്പോള്‍ മാത്രമാണ്. ഈ സമയം പഠനത്തിനാണ്.
-ശ്രീനാഥ് പറയുന്നു.
രാത്രി ഒന്നിനും രണ്ടിനും ഇടയ്ക്കാണ് പിന്നീട് തിരക്കേറുന്നത്. അതിനുശേഷം കുറച്ച് സമയം ചെറിയ വിശ്രമം. പഠനവും വിശ്രമവും ജോലിയും ഒരേപോലെ തന്നെ കൊണ്ടുപോകാന്‍ കഴിയുന്നുണ്ടെന്ന് ശ്രീനാഥ് പറയുന്നു.
ഇടുക്കി പെരുവന്താനം സ്വദേശിയാണ് കെ.എസ്. ശ്രീനാഥ്. അഞ്ചുവര്‍ഷമായി എറണാകുളം സൗത്ത് സ്റ്റേഷനില്‍ പോര്‍ട്ടറാണ്. രണ്ട് സഹോദരന്മാരും സര്‍ക്കാര്‍ ജീവനക്കാരാണ്. അതുകൊണ്ടുതന്നെ എങ്ങനെയും സര്‍ക്കാര്‍ ജോലി വേണമെന്ന് ആഗ്രഹിച്ചിരുന്നു. പുസ്തകം വാങ്ങി പഠിക്കാന്‍ സാഹചര്യമില്ലാത്തതിനാലാണ് ഓണ്‍ലൈന്‍ വായന ശീലമാക്കിയതെന്ന് ശ്രീനാഥ് പറയും.