യു.എന്നും മോഡൽ യു എന്നും | സൈബര്‍ ലോകത്തെ തട്ടിപ്പുകള്‍


മുരളി തുമ്മാരുകുടി

U N ന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്തും മറ്റു പരിശീലനം വാഗ്ദാനം ചെയ്തും ഏറെ തട്ടിപ്പുകള്‍ ഇന്റര്‍നെറ്റ് ലോകത്ത് നടക്കുന്നുണ്ട്. ഇതേക്കുറിച്ചും യാഥാര്‍ത്ഥ്യത്തെക്കുറിച്ചും മുരളി തുമ്മാരുകുടി എഴുതുന്നു

ല്ലാ വര്‍ഷവും ജൂണ്‍ - ജൂലൈ മാസങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും അനവധി കുട്ടികള്‍ ജനീവയിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം സന്ദര്‍ശിക്കാന്‍ എത്താറുണ്ട്. ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന 'മോഡല്‍ യു എന്‍' ന്റെ (Model United Nations) ഭാഗമായിട്ടാണ് ആ വരവ്. ഇവരില്‍ മലയാളികള്‍ ഉണ്ടെങ്കില്‍ ഞാനവരെ കാണാന്‍ ശ്രമിക്കാറുണ്ട്. സ്‌കൂള്‍- കോളേജ് വിദ്യാഭ്യാസ കാലത്ത് തന്നെ ഐക്യരാഷ്ട്ര സഭയെപ്പറ്റി അറിയാന്‍ ശ്രമിക്കുന്നത് നല്ല കാര്യമാണ്. ആ കാലത്ത് ഐക്യരാഷ്ട്ര സഭ സന്ദര്‍ശിക്കാന്‍ സാധിക്കുന്നത് വളരെ കുറച്ചു പേര്‍ക്ക് മാത്രം പറ്റുന്ന കാര്യവും. ഇത്തരം അവസരങ്ങള്‍ ഉണ്ടെങ്കില്‍, സാമ്പത്തികമായി സാധ്യമെങ്കില്‍, കുട്ടികളെ അതിന് അയക്കണമെന്ന് ഞാന്‍ മാതാപിതാക്കളോടും പറയാറുണ്ട്.

എന്നാല്‍ അടുത്തിടെയായി ലോകത്തിലെ പല നഗരങ്ങളില്‍ നിന്നും മോഡല്‍ U N ലേക്ക് 'തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്', അതിന് 'ഫീസ്' ഇത്ര ഡോളര്‍ ആണ് എന്ന വിധത്തില്‍ കുട്ടികള്‍ക്ക് കത്തുകള്‍ കിട്ടുന്നു. ഇത്തരം പരിപാടികള്‍ U N ആയി ബന്ധപ്പെട്ടതാണോ, ഈ പരിപാടിക്ക് പോകുന്നത് U N ല്‍ ജോലി കിട്ടാന്‍ സഹായിക്കുമോ എന്നൊക്കെ ചോദിച്ച് ആളുകള്‍ എനിക്ക് എഴുതുന്നു. അതിനാല്‍ കുറച്ച് കാര്യങ്ങള്‍ പറയാം.

1. Model United Nations എന്നത് ഐക്യ രാഷ്ട്ര സഭ നേരിട്ട് നടത്തുന്ന ഒരു പരിപാടി അല്ല. ഐക്യ രാഷ്ട്രസഭ ഉണ്ടാകുന്നതിന് മുന്‍പ്, ലീഗ് ഓഫ് നേഷന്‍സ് (League of Nations) ഉണ്ടായ കാലത്ത് തന്നെ അതിന്റെ രീതികള്‍ പുതിയ തലമുറക്ക് മനസ്സിലാക്കാനായി സ്‌കൂളുകളും കോളേജുകളും ഇത്തരം പരിപാടികള്‍ നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് മോഡല്‍

U N തുടങ്ങിയതും ഇപ്പോള്‍ നടത്തപ്പെടുന്നതും. ഇതിന് ആഗോളമായി ഒരു ഏജന്‍സിയോ മാതൃകയോ ഇല്ല. പല യൂണിവേഴ്‌സിറ്റികള്‍ പല തരത്തില്‍ ഇതിനെ വികസിപ്പിച്ചിട്ടുണ്ട്.

2. ഇന്ത്യയില്‍ ഏറെ സ്ഥലങ്ങളിലും, കേരളത്തില്‍ തന്നെ പല സ്‌കൂളുകളിലും കോളേജുകളിലും ഇത്തരം പരിപാടികള്‍ നടത്തുന്നുണ്ട്. സാധാരണയായി ചുറ്റുവട്ടത്തുള്ള സ്‌കൂളുകളെയും കോളജുകളെയും ഇതില്‍ ഉള്‍പ്പെടുത്താറുണ്ട്.

3. നടത്തുന്ന സ്ഥാപനങ്ങളുടെ സാമ്പത്തിക നില അനുസരിച്ച് ക്ലാസ് റൂമില്‍ മുതല്‍ U N കോണ്‍ഫറന്‍സ് റൂമിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ഹാളുകളില്‍ വരെ പരിപാടികള്‍ നടത്തുന്നു.

4. റൂമിന്റെ രീതി എന്താണെങ്കിലും ഏതെങ്കിലും ഒരു U N പ്രസ്ഥാനത്തിന്റെയോ ഉടമ്പടിയുടെയോ (പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം, മനുഷ്യാവകാശം, സ്ത്രീകളുടെ പ്രശ്‌നങ്ങള്‍, ശൂന്യാകാശത്തെ സംബന്ധിച്ച ഉടമ്പടികള്‍, തൊഴില്‍ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടികള്‍) ചര്‍ച്ച എന്ന രീതിയിലാണ് മോഡല്‍ U N നടത്തപ്പെടുന്നത്.

5. ഓരോ മോഡല്‍ U N ലും വരുന്ന കുട്ടികള്‍ക്ക് ഒരു റോള്‍ കൊടുക്കും. ചര്‍ച്ച നിയന്ത്രിക്കുന്നവര്‍ (Administrators), ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ (delegates), വിവിധ രാജ്യത്തിന്റെ പ്രതിനിധികള്‍ എന്നിങ്ങനെ. ചര്‍ച്ചക്ക് വരുന്നതിന് മുന്‍പ് തന്നെ എന്താണ് വിഷയം എന്നും ഏത് റോളാണ് കുട്ടികള്‍ക്ക് കിട്ടാന്‍ പോകുന്നതെന്നും പറഞ്ഞിരിക്കും. കാലാവസ്ഥ വ്യതിയാനമാണ് വിഷയമെങ്കില്‍ അമേരിക്കയുടെ റോള്‍ കിട്ടുന്നവര്‍ അമേരിക്കയുടെ ഈ വിഷയത്തിലുള്ള താല്പര്യങ്ങളും നിലപാടുകളും വായിച്ചു മനസ്സിലാക്കി വേണം വരാന്‍. ചൈനയുടെ റോള്‍ കിട്ടുന്നവരും അതുപോലെ. ഒന്നില്‍ കൂടുതല്‍ മോഡല്‍ U N ല്‍ പങ്കെടുത്തിട്ടുള്ളവരാണ് അഡ്മിനിസ്ട്രേറ്റര്‍ ആയി വരുന്നത്.

6. U N ല്‍ നടക്കുന്ന ചര്‍ച്ചകളുടെ രീതികള്‍ അനുകരിച്ചാണ് മോഡല്‍ U N മുന്നേറുന്നത്. കേരളത്തിലെ കുട്ടികള്‍ മാത്രം പങ്കെടുക്കുന്ന മോഡല്‍ U N ആണെങ്കില്‍ ഈ വിഷയത്തില്‍ അല്പം അറിവുണ്ടാകും, U N ന്റെ രീതികളെ കൂടുതല്‍ മനസ്സിലാക്കും എന്നതൊക്കെയാണ് പ്രധാന ഗുണം. വിവിധ സംസ്ഥാനങ്ങളോ രാജ്യങ്ങളോ പങ്കെടുക്കുന്ന ചര്‍ച്ചകള്‍ ആണെങ്കില്‍ അതിന് കൂടുതല്‍ ഗുണം കിട്ടും, കാരണം വിവിധ നാടുകളില്‍ ഉള്ളവരെ, അവരുടെ രീതികളെ, ഭാഷകളെ, രാഷ്ട്രീയത്തെ ഒക്കെ കൂടുതല്‍ അറിയാന്‍ സാധിക്കുമല്ലോ.

7. എത്ര രാജ്യങ്ങളില്‍ നിന്നും ആളുകള്‍ പങ്കെടുക്കുന്നുണ്ടോ അത്രമാത്രം ഗുണകരമാണ് ഇതില്‍ പങ്കെടുക്കുന്നത്. അതുപോലെ തന്നെ ജനീവയിലോ ന്യൂയോര്‍ക്കിലോ U N സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയാല്‍ അത് ജീവിതത്തില്‍ നല്ല മാറ്റം ഉണ്ടാക്കും.

8. ഇത്തരം പരിപാടികള്‍ U N നേരിട്ട് നടത്തുന്ന ഒന്നല്ല, U N ല്‍ നിന്നും ഒരു സര്‍ട്ടിഫിക്കറ്റും ഇത്തരം പരിപാടികള്‍ക്ക് കൊടുക്കാറില്ല.

9. ജനീവയില്‍ U N സന്ദര്‍ശിക്കാന്‍ മോഡല്‍ U N ന്റെ ഭാഗമാകേണ്ട കാര്യമില്ല. എല്ലാ ദിവസവും പലപ്രാവശ്യം പല ഭാഷകളില്‍ U N ടൂറുകള്‍ ഉണ്ട്. ഏതാണ്ട് ആയിരം രൂപയാണ് ഇതിന്റെ ഫീസ്. മോഡല്‍ U N ന്റെ ഭാഗമായി വരുന്നവരും ഈ ടൂര്‍ തന്നെയാണ് എടുക്കുന്നത്.

10. U N ജോലിക്ക് അപേക്ഷിക്കുമ്പോള്‍ മോഡല്‍ U N ല്‍ പങ്കെടുത്തു എന്നതിന് പ്രത്യേകിച്ച് ഒരു സ്‌കോറും കൊടുക്കാറില്ല.

11. കുട്ടികള്‍ ഏറ്റവും മനസ്സിലാക്കേണ്ട കാര്യം മോഡല്‍ ഡ ച ല്‍ നിങ്ങള്‍ ചെയ്യുന്ന റോള്‍ (ഡെലിഗേറ്റ്) അല്ല, U N ല്‍ ജോലി എടുക്കുന്നവര്‍ ചെയ്യുന്നത്. യഥാര്‍ത്ഥ U N ല്‍ ഡെലിഗേറ്റ് ആയി വരുന്നവര്‍ ഓരോ അംഗ രാജ്യങ്ങളില്‍ നിന്നും ഉള്ളവരാണ്. ഓരോ രാജ്യത്തെയും വിദേശകാര്യ വകുപ്പിലോ, മറ്റു മന്ത്രാലയങ്ങളിലോ ഉള്ളവരും, രാഷ്ട്രീയ നേതാക്കളും ഒക്കെയാണ് U N ല്‍ ഡെലിഗേറ്റ് ആയി വരുന്നത്. ഇത്തരം ചര്‍ച്ചകള്‍ക്ക് അവസരം ഉണ്ടാക്കുക, സാങ്കേതിക വിഷയങ്ങളില്‍ അടിസ്ഥാനമായ വസ്തുതകളും റിപ്പോര്‍ട്ടുകളും മുന്നോട്ടുവെക്കുക, നടത്തിപ്പിന്റെ സാങ്കേതിക വശങ്ങള്‍ സെഷന്‍ അധ്യക്ഷന്മാര്‍ക്ക് പറഞ്ഞുകൊടുക്കുക, വിവിധ ഭാഷകള്‍ പരസ്പരം തര്‍ജ്ജമപ്പെടുത്തുക, മറ്റു തരത്തിലുള്ള ലോജിസ്റ്റിക്‌സ് (യാത്ര, ഭക്ഷണം, സുരക്ഷ) ശരിയാക്കുക ഇതൊക്കെയാണ് ഞങ്ങള്‍ U N ജോലിക്കാര്‍ ചെയ്യുന്നത്. മോഡല്‍ U N ലെ ചൂടേറിയ രസകരമായ ചര്‍ച്ചകള്‍ കണ്ടിട്ട് അത്തരം കാര്യങ്ങള്‍ ചെയ്യാനായി U N ല്‍ ജോലിക്ക് വന്നാല്‍ നിരാശയാകും ഫലം.

12. U N ന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്തും മറ്റു പരിശീലനം വാഗ്ദാനം ചെയ്തും ഏറെ തട്ടിപ്പുകള്‍ ഇന്റര്‍നെറ്റ് ലോകത്ത് നടക്കുന്നുണ്ട്. U N എന്ന് പേരിനോട് ചേര്‍ത്ത് എന്തെങ്കിലും വെബ്സെറ്റ് രജിസ്റ്റര്‍ ചെയ്യാന്‍ വളരെ എളുപ്പമാണ്. അതുകൊണ്ട് U N ല്‍ നിന്നും കോണ്‍ഫറന്‍സിനോ മറ്റോ ക്ഷണം വന്നാല്‍ സത്യാവസ്ഥ അന്വേഷിച്ച ശേഷം വേണം പോകാനും പണം നല്‍കാനും.

ആദ്യമേ പറഞ്ഞത് പോലെ മോഡല്‍ U N ല്‍ പങ്കെടുക്കുന്നത് വളരെ നല്ലതാണെന്നാണ് എന്റെ അഭിപ്രായം. അതിന് കൂടുതല്‍ പണം മുടക്കുന്നതിന് മുന്‍പ്, അത് എന്താണ് അല്ലെങ്കില്‍ എന്തല്ല എന്ന് അറിഞ്ഞിരിക്കുക കൂടി വേണം.

(യു എന്‍ ദുരന്തലഘൂകരണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram