തൊഴില്‍മേഖല സുരക്ഷിതമാക്കാന്‍ ഇന്ത്യയ്ക്ക് വേണം സ്മാര്‍ട്ട് ഗ്രാമങ്ങള്‍


By വരുണ്‍ ചന്ദ്രന്‍

6 min read
Read later
Print
Share

വികസനമെന്നാല്‍ റോഡുകളും പാലങ്ങളും മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മാത്രമാണെന്ന് ചിന്തിക്കുന്ന പ്രാദേശിക ഭരണകര്‍ത്താക്കള്‍, അതിനെ പരിപോഷിപ്പിക്കുന്ന വകുപ്പ് നയങ്ങള്‍, യുവജനങ്ങളാണ് നാളെയുടെ ഭാവി എന്ന് തിരിച്ചറിയാത്ത രാഷ്ട്രീയ സംഘടനകള്‍ ഇവയൊക്കെ പഞ്ചായത്ത് - വാര്‍ഡ് തലങ്ങളില്‍ ഗ്രാമീണ യുവജനങ്ങളുടെ ജീവിത പുരോഗതിയെ തുരങ്കം വയ്ക്കുന്നു.

രാജ്യാന്തര മേഖലയില്‍ അതിവേഗം വളരുന്ന ഒരു സമ്പദ്ഘടനയാണ് ഇന്ന് ഇന്ത്യ. ധാരാളം ജനസംഖ്യ ഉള്ള ഒരു രാജ്യത്ത് സമ്പദ്ഘടനയിലുണ്ടാവുന്ന ഇടത്തരം മാറ്റങ്ങള്‍ പോലും വലിയ ചലനങ്ങളായി ചിത്രീകരിക്കപ്പെടും. എന്നാല്‍ ഇന്ത്യയുടെ എഴുപതു ശതമാനത്തോളം വരുന്ന ഗ്രാമീണ - കാര്‍ഷിക മേഖലയിലെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഈ മാറ്റങ്ങള്‍ സാഹായകമാകുന്നുണ്ടോ? നിര്‍ഭാഗ്യവശാല്‍, ഇല്ല എന്ന് തന്നെയാണ് ഉത്തരം .ഈ മാറ്റം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ യുവജനങ്ങളുടെ നൈപുണ്യ വികസനത്തില്‍ അധികം പ്രതിഫലിക്കുന്നില്ല

ഗ്രാമീണ വിദ്യാഭ്യാസവും മാറുന്ന കാലഘട്ടവും

ഇന്ത്യന്‍ ജനസംഖ്യയുടെ ഭൂരിഭാഗവും ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമാണ് വസിക്കുന്നത്. വിദ്യാഭ്യാസത്തില്‍ നിന്നുള്ള പുരോഗതി ശരിയായ രീതിയില്‍ ലഭിക്കാത്തത് കൂടുതലും ഗ്രാമീണമേഖലയില്‍ നിന്നുള്ളവര്‍ക്കാണ്. മാതാപിതാക്കളുടെ വിദ്യാഭ്യാസക്കുറവും, മുഖ്യധാരാ മേഖലയിലെ തൊഴിലില്ലായ്മയും, സാമ്പത്തിക ബുദ്ധിമുട്ടുകളും, ഇന്നത്തെ സാങ്കേതികവിദ്യയെയും കോഴ്‌സുകളെയും കുറിച്ചുള്ള അറിവില്ലായ്മയും ഗ്രാമീണകുട്ടികളുടെ വിദ്യാഭ്യാസ ജീവിതത്തെ സാരമായി ബാധിക്കുന്നു. സ്‌കൂള്‍-കോളേജ് വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിച്ചവര്‍, പഠന മികവ് കുറവുള്ളവര്‍, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവര്‍, ഗ്രാമീണ യുവാക്കള്‍, മറ്റ് പ്രതികൂല സാഹചര്യങ്ങളില്‍ നിന്നുള്ളവര്‍ തുടങ്ങി ഇത്തരത്തിലുള്ള യുവസമൂഹം വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ തടസ്സങ്ങള്‍ നേരിടുന്നത് മൂലം തൊഴില്‍ രഹിതരാവുകയോ അടിസ്ഥാന തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കുകയോ ചെയ്യപ്പെടുന്നു.

ശരിയായ ദിശയിലുള്ള വിദ്യാഭ്യാസ ബോധവല്‍ക്കരണം ലഭിക്കാത്തത് മറ്റു പല പ്രവര്‍ത്തനത്തിലേക്കും കുട്ടികളുടെ ശ്രദ്ധ തിരിക്കുന്നു. എന്നാല്‍ അത്തരത്തിലുള്ള താത്പര്യങ്ങള്‍ക്ക് ജീവിതത്തെ മുന്നോട്ട് നയിക്കില്ല. ഉദാഹരണത്തിന് കായിക രംഗത്ത് മികവുള്ള അനേകം കുട്ടികള്‍ ഗ്രാമപ്രദേശങ്ങളില്‍ ഉണ്ട്. എന്നാല്‍ അവരുടെ കഴിവുകള്‍ രാജ്യാന്തര തലത്തിലേക്ക് പരിപോഷിപ്പിക്കാനാവശ്യമായ പരിശീലന സാഹചര്യങ്ങളും അവസരങ്ങളും ലഭിക്കുന്നില്ല. അനുഭവ പരിജ്ഞാനവും, അധ്യാപന മികവും കുറഞ്ഞ അധ്യാപകര്‍ക്ക് മലയോര മേഖലകളിലെ സ്‌കൂള്‍ - കോളേജുകളില്‍ കുട്ടികളുടെ കഴിവുകള്‍ വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യവും നിലനില്‍ക്കുന്നു. ഹൈസ്‌കൂള്‍ - കോളേജ് തലത്തില്‍ എത്തുമ്പോഴേക്കും, ഗ്രാമ പ്രദേശങ്ങളിലെ താഴ്ന്ന വരുമാനക്കാരായ വലിയൊരു ശതമാനം വിദ്യാര്‍ഥികളും പഠന രംഗത്ത് പിന്നിലായിപ്പോകുന്നു, ഉയര്‍ന്ന വരുമാനമുള്ള വിദ്യാര്‍ഥികളുമായി താരതമ്യം ചെയ്യുമ്പോള്‍ അവരുടെ കൊഴിഞ്ഞുപോക്ക് കൂടുതലാണ്.

മാറണം പാഠ്യപദ്ധതികള്‍...

നമ്മുടെ സമൂഹത്തിലും വിദ്യാഭ്യാസ വ്യവസ്ഥിതിയിലും പ്രായോഗിക അറിവിന് (practical knowledge) വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ല. നമ്മുടെ പരമ്പരാഗത വിദ്യാഭ്യാസ രീതി തുടര്‍ച്ചയായി മാറി വരുന്ന തൊഴില്‍ മേഖലകള്‍, കുട്ടികളുടെ പഠന ശേഷിയിലെ വ്യത്യാസങ്ങള്‍, ഇഷ്ടാനിഷ്ടങ്ങള്‍ എന്നിവ കണക്കിലെടുക്കുന്നതിന് പകരം എല്ലാ കുട്ടികളേയും തുല്യമായി പരിഗണിക്കുകയും കാലപ്പഴക്കം ചെന്ന ഒരേ കാര്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നു. ഈ രീതി ഭാവിയില്‍ കുട്ടികളില്‍ വലിയ പ്രശ്‌നങ്ങള്‍ക്കും തൊഴിലില്ലായ്മക്കും വഴി വെക്കും.

ഒരു വശത്ത് സ്വയം-ഓടുന്ന കാറുകളെപ്പോലുള്ള കണ്ടുപിടിത്തങ്ങള്‍ സ്വാഗതം ചെയ്യുമ്പോള്‍, മറുവശത്തു നമ്മുടെ വിദ്യാര്‍ത്ഥികള്‍ പഴയ 'അറിവ്' നിറഞ്ഞ പാഠപുസ്തകങ്ങള്‍ കാണാപാഠം പഠിക്കുന്നു. നവീനതയെ ആലിംഗനം ചെയ്യാന്‍ ആരംഭിക്കുന്നത് അടിസ്ഥാന വിദ്യാഭ്യാസം നവീകരിച്ചുകൊണ്ടാണ്. എന്തുകൊണ്ടാണ് ലോകോത്തര കണ്ടുപിടുത്തങ്ങളെല്ലാം പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുമുണ്ടാവുന്നത്? എന്നാണ് നമ്മള്‍ ഈ നൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്നത് ? ഗവേഷണത്തിന് പണം മുടക്കുന്നതിലും, പ്രോബ്ലം സോള്‍വിങ് സമീപനത്തിലും, പേറ്റന്റ് ഉണ്ടാക്കുന്നതിലുമൊക്കെ നാം ഏറെ പിന്നിലാണ്. നമ്മുടെ പ്രയോറിറ്റി ഇപ്പോഴും ഗവേഷണത്തിലും ഇ - കോമേഴ്‌സിലും ഒന്നും എത്തിയിട്ടില്ല.

മാറണം വിദ്യാഭ്യാസ വ്യവസ്ഥിതിയും സമീപനങ്ങളും

ഇന്നത്തെ വിദ്യാഭ്യാസ വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന കീഴ്​വഴക്കങ്ങളും, നയങ്ങളും, പതിറ്റാണ്ടുകള്‍ പഴക്കമുള്ള പഠന രീതികളും അഭിരുചി അടിസ്ഥാന പഠന മോഡലുകളിലേക്ക് നീങ്ങുന്നത് കുട്ടികളെ തടയുകയാണ്. ഉയര്‍ന്ന മാര്‍ക്കും, റാങ്കും നേടുന്നവര്‍ക്ക് സമൂഹത്തില്‍ അംഗീകാരങ്ങള്‍ ലഭിക്കുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാര്‍ക്കുകള്‍ക്കും, പരീക്ഷകള്‍ക്കും, വിജയ ശതമാനത്തിനും മുന്‍ഗണന നല്‍കുന്നു. ഇതുമൂലം കുട്ടികള്‍ നിബന്ധിതമായി എല്ലാ വിഷയങ്ങളും കാണാപ്പാഠം പഠിച്ച് പരമാവധി മാര്‍ക്ക് നേടാനുള്ള മത്സരബുദ്ധിയിലേക്കും, പരീക്ഷാ സമ്മര്‍ദത്തിലേക്കും നയിക്കപ്പെടുന്നു. അത്തരത്തിലുള്ള പഠന സംസ്‌കാരം ഇന്നൊവേഷന്‍, നൂതന സൃഷ്ടി, യുക്തി വിചാരം എന്നിവയുടെ അഭാവം കുട്ടികളില്‍ ഉണ്ടാക്കുന്നു.

ബിരുദവും, ബിരുദാനന്തര ബിരുദവുമൊക്കെ പൂര്‍ത്തിയാക്കിയശേഷം ജോലി നേടാന്‍ കഴിയാത്ത അവസ്ഥ ഒരുപക്ഷേ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഏറ്റവും വ്യക്തമായ പരാജയമാണ്. തൊഴില്‍ മാര്‍ക്കറ്റില്‍ ആവശ്യമായ വൈദഗ്ധ്യം പുതിയ ബിരുദധാരികളില്‍ ഇല്ലെന്നതാണ് ഇതിനു കാരണം. ഒരു വിദ്യാര്‍ഥി ഉപരിപഠനത്തില്‍ ശ്രദ്ധിക്കേണ്ടത് അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ മേഖലയില്‍ പ്രസക്തമായവയായിരിക്കണം. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നല്‍കപ്പെടുന്ന ഭൂരിഭാഗം വിദ്യാഭ്യാസവും തൊഴില്‍ മാര്‍ക്കറ്റില്‍ അപ്രസക്തമാണ്. വ്യവസായങ്ങളിലെ മാറ്റങ്ങളേയും, അവ സൃഷ്ടിക്കുന്ന തൊഴില്‍ രീതികളെയും അടിസ്ഥാനമാക്കി സിലബസ് ആനുകാലികമായി നവീകരിക്കേണ്ടത് അനിവാര്യമായ സ്ഥിര പ്രക്രിയയാണ്. വിദ്യാര്‍ഥികളുടെ കഴിവുകളിലും, പ്രാവീണ്യങ്ങളിലും, താല്‍പ്പര്യമുള്ള മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. പാഠപുസ്തകങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന പ്രവണതയില്‍ നിന്നും വിദ്യാര്‍ഥികളികള്‍ക്ക് സിലബസിനപ്പുറത്തെ വിശാലമായ ലോകത്തേക്ക് കിളിവാതില്‍ തുറന്നുവയ്ക്കുകയാണ് വേണ്ടത്.

സഹതാപമല്ല, പ്രചോദനമാണ് വേണ്ടത്

പ്രതികൂല സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികള്‍ നമ്മളില്‍ നിന്ന് ആഗ്രഹിക്കുന്നത് കരുതലാണ്. അവര്‍ക്ക് സ്വപ്‌നങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും നാം നല്‍കുന്ന പരിഗണനയാണ് അവര്‍ക്കുളള കരുതലും പ്രചോദനവും. സ്‌കൂളിന് പുറത്തുള്ള കഷ്ടപ്പാടുകള്‍ നിമിത്തം ഗ്രേഡുകള്‍ കുറഞ്ഞുപോകുന്ന കുട്ടികളെ പിന്തുണയ്ക്കാന്‍ നാം തയ്യാറായാല്‍ അവര്‍ക്ക് ലഭിക്കുക ശോഭനമായ ഭാവി ആയിരിക്കും. പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് പഠനത്തില്‍ വേണ്ടത്ര അവബോധം ഉണ്ടായിക്കൊള്ളണമെന്നില്ല. കുട്ടികളുടെ ഈ അവസ്ഥ ദുരുപയോഗപ്പെടുത്തി തെറ്റുകളിലേക്കും, കുറ്റ കൃത്യങ്ങളിലേക്കും, തീവ്രവാദത്തിലേക്കുമൊക്കെ അവര്‍ നയിക്കപ്പെടുന്നു.

പിന്നോക്കാവസ്ഥയിലുള്ള കുട്ടികളുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളോട് നമ്മള്‍ വൈകാരിക പിന്തുണയും തൊഴില്‍ സേവനങ്ങളും ബോധവല്‍ക്കരണവും നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഈ അധിക പിന്തുണ ഒരു കുട്ടിയുടെ ജീവിതത്തെതന്നെ മാറ്റാന്‍ കഴിയുന്നതാണ്. അതുകൊണ്ട് ഈ കുട്ടികള്‍ തളര്‍ന്നു പോകാതെ സൂക്ഷിക്കേണ്ടത് മുതിര്‍ന്നവരെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്വമാണ്. എല്ലാ കുട്ടികളും സൂപ്പര്‍ സ്റ്റാര്‍ ആയി മാറില്ല, പക്ഷേ ജീവിതത്തില്‍ അവരുടെ താത്പര്യവും സ്വപ്നവും പിന്തുടരാനുള്ള അവസരം അവര്‍ക്ക് നല്‍കണം. വിജയം കൈവരിച്ച പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയിലൂടെ പ്രേരണയും പ്രചോദനവും സൃഷ്ടിക്കണം.

മാറണം ചിന്താഗതികള്‍...

വഴി തെറ്റാന്‍ സാധ്യതയുള്ള ഗ്രാമീണ യുവത്വത്തെ ലഹരി ആസക്തിയിലും, തീവ്ര വിഘടന-വിദ്വേഷ ചിന്തകളിലും അടിപ്പെടാതെ അവരുടെ നേതൃത്വശേഷി വളര്‍ത്തുന്നതിനും, പരിശീലനത്തിലൂടെ അവരുടെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനും, പക്വതയുള്ള യുവതീ യുവാക്കളായി മാറാന്‍ അവരെ നയിക്കുന്നതിനും നമ്മുടെ വിദ്യാഭ്യാസരീതിയും, സമീപനവും, ചിന്താഗതിയും മാറണം. സ്വന്തമായി പരിശ്രമിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം കലാ - കായികരംഗത്തും ഭാവി ജീവിതത്തിലും ഒരുപോലെ വിജയിക്കാന്‍ അവര്‍ക്കാവശ്യമായ പരിശീലനവും കൊടുക്കണം. മലയോര പ്രദേശങ്ങളിലുള്ള കുട്ടികളുടെ കായിക പരിവര്‍ത്തനം നാട്ടിന്‍ പുറങ്ങളിലെ കബഡികളിയിലും പ്രാദേശിക ഹീറോയിസത്തിലുമൊതുങ്ങാതെ ജില്ലാ - സംസ്ഥാന - ദേശീയ തലങ്ങളിലേക്കും, വിവിധ ഡിപ്പാര്‍ട്‌മെന്റ് - സേനാ വിഭാഗങ്ങളിലെ ജോലിക്കും അവരെ പ്രാപ്തരാക്കേണ്ടതുണ്ട്.

ഓരോ കുട്ടിയും ജന്മനാ ഓരോ കഴിവുകള്‍ ഉള്ളവരാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു, കുട്ടികള്‍ക്കുള്ളിലെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് വിജയം ഉണ്ടാകുന്നത്. ഇതിനായി നമ്മുടെ വിദ്യാഭ്യാസരീതി മാറണം. വളരെ ചെറിയ പ്രായത്തില്‍ കുട്ടികളുടെ നൈസര്‍ഗ്ഗികമായ കഴിവുകള്‍ കണ്ടുപിടിച്ച് ഉചിതമായ രീതിയില്‍ പരിപോഷിപ്പിക്കാനുള്ള പാഠ്യപദ്ധതിയാണ് നാം ആവിഷ്‌കരിക്കേണ്ടത്.

മാറണം മാതാപിതാക്കളും...

കുട്ടികള്‍ക്ക് പഠനത്തിന് അനുയോജ്യമായ ചുറ്റുപാട് ഒരുക്കാന്‍ മാതാപിതാക്കളും ശ്രദ്ധിക്കണം. നിങ്ങളുടെ ആഗ്രഹങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പിക്കരുത്, പകരം എല്ലാ മേഖലയെപ്പറ്റിയും അതിന്റെ വശങ്ങളെപ്പറ്റിയും അവരെ ബോദ്ധ്യപ്പെടുത്തി താത്പര്യം വളര്‍ത്തുക. ഡിഗ്രികളും, ഉയര്‍ന്ന മാര്‍ക്കും, റാങ്കും, മികച്ച കോളേജിലെ അഡ്മിഷനും ഒക്കെ സോഷ്യല്‍ സ്റ്റാറ്റസും, അംഗീകാരവും, വിവാഹാലോചനയും മറ്റും നേടാനുള്ള ഉപകരണമാക്കരുത്. കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യരുത്. മാര്‍ക്കുകളെ അടിസ്ഥാനമാക്കി മാത്രമാകരുത് അഭിനന്ദനം, കുട്ടികളുടെ ചെറിയ നേട്ടങ്ങളും അഭിനന്ദിച്ച് പ്രോത്സാഹനം നല്‍കണം.

വികസനമെന്നാല്‍ നിര്‍മാണമേഖല മാത്രമല്ല ..മാറണം ജനപ്രതിനിധികളും

വികസനമെന്നാല്‍ റോഡുകളും പാലങ്ങളും മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മാത്രമാണെന്ന് ചിന്തിക്കുന്ന പ്രാദേശിക ഭരണകര്‍ത്താക്കള്‍, അതിനെ പരിപോഷിപ്പിക്കുന്ന വകുപ്പ് നയങ്ങള്‍, യുവജനങ്ങളാണ് നാളെയുടെ ഭാവി എന്ന് തിരിച്ചറിയാതെ ദീര്‍ഘവീക്ഷണമില്ലാതെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനകള്‍ ഇവയൊക്കെ പഞ്ചായത്ത് - വാര്‍ഡ് തലങ്ങളില്‍ ഗ്രാമീണ യുവജനങ്ങളുടെ ജീവിത പുരോഗതിയെ തുരങ്കം വയ്ക്കുന്നു.

നല്ല നാളെയ്ക്കായി ചെയ്യാം ചില കാര്യങ്ങള്‍

അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ വലിയ തുക ചെലവഴിക്കുമ്പോള്‍, ഗ്രാമീണ മേഖലയിലെ യുവജനങ്ങളെ തെറ്റായ സ്വാധീനങ്ങളില്‍ നിന്നും പരിരക്ഷിക്കാനോ, അവരുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതികള്‍ക്കോ ബജറ്റിൽ ഇടം ലഭിക്കാറില്ല. എന്നാല്‍ ഇത്തരം പദ്ധതികള്‍ വളരെ ലളിതമായി നടത്താം എന്നതാണ് വസ്തുത.

ജില്ലയിലെ സ്പോര്‍ട്സ് കൗണ്‍സില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങളെയെല്ലാം കൂട്ടിയിണക്കി, പൊതുജന പങ്കാളിത്തത്തോടെ ഓരോ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സമഗ്രമായ സ്ഥിര സംവിധാനം ഒരുക്കാം - അധ്യാപകര്‍ക്ക് പരിശീലനം, കുട്ടികള്‍ക്ക് ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തൊഴിലധിഷ്ഠിത പഠന നിര്‍ദേശങ്ങള്‍, മൈതാനങ്ങളുടെ പരിപാലനം, മികച്ച കായിക പരിശീലകരുടെ ലഭ്യത, കലാ-കായിക മത്സരങ്ങള്‍ തുടങ്ങിയവ നിശ്ചിത സമയ ക്രമങ്ങളില്‍ സ്ഥിരമായി അരങ്ങേറുമ്പോള്‍ അവസരങ്ങള്‍ തനിയെ സൃഷ്ടിക്കപ്പെടും.

ഇന്റര്‍നെറ്റിന്റെ ഉപയോഗത്തിലൂടെ സ്വയം പഠന മികവ് നേടാനുള്ള ദിശാബോധം കുട്ടികള്‍ക്ക് നല്‍കാന്‍ ലളിതമായ പരിപാടികളിലൂടെ സാധിക്കും. ശാരീരികവും മാനസികവുമായ വികസനത്തിന് കായിക വിനോദങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുക. പ്രശ്‌ന പരിഹാരം, വ്യക്തിത്വം വികസനം, ആരോഗ്യകരമായ മത്സരം, പരസ്പര ബഹുമാനം തുടങ്ങിയ സ്വഭാവ ഗുണങ്ങള്‍ നേടാന്‍ കുട്ടികള്‍ക്കു സ്‌പോര്‍ട്‌സ് മുഖേന സാധിക്കും. ഇങ്ങനെ ഗ്രാസ് റൂട്ട് ലെവല്‍ സംവിധാനങ്ങള്‍ ഒരുക്കിയാണ് പാശ്ചാത്യ രാജ്യങ്ങള്‍ വികസിത സമൂഹമായി മാറുന്നത്.

വിദ്യാഭ്യാസം സമൃദ്ധിയുടെ താക്കോലാണ്. അത് ശരിയായ രീതിയില്‍ ലഭിക്കുക എന്നത് ഗ്രാമീണ മേഖലകളില്‍ നിന്നുള്ളവര്‍ക്കും നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്കും വെല്ലുവിളിയാണ്. മറ്റ് പ്രധാന നയങ്ങള്‍ക്കൊപ്പം, ഇന്ന് രാജ്യം ചെയ്യേണ്ട പ്രധാനപ്പെട്ട സംഗതിയാണ് വിദ്യാഭ്യാസ പരിവര്‍ത്തനം. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന സ്ഥാനവും, സ്ഥിരതയുള്ള വളര്‍ച്ചയും നേടാന്‍, വരും തലമുറയിലെ കുട്ടികളെ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെ മികച്ച നിലവാരത്തിലെത്തിക്കാന്‍ ശ്രമിക്കണം. ഇത് നേടിയെടുക്കാന്‍ സ്‌കൂള്‍ അധ്യാപകരുടെ നിലവാരം വളരെ നിര്‍ണായകമാണ്. മികച്ച അധ്യാപകര്‍ രാജ്യത്തിന്റെ ഭാവി സമ്പത്താണ്.

ആജീവനാന്ത പഠന സംസ്‌കാരം അധ്യാപര്‍കര്‍ക്കും കുട്ടികള്‍ക്കും ഒരേപോലെ പ്രധാനമാണ് .കാരണം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോക വ്യവസ്ഥിതിയില്‍ പഠിച്ചതില്‍ നിന്നും പഴഞ്ചനായവ മറക്കുകയും പുതിയ കാര്യങ്ങള്‍ പഠിക്കുകയും ചെയ്യണം. ഒരു വ്യക്തിയുടെ ജീവിതത്തില്‍ സ്ഥിരതയായി പാലിക്കേണ്ട ഒരു വിദ്യാഭ്യാസ പ്രക്രിയയാണ് ഇത്.

മികച്ച കരിയറിനൊപ്പം പാലിക്കാം ചില നല്ല ശീലങ്ങള്‍

പങ്കിടല്‍, കരുതല്‍, ബഹുമാനം എന്നിവയുടെ മൂല്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കണം. ഇത് ജീവിത വിജയം നേടുമ്പോള്‍ നിസ്സഹായരെ സഹായിക്കാന്‍ അവര്‍ക്ക് പ്രചോദനമാകും. മികച്ച കരിയര്‍ നേടി സ്വമനസ്സാലെ സമൂഹത്തിന് സേവനം ചെയ്യുന്നത് വരും തലമുറകള്‍ക്ക് ആദര്‍ശ മാതൃകയാവും. നാടിന്റെ വേഗത്തിലുള്ള ഉയര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളെ മാത്രം ആശ്രയിക്കുന്നതിന് പരിമിതികളുണ്ട്. എന്നാല്‍ ഓരോ പൗരനും തങ്ങളാലാവുന്ന ചെറുതും വലുതുമായ സേവനങ്ങള്‍ നാടിനു വേണ്ടി ചെയ്യുമ്പോള്‍ പൊതുവായ പുരോഗമനം സാധ്യമാകും.

Content Highlights: India need smart villages; varun chandran writes

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

3 min

ഐ.എ.എസ് എന്താ മലയാളത്തിലെഴുതിയാല്‍

Apr 16, 2019


mathrubhumi

3 min

കെ.എ.എസ്: ഒരുങ്ങാം, കേരളത്തിന്റെ സ്വന്തം സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക്

Nov 9, 2019


mathrubhumi

6 min

എസ്.എസ്.സി: കേന്ദ്ര സര്‍വീസിലേക്കൊരു ഗ്രീന്‍ ചാനല്‍

Oct 19, 2019