വാചാലം, ഇവരുടെ നൈപുണ്യം


By എം.ആര്‍. സിജു

3 min read
Read later
Print
Share

ഭിന്നശേഷിക്കാര്‍ക്കുകൂടി നൈപുണിപരിശീലനംനല്‍കി അവരെ തൊഴില്‍സജ്ജരാക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) നടത്തിയ പരീക്ഷണത്തിന്റെ വിജയം ഇവരെപ്പോലുള്ള ആയിരങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

ബി.എസ്. ബാലു, ജോബിസ് ജെയിന്‍, മാത്യു ഫിലിപ്പ്... പട്ടിക ഇവിടെ തീരുന്നില്ല. ഇവര്‍ നമുക്കൊപ്പമുള്ളവരാണ്. ശ്രവണ-സംസാര വൈകല്യവുമായി നാളുകള്‍ തള്ളിനീക്കിയവര്‍. 'നാളെ'യ്ക്കുമുന്‍പില്‍ പകച്ചുനിന്ന ആയിരങ്ങളില്‍ ചിലര്‍. സ്വന്തം കാര്യം നോക്കാന്‍ എന്തെങ്കിലും ഒരു ജോലി എന്ന സ്വപ്നം എന്നും മനസ്സില്‍ കൊണ്ടുനടന്നവര്‍. നന്നായി വരയ്ക്കാനും ആഭരണങ്ങളും വസ്ത്രങ്ങളും രൂപകല്പനചെയ്യാനും കഴിവുള്ളവരായിരുന്നു മിക്കവരും. അതിനനുസരിച്ചുള്ള ജോലിയായിരുന്നു അവരുടെ സ്വപ്നം. ആ സ്വപ്നം യാഥാര്‍ഥ്യമായപ്പോള്‍ അവര്‍ക്ക് സന്തോഷം അടക്കാനാകുന്നില്ല.

ഇവര്‍ക്കൊരു തൊഴിലുണ്ട് ഇന്ന്. അതവരുടെ ജീവിതംതന്നെ മാറ്റിമറിച്ചു. പരിമിതികളെ ആത്മവിശ്വാസംകൊണ്ട് മറികടന്നാണ് ഇവര്‍ സ്വന്തം വഴി തിരഞ്ഞെടുത്തത്. മലയാളത്തിനുപുറമേ ഇംഗ്ലീഷ് ഭാഷകൂടി തെറ്റില്ലാതെ എഴുതാനും അവര്‍ പരിശീലിച്ചു. അതുവഴി മികച്ച ആശയവിനിമയശേഷിയും സ്വന്തമാക്കി.

തിരുവനന്തപുരം തിരുമല സ്വദേശി ബാലു ഇപ്പോള്‍ മുംബൈ ഹാരിസണ്‍ ഇന്റര്‍നാഷണലില്‍ ഡിസൈനറാണ്. പഠിച്ചത് ജൂവലറി ഡിസൈനിങ്. കോട്ടയം കടപ്ലാമറ്റം സ്വദേശി ജോബിസ് ജെയ്നും കണ്ണൂര്‍ ആലക്കോട് സ്വദേശി മാത്യു ഫിലിപ്പും ട്രൈസോണ്‍ ഇന്‍ഫോ സൊല്യൂഷന്‍സില്‍ ഗ്രാഫിക് ഡിസൈനര്‍മാരാണ്. പഠിച്ചത് ആനിമേഷന്‍ കോഴ്സ്.

ഭിന്നശേഷിക്കാര്‍ക്കുകൂടി നൈപുണിപരിശീലനംനല്‍കി അവരെ തൊഴില്‍സജ്ജരാക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) നടത്തിയ പരീക്ഷണത്തിന്റെ വിജയം ഇവരെപ്പോലുള്ള ആയിരങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

പരിശീലനം വെല്ലുവിളി
ശ്രവണ-സംസാര വൈകല്യമുള്ള കുട്ടികള്‍ക്ക് നൈപുണിപരിശീലനം നല്‍കാനുള്ള പദ്ധതി വളരെക്കാലമായി ആലോചനയിലുള്ളതാണ്. ഇത്തരക്കാരുടെ ആശയവിനിമയ മാര്‍ഗമായ ആംഗ്യഭാഷ (ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ്)യിലൂടെ എങ്ങനെ പരിശീലനം നല്‍കും എന്നതായിരുന്നു പ്രധാന വെല്ലുവിളി. ഇതിനെ മറികടന്നത് തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങുമായി (നിഷ്) ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ്. അസാപിലെ സ്‌കില്‍ ഡെവലപ്‌മെന്റ് എക്‌സിക്യുട്ടീവ് അംഗങ്ങള്‍ നിഷില്‍നിന്ന് ആംഗ്യഭാഷ പഠിച്ചശേഷമാണ് കോഴ്സ് ഡിസൈന്‍ചെയ്തത്. ആംഗ്യഭാഷ അറിയാവുന്ന പരിശീലകനും നൈപുണി കോഴ്സിന്റെ പരിശീലകനും ഒത്തുചേര്‍ന്നുള്ള ക്ലാസുകള്‍ മികച്ചതാണെന്ന് ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കിയവര്‍ 'പറയാതെ' പറയുന്നു.

പ്ലേസ്മെന്റിന് പദ്ധതി

പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴിലവസരം ഉറപ്പുവരുത്തുകയാണ് പ്രധാനം. അതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഭിന്നശേഷി പലതരമാണ്. അതിനനുസരിച്ചാണ് പരിശീലനം നല്‍കുന്നത്. കാഴ്ചവൈകല്യമുള്ളവര്‍, മാനസികവെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയവരെക്കൂടി ഉള്‍പ്പെടുത്തി പരിശീലനം വിപുലപ്പെടുത്തുന്നത് ആലോചനയിലാണ്.
ഹരിത വി. കുമാര്‍, സി.ഇ.ഒ., അസാപ്

പരിഗണിച്ചത് ജോലിസാധ്യത
ഭിന്നശേഷിയുള്ളവര്‍ക്ക് ഇണങ്ങുന്നതും ജോലിസാധ്യത കൂടുതലുള്ളതുമായ മൂന്ന് കോഴ്സുകള്‍ ദേശീയ നൈപുണിവിദ്യാഭ്യാസ ശ്രേണിയില്‍നിന്ന് തിരഞ്ഞെടുത്തു. ആനിമേഷന്‍, ജൂവലറി മേക്കിങ്, അസിസ്റ്റന്റ് ഫാഷന്‍ ഡിസൈനര്‍ എന്നിവയെ ശ്രവണ-സംസാര വൈകല്യമുള്ളവര്‍ക്കായി പുനഃക്രമീകരിച്ചത് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. അസാപിന്റെ 150 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലന മൊഡ്യൂള്‍ ഇവര്‍ക്കായി പുനരാവിഷ്‌കരിച്ചു. ശ്രവണ-സംസാര വൈകല്യമുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള ഉദാഹരണങ്ങള്‍, പ്രായോഗികപരിശീലനത്തിന് മുന്‍തൂക്കം നല്‍കിയുള്ള പഠന പ്രവര്‍ത്തനങ്ങള്‍ എന്നിവ കോഴ്സിലുള്‍പ്പെടുത്തി. സാധാരണക്ലാസില്‍ 30 കുട്ടികളെ പരിശീലിപ്പിക്കുമ്പോള്‍ ഭിന്നശേഷിയുള്ളവരെ പത്തായി നിജപ്പെടുത്തി. ഇത് ഓരോ പഠിതാവിനും പ്രത്യേക ശ്രദ്ധ കിട്ടുന്നതിന് സഹായകമായി.

പരീക്ഷണം വിജയം
ആനിമേഷനിലും ജൂവലറി മേക്കിങ്ങിലും പത്തുപേര്‍ വീതമാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള പരിശീലനം പൂര്‍ത്തിയാക്കിയത്. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 200 മണിക്കൂറാണ് പരിശീലനം. ഇതിനുപുറമേ 150 മണിക്കൂര്‍ ഇന്റേണ്‍ഷിപ്പുമുണ്ട്.

ആനിമേഷന് തിരുവനന്തപുരം വിസ്മയ മാക്‌സും ജൂവലറി മേക്കിങ്ങിന് മലപ്പുറത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെം ആന്‍ഡ് ജൂവലറിയുമാണ് അസാപിനായി ഇന്റേണ്‍ഷിപ്പ് നല്‍കിയത്. ഏറെ തൊഴിലവസരങ്ങളുള്ള ഫാഷന്‍ ഡിസൈനിങ് കോഴ്സിലിപ്പോള്‍ പത്തുപേരാണ് പരിശീലനം തേടുന്നത്. കഴക്കൂട്ടത്തെ അപ്പാരല്‍ പാര്‍ക്കിലാണ് ഇവര്‍ക്ക് ഇന്റേണ്‍ഷിപ്പ്.

പൈലറ്റ് പ്രോജക്ട് വിജയംകണ്ടതോടെ പരിശീലനം വിപുലമാക്കാന്‍ പദ്ധതി തയ്യാറാക്കുമെന്ന് അസാപ് പരിശീലനവിഭാഗം മേധാവി അനില്‍ കുമാറും പ്രോഗ്രാം മാനേജര്‍ രമ്യാ ശ്യാമപ്രസാദും പറയുന്നു. കൂടുതല്‍ കോഴ്സുകള്‍ ഇനി ഉള്‍പ്പെടുത്തുന്നതും അസാപ് പരിഗണിക്കുന്നു.

എക്‌സ്ട്രാ ആയി ഇതും
അടുത്ത ബാച്ചുമുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലനംമാത്രല്ല ഉണ്ടാകുക. ഉപഭോക്താക്കളോടുള്ള ആശയവിനിമയശേഷി മികച്ചതാക്കാനുള്ള പരിശീലനവും കോഴ്സിന്റെ ഭാഗമാക്കി. ഫൗണ്ടേഷന്‍ മൊഡ്യൂള്‍ എന്ന സ്‌കീമില്‍ ഉള്‍പ്പെടുത്തി കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ 100 മണിക്കൂറും ഐ.ടി.യില്‍ 80 മണിക്കൂറുമാകും പരിശീലനം നല്‍കുക. എഴുത്തിലൂടെ മികച്ച ഭാഷാശൈലി രൂപപ്പെടുത്തുകയാണ് പ്രധാനലക്ഷ്യം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

3 min

ഐ.എ.എസ് എന്താ മലയാളത്തിലെഴുതിയാല്‍

Apr 16, 2019


mathrubhumi

3 min

കെ.എ.എസ്: ഒരുങ്ങാം, കേരളത്തിന്റെ സ്വന്തം സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക്

Nov 9, 2019


mathrubhumi

6 min

എസ്.എസ്.സി: കേന്ദ്ര സര്‍വീസിലേക്കൊരു ഗ്രീന്‍ ചാനല്‍

Oct 19, 2019