എല്‍.ഡി. ക്ലാര്‍ക്കിന്റെ എറണാകുളം, കണ്ണൂര്‍ റാങ്ക്പട്ടികകള്‍ പി.എസ്.സി. പരിഷ്‌കരിക്കുന്നു. റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചശേഷം അന്തിമഉത്തരസൂചികയില്‍നിന്ന് ഒരു ചോദ്യത്തിന്റെ ഉത്തരം മാറ്റേണ്ടിവരുന്നതാണ് കാരണം.
ഗാര്‍ഹികപീഡനത്തില്‍നിന്നും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമം നിലവില്‍വന്ന വര്‍ഷം ഏതെന്ന ചോദ്യത്തിന്റെ ഉത്തരമാണ് തിരുത്തുന്നത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് അനുസരിച്ചാണ് തിരുത്തിന് പി.എസ്.സി. തീരുമാനിച്ചത്.
അന്തിമഉത്തരസൂചികയില്‍ നല്‍കിയ 2005 എന്നത് 2006 ആക്കിയാണ് തിരുത്തുന്നത്. അതിനനുസരിച്ച് ഉദ്യോഗാര്‍ഥികളുടെ മാര്‍ക്കില്‍ മാറ്റമുണ്ടാകും. അതുകൊണ്ടാണ് റാങ്ക്പട്ടിക പുനക്രമീകരിക്കേണ്ടിവരുന്നത്. നിലവിലെ റാങ്കുകളില്‍ മാറ്റംവരും.
റാങ്ക്പട്ടിക പുനക്രമീകരിക്കുന്നതുവരെ രണ്ട് ജില്ലകളിലും നിയമനശുപാര്‍ശ തയ്യാറാക്കരുതെന്ന് ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ ഒരു നിയമനശുപാര്‍ശപോലും ഈ ജില്ലകളില്‍നിന്ന് നടത്തിയിട്ടില്ല.
പഴയ റാങ്ക്പട്ടികയിലെ നിയമനശുപാര്‍ശകള്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. അതിനുശേഷമേ പുനക്രമീകരിച്ച പുതിയ റാങ്ക്പട്ടികയില്‍നിന്ന് നിയമനശുപാര്‍ശ തയ്യാറാക്കുകയുള്ളൂ.
പുനക്രമീകരിക്കുന്ന റാങ്ക്പട്ടിക അധികംവൈകാതെ പ്രസിദ്ധീകരിക്കാനാണ് പി.എസ്.സി. ശ്രമിക്കുന്നത്. പട്ടിക വൈകിയാല്‍ ഇവിടെനിന്ന് നിയമനശുപാര്‍ശകള്‍ തുടങ്ങുന്നതും നീളും.
'തൊഴില്‍വാര്‍ത്ത'യുടെ ഉത്തരം കോടതിയും ശരിവെച്ചു
കഴിഞ്ഞ വര്‍ഷം ജൂലായ് 15-നാണ് എറണാകുളം, കണ്ണൂര്‍ ജില്ലകള്‍ക്കുള്ള എല്‍.ഡി. ക്ലാര്‍ക്ക് ഒ.എം.ആര്‍. പരീക്ഷ പി.എസ്.സി. നടത്തിയത്. എ കോഡിലുള്ള നാലാമത്തെ ചോദ്യമാണ് പരാതിക്കിടയാക്കിയത്.
ഗാര്‍ഹികപീഡനത്തില്‍നിന്നുള്ള സംരക്ഷണനിയമം 2005-ല്‍ നിലവില്‍വന്നുവെന്നാണ് പ്രാഥമിക ഉത്തരസൂചികയില്‍ പി.എസ്.സി. അറിയിച്ചത്. ഇതിനെതിരേ നിരവധിപ്പേര്‍ കമ്മിഷന് പരാതി നല്‍കി.
നിയമം നിയമസഭ അംഗീകരിച്ചത് 2005-ലാണെങ്കിലും നിലവില്‍വന്നത് 2006-ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാണിച്ചത്. 'മാതൃഭൂമി തൊഴില്‍വാര്‍ത്ത'യും 2006 ആണ് ശരിയുത്തരമായി 2017 ജൂലായ് 22 ലക്കത്തിലെ സോള്‍വ്ഡ് പേപ്പറില്‍ നല്‍കിയത്.
പരാതികള്‍ പി.എസ്.സിയുടെ വിദഗ്ധസമിതി പരിശോധിച്ചെങ്കിലും 2005 എന്ന ഉത്തരമാണ് ശരിയെന്ന് വിധിച്ചു. മറ്റ് അഞ്ച് ചോദ്യങ്ങള്‍ സമിതി ഒഴിവാക്കുകയും ചെയ്തു. അതനുസരിച്ച് അന്തിമഉത്തരസൂചിക നിശ്ചയിച്ച് മൂല്യനിര്‍ണയം നടത്തി റാങ്ക്പട്ടികയും പ്രസിദ്ധീകരിച്ചു.
എന്നാല്‍ ഗാര്‍ഹികപീഡനനിയമത്തിന് 2005 ശരിയുത്തരമാക്കിയതിനെതിരേ ചില ഉദ്യോഗാര്‍ഥികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. വിശദമായ വാദംകേട്ട ട്രിബ്യൂണല്‍ തെറ്റുത്തരം തിരുത്തി ശരിയുത്തരത്തിന് മാര്‍ക്ക് നല്‍കി റാങ്ക്പട്ടിക ക്രമീകരിക്കണമെന്ന് നിര്‍ദേശം നല്‍കി. അതനുസരിച്ചാണ് കമ്മിഷന്‍ നടപടി തുടങ്ങിയത്.
1.33 മാര്‍ക്കിന്റെ വ്യത്യാസം
ഉത്തരസൂചിക തിരുത്തുമ്പോള്‍ ഗാര്‍ഹികപീഡനനിയമത്തിന് 2005 എന്ന ഉത്തരമെഴുതിയവര്‍ക്ക് 1.33 മാര്‍ക്ക് കുറയും. ഈ ചോദ്യത്തിന് 2006 ഉത്തരമെഴുതിയവര്‍ക്ക് 1.33 മാര്‍ക്ക് അധികമായി ലഭിക്കും. നെഗറ്റീവ് മാര്‍ക്കുള്ളതുകൊണ്ടാണ് ഈ വിധത്തില്‍ വ്യത്യാസം വരുന്നത്. അതനുസരിച്ച് റാങ്കുകളിലും മാറ്റമുണ്ടാകും.
നിലവില്‍ എറണാകുളത്തിന്റെ കട്ട് ഓഫ് മാര്‍ക്ക് 52-ഉം കണ്ണൂരിന്റെത് 51.33-ഉം ആണ്. ഉത്തരസൂചിക തിരുത്തുന്നതിനനുസരിച്ച് കട്ട്-ഓഫ് മാര്‍ക്കിലും വ്യത്യാസം വരുകയാണെങ്കില്‍ റാങ്ക്പട്ടികയില്‍നിന്ന് ചിലര്‍ പുറത്താകാനും മറ്റുചിലര്‍ ഉള്‍പ്പെടാനും സാധ്യതയുണ്ട്. ഉപപട്ടികയിലും വ്യത്യാസം വന്നേക്കും.
പുതുതായി ഉള്‍പ്പെടുത്തുന്നവരുടെ രേഖാപരിശോധന നടത്തേണ്ടതുണ്ട്. അതിന് സമയമെടുക്കുമെന്നതിനാല്‍ റാങ്ക്പട്ടികയുടെ പ്രസിദ്ധീകരണം ജൂണില്‍ നടത്താനാകുമോ എന്ന് സംശയമാണ്.
എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിധി നടപ്പാക്കാന്‍ രണ്ടുമാസത്തെ കാലാവധിയാണ് ട്രിബ്യൂണല്‍ അനുവദിച്ചിട്ടുള്ളത്.