മത്സരപ്പരീക്ഷകളില്‍ ഒഴിച്ചുകൂടാനാവാത്തതാണ് പൊതുവിജ്ഞാനം. മൂന്നിലൊന്ന് ചോദ്യങ്ങള്‍വരെ ഈ വിഭാഗത്തില്‍നിന്നാണ് വരാറുള്ളത്. സിവില്‍സര്‍വീസസ്, ബാങ്ക് പ്രൊബേഷണറി ഓഫീസര്‍, ക്ലാര്‍ക്ക് പരീക്ഷകള്‍, സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള വിവിധപരീക്ഷകള്‍ എന്നിവയിലെല്ലാം റാങ്ക് ജേതാക്കളെ നിര്‍ണയിക്കുന്നതുപോലും പൊതുവിജ്ഞാനത്തിലെ മികവാണ്.
പരീക്ഷ എത്തുമ്പോള്‍ ആഞ്ഞുപിടിക്കാതെ നേരത്തേ നേടിയെടുക്കേണ്ടതാണ് പൊതുവിജ്ഞാനം. അതിന് ചിട്ടയായ പഠന രീതി കണ്ടെത്തണം. ചുറ്റുമുള്ള എന്തും നമ്മെ പരീക്ഷിക്കാന്‍പോന്ന ചോദ്യങ്ങളാണെന്ന് ആദ്യമേ കരുതണം. അവിടെ തുടങ്ങിയാല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല. പിന്നീട് പരീക്ഷാവേളയില്‍ ഒരു ഓടിച്ചുനോട്ടം മതിയാവും ഈ വിഭാഗത്തില്‍ മുന്നിലെത്താന്‍.
എന്തുകൊണ്ട് പൊതുവിജ്ഞാനം
- കണക്കുകൂട്ടല്‍ വേണ്ടാത്തതിനാല്‍ സമയം ലാഭിക്കാം
- ഉയര്‍ന്ന സ്‌കോര്‍ നേടാം.
പൊതുവിജ്ഞാനത്തിന് അതിര് നിശ്ചയിക്കാനാവില്ല. രാഷ്ട്രീയ, സാമൂഹിക, പരിസ്ഥിതി കാര്യങ്ങളെപ്പറ്റി പരീക്ഷാര്‍ഥിക്ക് അവബോധമുണ്ടാവണം. പരീക്ഷകളുടെ സ്വഭാവമനുസരിച്ച് ഓരോന്നിലും വ്യത്യസ്തമായ രീതിയിലാണ് ചോദ്യങ്ങളുണ്ടാവുക. ചിലത് വിശകലനസ്വഭാവമുള്ളതാവും മറ്റുചിലത് വസ്തുതാപരമാവും.
രണ്ടുവിധം
പൊതുവിജ്ഞാനം രണ്ട് തരത്തിലുണ്ടെന്ന് പറയാം. മാറ്റമില്ലാത്തവയും (ഉദാ: ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി, മാഗ്‌നാകാര്‍ട്ട നിലവില്‍ വന്ന വര്‍ഷം) അടിക്കടി മാറുന്നവയും (ഉദാ: വര്‍ഷാവര്‍ഷം നല്‍കുന്ന പുരസ്‌കാരങ്ങള്‍, ബഹുമതികള്‍, നിയമനങ്ങള്‍). പൊതുവിജ്ഞാനത്തില്‍ വരുന്ന എല്ലാ കാര്യങ്ങളും എങ്ങനെ പഠിക്കണമെന്നത് വെല്ലുവിളി തന്നെയാണ്. അതുകൊണ്ട് കൃത്യമായ തയ്യാറെടുപ്പ് തുടക്കത്തില്‍ത്തന്നെ വേണം. സിലബസ് തന്നെയാണ് അതിന് ഉത്തമ വഴികാട്ടി.
സിവില്‍ സര്‍വീസസ് പരീക്ഷയില്‍ കൂടുതലും വിശകലനസ്വഭാവമുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ് ചോദിക്കുക. പൊതു വിജ്ഞാനത്തില്‍ ആഴത്തിലുള്ള പഠനം മാത്രമല്ല വിശകലനംകൂടി നടത്താന്‍ സാധിച്ചാലേ ഇത്തരം ചോദ്യങ്ങളെ അനായാസം നേരിടാനാകൂ. കേന്ദ്രസര്‍ക്കാരിന്റെ പ്രധാന പരീക്ഷകള്‍ക്ക് (എഴുത്തു പരീക്ഷ) ഇങ്ങനെയാകണം തയ്യാറെടുക്കേണ്ടിയത്. അതേസമയം, എസ്.എസ്.സി., ആര്‍.ബി.ഐ., സി.ഡി.എസ്. തുടങ്ങിയ പരീക്ഷകള്‍ക്ക് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ് ഉണ്ടാകുക. രാജ്യത്തിന്റെ പേര്, കമ്മിഷന്റെ പേര്, സ്ഥലനാമം, ക്ഷേമപദ്ധതിയുടെ പേര്, വര്‍ഷങ്ങള്‍ തുടങ്ങിയവ.
ബാങ്കിങ് പരീക്ഷകളില്‍ ബാങ്കുമായി ബന്ധപ്പെട്ട 10-15 പൊതുവിജ്ഞാനപരമായ ചോദ്യങ്ങള്‍ ഉണ്ടാവാറുണ്ട്. ബാങ്കും അതിന്റെ പ്രവര്‍ത്തനരീതികളും സേവിങ്‌സ് അക്കൗണ്ട്, ആര്‍.ബി.ഐ. നിയമങ്ങള്‍ എന്നിവ സംബന്ധിച്ച ചോദ്യങ്ങളുണ്ടാവാം. അതിനനുസരിച്ച് വസ്തുതകള്‍ മനഃപാഠമാക്കണം. മുന്‍കാലചോദ്യപ്പേപ്പറുകള്‍ വിശകലനം ചെയ്യുന്നത് ചോദ്യങ്ങളുടെ ശൈലി മനസ്സിലാക്കാന്‍ നല്ലതാണ്.
വായിക്കാം
- പത്രം, ആനുകാലികങ്ങള്‍
- 1-10-ാം ക്ലാസുവരെയുള്ള എന്‍.സി.ഇ. ആര്‍.ടി പുസ്തകങ്ങള്‍
- ഇയര്‍ബുക്ക്
ദിവസവും മുടങ്ങാതെ, ശ്രദ്ധയോടെ പത്രം വായിക്കുക ?ലഭിക്കുന്ന വിവരങ്ങള്‍ ചെറിയ കുറിപ്പുകളാക്കി എഴുതിവെക്കുക ? ക്വിസുകള്‍, ചര്‍ച്ചകള്‍ എന്നിവയില്‍ പങ്കെടുക്കുക.
പ്രധാനപൊതു വിജ്ഞാന മേഖലകള്‍
1.അന്താരാഷ്ട്രസ്ഥാപനങ്ങള്‍
ഐക്യരാഷ്ട്രസഭ,ലോകബാങ്ക്, ഐ.എം.എഫ്. തുടങ്ങിയവ.ഇവയുടെ സ്ഥാപക അധ്യക്ഷന്‍മാര്‍, നിലവില്‍ വന്ന വര്‍ഷം ,ആസ്ഥാനം ,പ്രധാനസംഭവങ്ങള്‍
2.സംഘടനകള്‍
ആസിയാന്‍, സാര്‍ക്ക് തുടങ്ങിയവ.ഇവയിലെ അംഗരാജ്യങ്ങള്‍, പ്രധാനപ്പെട്ട ഉച്ചകോടികള്‍,നിലവില്‍ വന്ന വര്‍ഷം, ആസ്ഥാനം.
3. ഭൂമിശാസ്ത്രം
ലോകത്തിന്റെയും ഇന്ത്യയുടെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍,സിദ്ധാന്തങ്ങള്‍.
4. സയന്‍സ്
സിദ്ധാന്തപരമായ ചോദ്യങ്ങളെക്കാള്‍ ആപ്‌ളിക്കേഷന്‍ തരത്തിലുള്ള ചോദ്യങ്ങള്‍ക്കാണ് മുന്‍തൂക്കം, ഐ.ടി, ബയോടെക്‌നോളജി, ബഹിരാകാശം.
5. ചരിത്രം
ഇന്ത്യന്‍ ചരിത്രം. 1857-വിപ്ലവത്തിന് ശേഷമുള്ളത് ,ലോകചരിത്രം
6. സാമ്പത്തികശാസ്ത്രം
എല്ലാ പരീക്ഷയ്ക്കും സാമ്പത്തികശാസ്ത്രം പ്രധാനവിഷയമാണ്. സിദ്ധാന്തപരമായ ചോദ്യങ്ങളും പ്രാവര്‍ത്തികമായ ചോദ്യങ്ങളും പ്രതീക്ഷിക്കാം . മാക്രോ ഇക്കണോമിക്‌സ്, സൂചികകള്‍, നാണയപ്പെരുപ്പം, വളര്‍ച്ചനിരക്ക്.
7. ഭരണഘടനയും പോളിറ്റിയും
ഇന്ത്യന്‍ ഭരണസംവിധാനം,രാഷ്ട്രീയപ്പാര്‍ട്ടികള്‍, അനുച്ഛേദങ്ങള്‍, ഭരണഘടനാഭേദഗതികള്‍, വിവിധ ക്ഷേമപദ്ധതികള്‍, രാഷ്ട്രപതി, ഉപരാഷ്ട്രപതി ,പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവര്‍ണര്‍, സുപ്രീംകോടതി, ഹൈക്കോടതി ,പാര്‍ലമെന്റ്, സംസ്ഥാന നിയമസഭ.
8. കറന്റ് അഫയേഴ്‌സ്
മാറിക്കൊണ്ടിരിക്കുന്നതാണ് കറന്റ് അഫയേഴ്‌സ്. നല്ലൊരു ശതമാനം േചാദ്യങ്ങള്‍ ഈ വിഭാഗത്തില്‍ നിന്നാവാം. സ്ഥിരമായി പത്രം വായിക്കുന്നവര്‍ക്കേ ഈ വിഭാഗത്തില്‍നിന്നുള്ള ചോദ്യങ്ങള്‍ കൈകാര്യം ചെയ്യാനാകൂ. പരീക്ഷയ്ക്ക് 3-6 മാസം വരെയുണ്ടായ സംഭവങ്ങളാണ് പൊതുവേ ചോദിച്ചുകാണാറ്.