ഐ.എ.എസ് എന്താ മലയാളത്തിലെഴുതിയാല്‍


ജോബിന്‍ എസ്. കൊട്ടാരം

3 min read
Read later
Print
Share

വ്യക്തമായ ലക്ഷ്യത്തോടെയും കൃത്യമായ തന്ത്രങ്ങളോടെയും തയ്യാറെടുക്കുന്ന ഓരോ വിദ്യാർഥിക്കും മലയാളത്തിൽ മുഴുവൻ പരീക്ഷയുമെഴുതി സിവിൽ സർവീസ് സ്വന്തമാക്കാം

രോ ബിരുദധാരിയുടെയും സ്വപ്നമാണ്‌ സിവിൽ സർവീസ്‌. എന്നാൽ, അതിലേക്കുള്ള കടമ്പകൾ കഠിനമാണ്. മിടുക്കേറേയുണ്ടായിട്ടും മറ്റുസംസ്ഥാനക്കാരെ അപേക്ഷിച്ച് ഐ.എ.എസ്. നേടുന്ന മലയാളികൾ കുറവാണ്. വടക്കേ ഇന്ത്യക്കാർ അവരുടെ ഭാഷയായ ഹിന്ദിയിലും മറ്റുസംസ്ഥാനക്കാർ മാതൃഭാഷകളിലും പരീക്ഷയെഴുതുമ്പോൾ മലയാളികളിൽ ഇംഗ്ലീഷിൽ എഴുതി പരിചയമില്ലാത്തവരും മലയാളത്തിൽ എഴുതാൻ ശ്രമിക്കാത്തത് അതിലൊരുകാരണമാണ്. ഇംഗ്ലീഷിൽ എഴുതേണ്ടെന്നല്ല. മലയാളത്തിലും പരീക്ഷ എഴുതാമെന്നിരിക്കെ വലിയൊരു സാധ്യതയാണ് നമ്മൾ നഷ്ടപ്പെടുത്തുന്നത്.

എഴുതാം 22 ഭാഷകളിൽ

ഭരണഘടന അംഗീകരിച്ച മലയാളമടക്കമുള്ള 22 ഭാഷകളിൽ സിവിൽ സർവീസ്‌ എഴുതാം. നേരത്തേ ഇതിന് വേണ്ടത്ര പരിശീലനമോ പുസ്തകങ്ങളോ ലഭ്യമല്ലായിരുന്നു. വ്യക്തമായ ലക്ഷ്യത്തോടെയും കൃത്യമായ തന്ത്രങ്ങളോടെയും തയ്യാറെടുക്കുന്ന ഓരോ വിദ്യാർഥിക്കും മലയാളത്തിൽ മുഴുവൻ പരീക്ഷയുമെഴുതി സിവിൽ സർവീസ് സ്വന്തമാക്കാം.

പരീക്ഷയ്ക്ക് മൂന്നുഘട്ടം

മൂന്നു ഘട്ടമായാണ്‌ സിവിൽ സർവീസ്‌ പരീക്ഷ - പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ. പൊതുവിജ്ഞാനം അളക്കുന്ന ജനറൽ സ്റ്റഡീസ്‌ പേപ്പറും ആപ്‌റ്റിറ്റ്യൂഡ്‌ പരിശോധിക്കുന്ന സീസാറ്റ്‌ പേപ്പറുമാണ്‌ പ്രിലിമിനറിയിൽ. ഇതിൽ സീസാറ്റ്‌ പരീക്ഷയുടെ മാർക്ക്‌ അന്തിമഫലത്തിൽ കണക്കാക്കില്ല. എന്നാൽ, കുറഞ്ഞത്‌ 33.33 ശതമാനം മാർക്ക്‌ സീസാറ്റിൽ നേടണം.

200 മാർക്കിൻറേതാണ്‌ ജനറൽ സ്റ്റഡീസ്‌ വിഭാഗം. ഇതിൽ 107.34 മാർക്കു വാങ്ങിയ ജനറൽ കാറ്റഗറിക്കാരും 106 മാർക്കു വാങ്ങിയ ഒ.ബി.സി. വിഭാഗക്കാരും 94 മാർക്കു വാങ്ങിയ എസ്‌.സി. വിഭാഗക്കാരും 91.34 മാർക്കു വാങ്ങിയ എസ്‌.ടി. വിഭാഗക്കാരും 2015-ലെ പ്രിലിമിനറി പരീക്ഷ പാസായിരുന്നു. അതായത്‌ ഏതാണ്ട്‌ 54.7 ശതമാനം മാർക്ക്‌ സ്കോർ ചെയ്താൽ ജനറൽ കാറ്റഗറിക്കാർക്കും പ്രിലിമിനറി പാസാകാം. ഒബ്‌ജക്ടീവ്‌ ടൈപ്പ്‌ ചോദ്യങ്ങളാണ്‌ പ്രിലിമിനറി പരീക്ഷയ്ക്കുണ്ടാകുക.

മെയിൻ പരീക്ഷയ്ക്കാണ്‌ മലയാളത്തിന്റെ സാധ്യത കൂടുതൽ പ്രയോജനപ്പെടുത്താനാവുക. ഒമ്പത്‌ പേപ്പറുകളാണ്‌ മെയിൻ പരീക്ഷയ്ക്കുള്ളത്‌. ഇതിൽ കമ്പൽസറി ഇംഗ്ളീഷ്‌, കമ്പൽസറി റീജ്യണൽ ലാംഗ്വേജ്‌ എന്നീ പേപ്പറുകൾക്ക്‌ മിനിമം 25 ശതമാനം മാർക്ക്‌ നേടിയാൽമതി. ഇവയുടെ മാർക്ക്‌ അന്തിമഫലത്തിനൊപ്പം കൂട്ടില്ല.

250 മാർക്കിന്റെ എസ്സെ പേപ്പറാണ്‌ ആദ്യത്തേത്‌. സെക്‌ഷൻ എ, സെക്‌ഷൻ ബി എന്നിവിടങ്ങളിലായി എട്ട്‌ ചോദ്യങ്ങളുണ്ടാകും. ഓരോ സെക്‌ഷനിൽനിന്നും ഓരോ ചോദ്യംവീതം തിരഞ്ഞെടുക്കാം. 1000 മുതൽ 1200 വാക്കുകൾ വരെ ഉപയോഗിച്ച്‌ ഉപന്യാസമെഴുതാം.

മലയാളത്തിൽ കുറഞ്ഞത്‌ 200 ഉപന്യാസങ്ങളെങ്കിലും എഴുതിപ്പഠിക്കുന്ന ഒരു വിദ്യാർഥിക്ക്‌ കുറഞ്ഞത്‌ 125 മുതൽ 150 മാർക്കുവരെ ഈ പേപ്പറിനു നേടാം. ഇനിയുള്ളത്‌ 250 മാർക്കുവീതമുള്ള മൊത്തം 500 മാർക്കിന്റെ ഓപ്‌ഷണൽ പേപ്പറുകളാണ്‌. മലയാള സാഹിത്യം ഓപ്‌ഷണൽ വിഷയമായി തിരഞ്ഞെടുക്കാം. നന്നായി തയ്യാറെടുക്കുകയാണെങ്കിൽ 250 മുതൽ 300 വരെ മാർക്ക്‌ മലയാളം ഓപ്‌ഷണലിന്‌ ഉറപ്പിക്കാം.

മലയാളത്തിൽ പരീക്ഷയെഴുതുന്ന ഒരാൾ 125 മാർക്ക്‌ എസ്സേ പേപ്പറിന്‌ വാങ്ങിയാൽ അയാൾക്ക്‌ ജനറൽ സ്റ്റഡീസ്‌ പേപ്പറിന്‌ 40 ശതമാനം മാർക്ക്‌ സ്കോർ ചെയ്യാൻ പറ്റുകയാണെങ്കിൽപ്പോലും 400 മാർക്ക്‌ നാലു ജനറൽ സ്റ്റഡീസ്‌ പേപ്പറിനുംകൂടി വാങ്ങാം. ഓപ്‌ഷണലിന്‌ 275 (55 ശതമാനം) മാർക്ക്‌ വാങ്ങിയാൽപ്പോലും എഴുത്തുപരീക്ഷയിൽ അയാളുടെ ആകെ മാർക്ക്‌ 800 ആണ്‌. 2015-ലെ സിവിൽ സർവീസ്‌ പരീക്ഷയ്ക്ക്‌ കുറഞ്ഞത്‌ 676 മാർക്ക്‌ കിട്ടിയ ജനറൽ വിഭാഗക്കാരെ ഇന്റർവ്യൂവിന് വിളിച്ചിട്ടുണ്ട്‌.

275 മാർക്കാണ്‌ ഇന്റർവ്യൂവിന്‌. ഇതിൽ ശരാശരി 150 മാർക്കു വാങ്ങിയാൽ ആകെ മാർക്ക് 950 ആവും. 877 മാർക്കു വാങ്ങിയ ഉദ്യോഗാർഥികൾ യു.പി.എസ്‌.സി.യുടെ ഫൈനൽ ലിസ്റ്റിൽ സ്ഥാനംപിടിച്ച്‌ സിവിൽ സർവീസിന്റെ ഭാഗമായിട്ടുണ്ട്‌.

ജനറൽ സ്റ്റഡീസ്‌

നാല്‌ ജനറൽ സ്റ്റഡീസ്‌ പേപ്പറിനുംകൂടി 1000 മാർക്കാണുള്ളത്‌ (250 മാർക്കു വീതം) ഇന്ത്യൻ സംസ്കാരം, കല, സാഹിത്യം, വാസ്തുവിദ്യ, ആധുനിക ഇന്ത്യാ ചരിത്രം, സ്വാതന്ത്ര്യസമരം, സ്വാതന്ത്ര്യാനന്തര ഇന്ത്യ, ലോകചരിത്രം, ഇന്ത്യൻ സൊസൈറ്റി, െഡെവേഴ്‌സിറ്റി, സ്ത്രീശാക്തീകരണം, ആഗോളവത്‌കരണം, ഇന്ത്യ-ഫിസിക്കൽ ജോഗ്രഫി, വേൾഡ്‌ ജ്യോഗ്രഫി എന്നിവയാണ്‌ ജനറൽ സ്റ്റഡീസ്‌ പേപ്പർ ഒന്നിൽ വിഷയമായിവരിക.

ജനറൽ സ്റ്റഡീസ്‌ പേപ്പർ രണ്ടിൽ ഗവേണൻസ്‌, ഇന്ത്യൻ ഭരണഘടന, സാമൂഹികനീതി, പൊളിറ്റിക്സ്‌, ഇന്റർനാഷണൽ റിലേഷൻസ്‌ എന്നിവയാണ്‌ പഠിക്കേണ്ടത്‌. ജനറൽ സ്റ്റഡീസ്‌ പേപ്പർ മൂന്നിൽ ടെക്‌നോളജി, ഇക്കണോമിക്‌ ഡെവലപ്‌മെന്റ്‌, ജൈവവൈവിധ്യം, എൻവയോൺമെന്റ്‌, സെക്യൂരിറ്റി, ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ എന്നിവയാണ്‌ വിഷയമായിവരിക.

സിവിൽ സർവീസ്‌ ഉദ്യോഗസ്ഥരിൽ ധാർമികമൂല്യം വളർത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി യു.പി.എസ്‌.സി. കൊണ്ടുവന്ന പുതിയ പേപ്പാണ്‌ ജനറൽ സ്റ്റഡീസ്‌ േപപ്പർ നാലിലുള്ള എത്തിക്സ്‌, ഇൻറഗ്രിറ്റി ആൻഡ്‌ ആപ്‌റ്റിറ്റ്യൂഡ്‌. 250 മാർക്കിൽ പകുതിയിലധികം കേസ്‌ സ്റ്റഡീസ്‌ ആണ് വരിക. എത്തിക്കൽ തിയറികളുടെ അടിസ്ഥാനത്തിൽവേണം ഈ കേസ്‌ സ്റ്റഡികൾക്ക്‌ ഉത്തരം നൽകേണ്ടത്‌.


മലയാളത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തണം

മലയാളത്തിൽ പരീക്ഷയെഴുതുമ്പോൾ പേപ്പർ മൂല്യനിർണയം കേരളത്തിലാണ്. എന്നാൽ, ഇവിടത്തെ പല അധ്യാപകർക്കും മലയാളത്തിൽ പരീക്ഷ എഴുതുന്നവരോട് മതിപ്പില്ല. അവനൊന്നും അങ്ങനെ എളുപ്പത്തിൽ കലക്ടറാവേണ്ട എന്നാണ് പലരുടെയും മനോഭാവം. ഇതു മാറണമെന്ന് മലയാളത്തിൽ പരീക്ഷയെഴുതിയ ലിപിൻ രാജ് പറയുന്നു.

സിവിൽ സർവീസ് പരീക്ഷയിൽ ഏതു ഭാഷയിൽ എഴുതുന്നു എന്നതിനല്ല, മറിച്ച് എത്രത്തോളം അറിവുണ്ട് എന്നതിനാണ് പ്രാധാന്യം. കേരളത്തിലെ ഒരു സർക്കാർ സ്കൂളിൽ പഠിച്ച വിദ്യാർഥി ഇംഗ്ളീഷിൽ പരീക്ഷയെഴുതി ജെ.എൻ.യു.വിലെയോ സെന്റ് സ്റ്റീഫൻസിലെയോ വിദ്യാർഥിയോട് മത്സരിക്കുന്നതിലും നല്ലത് മലയാളത്തിൽ സാധ്യത ഉപയോഗപ്പെടുത്തുന്നതാണ്.


ലിപിൻ രാജ്, ഐ.ആർ.എസ്.


ആത്മവിശ്വാസം വർധിപ്പിക്കും

മലയാളത്തിലാവുമ്പോൾ ചിന്തകളും ആശയങ്ങളും ഒട്ടും ചോരാതെ എഴുതാം. ഒരു ശരാശരി മലയാളി ഇംഗ്ളീഷിൽ പഠിച്ചാലും ചിന്തിക്കുന്നതും ആശയങ്ങൾ രൂപപ്പെടുത്തുന്നതും മലയാളത്തിലാണ്. ഇംഗ്ളീഷിൽ പഠിച്ച്, മലയാളത്തിൽ ചിന്തിച്ച് ഇംഗ്ലീഷിൽ എഴുതേണ്ടിവരുമ്പോൾ ആശയശോഷണം സംഭവിക്കാം. മലയാളത്തിൽ പരീക്ഷയെഴുതുന്നത് വിദ്യാർഥികളിൽ ആത്മവിശ്വാസം വർധിപ്പിക്കും.

കാണാതെ പഠിച്ച് എഴുതാവുന്ന ഒന്നല്ല സിവിൽ സർവീസ് പരീക്ഷ. നമ്മുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളുമാണ് ഉത്തരങ്ങളാവേണ്ടത്. അതിനാൽ ചിന്തകൾ മാതൃഭാഷയിലാക്കി എഴുതുന്നത് സിവിൽ സർവീസ് പരീക്ഷയിൽ മുന്നിലെത്താൻ മലയാളിയെ സഹായിക്കും.

ജ്യോതിസ് മോഹൻ ഐ.ആർ.എസ്., ഡെപ്യൂട്ടി കമ്മിഷണർ, ഇൻകം ടാക്സ്, മുംബൈ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

4 min

ഭിന്നശേഷിക്കാരും തൊഴില്‍ ആനുകൂല്യങ്ങളും

Oct 12, 2019


mathrubhumi

3 min

മികച്ച കരിയര്‍ അവസരങ്ങളുമായി റോബോട്ടിക്‌സ്

Feb 7, 2018


mathrubhumi

1 min

കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ്; തുടക്കശമ്പളം 25,000 രൂപ

Nov 8, 2017