Photo: MP Unnikrishnan
2020-ലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഭിലാഷ് ആർ.എസ് തന്റെ പരീക്ഷാനുഭവങ്ങൾ പങ്കുവെക്കുന്നു
വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടർന്നാണ് പി.എസ്.സി. പഠനം ആരംഭിച്ചത്. നാട്ടിൽത്തന്നെ ജോലി നേടുകയായിരുന്നു ലക്ഷ്യം. ആറുമാസത്തോളം കഠിനമായി പ്രയത്നിച്ചു. പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലാണ് ആദ്യം പേര് വന്നത്. രണ്ടാം റാങ്കായിരുന്നു. അന്തർസർവകലാശാലാ തലത്തിൽ ഹാൻഡ് ബോൾ ചാംപ്യനായതിന്റെ വെയിറ്റേജ് മാർക്കും എഴുത്തുപരീക്ഷയിലെ മാർക്കും ചേർന്നപ്പോൾ മികച്ച റാങ്കായി.
പത്തോളം റാങ്ക് ലിസ്റ്റുകളിൽ
പരിശീലനം ഊർജിതമാക്കിയതോടെ കൂടുതൽ റാങ്ക് ലിസ്റ്റുകളിൽ പേര് വരാൻ തുടങ്ങി. ബീറ്റ് ഫോറസ്റ്റ് ഓഫീസർ, എൽ.ഡി.സി. റാങ്ക് ലിസ്റ്റുകളിൽ രണ്ടാം റാങ്ക്, ഫയർമാൻ റാങ്ക് ലിസ്റ്റിൽ (സംസ്ഥാനതലം) നാലാം റാങ്ക്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ലിസ്റ്റിൽ ഒന്നാം റാങ്ക് അങ്ങനെ പത്തോളം പി.എസ്.സി. റാങ്ക് ലിസ്റ്റുകളിൽ ഇടം നേടാനായി. ആദ്യത്തെ കുറച്ച് മാസങ്ങൾ പരിശീലന ക്ലാസ്സുകളിൽ പോയിരുന്നെങ്കിലും സാമ്പത്തിക പരാധീനതയെത്തുടർന്ന് അതവസാനിപ്പിച്ച് സ്വയം പഠനം തുടങ്ങി.
15 മണിക്കൂർ പഠനം
ഒരു ദിവസം 15 മണിക്കൂർ വരെ പഠനത്തിനായി ചെലവഴിച്ചിരുന്നു. എങ്ങനെ പഠിക്കണം എന്ന് പരിശീലന ക്ലാസിൽനിന്ന് മനസ്സിലാക്കിയിരുന്നു. അതനുസരിച്ചാണ് പഠനം ക്രമീകരിച്ചത്. മാതൃഭൂമി തൊഴിൽ വാർത്തയും ഹരിശ്രീയും മുടങ്ങാതെ വായിച്ചിരുന്നു. റാങ്ക് ഫയലുകളിലെ ചോദ്യങ്ങളും പിന്തുടർന്നു. പി.എസ്. സി. നടത്തിയിട്ടുള്ള എല്ലാ പരീക്ഷകളുടെയും മുൻ ചോദ്യപേപ്പറുകൾ വർക്കൗട്ട് ചെയ്‌യാറുണ്ടായിരുന്നു. ടെക്നിക്കൽ പരീക്ഷകളുടെ ചോദ്യപേപ്പറിൽ വരുന്ന പൊതുവിജ്ഞാന ചോദ്യങ്ങളും അതിൽപ്പെടും.
ഭാഷയും ഗണിതവും പഠിക്കണം
ഗണിതം, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഗങ്ങളിൽനിന്നാണ് റാങ്ക് നിർണയിക്കുന്ന ചോദ്യങ്ങൾ വരുന്നത്. അതുകൊണ്ട് ആ ഭാഗങ്ങൾക്ക് കൂടുതൽ ശ്രദ്ധകൊടുത്തിരുന്നു. ഈ ഭാഗങ്ങളിൽ നിന്നെല്ലാം ഒരു പ്രത്യേക പാറ്റേണിലുള്ള ചോദ്യങ്ങളാണ് എല്ലായ്പ്പോഴും വരുന്നത്. മുൻ ചോദ്യപേപ്പറുകൾ നോക്കിയാൽ ആ പാറ്റേൺ മനസ്സിലാക്കാൻ സാധിക്കും. ഇംഗ്ലീഷിൽ പദസമ്പത്ത്, ഗ്രാമർ എന്നീ വിഷയങ്ങളിൽ നിന്നാണ് നിരന്തരം ചോദ്യങ്ങൾ വരുന്നത്. അതിൽനിന്ന് ഒരു ചോദ്യം വന്നാൽ മാർക്ക് നഷ്ടപ്പെടാൻ പാടില്ല എന്നുറപ്പിച്ചാണ് പഠനം നടത്തിയത്. ചരിത്ര ബിരുദധാരിയായതിനാൽ ചരിത്രവും പൊതുവിജ്ഞാനവും പഠിക്കാനെളുപ്പമായിരുന്നു. സ്ഥിരം പത്രം വായിക്കുന്ന ശീലമുണ്ടായിരുന്നത് ആനുകാലികത്തിൽ നിന്നുള്ള ചോദ്യങ്ങൾ എളുപ്പമാക്കി. പത്താംക്ലാസ് കഴിഞ്ഞ് ജനറൽ സയൻസും ഗണിതവുമെല്ലാം പഠിക്കുന്നത് പി.എസ്.സിക്ക് വേണ്ടിയാണ്. അതുകൊണ്ട് കഠിന പരിശീലനം ആവശ്യമായി വന്നിരുന്നു. കൂടുതൽ സമയമെടുത്താണ് ഇവ പഠിച്ചത്.
കറക്കിക്കുത്തരുത്
ആദ്യമെഴുതിയ പരീക്ഷകളെ നെഗറ്റീവ് മാർക്ക് സാരമായി ബാധിച്ചിരുന്നു. ഉത്തരങ്ങൾ കറക്കിക്കുത്തി എഴുതുന്ന ശീലം ശരിയുത്തരങ്ങളുടെ മാർക്ക് കുറയാൻ കാരണമായി. അതോടെ ഭാഗ്യപരീക്ഷണങ്ങൾ അവസാനിപ്പിച്ചു. നന്നായി പഠിച്ചശേഷം നിരവധി മോക്ക് ടെസ്റ്റുകൾ എഴുതി നോക്കി. ചെറിയ സംശയമുള്ള ചോദ്യങ്ങളിൽ ഭാഗ്യപരീക്ഷണം നടത്തുന്നതിൽ തെറ്റില്ല. പക്ഷേ, ഭൂരിഭാഗം ചോദ്യങ്ങളും അങ്ങനെയാകരുത്.
എളുപ്പമുള്ള ചോദ്യങ്ങൾ തെറ്റിക്കരുത്
എൽ.ഡി.സി. പരീക്ഷകളിൽ എല്ലാവർക്കും എഴുതാൻ കഴിയുന്ന കുറച്ച് ചോദ്യങ്ങളുണ്ടാവും. അത്തരം ചോദ്യങ്ങൾ ഒരിക്കലും തെറ്റിക്കരുത്. കാരണം എല്ലാവരും എഴുതുന്ന ചോദ്യങ്ങൾ തെറ്റിച്ചശേഷം ആരും എഴുതാത്ത ചോദ്യങ്ങൾക്ക് പിന്നാലെ പോയാൽ അത് റാങ്കിനെ സാരമായി ബാധിക്കും. ബബിൾ കറുപ്പിക്കുന്നത് കൃത്യമാണോ എന്നും ശ്രദ്ധിക്കണം.
- ചുതക് ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്‌യുന്നതെവിടെ? -ലഡാക്ക്
- ഇന്ത്യയുടെ സ്ട്രോബറി തലസ്ഥാനം? - മഹാബലേശ്വർ
- 'സങ്കീർത്തന' ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? -മണിപ്പുർ
- ആമസോൺ നദി പതിക്കുന്നതെവിടെ? -അറ്റ്ലാന്റിക് സമുദ്രം
- ചപ്പേലി ഡാൻസ് ഏത് സംസ്ഥാനത്താണ്? -ഉത്തരാഖണ്ഡ്
- ഇന്ത്യയിലെ ആദ്യത്തെ സിദ്ധഗ്രാമം: ചന്തിരൂർ
- കേന്ദ്ര കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്‌യുന്നതെവിടെ? - കലവൂർ (ആലപ്പുഴ)
- ISRO Space Application Center സ്ഥിതിചെയ്‌യുന്നതെവിടെ? - അഹമ്മദാബാദ്
- അടിമകളുടെ അടിമ എന്നറിയപ്പെടുന്നതാര്? - ഇൽത്തുമിഷ്
- ദേശീയ ബാലികദിനം: -ജനുവരി 24
- കുമാരകോടി ഏതു ജില്ലയിലാണ് -ആലപ്പുഴ
- എക്സാം വാരിയേഴ്സ് ആരുടെ പുസ്തകം? -നരേന്ദ്രമോദി
- രക്തസമ്മർദം കുറയ്‍ക്കുന്ന പ്ലാസ്മ പ്രോട്ടീൻ: -ആൽബുമിൻ
- 'സോഷ്യലിസ്റ്റ് ' എന്ന കമ്യൂണിസ്റ്റ് ജേണൽ പ്രസിദ്ധീകരിച്ചത് ഏത് വ്യക്തിയാണ്? - എസ്.എ. ഡാങ്കേ
- ഷഹീദ് - ഇ - അസം എന്ന പേരിലറിയപ്പെടുന്നത്? -ഭഗത്സിങ്
- മാടത്തരുവി വെള്ളച്ചാട്ടം എവിടെയാണ്? -പത്തനംതിട്ട (റാന്നി)
- വെല്ലിങ്ടൺ ദ്വീപിന്റെ ശില്പി? -റോബർട്ട് ബ്രിസ്റ്റോ
- 'മനസ്സാണ് ദൈവം' എന്നു പറഞ്ഞ നവോത്ഥാന നായകൻ? -ബ്രഹ്മാനന്ദ ശിവയോഗി
- തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റ്? -മന്നത്ത് പത്മനാഭൻ
- ഒന്നാം ചാന്നാർ ലഹള നടന്ന വർഷം? -1822
- ഇന്ത്യയിലേറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി? -IGNOU
- ആദ്യമായി 'Bike Ambulance' സംവിധാനം കൊണ്ടുവന്ന സംസ്ഥാനം? -കർണാടക
- LTTE (തമിഴ് പുലികൾ) രൂപംകൊണ്ട വർഷം? -1976
- മാർബിളിലെ ഇതിഹാസം എന്നറിയപ്പെടുന്നത്? -താജ് മഹൽ
- സിറ്റി ഓഫ് വിക്ടറി എന്നറിയപ്പെടുന്നത്? -ഫത്തേപ്പുർ സിക്രി
- ഐരാവതേശ്വര ക്ഷേത്രം നിർമിച്ചത്? -രാജരാജചോളൻ II
- ജനസംഖ്യ സംബന്ധിച്ച ദേശീയ കമ്മിഷന് നേതൃത്വം വഹിക്കുന്നതാര്? -പ്രധാനമന്ത്രി
- ഇന്ത്യയിലെ സ്ത്രീ-പുരുഷാനുപാത നിരക്ക്? -943: 1000 (2011ലെ സെൻസസ് പ്രകാരം)
- ഇന്ത്യൻ ഭരണഘടനയെ 'ക്വാസി ഫെഡറൽ' എന്ന് വിളിച്ചത് -കെ.സി. വെയർ
- ക്യാബിനറ്റ് മിഷൻ രൂപംകൊണ്ട വർഷം -1946
- രാഷ്ട്രപതിയുടെ ഭരണനിർവഹണാധികാരവുമായി ബന്ധപ്പെട്ട അനുച്ഛേദമേത്? -53
- ഇടക്കാല ബജറ്റ് എന്ന ആശയം ആരുടേതാണ്? -ആർ.കെ. ഷൺമുഖംചെട്ടി
- രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട കമ്മിഷൻ? -ജസ്റ്റിസ് ജെയിൻ കമ്മിഷൻ
- ബുദ്ധൻ ജനിച്ച വർഷം: -ബി.സി. 563
- ശതവാഹനന്മാരുടെ സ്ഥാപകൻ? -സിമുഖൻ
- UNCHR നിലവിൽ വന്ന വർഷം? -1950 ഡിസംബർ 14
- ബൊക്കോഹറം എവിടത്തെ തീവ്രവാദ സംഘടനയാണ്? -നൈജീരിയ
- 'BRICS' ബാങ്കിന്റെ ആസ്ഥാനം? -ഷാങ്ഹായ് (ചൈന)
- Red Cross-ന്റെ സ്ഥാപകൻ: -ജീൻ ഹെന്റി ഡ്യൂനന്റ്
- ജംഗിൾ ബുക്കിന് പ്രമേയമായ പ്രദേശം? -കൻഹ ദേശീയോദ്യാനം
- ഉണ്ണായിവാര്യർ സ്മാരകം എവിടെ? -ഇരിങ്ങാലക്കുട (തൃശ്ശൂർ)
- മികച്ച ഗായികയ്‍ക്കുള്ള കേരള സംസ്ഥാന അവാർഡ് തുടർച്ചയായി 10 തവണ നേടിയതാര്? -കെ.എസ്. ചിത്ര
- തിരുവിതാംകൂറിലെ 'LMS' ന്റെ ആദ്യ മിഷണറിയാര്? -റിംഗിൾ ടോബ്
- കൊങ്കൺ റെയിൽവേ ഉദ്ഘാടനം ചെയ്തതാര്? -എ.ബി. വാജ്പേയി (1998)
- ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചരിത്രസ്മാരകം? -പുരാന കില
- കാർഗിൽ യുദ്ധം നടന്ന വർഷം: -1999
- ഇസ്രയേലിന്റെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്നത്? -വൂൾഫ് പ്രൈസ്
Content Highlights: Success story of psc rank holder, model questions, career guidance