ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഭരണനിര്‍വഹണം കാര്യക്ഷമമാക്കാന്‍ പുതിയൊരുതലമുറ ഉദ്യോഗസ്ഥരെ സൃഷ്ടിക്കുക എന്നതാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ പ്രഖ്യാപിത ലക്ഷ്യം. ഭരണനിര്‍വഹണത്തിന്റെ പ്രധാന തലങ്ങളിലേക്ക് പുതുതലമുറയെ പ്രതിഷ്ഠിക്കുന്നത് കൂടുതല്‍ കാര്യക്ഷമവും, ജനപക്ഷവുമായ സിവില്‍ സര്‍വീസ് സൃഷ്ടിക്കും എന്നാണ് കണക്കുകൂട്ടല്‍. സര്‍ക്കാര്‍ സംവിധാനത്തിന്റെ രണ്ടാംനിരയില്‍ പ്രൊഫഷണലുകളുടെ കാര്യമായ കുറവുള്ളത് സര്‍ക്കാര്‍ പദ്ധതികളുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് തടസ്സമാകുന്നുണ്ട്. ഇത് മറികടക്കാനുള്ള മാര്‍ഗമാണ് കെ.എ.എസിലൂടെ സര്‍ക്കാര്‍ തേടുന്നത്.
ഒഴിവുകള്‍ എത്ര?
2019 നവംബര്‍ 1-ലെ കെ.എ.എസ്.വിജ്ഞാപനത്തില്‍ 'പ്രതീക്ഷിത ഒഴിവുകള്‍'എന്നാണ് നല്‍കിയിട്ടുള്ളത്. കെ.എ.എസ്സിന്റെ പരീക്ഷയും, അഭിമുഖവും ഉയര്‍ന്ന മാര്‍ക്കോടെ പാസായി മികച്ച റാങ്ക് നേടുന്നവര്‍ക്ക് ആദ്യ നിയമനം ലഭിക്കുന്നത് വിവിധ വകുപ്പുകളിലെ രണ്ടാമത്തെ ഗസറ്റഡ് പോസ്റ്റുകളിലാണ്. കെ.എ.എസില്‍ 'ഓഫീസര്‍ (ജൂനിയര്‍ ടൈംസ്‌കെയില്‍) ട്രെയിനി'എന്നാണ് ഈ തസ്തികകള്‍ അറിയപ്പെടുന്നത്. കെ.എ.എസ്സില്‍ വിജ്ഞാപനം ചെയ്തിട്ടുള്ള വിവിധ വകുപ്പുകളിലെ 120 ഓളം തസ്തികകളാണ് ഈ വിഭാഗത്തില്‍ പെടുന്നത്. അതുകൊണ്ടുതന്നെ ജൂനിയര്‍ ടൈംസ്‌കെയിലില്‍ പ്രതീക്ഷിക്കാവുന്ന ഒഴിവുകളും ഇത്രയാണ്. ഈ തസ്തികകളെ മൂന്ന് സ്ട്രീമുകളിലായി വിഭജിക്കുമ്പോള്‍ ഓരോന്നിലും 40 ഒഴിവുകള്‍ വീതം ഉണ്ടാവും. സംവരണപ്രകാരമുള്ള തസ്തികകള്‍ മാറ്റിവെച്ചാല്‍ ഓരോ സ്ട്രീമിലും ഓപ്പണ്‍ കാറ്റഗറിയില്‍ പരമാവധി 20 ഒഴിവുകള്‍ വീതം ഉണ്ടാവും.
സാധ്യതകള്‍ അനന്തം
ഇപ്പോഴത്തെ വിജ്ഞാപന പ്രകാരം നിലവില്‍ വരുന്ന റാങ്ക്പട്ടികയുടെ കാലാവധി ഒരുവര്‍ഷമാണ്. പി.എസ്.സിയുടെ മറ്റു റാങ്ക്പട്ടികകള്‍ പോലെ തന്നെ പരമാവധി മൂന്നുവര്‍ഷംവരെ കാലാവധി ഇതിന് ഉണ്ടാവാനാണ് സാധ്യത.
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പ്രാബല്യത്തില്‍ വന്നിട്ടുള്ളത് 2018 ജനുവരി-1 മുതലാണ്. ആ തീയതി മുതല്‍ വിവിധ വകുപ്പുകളില്‍ ഉണ്ടായിട്ടുള്ള കെ.എ.എസിന് അനുയോജ്യമായ തസ്തികകളിലെ ഒഴിവുകളാണ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടി വരുക. എന്നാല്‍ താരതമ്യേന കുറഞ്ഞ പ്രായത്തിലുള്ള ഉദ്യോഗസ്ഥര്‍ ഉന്നതപദവികളിലുള്ള പല വകുപ്പുകളിലുമുണ്ട്. ഈ വകുപ്പുകളിലെ കെ.എ.എസ്.തസ്തികകളില്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഒഴിവ് ഉണ്ടാവണമെന്നില്ല. ഇതിനര്‍ഥം കെ.എ.എസ്. ജൂനിയര്‍ ടൈം സ്‌കെയിലിലെ മുഴുവന്‍ തസ്തികകളിലും നിയമനം പൂര്‍ത്തിയാവാന്‍ കുറഞ്ഞത് 10 വര്‍ഷത്തിലേറെ വേണ്ടി വരുമെന്നാണ്. കൂടാതെ, കെ.എ. എസ്സിന്റെ സ്ട്രീം-2, സ്ട്രീം-3 എന്നിവയില്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥരുടെ വിരമിക്കലും കൂടുതല്‍ വേഗത്തിലായിരിക്കും. അതുകൊണ്ടുതന്നെ കെ.എ.എസ്. വിജ്ഞാപനവും, നിയമനവും പി.എസ്.സി.യുടെ പരീക്ഷാകലണ്ടറുകളിലെ ഒരു സ്ഥിരസാന്നിധ്യമാവുമെന്ന് ഉറപ്പിക്കാം.
ശമ്പളം
കെ.എ.എസ്. ഓഫീസര്‍ (ജൂനിയര്‍ ടൈം സ്‌കെയില്‍) ട്രെയിനിയുടെ ശമ്പളസ്‌കെയില്‍ ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിട്ടുള്ള തസ്തികകളില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന തസ്തികയിലേതിന് തുല്യമായിരിക്കും. നിലവില്‍ ജൂനിയര്‍ ടൈം സ്‌കെയില്‍ തസ്തികകളില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ളത് ഇനിപ്പറയുന്ന തസ്തികകള്‍ക്കാണ് - ജില്ലാ സപ്ലൈ ഓഫീസര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (കേരള സംസ്ഥാന ഓഡിറ്റ്), ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍, മുനിസിപ്പല്‍ സെക്രട്ടറി-2, അസി. ഡെവലപ്പ്മെന്റ് കമ്മിഷണര്‍, ജില്ലാ ട്രഷറി ഓഫീസര്‍, ഡെപ്യൂട്ടി കളക്ടര്‍. ഈ തസ്തികകളുടെയെല്ലാം നിലവിലെ ശമ്പളസ്‌കെയില്‍ 45,800-89,000 എന്നതാണ്. ഇതിനുപുറമേ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം വരെ ഗ്രേഡ് പേയും ലഭിക്കും. കെ.എ.എസ്സിന്റെ ആദ്യതലത്തില്‍ പ്രവേശനം നേടുന്നയാള്‍ക്ക് ഇപ്പോഴത്തെ നിലയില്‍ ലഭിക്കാവുന്ന ആദ്യമാസശമ്പളം 65,000 രൂപയോളമാണ്.
സിലബസും പരീക്ഷയും
പ്രിലിമിനറി പരീക്ഷയുടെ വിശദമായ സിലബസാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടത്തിലേ മെയിന്‍ പരീക്ഷയുടെ സിലബസ് പ്രസിദ്ധീകരിക്കൂ. സിവില്‍ സര്‍വീസസ് പരീക്ഷയുടെ പ്രിലിമിനറിയെയാണ് പി.എസ്.സി. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ ആദ്യഘട്ട പരീക്ഷയ്ക്ക് മാതൃകയാക്കുന്നത്. ജനറല്‍ സ്റ്റഡീസില്‍ പൊതുവിജ്ഞാനത്തിന്റെ വിഷയങ്ങള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. കേരളവുമായി ബന്ധപ്പെട്ടുള്ള വിവിധഭാഗങ്ങള്‍ വിശദമായി സിലബസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത.
യു.പി.എസ്.സിയല്ല പി.എസ്.സി.
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന് ഒരുങ്ങുന്നവരെല്ലാം ഓര്‍ത്തിരിക്കേണ്ട ഏറ്റവും പ്രധാന സംഗതി യു.പി.എസ്.സി.യുടെ രീതിയല്ല പി.എസ്.സി.യുടേത് എന്നതാണ്. കെ.എ.എസിനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന പി.എസ്.സി. പരീക്ഷ ഡെപ്യൂട്ടി കളക്ടര്‍ തസ്തികയുടെതാണ്. മുന്‍വര്‍ഷം നടന്ന ഒരു ഡെപ്യൂട്ടി കളക്ടര്‍ പരീക്ഷയ്ക്ക് പി.എസ്.സി. ചോദിച്ച ചില ചോദ്യങ്ങള്‍ ചുവടെ നല്‍കുന്നു;
(1) Name 'the Land of Morning Calm'
(2) Gir Forest is in which State
(3) Who formed the Servants of India Society
(4) In which district of Kerala black osil is seen most
കെ.എ.എസ്. പരീക്ഷ പി.എസ്.സി.യുടെ തനതുചോദ്യശേഖരത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍ നിറഞ്ഞതാവാന്‍ സാധ്യതയുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ലാസ്റ്റ് ഗ്രേഡ് പരീക്ഷ മുതല്‍ ചോദിച്ചുവരുന്ന ഏത് പതിവുചോദ്യവും പ്രിലിമിനറി പരീക്ഷയ്ക്കും പ്രതീക്ഷിക്കാം.
പരീക്ഷാരീതി മാറുമോ?
2018-ല്‍ നിലവില്‍ വന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് റൂള്‍സില്‍ നിയമനരീതിയെപ്പറ്റി സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്-കെ.എ.എസ്. പരീക്ഷ നടക്കുന്നതിന് തൊട്ടുമുന്‍പത്തെ വര്‍ഷം യു.പി.എസ്.സി. സിവില്‍ സര്‍വീസിലേക്ക് നടത്തിയതിന് സമാനമായ മാതൃകയിലും, നിലവാരത്തിലുമാകും പരീക്ഷ. ചോദ്യരീതിയും, ഉള്ളടക്കവും യു.പി.എസ്.സി. പരീക്ഷയുടേതു പോലെയാകും എന്നാണ് ഇതുവ്യക്തമാക്കുന്നത്. എന്നാല്‍ പ്രിലിമിനറി പരീക്ഷയ്ക്ക് ചുരുങ്ങിയ സമയം മാത്രമുള്ളതിനാല്‍ പി.എസ്.സി. ഇതുവരെ നടത്തി വന്ന പരീക്ഷകളില്‍ നിന്നും വ്യത്യസ്തമായൊരു ചോദ്യശൈലി കെ.എ.എസിന് അവലംബിക്കുമോ എന്നത് സംശയമാണ്. ഒന്നാമതായി പി.എസ്.സി.ചോദ്യങ്ങള്‍ തയ്യാറാക്കുന്ന വിദഗ്ധ പാനലില്‍ കേരളത്തിന് പുറത്തുള്ളവര്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്. രണ്ടാമതായി കെ.എ.എസിന് എന്ന പേരില്‍ പ്രത്യേകമായൊരു ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നത് പരീക്ഷയുടെ രഹസ്യസ്വഭാവത്തെയും ബാധിച്ചേക്കും. ഇതിനാല്‍തന്നെ പി.എസ്.സിയുടെ തനതുചോദ്യ ഉറവിടങ്ങള്‍ തന്നെയാവും കെ.എ.എസിന്റേതും.
പഠനത്തിന് ആശ്രയിക്കേണ്ടവ
പൊതുവിജ്ഞാനം ഭാഗത്തെ തയ്യാറെടുപ്പിന് 12-ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളെ ആശ്രയിക്കുന്നതാണ് ഉത്തമം. എസ്.സി.ഇ.ആര്‍.ടി. സിലബസിലെ പുസ്തകങ്ങള്‍ പഠനത്തിനുപയോഗിക്കുന്നതാണ് കൂടുതല്‍ ഉചിതം. സമീപകാലത്തെ പല പി.എസ്.സി. പരീക്ഷകളിലും പാഠപുസ്തകത്തിലെ തനതുപദപ്രയോഗത്തോടെയുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുവരുന്നുണ്ട്.
Content Highlights: Kerala Administrative Service Exam Preparation Strategy