നൊബേല്‍ ജേതാക്കളുടെ അത്ഭുതലോകത്തില്‍ ആറു ദിനങ്ങള്‍ ചെലവഴിച്ച മലയാളി വിദ്യാര്‍ഥി


By ഡോ. സാബിന്‍ ജോര്‍ജ്ജ്

4 min read
Read later
Print
Share

മണ്ണുത്തി വെറ്ററിനറി കോളേജില്‍ നിന്ന് ബിരുദം നേടിയ ഡോ.അജിത് എന്ന മലയാളി ഗവേഷണ വിദ്യാര്‍ഥി നൊബേല്‍ സമ്മാനജേതാക്കളോടൊപ്പം ചെലവഴിച്ച ദിവസങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നു

ശാസ്ത്ര, സാഹിത്യ, സമാധാന രംഗങ്ങളില്‍ ധിഷണയുടെയും സേവനത്തിന്റെയും കൊടുമുടിയിലെത്തിയവരെ എല്ലാ വര്‍ഷവും ഡിസംബര്‍ 10-ന് നടക്കുന്ന നൊബേല്‍ പുരസ്‌ക്കാര ചടങ്ങില്‍ ലോകം ആദരിക്കുന്നു. ഈ വര്‍ഷം സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ സമ്മാനങ്ങളുടെ സമ്മാനം നല്‍കപ്പെടുമ്പോള്‍ തിരുവനന്തപുരം സ്വദേശിയായ ഡോ. അജിത് വൈ എന്ന വെറ്ററിനറി ഗവേഷക വിദ്യാര്‍ത്ഥി അപൂര്‍വ്വമായി ലഭിച്ച ഒരവസരത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നു. അത്ഭുതലോകത്തെത്തിയ ആലിസിനെപ്പോലെ നൊബേല്‍ പുരസ്‌ക്കാര ജേതാക്കളോടൊപ്പം, കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ചെലവിട്ട ആറു ദിനങ്ങളുടെ, ജീവിതം മാറ്റിമറിച്ച അനുഭവങ്ങളുടെ സ്മരണകള്‍.

ഏതൊരു ശാസ്ത്ര ഗവേഷകനേയും ആവേശം കൊള്ളിക്കുന്ന, ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രം ലഭിച്ചേക്കാവുന്ന അവസരമാണ് 2018 ജൂണ്‍ 24 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ ഡോ. അജിത്തിന് ലഭിച്ചത്. ജര്‍മ്മനിയിലെ ലിന്‍ഡോ (Lindau) യില്‍ നടന്ന നൊബേല്‍ ജേതാക്കളുടെയും, വിദ്യാര്‍ത്ഥികളുടെയും ഒത്തുചേരലില്‍ പങ്കെടുക്കാനും, തുടര്‍ന്ന് ജൂണ്‍ 30 മുതല്‍ ജൂലൈ 6 വരെ ജര്‍മ്മനിയിലെ സര്‍വ്വകലാശാലകളും, ഗവേഷണ സ്ഥാപനങ്ങളും സന്ദര്‍ശിക്കാനും അവസരം ലഭിച്ച ഇന്ത്യന്‍ സംഘത്തിലെ ഏക മലയാളി, ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു ഡോ. അജിത്.

1951-മുതല്‍ ജര്‍മ്മനിയിലെ കോണ്‍സ്റ്റന്‍സ് തടാകത്തിന്റെ കിഴക്കു ഭാഗത്തുള്ള ലിന്‍ഡോ ദ്വീപില്‍ അവര്‍ ഒത്തുചേരുന്നു. രസതന്ത്രം, ഭൗതികശാസ്ത്രം, ശരീരശാസ്ത്ര/ വൈദ്യശാസ്ത്ര വിഷയങ്ങളില്‍ നൊബേല്‍ സമ്മാനം നേടിയിട്ടുള്ള ശാസ്ത്ര പ്രതിഭകള്‍. ഒപ്പം അടുത്ത തലമുറയിലെ വാഗ്ദാനങ്ങളായ യുവ ശാസ്ത്ര വിദ്യാര്‍ത്ഥികളും. ഈ കൂട്ടായ്മയില്‍ അവര്‍ തങ്ങളുടെ വിഷയങ്ങളിലെ പ്രധാന പ്രശ്‌നങ്ങളേക്കുറിച്ച് മനസ്സു തുറന്ന് സംവദിക്കുന്നു (കൂടുതല്‍ വിവരങ്ങള്‍ക്ക് www.lindau-nobel.org).

കടുത്ത മത്സരത്തിലൂടെ നേടിയ സ്ഥാനം

2018 ലെ സമ്മേളനം ശരീര ശാസ്ത്ര, വൈദ്യ മേഖലയ്ക്കായി പ്രത്യേകം മാറ്റിവയ്ക്കപ്പെട്ടതായിരുന്നു. 39 നൊബേല്‍ പുരസ്‌ക്കാര ജേതാക്കളും, 84 രാജ്യങ്ങളിലെ മുപ്പത്തിയഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള 600 ശാസ്ത്ര പ്രതിഭകളായ വിദ്യാര്‍ത്ഥികളും, ഗവേഷകരും പങ്കെടുത്തു. അതില്‍ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് വെറ്ററിനറി സയന്‍സില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും നേടിയ ഡോ. അജിത്.

ആഗോളതലത്തിലുള്ള കടുത്ത അക്കാദമിക് മല്‍സരത്തെ നേരിട്ടാണ് ഡോ. അജിത് ഈ സംഘത്തില്‍ സ്ഥാനം നേടുന്നത്. മണ്ണുത്തി വെറ്ററിനറി കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം, ബറേലിയിലെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ സ്ഥാപനമായ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ഇപ്പോള്‍ അതേ സ്ഥാപനത്തില്‍ വെറ്ററിനറി ക്ലിനിക്കല്‍ മെഡിസിനില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ്. ഭാരത സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് & ടെക്‌നോളജിയും (DST), ജര്‍മ്മന്‍ റിസര്‍ച്ച് ഫൗണ്ടേഷനും (DFG) ചേര്‍ന്ന് നല്‍കുന്ന അഭിമാന പുരസ്‌ക്കാരമാണ് DST - DFG അവാര്‍ഡ്. ഈ വര്‍ഷം ശരീര ശാസ്ത്ര, വൈദ്യ ശാസ്ത്ര മേഖലയിലെ യുവ ഗവേഷകര്‍ക്കായിരുന്നു അവസരം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നൊബേല്‍ ജേതാക്കള്‍ക്കൊപ്പം ആറു ദിവസം ചിലവഴിക്കാനും, പിന്നീട് ആറു ദിവസം ജര്‍മ്മനിയിലെ ഉന്നത ഗവേഷണ സ്ഥാപനങ്ങളും, സര്‍വ്വകലാശാലകളും സന്ദര്‍ശിക്കാന്‍ അവസരവും ലഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക, ഭരണ നിര്‍വ്വഹണം DST - DFG യുടേതാണ്.

മുപ്പതു പേരടങ്ങിയ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നത് മൂന്നു വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട മുപ്പതു പേരായിരുന്നു. 5 മാസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍, 20 ഡോക്ടറല്‍, 5 പോസ്റ്റ് ഡോക്ടറല്‍ ഗവേഷകര്‍. ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഡി.ആര്‍.ഡി.ഒ, ഇന്ത്യയിലെ പ്രമുഖ സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍. അടിസ്ഥാന ജീവശാസ്ത്രം മുതല്‍ ജനറ്റിക് എഞ്ചിനീയറിംഗ്‌വരെ വൈവിധ്യമാര്‍ന്ന ജീവശാസ്ത്ര/വൈദ്യശാസ്ത്ര മേഖലകളില്‍ ഗവേഷണ താല്‍പര്യങ്ങളും, ശാസ്ത്ര പ്രവൃത്തി പരിചയമുള്ളവര്‍. തിരഞ്ഞെടുക്കപ്പെട്ടവര്‍ അന്നു തുടങ്ങിയ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഇന്നും ഗവേഷണ സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നുവെന്ന് ഡോ. അജിത് പറയുന്നു.

2018 ജൂണ്‍ 22-ന് ഡല്‍ഹിയിലെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആസ്ഥാനത്ത് നടന്ന വിശദീകരണ സെഷനില്‍, കൈയില്‍ കിട്ടുന്ന അമൂല്യമായ രണ്ടാഴ്ച സമയം എങ്ങനെ വിനിയോഗിക്കണമെന്ന് വിശദീകരിക്കുന്നതായിരുന്നു. നമ്മുടെ ഗവേഷണ കാഴ്ചപ്പാടുകളും അനുഭവങ്ങളും മനസ്സില്‍വച്ചുകൊണ്ട് നൊബേല്‍ ജേതാക്കളെ കാണുകയും അവരുടെ ശാസ്ത്ര ജീവിതത്തില്‍ നിന്നും, വ്യക്തി ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാനുള്ള മനസ്സ് പാകപ്പെടുത്തിയെടുക്കണമെന്ന് നിര്‍ദേശിച്ചു.

ലോകമെമ്പാടുമുള്ള തങ്ങളുടെ വിഷയത്തിലെ യുവ ഗവേഷകരുമായി കൂട്ടായ്മയുണ്ടാക്കുക, ഗവേഷണ ജോലി സാധ്യതകളിലെ മികച്ച അവസരങ്ങള്‍ കണ്ടെത്തുക എന്നിവയ്ക്കായി ഈ അവസരം വിനിയോഗിക്കണമെന്നുള്ള ലക്ഷ്യബോധം ഈ സെഷനില്‍ നല്‍കപ്പെട്ടു.

ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഫ്രാങ്ക്ഫര്‍ട്ടിലെത്തുമ്പോള്‍ രാത്രി 9.30. പതിനെട്ടു മണിക്കൂര്‍ നീളുന്ന പകലില്‍ അപ്പോഴും സൂര്യന്‍ കത്തി നില്‍ക്കുന്ന കാഴ്ച അത്ഭുതപ്പെടുത്തുന്ന ആദ്യ അനുഭവം. ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥരുടെ സ്വീകരണത്തിനു ശേഷം, ബസ്സില്‍ ലിന്‍ഡോവിലേക്ക്. കേവലം 4 മണിക്കൂര്‍ കൊണ്ട് 420 കിലോമീറ്റര്‍ യാത്ര. പ്രഭാത വ്യായാമത്തിനും, പ്രഭാതഭക്ഷണത്തിനും, ഉച്ചഭക്ഷണത്തിനും ഒക്കെ ശാസ്ത്രജ്ഞരുടെ തന്നെ കൂട്ട്. ഇതില്‍ ലഞ്ചിന് ഡോ. അജിത്തിന് ലഭിച്ച കൂട്ടുകാരന്‍ നൊബേല്‍ ജേതാവായ ഡോ. ഫെറിഡ് മുറാദായിരുന്നു (Dr. Ferid Murad). ഓരോരുത്തര്‍ക്കും താല്‍പര്യമുള്ള സെഷനുകള്‍ തിരഞ്ഞെടുക്കാന്‍ മുന്‍പുതന്നെ അവസരമുണ്ടായിരുന്നു. പാനല്‍ ചര്‍ച്ചകള്‍, ലെക്ചറുകള്‍, പോസ്റ്റര്‍ ഫ്‌ളാഷുകള്‍, സംവാദങ്ങള്‍, നൊബേല്‍ ജേതാക്കളുമായുള്ള സംഭാഷണങ്ങള്‍ എന്നിവ അടങ്ങിയ സെഷനുകള്‍.

ജീവിതത്തിലെ അമൂല്യ നിമിഷങ്ങള്‍

പ്രൊഫസ്സര്‍ മൈക്കിള്‍ ലെവിറ്റ് നടത്തിയ നിരൂപണമാണ് ഡോ. അജിത്തിന് ഏറെ ശ്രദ്ധേയമായി തോന്നിയത്. നൊബേല്‍ സമ്മാനങ്ങളേയും, ശാസ്ത്ര ഗവേഷണത്തിനായി ഓരോ രാജ്യവും ചെലവഴിക്കുന്ന തുകയേയും സംബന്ധിച്ച വിശകലനമായിരുന്നു അത്. വികസിത രാജ്യങ്ങളില്‍ നൊബേല്‍ പുരസ്‌ക്കാരം വാങ്ങിച്ചെടുക്കാന്‍ കഴിവുള്ള പ്രതിഭാധനരായ ശാസ്ത്രജ്ഞരെ കണ്ടെത്താനും, അവര്‍ക്ക് പ്രത്യേക പരിഗണനയും, പിന്തുണയും നല്‍കാനും പ്രത്യേക ഏജന്‍സികള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. നൊബേല്‍ പുരസ്‌ക്കാരം നേടിയ വെറ്ററിനറി ശാസ്ത്രജ്ഞരായ ഡോ. പീറ്റര്‍ സി. ദൊഹാര്‍ത്തിയെ കാണാനായത് ജീവിതത്തിലെ അമൂല്യ നിമിഷമായി ഡോക്ടര്‍ സൂക്ഷിക്കുന്നു.

ആറ് ദിവസത്തിന്റെ അത്ഭുത ലോകത്ത് നിന്ന് ജര്‍മ്മനിയിലെ ഗവേഷണ സ്ഥാപനങ്ങളും, അവിടെയുള്ള അസൂയയുണര്‍ത്തുന്ന സൗകര്യങ്ങളും കാണാനുള്ള യാത്രയായിരുന്നു. Heidelberg university, University of Bonn, Hannover Medical School, Mex Delbruck Centre for Molecular medicine, Max Planck Institute of Molecular Cell biology and Genetics, Technische University Dresden എന്നിവ സന്ദര്‍ശിച്ചു. അന്താരാഷ്ട്രതലത്തില്‍ പ്രവേശനം, ഫെല്ലോഷിപ്പുകള്‍ എന്നിവ അര്‍ഹരായവര്‍ക്ക് നല്‍കാന്‍ ഈ സര്‍വ്വകലാശാലകള്‍ തയ്യാറാണ്. വിദ്യാര്‍ത്ഥി നല്‍കുന്ന ഗവേഷണാശയത്തിന്റെ മേന്മയാണ് പ്രധാന പ്രവേശന മാനദണ്ഡം. കുടുംബത്തോടൊപ്പം മൈഗ്രേഷന് താല്‍പര്യമുള്ള ഇന്ത്യന്‍ ഗവേഷകര്‍ക്ക് പ്രത്യേക പാക്കേജുകളുണ്ട്. അടിസ്ഥാന ശാസ്ത്ര ഗവേഷണത്തിന് നല്‍കുന്ന പ്രത്യേക ധനസഹായം, രാഷ്ട്രീയ ഇടപെടലുകളില്ലാത്ത ഗവേഷണ സ്ഥാപനങ്ങള്‍, ഗവേഷകര്‍ക്കുള്ള ധനസഹായം, വിവിധ വിഷയങ്ങള്‍ ചേര്‍ന്നുള്ള ഗവേഷണം സര്‍വ്വോപരി ഗവേഷക വിദ്യാര്‍ത്ഥിയുടെ അഭിരുചിക്കനുസരിച്ചുള്ള ഗവേഷണം എന്നിവ ഈ സ്ഥാപനങ്ങളെ വ്യത്യസ്തമാക്കുന്നുവെന്ന് ഡോ. അജിത് പറയുന്നു.

സയന്‍സ് അധികാരശ്രേണികളിലൊതുങ്ങാത്ത, എല്ലാവരേയും ഉള്‍ക്കൊള്ളുന്ന, പരാജയത്തില്‍ നിന്ന് പഠിക്കുന്ന, ഭ്രാന്തന്‍ ആശയങ്ങളെ കരുതുന്ന ഒന്നാണെന്ന തിരിച്ചറിവ് ഈ യാത്ര ഡോക്ടറിന് സമ്മാനിച്ചു. വിദ്യാഭ്യാസത്തില്‍ നടത്തുന്ന നിക്ഷേപമാണ് രാജ്യത്തിന്റെ പ്രധാന വികസനമെന്ന് ഈ സ്ഥാപനങ്ങള്‍ പഠിപ്പിക്കുന്നു. താന്‍ എന്താണ് ചെയ്യുന്നതെന്ന് ഓരോ ഗവേഷകനും സമൂഹത്തോട് വിശദീകരിക്കേണ്ട ബാധ്യതയും ഇവിടെയുണ്ട്.

കേരള സര്‍ക്കാരിന്റെ മൃഗസംരക്ഷണ വകുപ്പില്‍ ഡ്രൈവറായിരുന്ന യേശുദാസന്റെയും, വീട്ടമ്മയായ ഉഷാകുമാരിയുടേയും മകനായ ഡോ. അജിത് വിവാഹം കഴിച്ചിരിക്കുന്നത് സഹപാഠിയായിരുന്ന ഡോ. സിജിയെയാണ്. തിരുവനന്തപുരത്തെ സാധാരണമായ കുടുംബത്തില്‍ നിന്ന് അതിരുകളില്ലാത്ത അവസരങ്ങളുടെ ആകാശം തേടി പറക്കാനുള്ള ആത്മവിശ്വാസമാണ് തനിക്ക് ഈ അവാര്‍ഡും, യാത്രയും സമ്മാനിച്ചതെന്ന് ഡോ. അജിത് പറയുമ്പോള്‍, ഓരോ വിദ്യാര്‍ത്ഥിക്കും അത് പുത്തന്‍ വഴികളിലേക്കുള്ള ക്ഷണമാകുന്നു.

Content highlights: Career, Science, Nobel prize, Heidelberg university, University of Bonn, Hannover Medical School, Mex Delbruck Centre for Molecular medicine, Max Planck Institute of Molecular Cell biology and Genetics, Technische University Dresden ,DST - DFG

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

4 min

ലോജിസ്റ്റിക്‌സ് പഠിക്കാം; നേടാം മികച്ച ജോലിയും ഉയര്‍ന്ന ശമ്പളവും

Jul 5, 2019


mathrubhumi

8 min

സിവില്‍ സര്‍വീസസ് പരീക്ഷ: ഉദ്യോഗാര്‍ഥികള്‍ക്ക് അറിയേണ്ടതെല്ലാം

Mar 2, 2019


mathrubhumi

3 min

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ശമ്പളം 34370 രൂപ, അവസരങ്ങള്‍ 2000: നേരിടാം തയ്യാറെടുപ്പോടെ

Nov 21, 2018