മുതലാളിയാകണോ തൊഴിലാളിയാകണോ? ചോയ്‌സ് നിങ്ങളുടേത്


എം.ആർ. സിജു

3 min read
Read later
Print
Share

റ്റ് സർവകലാശാലകൾക്കില്ലാത്ത എന്തുപ്രത്യേകതയാണ് നിങ്ങൾക്കെന്ന് എം.ജി. സർവകലാശാലയിലെ പി.ജി., പിഎച്ച്.ഡി. പഠിതാക്കളോട് ചോദിച്ചു നോക്കൂ. അവർ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുക സർവകലാശാല കാമ്പസിലെ ബിസിനസ് ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ സെന്റർ (ബി.ഐ.ഐ.സി.) പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കാകും. ഇതിലെന്താ ഇത്ര പ്രത്യേകതയെന്ന് അന്വേഷിച്ചാൽ തിരിച്ചൊരു ചോദ്യം അവർ ചോദിക്കും. പഠനം കഴിഞ്ഞ് നിങ്ങൾക്ക് തൊഴിലാളിയാകണോ അതോ മുതലാളിയാകണോ എന്ന്.

ഐഡിയ കാൻ ചേഞ്ച്

വിദ്യാർഥികളിൽ സംരംഭക മനോഭാവം വളർത്തിയെടുക്കാനും തൊഴിൽ അന്വേഷകരിൽനിന്ന് തൊഴിൽദാതാക്കളായി മാറ്റാനുമുള്ള ലക്ഷ്യത്തിൽനിന്നാണ് ബി.ഐ.ഐ.സി.യുടെ പിറവി. സർവകലാശാലയുടെ അഫിലിയേറ്റ് കോളേജുകളിലെയും കാമ്പസിലെ വിവിധ വകുപ്പുകളിലെയും പി.ജി. വിദ്യാർഥികൾക്കും പി.എച്ച്.ഡി. സ്‌കോളേഴ്‌സിനുമാണ് ഇത് കൂടുതൽ പ്രയോജനപ്പെടുക. ഹയർ സെക്കൻഡറി, ബിരുദ വിദ്യാർഥികൾക്കൊപ്പം സാധാരണക്കാർക്കും അവസരമുണ്ട്.

പഠനത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന പ്രോജക്ടുകൾ നടപ്പാക്കാൻ താത്‌പര്യമുള്ളവർക്ക് ഇവിടെയെത്താം. സംരംഭം തുടങ്ങാനാവശ്യമായ എല്ലാസഹായവും ഇവിടെ കിട്ടും. സർവകലാശാലയിലെ വിവിധവകുപ്പുകളിലെ വിദഗ്ധരുടെ സഹായമാണ് സെന്ററിന്റെ പ്രധാന ഹൈലൈറ്റ്. ആശയങ്ങളെ വ്യവസായങ്ങളാക്കി മാറ്റാൻ അവർ സഹായിക്കും.

ഐ.ടി. മാത്രമല്ല

ഐ.ടി. അധിഷ്ഠിത സംരംഭം മാത്രമല്ല ഏതുമേഖലയും തിരഞ്ഞെടുക്കാം. സംരംഭം തുടങ്ങാൻ പണച്ചെലവില്ലേ, സ്ഥലം വേണ്ടേ, വിപണനം എങ്ങനെ നടത്തും. ഇത്തരം ചോദ്യങ്ങൾക്കൊന്നും പ്രസക്തിയില്ലെന്നാണ് ബി.ഐ.ഐ.സി. ഡയറക്ടർ ഡോ. ഇ.കെ. രാധാകൃഷ്ണൻ പറയുന്നത്. പ്രോജക്ട് ചെയ്യുമ്പോൾ അതിന്റെ വ്യവസായ സാധ്യതകൂടി ആലോചിക്കൂ.

ചെറിയ മുതൽമുടക്കിൽ ചെയ്യാവുന്ന ഒട്ടേറെ പ്രോജക്ടുകളുണ്ട്. പിന്നെ മൂന്നുകാര്യങ്ങൾ ഓർമയിലുണ്ടാകണം. തീരുമാനങ്ങൾ പെട്ടെന്ന് എടുക്കാനുള്ള കഴിവ്, റിസ്‌ക് എടുക്കാനുള്ള ധൈര്യം, ക്രിയേറ്റീവായി ചിന്തിക്കാനുള്ള മനസ്സ്.

വരൂ, ആശയവുമായി

ആശയങ്ങളുമായി വരുന്നവരെ വിവിധതലത്തിലുള്ള ചർച്ചകളിലൂടെയാണ് സംരംഭകരായി രൂപപ്പെടുത്തുക. ആശയം ചർച്ചചെയ്യാനും അതിന്റെ സാധ്യതകൾ പരിശോധിക്കാനും വിദഗ്ധരുടെ പാനലുണ്ടാകും. വിജയിച്ചാൽ ആദ്യപടി കയറിയെന്നുറപ്പിക്കാം. 10,000 രൂപയുടെ ആദ്യ ഗ്രാന്റ് ലഭിക്കും. പിന്നെയുമുണ്ട് വിവിധതലങ്ങൾ. വികസനവും ഗവേഷണവും (research and development), ആദ്യമാതൃക തയ്യാറാക്കൽ (prototype), സ്ഥാപനത്തിന്റെ തുടക്കം (startup), വിപണി (market) ഇതിലെല്ലാം വിദഗ്ധരുടെ ഇടപെടലും മാർഗനിർദേശവുമുണ്ടാകും.

ബി.ഐ.ഐ.സി.യിൽ ഇപ്പോൾ 20 സ്റ്റാർട്ടപ്പുകളുടെ ഓഫീസ് പ്രവർത്തിക്കാനാവശ്യമായ സൗകര്യമുണ്ട്. ഇത് വിപുലപ്പെടുത്തുന്നതിനുള്ള നടപടി സർവകലാശാല തുടങ്ങി. റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സഹായം, ലൈസൻസ്, പേറ്റന്റ്, ട്രേഡ് മാർക്ക്, കോപ്പി റൈറ്റസ് രജിസ്‌ട്രേഷൻ, ടെക്‌നോളജി ട്രാൻസ്ഫർ, പരിശീലനം, വിപണനം ഇവയ്‌ക്കെല്ലാം സഹായം ലഭിക്കും. വിദേശസർവകലാശാലകളിലെ വിദഗ്ധരുടെ ഉപദേശവും മാർഗനിർദേശവും ഉറപ്പാണ്.

ഉത്പന്നത്തിൽ ബി.ഐ.ഐ.സി.യുടെ ലേബലും ഉപയോഗിക്കാം. നിങ്ങളുടെ ഓഫീസ് പ്രവർത്തിപ്പിക്കാനാവശ്യമായി സൗകര്യം സെന്റർ നൽകും. മൂന്നുവർഷം വരെ ഇതുപ്രയോജനപ്പെടുത്താം. അതിനുള്ളിൽ നിങ്ങൾ സ്വയംപര്യാപ്തരാകണം

ഇതൊക്കെ എന്ത്

രജിസ്റ്റർ ചെയ്ത നാലുകമ്പനികളിൽ മൂന്നും വിദ്യാർഥികളുടേതാണ്. ജൈവകീടനാശിനിയും ചെടികളുടെ രോഗപ്രതിരോധശേഷി കൂട്ടാനുള്ള വാക്‌സിനേഷനും നിർമിക്കുന്ന ഇന്റീരിയസ് ബയോ റിസർച്ച് സെന്ററാണ് ഇതിലൊന്ന്. സമ്മേളനങ്ങൾക്കും സെമിനാറുകൾക്കും ആവശ്യമായ പരിസ്ഥിതി സൗഹൃദ ഉത്‌പന്നങ്ങളുണ്ടാക്കുന്ന ഇക്കോ ലവിങ് അഡ്വാൻസ്‌മെന്റാണ് (ഇല) മറ്റൊന്ന്. ശരീരത്തിന് ഹാനികരമല്ലാത്ത ഹെൽത്ത് കെയർ ഉത്‌പന്നങ്ങൾ നിർമിക്കുന്ന കലാബുറ ലാബാണ് മൂന്നാമൻ.

എ ഗ്രേഡ് ടൂൾസ് സെന്ററിലെത്തിയത് നിലവിലുള്ള ഉത്പന്നത്തിന്റെ പോരായ്മ പരിഹരിക്കാനായിരുന്നു. പഴങ്ങളും മറ്റും കിളികൾ തിന്നാതിരിക്കാൻ സഹായിക്കുന്ന കവറാണ് ഇവരുടെ ഉത്പന്നം. പേറ്റന്റ് രജിസ്‌ട്രേഷനായി 23 ആശയങ്ങൾ നൽകി. 121 സ്റ്റുഡന്റ് സ്റ്റാർട്ടപ്പുകൾക്ക് ഒന്നാംഘട്ട ഗ്രാന്റ് കൈമാറി.

റൂസയുടെ സഹായം
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താനുള്ള റൂസ (രാഷ്ട്രീയ ഉച്ഛാധർ ശിക്ഷാ അഭിയാൻ) യിൽനിന്ന് ഇത്തവണ 50 കോടി രൂപയാണ് ഗ്രാന്റായി ലഭിക്കുന്നത്. ഇതിൽ 15 കോടി രൂപ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനത്തിന് വിനിയോഗിക്കും.
-പ്രൊഫ. സാബു തോമസ് (വൈസ് ചാൻസലർ, എം.ജി. സർവകലാശാല)

വേണം, പുതിയൊരു മനോഭാവം
പഠനംകഴിയുമ്പോൾ സ്റ്റാർട്ടപ്പ് തുടങ്ങുകയെന്നത് വിദേശസർവകലാശാലകളിൽ പതിവാണ്. നമുക്കും ഇവിടെ അത്തരം മനോഭാവം വളർത്തിക്കൊണ്ടുവരണം. ഇപ്പോൾ 40 വിദേശ സർവകലാശാലകൾ വിവിധതലങ്ങൾ സഹകരിക്കുന്നുണ്ട്.
-പ്രൊഫ. സി.ടി. അരവിന്ദകുമാർ (പ്രോ വൈസ് ചാൻസലർ)

ലാസ്റ്റ് പോയന്റ്

വ്യവസായസംരംഭം എന്നത് തുടർപ്രക്രിയയാണ്. വിപണിയെക്കുറിച്ച് സംരംഭകൻ നന്നായി പഠിക്കണം. ആരാണ് ഉപയോക്താവ് എന്നും എന്താണ് അവരുടെ ആവശ്യമെന്നും അറിയണം. നമ്മുടെ ഉത്‌പന്നത്തിന്റെ പ്രധാനഎതിരാളി ആരെന്ന് മനസ്സിലാക്കണം. അതിനനുസരിച്ച് ഉത്‌പന്നത്തിൽ മാറ്റംവരുത്തണം. തകർച്ചയുടെ ലക്ഷണം കാണുമ്പോഴേ പ്രതിവിധി കണ്ടെത്തണം. വിജയിച്ചവരുടെ പിന്നാലെ പോകാതെ സ്വന്തം കഴിവ് പ്രയോജനപ്പെടുത്തണം. സുതാര്യമായ ഇടപെടലും അച്ചടക്കമുള്ള പണവിനിയോഗവും സംരംഭത്തിന്റെ വിജയത്തിന് അടിസ്ഥാനമാണെന്ന് അറിയണം.

Content Highlights: Business Innovation and Incubation Centre at MG University

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

സിവില്‍ പോലീസ് ഓഫീസര്‍ അപേക്ഷകര്‍ കുറയും; നിയമനസാധ്യത കൂടും

Jan 23, 2018


mathrubhumi

4 min

ക്വിസിന്റെ രസതന്ത്രം; അറിയാം, പഠിക്കാം

Nov 13, 2017


mathrubhumi

2 min

ഇന്റര്‍വ്യൂ, തയ്യാറെടുപ്പ് ഇങ്ങനെ

May 10, 2017