രാംനാഥ് കോവിന്ദ്; രാഷ്ട്രപതിയെ കുറിച്ച് അറിയേണ്ടതെല്ലാം


2 min read
Read later
Print
Share

സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും അശരണര്‍ക്കും സേവനം ലഭിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം

ഇന്ത്യയുടെ 14-ാമത്തെ രാഷ്ട്രപതിയാണ് രാം നാഥ് കോവിന്ദ്. കാണ്‍പൂരിലെ ദേഹതില്‍ 1945 ഒക്ടോബര്‍ 1 നായിരുന്നു രാം നാഥ് കോവിന്ദ് ജനിച്ചത്.

  • കാണ്‍പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കൊമേഴ്‌സിലും നിയമത്തിലും ബിരുദമെടുത്തു. ഔദ്യോഗികപരമായി ഒരു വക്കീലായിരുന്നു അദ്ദേഹം. 1971 ലാണ് അദ്ദേഹം ഡല്‍ഹി ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്യുന്നത്. 1978 ല്‍ അദ്ദേഹം സുപ്രീം കോടതിയില്‍ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് ആയി. 1978 മുതല്‍ 1993 വരെ 16 വര്‍ഷം അദ്ദേഹം സുപ്രീംകോടതിയില്‍ അഭിഭാഷകനായിരുന്നു. ജനതാപാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ അദ്ദേഹം സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വക്കീലായിരുന്നു.

  • 16 വര്‍ഷത്തെ പ്രാക്ടീസിനു ശേഷം 1991 ല്‍ അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നു. 1980 മുതല്‍ 1993 വരെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലക്‌നൗ ഡോ. ബി.ആര്‍ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയിലും കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലും ബോര്‍ഡ് മെമ്പര്‍ ആയും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

  • സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും അശരണര്‍ക്കും സേവനം ലഭിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. 1998 മുതല്‍ 2002 വരെ അദ്ദേഹം ബി.ജെ.പി ദളിത് മോര്‍ച്ചയുടെ അദ്ധ്യക്ഷനായിരുന്നു. പാര്‍ലമെന്റ് അംഗമായിരിക്കുമ്പോള്‍ ഗ്രാമീണ മേഖലയില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു. ദുര്‍ബല വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും സൗജന്യ നിയമസഹായം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. എം.പി ഫണ്ടുപയോഗിച്ച് ഉത്തര്‍പ്രദേശിലും ഉത്തരാഘണ്ഡിലും സ്‌കൂളുകള്‍ പണിതു നല്‍കി. സമൂഹത്തിലെ അവശ വിഭാഗങ്ങള്‍ക്ക് അദ്ദേഹം നിയമ സഹായം നല്‍കി.

  • ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം ഒന്നു രണ്ട് തിരഞ്ഞെടുപ്പുകളില്‍ കോവിന്ദ് മത്സരിച്ചിരുന്നു. എന്നാല്‍ അവയിലൊക്കെ പരാജയം നേരിട്ടെങ്കിലും കോവിന്ദിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ എന്‍.ഡി.എ അദ്ദേഹത്തെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. പാര്‍ലമെന്റിന്റെ പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ സമിതി, ആഭ്യന്തര സമിതി, പെട്രോളിയം-പ്രകൃതി വാതക സമിതി, സാമൂഹികനീതി-ശാക്തീകരണ സമിതി, നിയമ-നീതി സമിതി തുടങ്ങി നിരവധി കമ്മിറ്റികളില്‍ അംഗമാണ് അദ്ദേഹം. 2002 ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു സംസാരിച്ചു.

  • 2015 ആഗസ്റ്റ് 8 ന് അദ്ദേഹത്തെ ബിഹാര്‍ ഗവര്‍ണറായി നിയമിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ 21 നാണ് എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സാന്നിദ്ധ്യത്തില്‍ അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ജൂലൈ 21 ന് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ രാം നാഥ് കോവിന്ദ് ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 25 ന് ഇന്ത്യയുടെ പ്രഥമ പൗരമായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram