നക്ഷത്രനിലവാരത്തിലുള്ള ഭക്ഷണം തയ്യാറാക്കാനും അതേ നിലവാരത്തില്‍ ആഥിത്യമരുളാനും പ്രത്യേകപരിശീലനം നല്‍കുന്നതാണ് ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകള്‍.
ബിരുദവിഷയമായി കേന്ദ്ര സര്‍ട്ടിഫിക്കേഷനോടെ കോഴിക്കോട്ടാരംഭിച്ച സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (എസ്.ഐ.എച്ച്.എം.) പത്തുവര്‍ഷംകൊണ്ട് മികവ് തെളിയിച്ചു.
ദേശീയതലത്തിലുള്ള പ്രവേശനപ്പരീക്ഷയെഴുതി (NCHM JEE) ഇവിടത്തെ ബിരുദ കോഴ്സിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും കോഴ്സ് പൂര്‍ത്തീകരിക്കുന്നതിന് മുന്‍പുതന്നെ നക്ഷത്രഹോട്ടലുകള്‍ സ്വന്തമാക്കി.
അഭിലാഷ് ശ്രീധരന്‍,
സ്റ്റുഡന്റ് പ്ലേസ്മെന്റ് കോ-ഓര്‍ഡിനേറ്റര്‍, എസ്.ഐ. എച്ച്.എം., കോഴിക്കോട്.
മിടുക്കരെ തേടി ഫൈവ് സ്റ്റാറുകാര്‍
ഒബ്റോയി, ഹയാത്ത്, ലെ മെറീഡിയന്‍, താജ്, സൂരി ഇന്റര്‍നാഷണല്‍, നൊവോട്ടെല്‍, ഫെയര്‍ മൗണ്ട്, റാഡിസണ്‍, ലീല പാലസ്... ഇങ്ങനെ നീളുന്നു കോഴിക്കോട് വരയ്ക്കല്‍ കടപ്പുറത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിലെ വിദ്യാര്‍ഥികളെ തേടിയെത്തിയ നക്ഷത്ര ഹോട്ടലുകള്‍.
40 വിദ്യാര്‍ഥികളുള്ള ബാച്ചില്‍ എല്ലാവര്‍ക്കും കാമ്പസ് പ്ലേസ്മെന്റ് ലഭിച്ചു എന്നതിനപ്പുറം മിക്കവര്‍ക്കും നാലും അഞ്ചും ഹോട്ടലുകളില്‍നിന്ന് ജോബ് ലെറ്റര്‍ ലഭിച്ചു. ഇതില്‍ മികച്ചതെന്ന് തോന്നുന്നവയെ തിരഞ്ഞെടുക്കാന്‍ അവസരവും ലഭിച്ചു.
പഠിക്കണം വെപ്പുംതീനും വെടിപ്പായി
ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് എന്ന വിപുലമായ വിഷയത്തിന് കീഴില്‍ ബിസിനസ്-വിനോദസഞ്ചാര- ആഡംബര ഹോട്ടലില്‍ എത്തുന്നവരെ സ്വീകരിക്കുക, അവര്‍ക്ക് വൃത്തിയുള്ള മുറി ഒരുക്കുക, അനുബന്ധസൗകര്യങ്ങള്‍ ഒരുക്കുക, എന്തിന് മദ്യം എങ്ങനെ ശാസ്ത്രീയ വിളമ്പും എന്നത് വരെ ഉള്‍പ്പെടും.
സിലബസില്‍ ഭക്ഷ്യവിഭവ നിര്‍മാണം, ഭക്ഷണവും മദ്യവും വിളമ്പല്‍, ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്, അക്കമഡേഷന്‍ മാനേജ്മെന്റ്, ഹോട്ടല്‍ എന്‍ജിനീയറിങ്, ഹൗസ് കീപ്പിങ്, ലോണ്ടറി മാനേജ്മെന്റ് എന്നിവയെല്ലാം ഉള്‍പ്പെടും.
എങ്ങനെ ചേരാം
എന്‍ജിനീയറിങ്-ഐ.ഐ.ടി. കോഴ്സുകളെ ഓര്‍മപ്പെടുത്തുന്ന സംയുക്ത പ്രവേശന പരീക്ഷ (ജെ.ഇ.ഇ.)
ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ -ഹോസ്പിറ്റാലിറ്റി മേഖലയിലുമുണ്ട്. കേന്ദ്ര ടൂറിസം വകുപ്പിനു കീഴിലെ നാഷണല്‍ കൗണ്‍സില്‍
ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കേറ്ററിങ് ടെക്നോളജി നടത്തുന്ന ജെ.ഇ.ഇ. മുഖേനയാണ് രാജ്യത്തെ പ്രധാന സ്ഥാപനങ്ങളില്‍ മൂന്നുവര്‍ഷ ബി.എസ്സി. ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിലേക്കുള്ള പ്രവേശനം. കോഴിക്കോട്ടേത് ഉള്‍പ്പെടെ രാജ്യമാകെ 55 സ്ഥാപനങ്ങളിലായി മൊത്തം 8124 സീറ്റ് മാത്രമാണുള്ളത്. കേരളത്തില്‍ കോഴിക്കോട്ടെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റും കോവളത്തെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റും വൈത്തിരിയിലെ ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റും മൂന്നാര്‍ കേറ്ററിങ് കോളജുമാണുള്ളത്.
യോഗ്യത: ഇംഗ്ലീഷ് വിഷയമായി പ്ലസ് ടു/ തത്തുല്യം. വെബ്സൈറ്റ്: http://applyadmission.net/nchmjee2018/