ദിവസം മൂന്നോ നാലോ മണിക്കൂര്‍ മാത്രം ഉറക്കം. ബാക്കി സമയം പഠനവും മറ്റ് ജോലികളും. ഇടുക്കി ജില്ലയിലെ പി.എസ്.സി. എക്‌സൈസ് ഡ്രൈവര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ തിരുവനന്തപുരം സ്വദേശി അഭിലാഷിന്റെ പഠനരീതികള്‍ കണ്ടു പഠിക്കേണ്ടത് തന്നെയാണ്. നെടുമങ്ങാട്ടെ പൂക്കടയിലെ ജോലിക്കിടെ കിട്ടുന്ന തുച്ഛമായ സമയം കൊണ്ട് പഠിച്ച് എനിക്ക് ഒരു പി.എസ്.സി. പരീക്ഷയില്‍ ഒന്നാം റാങ്ക് വാങ്ങാന്‍ പറ്റുമെങ്കില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും പി.എസ്.സി. പരീക്ഷകളില്‍ ഒന്നാം റാങ്ക് വാങ്ങാന്‍ കഴിയും എന്ന് പറയുമ്പോള്‍ ദൃഢനിശ്ചയത്താല്‍ തിളങ്ങുന്നുണ്ടായിരുന്നു അഭിലാഷിന്റെ കണ്ണുകള്‍.
പ്ലസ് ടു വെക്കേഷന്‍ സമയത്താണ് അഭിലാഷ് നെടുമങ്ങാടുള്ള പി.എസ്. ഫ്‌ലവര്‍ മാര്‍ട്ടില്‍ ജോലിക്ക് പോയിത്തുടങ്ങിയത്. പൂക്കടയിലെ ജോലി കളയാതെ പഠിക്കാന്‍ വേണ്ടി ഡിഗ്രി പ്രൈവറ്റായി ചെയ്യാനായിരുന്നു അഭിലാഷിന്റെ തീരുമാനം. അങ്ങനെയാണ് വെള്ളനാടുള്ള കവിതാ ട്യൂട്ടോറിയല്‍ കോളേജില്‍ ഡിഗ്രി പഠനം തുടങ്ങിയത്. രാത്രി എട്ടു മണിക്ക് കയറിയാല്‍ രാവിലെ ഒമ്പതു മണിയോടെയാണ് പൂക്കടയില്‍ നിന്നും ഇറങ്ങാന്‍ കഴിയുക. കുറച്ചു സമയം ഉറങ്ങിയ ശേഷം ബാക്കി സമയം മുഴുവന്‍ പഠനത്തിനായി ചിലവഴിക്കുക എന്നതായിരുന്നു അഭിലാഷിന്റെ രീതി.
ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ എഴുതിയ പോലീസ് ടെസ്റ്റില്‍ സപ്ലിമെന്ററി ലിസ്റ്റില്‍ കയറാനായത് വീണ്ടും പി.എസ്.സി. ടെസ്റ്റുകള്‍ എഴുതാനുള്ള പ്രചോദനമായി. എന്നാല്‍ പിന്നീടുള്ള പഠനങ്ങള്‍ വീടിനടുത്ത് ആരെങ്കിലും പി.എസ്.സി. ലിസ്റ്റില്‍ കയറുമ്പോള്‍ തോന്നുന്ന ഒന്നോ രണ്ടോ മാസത്തേക്ക് ചുരുങ്ങുന്ന ആവേശമായി മാറി. ശരിക്കും ഇരുപത്തിയെട്ടാമത്തെ വയസിലാണ് സര്‍ക്കാര്‍ ജോലി വാങ്ങണമെന്ന വാശി തുടങ്ങിയത്- അഭിലാഷ് പറയുന്നു. ജീവിതത്തിന് കാര്യമായ ഒരു മാറ്റം വേണമെന്നുള്ള കഠിനമായ ആഗ്രഹത്തില്‍ നിന്നാണ് പി.എസ്.സി. പരീക്ഷകളെ അഭിലാഷ് കാര്യമായി ഗൗനിച്ചു തുടങ്ങിയത്.
പഠനത്തിനായി സ്വന്തമായ ശൈലി അവലംബിക്കുകയാണ് അഭിലാഷ് ചെയ്തത്. ലോക മാപ്പ് അടക്കമുള്ളവ സ്വന്തമായി വരച്ച് തയ്യാറാക്കി. പി.എസ്.സി. പഠനസഹായി പുസ്തകം കേരളം, ഇന്ത്യ, ഭൂമിശാസ്ത്രം, ഭരണഘടന തുടങ്ങി ഓരോ വ്യത്യസ്തമായ ഉള്ളടക്കങ്ങളുടെ കീഴില്‍ ചെറിയ പുസ്തകങ്ങളാക്കി. വലിയ റാങ്ക് ഫയലുകള്‍ ഇത്തരത്തില്‍ ചെറിയ പുസ്തകങ്ങളാക്കുമ്പോള്‍ അവ പഠിക്കാനുള്ള താല്‍പര്യം വര്‍ധിക്കുന്നതായും കാര്യങ്ങള്‍ പെട്ടെന്ന് പഠിക്കാന്‍ സാധിക്കുന്നതായും അഭിലാഷ് പറയുന്നു.
പഠനം എളുപ്പമാക്കാന്‍ സ്വന്തമായി കണ്ടെത്തിയ കോഡുകളും മെത്തേഡുകളും മറ്റുള്ളവര്‍ക്കും പറഞ്ഞു കൊടുക്കാന്‍ ഇപ്പോള്‍ കൂടുതല്‍ ഊര്‍ജം കിട്ടുന്നുണ്ടെന്നും പറയുന്നു അഭിലാഷ്. ഇതൊക്കെ ശരിയാവുമായിരുന്നെങ്കില്‍ നിനക്കെപ്പൊഴേ ജോലി കിട്ടിയേനെ എന്ന പുച്ഛം ഇനി കേള്‍ക്കണ്ടല്ലോ- അഭിലാഷ് കൂട്ടിച്ചേര്‍ക്കുന്നു. ടൈംടേബിള്‍ ഉണ്ടാക്കുന്നതിലല്ല കാര്യം കിട്ടുന്ന സമയം കൃത്യമായി വിനിയോഗിക്കുന്നതിലാണ് എന്നതാണ് അഭിലാഷിന്റെ ആപ്തവാക്യം. കാണാതെ പഠിക്കുകയല്ല കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി പഠിക്കുകയാണ് വേണ്ടത്.
പത്തുവട്ടം വെറുതെ ആ റൂമില്‍ കയറിയിറങ്ങിയാല്‍ തന്നെ പത്തു ചോദ്യത്തിന് ഉത്തരം പഠിക്കാന്‍ കഴിയും എന്നതാണ് അഭിലാഷിന്റെ മുറിയുടെ ഏറ്റവും വലിയ പ്രത്യേകത. മുറിയില്‍ എവിടേക്ക് നോക്കിയാലും ചാര്‍ട്ടുകളാണ്. ഭരണഘടനയിലെ പ്രധാനപ്പെട്ട ആര്‍ട്ടിക്കിളുകളും നിയമങ്ങളും അടക്കം ഇന്ത്യയെയും കേരളത്തെയും സംബന്ധിച്ച സകലമാന വിവരങ്ങളും ചാര്‍ട്ടുകളില്‍ എഴുതി അടയാളപ്പെടുത്തിയിരിക്കുന്നു. ഉറക്കം വരാതെ ഭിത്തിയില്‍ നോക്കി കിടക്കാമെന്നു വച്ചാല്‍ അവിടെയും പി.എസ്.സി. ചോദ്യങ്ങളും ഉത്തരങ്ങളും തന്നെ.
പി.എസ്.സി.ക്ക് സ്ഥിരമായി ചോദ്യങ്ങള്‍ വരുന്ന ഭാഗങ്ങളില്‍ നിന്നുള്ള വിവരങ്ങളെല്ലാം ഈ ചാര്‍ട്ടുകളില്‍ നിറഞ്ഞിരിക്കുന്നു. കൂടാതെ അഭിലാഷ് തന്നെ വരച്ചു തയ്യാറാക്കിയ ലോകത്തിന്റെയും ഇന്ത്യയുടെയും കേരളത്തിന്റെയും മാപ്പുകളും കാണാം. തനിക്ക് ആവശ്യമുള്ള വിവരങ്ങള്‍ മാത്രം വരച്ച് അടയാളപ്പെടുത്തിയിട്ടുള്ള മാപ്പുകളില്‍ വെറുതെ നോക്കിയാല്‍ തന്നെ അനവധി ചോദ്യങ്ങളും ഉത്തരങ്ങളും മനസിലേക്ക് വരുമെന്ന് പറയുന്നു അഭിലാഷ്. ഇതുകൂടാതെ ചോദ്യോത്തരങ്ങള്‍ ഫോണില്‍ വായിച്ച് റെക്കോഡ് ചെയ്ത് അത് പൂക്കടയിലെ ജോലിക്കിടയില്‍ ഹെഡ്‌സെറ്റ് വച്ച് കേട്ട് പഠിക്കും.
എസ്.ഐ. ആയിരുന്ന മാമനോടുള്ള ആരാധനയില്‍ നിന്നാണ് പോലീസ് യൂണിഫോമിനോടും പോലീസ് ജോലിയോടുമുള്ള ഇഷ്ടം തുടങ്ങിയത്- അഭിലാഷ് കൂട്ടിച്ചേര്‍ക്കുന്നു. നിലവില്‍ പോലീസ് കോണ്‍സ്റ്റബിള്‍, ഫയര്‍മാന്‍ കം പമ്പ് ഓപ്പറേറ്റര്‍, സിവില്‍ സപ്ലൈസ് അസിസ്റ്റന്റ് സെയില്‍സ്മാന്‍, എക്‌സൈസ് ഡ്രൈവര്‍ എന്നീ ലിസ്റ്റുകളിലാണ് അഭിലാഷിന്റെ പേരുള്ളത്. എക്‌സൈസ് ഡ്രൈവര്‍ ജോലിയില്‍ പ്രവേശിച്ച ശേഷം ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റ് എഴുതി എസ്.ഐ. ആവണം എന്നതാണ് അഭിലാഷിന്റെ ആഗ്രഹം.
ഫയര്‍മാന്‍ കം പമ്പ് ഓപ്പറേറ്റര്‍ പരീക്ഷ സ്റ്റേറ്റ് വൈസ് ആയിരുന്നു. അപ്പോള്‍ തിരുവനന്തപുരത്തു തന്നെ ജോലി കിട്ടാന്‍ സാധ്യതയുണ്ട്. അതില്‍ റോഡ് ടെസ്റ്റും ബസില്‍ 'എച്ച്' എടുക്കലും എല്ലാം ഉണ്ടായിരുന്നു. എങ്ങാനും അതില്‍ പാളിപ്പോയാലും ഇടുക്കിയിലെങ്കിലും പിടിക്കണം എന്നു കരുതിയാണ് ജില്ല മാറി പരീക്ഷ എഴുതിയത്. അമ്മയുടെ കൈകൊണ്ട് അഡൈ്വസ് മെമ്മോ വാങ്ങിപ്പിക്കണം എന്ന ആഗ്രഹം സാധിക്കാനൊരുങ്ങുമ്പോഴും ജോലി കിട്ടിയ സന്തോഷം പങ്കിടാന്‍ അച്ഛന്‍ കൂടെയില്ല എന്ന വിഷമമാണ് അഭിലാഷിന്. ഒന്നര വര്‍ഷം മുമ്പ് ഒരു റോഡപകടത്തിലാണ് അച്ഛന്‍ മരിച്ചത്.
ചിലരോടൊക്കെ നന്ദി പറയാതെ തന്റെ സന്തോഷം പൂര്‍ത്തിയാവില്ല എന്നു പറയുന്നു അഭിലാഷ്. അച്ഛനോടും അമ്മയോടും അനിയനോടും തുടങ്ങി നെടുമങ്ങാട് പി.എസ്. ഫ്‌ലവര്‍ മാര്‍ട്ടിന്റെ മുതലാളിയായിരുന്ന പരേതനായ സുനിച്ചേട്ടന്‍, ഇപ്പോള്‍ കട നോക്കി നടത്തുന്ന സുനിച്ചേട്ടന്റെ അനിയന്‍ കൂടിയായ ഗോപന്‍ ചേട്ടന്‍, നെടുമങ്ങാട് ഫ്രണ്ട്‌സിലെ ചക്രപാണി സാര്‍, വെള്ളനാട് ഐ.സി.എസ്. അക്കാദമി നടത്തുന്ന സുഹൃത്ത് കൂടിയായ ഹരികൃഷ്ണന്‍, പോലീസിന്റെയും ഫയര്‍മാന്റെയും ഫിസിക്കിന് പോയപ്പോള്‍ ഏറെ പ്രോത്സാഹിപ്പിച്ച ബൈഷി സാര്‍, റാഫി സാര്‍, കൂവക്കുടി ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ പരിസരത്തെ കമ്പയിന്‍ സ്റ്റഡിക്ക് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ അങ്ങനെയങ്ങനെ തന്റെ വിജയത്തിന് കൂടെയുണ്ടായിരുന്ന ആരെയും മറക്കുന്നില്ല അഭിലാഷ്.
Content Highlights: From Flowershop to Excise with first rank - Story of Abhilash