പി.എസ്.സി. പരീക്ഷകള്‍ക്ക് നടത്തിയ പരിശീലനം മുഹമ്മദ് അസ്ഹറിനെ ആദ്യം കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലേക്കും ഇപ്പോള്‍ കേരള ഹൈക്കോടതിയിലേക്കും നയിക്കുകയാണ്. ഒന്നാംറാങ്ക് എന്ന തിളക്ക മാര്‍ന്ന നേട്ടമാണ് കേരള ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷയില്‍ അസ്ഹര്‍ സ്വന്തമാക്കിയത്.
ഒ.എം.ആറിന് 81.67 മാര്‍ക്കും വിവരണാത്മക പരീക്ഷയ്ക്ക് 25 മാര്‍ക്കും അഭിമുഖത്തില്‍ എട്ട് മാര്‍ക്കും നേടി ആകെ 115 മാര്‍ക്കോടെയാണ് അസ്ഹര്‍ ഒന്നാമനായത്.
കേന്ദ്രസര്‍ക്കാരിന്റ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫായി ജോലി ചെയ്യുകയാണ് മുഹമ്മദ് അസ്ഹര്‍. തിരുവനന്തപുരത്ത് റെയില്‍വേ ഡിവിഷന്‍ ഓഫീസിലെ ഓഡിറ്റ് വിഭാഗത്തിലാണ് ജോലി. സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ പരീക്ഷയെഴുതിയാണ് കഴിഞ്ഞ വര്‍ഷം ഈ ജോലിയില്‍ പ്രവേശിച്ചത്.
പി.എസ്.സി.യുടെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയെഴുതിയെങ്കിലും സപ്ലിമെന്ററി പട്ടികയിലാണ് ഉള്‍പ്പെട്ടത്. സിവില്‍ പോലീസ് ഓഫീസര്‍, ഫയര്‍മാന്‍ പരീക്ഷകളെഴുതി ചുരുക്കപ്പട്ടികയിലെത്തി. എന്നാല്‍ കായികക്ഷമതാ പരീക്ഷയ്ക്ക് പങ്കെടുത്തില്ല.
എറണാകുളം സ്വദേശിയാണെങ്കിലും ബി.ടെക് പഠിച്ചത് തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനീയറിങ് കോളേജിലാണ്. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സായിരുന്നു ബ്രാഞ്ച്. ബിരുദത്തിനുശേഷം മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനത്തിനാണ് മുഹമ്മദ് അസ്ഹര്‍ സമയം കണ്ടെത്തിയത്. ഇപ്പോഴത്തതില്‍നിന്ന് ഉയര്‍ന്ന ജോലിയായതിനാല്‍ ഹൈക്കോടതിയിലേത് സ്വീകരിക്കും. മാത്രമല്ല, നാട്ടില്‍ ജോലി ചെയ്യാനുള്ള സൗകര്യവുമുണ്ട്.
എറണാകുളം ദേശം പുറയാര്‍ മറ്റത്തില്‍ ഹൗസില്‍ കെ.എസ്. അബ്ബാസിന്റയും വഹീദയുടെയും മകനാണ് മുഹമ്മദ് അസ്ഹര്‍. പിതാവ് ഫാക്ടില്‍ ഉദ്യോഗസ്ഥനായിരുന്നു. മാതാവ് എറണാകുളം ജില്ലാ ആശുപത്രിയില്‍ നഴ്‌സിങ് അസിസ്റ്റന്റാണ്. അനുജത്തി ജാസ്മിന്‍.
Content Highlights: Muhammed Ashar Secures First Rank in High Court Assistant Exam