ഇതിനകം തുടക്കമിട്ട പരീക്ഷാ പരിഷ്‌കരണ നടപടികള്‍ പൂര്‍ണതയിലെത്തിക്കാന്‍ പുതുവര്‍ഷത്തില്‍ പി.എസ്.സിക്ക് കഴിയുമെന്ന് ചെയര്‍മാന്‍ എം.കെ. സക്കീര്‍. അതിന്റെ ഭാഗമായാണ് 2019ല്‍ മിക്കവാറും എല്ലാ പ്രധാന തസ്തികകള്‍ക്കും വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. അപേക്ഷകരുടെ എണ്ണം കണക്കിലെടുത്തശേഷം സമാന യോഗ്യതയുള്ള തസ്തികകള്‍ ഏകീകരിച്ച് പൊതുപരീക്ഷ നടത്തുകയാണ് പ്രധാന ലക്ഷ്യം. ഇത് നയമായി സ്വീകരിച്ചിട്ടുണ്ടെങ്കിലും പൂര്‍ണതോതില്‍ നടപ്പാക്കാനായിട്ടില്ല. ലക്ചറര്‍, ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയ ഉയര്‍ന്ന തസ്തികകള്‍ക്ക് രണ്ടു ഘട്ട പരീക്ഷകള്‍ തീരുമാനിച്ചിട്ടുണ്ട്. അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പി.എസ്.സിക്ക് ഇപ്പോള്‍ കഴിയുന്നുണ്ടെന്നും ചെയര്‍മാൻ അവകാശപ്പെട്ടു. പുതുവര്‍ഷം പ്രമാണിച്ച് 'മാതൃഭൂമി തൊഴില്‍വാര്‍ത്ത'യ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന്.
? പേരുദോഷത്തിന്റെ ഒരു വര്‍ഷമാണ് കടന്നുപോകുന്നത്. പോലീസ് പരീക്ഷാത്തട്ടിപ്പ് കുറേക്കാര്യങ്ങളിലെങ്കിലും പി.എസ്.സിയുടെ കണ്ണ് തുറപ്പിച്ചോ?
പോലീസ് പരീക്ഷയിലുണ്ടായ തട്ടിപ്പും തുടര്‍ നടപടികളുമെല്ലാം പി.എസ്.സിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുകയാണ് ചെയ്തത്. അത് പി.എസ്.സിക്ക് പേരുദോഷമുണ്ടാക്കിയതായി തോന്നുന്നില്ല. പി.എസ്.സി സ്വയം അന്വേഷിച്ച് തട്ടിപ്പ് കണ്ടെത്തുകയും ഉടന്‍തന്നെ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അത് ഉദ്യോഗാര്‍ഥികളില്‍ വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിയത്. ഒരുതരത്തിലുള്ള തട്ടിപ്പുകള്‍ക്കും പി.എസ്.സി. കൂട്ട് നില്‍ക്കില്ലെന്ന് ഒരിക്കല്‍ക്കൂടി പ്രഖ്യാപിക്കാന്‍ കഴിഞ്ഞു. പി.എസ്.സിയോ കമ്മിഷന്റെ ഏതെങ്കിലും ഉദ്യോഗസ്ഥനോ ഈ തട്ടിപ്പില്‍ നേരിട്ടോ അല്ലാതെയോ ഇടപെട്ടിട്ടില്ലെന്ന് ഇതുവരെയുള്ള എല്ലാ അന്വേഷണങ്ങളിലും തെളിഞ്ഞതാണ്. അത്തരം തട്ടിപ്പുകളൊന്നും പി.എസ്.സിയില്‍ നടത്താനാകില്ല. അത്രയ്ക്ക് സുരക്ഷിതമായ നടപടിക്രമങ്ങളാണ് പി.എസ്.സിക്കുള്ളത്. ഇക്കാര്യങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ മറ്റാരെക്കാളും വേഗത്തില്‍ സാധിക്കുന്നത് ഉദ്യോഗാര്‍ഥികള്‍ക്കാണ്. പരീക്ഷാഹാളില്‍ തന്നെ അവര്‍ക്കതിന് കഴിയും. കമ്മിഷനെക്കൊണ്ട് സാധിക്കുന്ന വിധത്തിലുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഇതിനകംതന്നെ പരീക്ഷാകേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും പി.എസ്.സി. തയ്യാറല്ല.
? ഡിസംബറില്‍ വിജ്ഞാപനങ്ങളെല്ലാം കൂട്ടത്തോടെ പ്രസിദ്ധീകരിക്കുകയാണല്ലോ. അത് ക്രമപ്പെടുത്തിയിരുന്നെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് സഹായകമാകുമായിരുന്നു.
കുറേ വിജ്ഞാപനങ്ങള്‍ ഈ വര്‍ഷം തന്നെ പ്രസിദ്ധീകരിക്കണമെന്ന ലക്ഷ്യത്തോടെയാണ് പി.എസ്.സിയിലെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത്. ഈ വര്‍ഷം പ്രായപരിധി പിന്നിടുന്നവര്‍ക്ക് അത് തീര്‍ച്ചയായും സഹായകരമായിരിക്കും. ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങളില്‍ പലതിനും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും പ്രതീക്ഷിത ഒഴിവുകള്‍ കണക്കാക്കിയാണ് വിജ്ഞാപനം തയ്യാറാക്കുന്നത്. റാങ്ക്പട്ടികയില്ലാത്തതുകൊണ്ട് നിയമനം നടക്കുന്നില്ലെന്ന് പിന്നീട് പറയാനിട വരരുത്. മുന്‍കൂട്ടി നടപടികള്‍ പൂര്‍ത്തിയാക്കി സമയാസമയം റാങ്ക്പട്ടികകള്‍ പ്രസിദ്ധീകരിക്കും.
? 2020 പി.എസ്.സിക്ക് പരീക്ഷകളുടെ വര്‍ഷമായിരിക്കും. മിക്കവാറും പ്രധാന തസ്തികകള്‍ക്കെല്ലാം പുതിയ വിജ്ഞാപനം വരുകയാണ്. ഇത്രയും പരീക്ഷകള്‍ ഒരുമിച്ച് വരുന്നത് പി.എസ്.സിക്ക് ബാധ്യതയാകില്ലേ?
സമാന തസ്തികകള്‍ക്ക് പൊതുപരീക്ഷ നടത്തി പരമാവധി ഉദ്യോഗാര്‍ഥിസൗഹൃദമാകാനാണ് പി.എസ്.സി. ശ്രമിക്കുന്നത്. വ്യത്യസ്ത വിജ്ഞാപനങ്ങള്‍ക്കാണ് അപേക്ഷിക്കുന്നതെങ്കിലും ഒരു പരീക്ഷയെഴുതി പല റാങ്ക്പട്ടികകളില്‍ ഉള്‍പ്പെടാനും ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കാനും അപേക്ഷകര്‍ക്ക് സാധിക്കും. വിജ്ഞാപനങ്ങള്‍ എണ്ണത്തില്‍ ധാരാളമുണ്ടെന്ന് കരുതി അത്രയും പരീക്ഷകള്‍ നടത്തണമെന്നില്ല. മാത്രമല്ല, ഇപ്പോള്‍ പ്രസിദ്ധീകരിച്ച എല്ലാ വിജ്ഞാപനങ്ങളുടെയും പരീക്ഷ 2020ല്‍ പൂര്‍ത്തിയാക്കണമെന്നുമില്ല. മുന്‍കരുതലെന്ന നിലയില്‍ ചില വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുപരീക്ഷകള്‍ കൂടുന്നതോടെ മൊത്തം പരീക്ഷകളുടെ എണ്ണത്തില്‍ കുറവുണ്ടാകും.
? രണ്ട് ഘട്ട പരീക്ഷകളുടെ നടത്തിപ്പ് എങ്ങനെയാണ് ലക്ഷ്യമിട്ടിട്ടുള്ളത്?
അപേക്ഷകര്‍ കൂടുതലുള്ള ഉയര്‍ന്ന തസ്തികകള്‍ക്കാണ് രണ്ട് ഘട്ട പരീക്ഷ നടത്തുന്നത്. ആദ്യത്തെത് ഒഴിവാക്കല്‍ പരീക്ഷയായിരിക്കും. അതിലൂടെ ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറച്ച് രണ്ടാമത്തെ മുഖ്യപരീക്ഷ വിവരണാത്മകമായി നടത്തും. ലക്ചറര്‍ പോലുള്ള അധ്യാപക തസ്തികകള്‍ക്ക് വിവരണാത്മക പരീക്ഷയുടെ മാര്‍ക്കായിരിക്കും പ്രധാനമായും റാങ്കിന് പരിഗണിക്കുന്നത്. മൂല്യനിര്‍ണയം വൈകുന്നതു കൊണ്ടാണ് വിവരണാത്മക പരീക്ഷകള്‍ പി.എസ്.സി. ഒഴിവാക്കിയിരുന്നത്. എന്നാല്‍ ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് നടപ്പാക്കിയതോടെ അതിന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ ആസൂത്രണ ബോര്‍ഡിന്റെ പരീക്ഷ ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ്ങിലൂടെ സമയബന്ധിതമായി പൂര്‍ത്തിയാക്കാനായി. കെ.എ.എസിന്റെ മുഖ്യപരീക്ഷയ്ക്കും ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ്ങാണ് ആലോചിക്കുന്നത്.
? കെ.എ.എസ് പരീക്ഷയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് കരുതുന്നു.
കെ.എ.എസ്. പ്രാഥമിക പരീക്ഷ ഫെബ്രുവരി 22നാണ് നടത്തുന്നത്. 5.76 ലക്ഷം അപേക്ഷകരുണ്ടായിരുന്നെങ്കിലും പരീക്ഷയെഴുതുമെന്ന് നാല് ലക്ഷത്തോളം പേരാണ് അറിയിച്ചത്. കര്‍ശന സുരക്ഷയോടെയാണ് പരീക്ഷ നടത്തുന്നത്. സി.സി.ടി.വി ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനം ഒരുക്കാമെന്ന് സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. ഇതിന്റെ റാങ്ക്പട്ടിക അടുത്ത നവംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കാനാകുമെന്നാണ് കരുതുന്നത്. പ്രാഥമിക പരീക്ഷയ്ക്ക് ശേഷം വിവരണാത്മകരീതിയിലുള്ള മുഖ്യപരീക്ഷ, അഭിമുഖം എന്നിവയ്ക്ക് ശേഷമാണ് റാങ്ക്പട്ടിക തയ്യാറാക്കുന്നത്. ഇതെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
? സര്‍വകലാശാല അസിസ്റ്റന്റിന്റെ പുതിയ സാധ്യതാപട്ടികയില്‍ ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറച്ചിട്ടുണ്ടല്ലോ?
പട്ടികകളില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ എണ്ണം നിശ്ചയിക്കുന്നത് കമ്മിഷന്‍ യോഗത്തിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ്. അസിസ്റ്റന്റിന്റെ ആദ്യ പട്ടികയായിരുന്നു മുമ്പ് പ്രസിദ്ധീകരിച്ചത്. അതില്‍നിന്ന് രണ്ടായിരത്തിലേറെപ്പേര്‍ക്ക് നിയമനം ലഭിച്ചിരുന്നു. എന്നുവെച്ച് അതിന്റെ അനുപാതത്തില്‍ പുതിയ പട്ടിക തയ്യാറാക്കാനാകില്ല. ഏഴെട്ടു വര്‍ഷം നിയമനം നിലച്ചിരുന്ന തസ്തികയിലേക്കാണ് പി.എസ്.സി. വഴി കുറേപ്പേര്‍ക്ക് ജോലി ലഭിച്ചത്. ഇപ്പോള്‍ സര്‍വകലാശാലകളില്‍ ഒഴിവുകള്‍ കുറവാണെന്നാണ് വിവരം. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സാധ്യതാപട്ടിക ചെറുതാക്കാന്‍ കമ്മിഷന്‍ യോഗം തീരുമാനിച്ചത്. എന്നാല്‍ ഒഴിവുകള്‍ കുറവാണെങ്കിലും കായികക്ഷമതാ പരീക്ഷ നടത്തേണ്ട തസ്തികകളുടെ സാധ്യതാപട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്താറുണ്ട്. കായിക പരീക്ഷയിലുണ്ടാകുന്ന തോല്‍വി കണക്കിലെടുത്താണങ്ങനെ ചെയ്യുന്നത്.
? 2020ല്‍ വരേണ്ട ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് വിജ്ഞാപനം നേരത്തേ പ്രസിദ്ധീകരിക്കുന്നതിന് പ്രത്യേകിച്ച് കാരണമുണ്ടോ?
വിജ്ഞാപനം നേരത്തേ വന്നത് ഉദ്യോഗാര്‍ഥികളെ ഒരുതരത്തിലും ബാധിക്കില്ല. പ്രായപരിധിയിലെത്തിയവര്‍ക്ക് ഒരു അവസരംകൂടി ലഭിക്കുമെന്ന് മാത്രം. നിലവിലുള്ള റാങ്ക്പട്ടികയ്ക്ക് അര്‍ഹതപ്പെട്ട മൂന്ന് വര്‍ഷ കാലാവധി കൃത്യമായും ലഭിക്കും. അതില്‍ ആശങ്ക വേണ്ട. പി.എസ്.സിക്ക് നടത്തേണ്ട ചില തയ്യാറെടുപ്പുകള്‍ക്ക് വേണ്ടിയാണ് വിജ്ഞാപനങ്ങള്‍ മുന്‍കൂട്ടി പ്രസിദ്ധീകരിച്ചത്.
? മുമ്പ് നിര്‍ബന്ധമായിരുന്ന പൊതുവിജ്ഞാനം, കേരള നവോത്ഥാനം തുടങ്ങിയ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നല്ലോ. അത് എല്ലാ തസ്തികകള്‍ക്കും ബാധകമാണോ?
എല്ലാ തസ്തികകള്‍ക്കും ബാധകമല്ല. പ്രത്യേക വിഷയത്തിലുള്ള ബിരുദമോ ബിരുദാനന്തരബിരുദമോ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള സാങ്കേതിക തസ്തികകള്‍ക്കാണ് ഈ പരിഷ്‌കാരം നടപ്പാക്കിയത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഇന്‌സ്ട്രക്ടര്‍, വ്യവസായ പരിശീലന വകുപ്പ് ഇന്‌സ്ട്രക്ടര്‍ തുടങ്ങിയ സാങ്കേതിക യോഗ്യതകള്‍ ആവശ്യമുള്ളവയ്ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ നിന്നായിരിക്കും മുഴുവന്‍ ചോദ്യങ്ങളും.
? ഈ പരിഷ്‌കാരം എല്‍.പി.,യു.പി.അധ്യാപകര്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ എന്നീ തസ്തികകള്‍ക്ക് ബാധകമാകുമോ?
പ്രത്യേക സാങ്കേതിക യോഗ്യതകളുടെ അടിസ്ഥാനത്തിലല്ലല്ലോ ഈ തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നത്. ടി.ടി.സി., ബി.എഡ് പോലുള്ള പൊതു യോഗ്യതകളാണല്ലോ അപേക്ഷകര്‍ക്ക് വേണ്ടത്. അതിനാല്‍ ഈ തസ്തികകള്‍ക്ക് നിലവിലുള്ള രീതി തുടരാനാണ് സാധ്യത. മാറ്റം വരുത്തണമെങ്കില്‍ കമ്മിഷന്‍ യോഗവും അക്കാദമിക് സമിതിയും അംഗീകരിക്കണം.
? അസിസ്റ്റന്റ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ് എന്നീ രണ്ട് തസ്തികകളില്‍ മാത്രമാണ് സര്‍വകലാശാലകളില്‍ പി.എസ്.സി. നിയമനം നടത്തുന്നത്. സര്‍വകലാശാലകളിലെ ബാക്കിയുള്ള തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാറായോ?
ചട്ടം തയ്യാറാക്കി നല്‍കാതെ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ പി.എസ്.സിക്ക് കഴിയില്ല. അതിനുമുമ്പ് എക്‌സിക്യുട്ടീവ് ഉത്തരവ് ഇറക്കിയാലും പി.എസ്.സിക്ക് നിയമനം നടത്താനാകും. അസിസ്റ്റന്റിനും കംപ്യൂട്ടര്‍ അസിസ്റ്റന്റിനും അങ്ങനെ എക്‌സിക്യുട്ടീവ് ഉത്തരവ് ഇറക്കിയാണ് നിയമനം ആരംഭിച്ചത്. സാങ്കേതിക തടസ്സമുള്ളതുകൊണ്ടാണ് മറ്റ് തസ്തികകളില്‍ പി.എസ്.സിക്ക് നടപടികള്‍ ആരംഭിക്കാനാകാത്തത്. ഏത് സമയത്തും വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ കമ്മിഷന്‍ സജ്ജമാണ്.
? സര്‍വകലാശാലകളുടെ കോഴ്‌സുകള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച് വ്യവസ്ഥകള്‍ ലളിതമാക്കിയിട്ടുണ്ടല്ലോ. അതെങ്ങനെയാണ്?
യു.ജി.സി. അംഗീകരിച്ച സര്‍വകലാശാലകളുടെ കോഴ്‌സുകള്‍ പി.എസ്.സി. സ്വീകരിക്കുന്നുണ്ട്. അതിന് പ്രത്യേകിച്ച് തുല്യതാ സര്‍ട്ടിഫിക്കറ്റ് വേണമെന്നില്ല. എന്നാല്‍ വിജ്ഞാപനത്തില്‍ പറയുന്ന യോഗ്യതയ്ക്ക് തത്തുല്യമെന്ന് അവകാശപ്പെടുന്നവയ്ക്ക് അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകളില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ലഭ്യമാക്കി ഹാജരാക്കണം. കേന്ദ്രസംസ്ഥാന നിയമപ്രകാരം രൂപവത്കരിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്കും അംഗീകാരം ലഭിക്കും.
? പരീക്ഷയെഴുതുമെന്ന ഉറപ്പിന് ഒ.ടി.പിയും നിയമനശുപാര്‍ശ കൈപ്പറ്റുന്നതിന് ബയോമെട്രിക് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടല്ലോ. അത് വിജയപ്രദമാണോ?
ഒ.ടി.പി. സംവിധാനം കാര്യക്ഷമമായി മുന്നോട്ട് പോകുന്നതായാണ് വിവരം. പരീക്ഷയെഴുതുന്നത് ഗൗരവമുള്ള കാര്യമായി ഉദ്യോഗാര്‍ഥികള്‍ കണ്ടുതുടങ്ങി. ഉറപ്പ് നല്‍കാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്തുന്നതായിരുന്നു ഉദ്യോഗാര്‍ഥികളുടെ രീതി. അവരുടെ സാന്നിധ്യമില്ലാതെ പ്രൊഫൈലില്‍ കയറി ഉറപ്പ് നല്‍കും. പിന്നീട് പരീക്ഷാത്തീയതിയാകുമ്പോള്‍ ഉദ്യോഗാര്‍ഥി ഹാജരാവുകയുമില്ല. ആ സ്ഥിതിക്ക് മാറ്റമുണ്ടായിട്ടുണ്ട്. അവസാനത്തെ വി.ഇ.ഒ പരീക്ഷയ്ക്ക് ഉറപ്പ് നല്‍കിയവരില്‍ 70 ശതമാനം പേര്‍ ഹാജരായി. മുമ്പ് ഇത് 40ഉം 50ഉം ശതമാനമായിരുന്നു. മാത്രമല്ല, ഉറപ്പ് നല്‍കിയിട്ടും പരീക്ഷയെഴുതാത്തവരുടെ പ്രൊഫൈല്‍ തടയുമെന്ന സന്ദേശവും അപേക്ഷകര്‍ ഗൗരവത്തിലെടുത്തതായാണ് മനസ്സിലാക്കുന്നത്. ഉദ്യോഗാര്‍ഥികളെ തിരിച്ചറിയാനുള്ള ബയോമെട്രിക് സംവിധാനവും ഫലപ്രദമാണ്. നിയമനശുപാര്‍ശ നേരിട്ടാണ് ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കുന്നത്. കാലതാമസമില്ലാതെ നിയമനശുപാര്‍ശ കൈമാറാനും എന്‍.ജെ.ഡി ഒഴിവുകള്‍ വേഗത്തില്‍ മനസ്സിലാക്കാനും ഈ സംവിധാനം സഹായിക്കുന്നു.
? ഇപ്പോള്‍ കെ.എ.എസിലെ നിയമനം അധികമായി ലഭിച്ചിരിക്കുന്നു. ഇനി കേരള ബാങ്കിലെ നിയമനങ്ങള്‍. പി.എസ്.സിയുടെ ജോലിഭാരം കൂടുകയല്ലേ?
ജോലിഭാരം വര്‍ധിച്ചിട്ടുണ്ട്. കെ.എ.എസ് എന്നത് വലിയൊരു ഉത്തരവാദിത്തമാണ്. സാധാരണയുള്ള തിരഞ്ഞെടുപ്പ് പോലെയല്ല അത്. ജില്ലാ സഹകരണ ബാങ്കുകളിലെ നിയമനങ്ങള്‍ നടത്താറുണ്ടെങ്കിലും കേരള ബാങ്ക് വരുന്നതോടെ അതിന്റെ ജോലിയിലും വര്‍ധനവുണ്ടാകും. പി.എസ്.സിയുടെ ബുദ്ധിമുട്ടുകള്‍ യഥാസമയം സര്‍ക്കാരിനെ അറിയിച്ച് പരിഹാരമാര്‍ഗങ്ങള്‍ തേടാറുണ്ട്. അതുപോലെ ഇപ്പോഴത്തെ സ്ഥിതിയും സര്‍ക്കാരിനെ ധരിപ്പിക്കും.
? കമ്മിഷനില്‍ അംഗങ്ങളുടെ കുറവുണ്ടല്ലോ. അത് ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടോ?
അഞ്ചംഗങ്ങളുടെ കുറവുണ്ട്. അതിന്റേതായ പ്രശ്‌നങ്ങള്‍ കമ്മിഷന്‍ നേരിടുകയാണ്. അഭിമുഖം നടത്തുക, വിവിധ ഉപസമിതികളുടെ പ്രവര്‍ത്തനങ്ങള്‍, വകുപ്പുതല സ്ഥാനക്കയറ്റങ്ങള്‍, അച്ചടക്ക നടപടികള്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളാണ് അംഗങ്ങളില്‍ നിക്ഷിപ്തമായിട്ടുള്ളത്. അതൊക്കെ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കാന് നിലവിലുള്ള അംഗങ്ങള്‍ പരമാവധി സഹകരിച്ച് ഒറ്റക്കെട്ടായി മുന്നേറുകയാണ്. അതിന്റെ നേട്ടങ്ങളാണ് കമ്മിഷന്‍ കൈവരിക്കുന്നത്.
Content Highlights: psc chairman, mk zakir interview, KAS exam, Police exam fraud