2019-ലെ ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മുഹമ്മദ് അസ്ഹര്‍ തന്റെ പരീക്ഷാനുഭവങ്ങള്‍ പങ്ക് വെക്കുന്നു. നിലവില്‍ കേരള ഹൈക്കോടതി അസിസ്റ്റന്റാണ് അദ്ദേഹം.
ലക്ഷ്യം കേന്ദ്രസര്‍വീസായിരുന്നു. എന്നാല്‍ പഠനത്തില്‍ പി.എസ്.സിയെയും നിസ്സാരമായി കണ്ടില്ല. 2016-ല്‍ റെയില്‍വേയുടെ എം.ടി.എസ്. പരീക്ഷ ജയിച്ച് ജോലിയില്‍ പ്രവേശിച്ചു. പിന്നാലെ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്റെ കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയുടെ ടയര്‍-1 ജയിച്ചെങ്കിലും വിവരണാത്മക പരീക്ഷയെഴുതിയില്ല. എസ്.എസ്.സിയുടെ ബിരുദതല പരീക്ഷയായ കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷയായിരുന്നു മനസ്സില്‍. 2018-ലെ സി.ജി.എല്‍. പരീക്ഷയുടെ ടയര്‍-3-യുടെ ഫലത്തിനായി കാത്തിരിക്കുകയാണിപ്പോള്‍.
പി.എസ്.സിയിലേക്ക്
2015-ലെ കോണ്‍സ്റ്റബിള്‍ പരീക്ഷയാണ് ആദ്യമെഴുതിയ പി.എസ്.സി. പരീക്ഷ. പിന്നീട് 2017-ല്‍ എല്‍.ഡി.സി. എഴുതിയെങ്കിലും കാര്യമായ തയ്യാറെടുപ്പുകള്‍ നടത്താത്തതിനാല്‍ സപ്ലിമെന്ററി ലിസ്റ്റിലെത്താനെ സാധിച്ചുള്ളൂ. 2017-ലെഴുതിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷയ്ക്കുശേഷമാണ് പി.എസ്.സി. പഠനം കാര്യമായെടുത്തത്. അതിന് ശേഷമെഴുതിയ ലാബ് അസിസ്റ്റന്റ് പരീക്ഷയില്‍ ആറാം റാങ്ക് നേടാനായി. 2019-ലെ ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയതാണ് മികച്ച നേട്ടം
ചിട്ടയായ പഠനം
എന്‍ജിനീയറിങ് പശ്ചാത്തലം ഉണ്ടായിരുന്നതുകൊണ്ട് ഇംഗ്ലീഷ്, ഗണിതം തുടങ്ങിയ വിഷയങ്ങള്‍ എളുപ്പത്തില്‍ വഴങ്ങി. പി.എസ്.സി. പരീക്ഷയില്‍ റാങ്ക് നിര്‍ണയിക്കുന്നതും ഈ ഭാഗങ്ങളാണല്ലോ. ചരിത്രവും ഭൂമിശാസ്ത്രവും പഠിക്കാനാണ് കൂടുതല്‍ സമയം ചെലവഴിച്ചത്. മുന്‍പ് കുട്ടികള്‍ക്ക് ട്യൂഷനെടുത്തിരുന്നു. മിക്ക വിഷയങ്ങളിലും അടിസ്ഥാനവിവരങ്ങള്‍ ലഭിക്കാന്‍ അത് സഹായിച്ചു. ദിവസവും പത്തുമണിക്കൂര്‍വരെ സമയം പഠനത്തിനായി ചെലവഴിക്കുമായിരുന്നു. ചിട്ടയായ പഠനമാണ് മികച്ച റാങ്കിലെത്തിച്ചത്.
തുടക്കം പാഠപുസ്തകത്തില്‍
എന്‍.സി.ഇ.ആര്‍.ടി. പുസ്തകങ്ങള്‍ വായിച്ചാണ് പഠനം തുടങ്ങിയത്. അതുവഴി അടിസ്ഥാനവിവരങ്ങള്‍ സ്വായത്തമാക്കി. സംശയമുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റ് വഴി ഉറപ്പുവരുത്തി. വിശദവിവരങ്ങളറിയാന്‍ റാങ്ക് ഫയല്‍ ഉപയോഗിച്ചു. പഠിച്ച ഭാഗങ്ങള്‍ മോക്ക് ടെസ്റ്റുകളിലൂടെ ഉറപ്പുവരുത്തി. ഗണിതവും ഇംഗ്ലീഷും മുന്‍ ചോദ്യപേപ്പറുകളിലൂടെയാണ് പഠിച്ചത്. മാതൃഭൂമി തൊഴില്‍വാര്‍ത്തയിലും ഹരിശ്രീയിലും വരുന്ന മാതൃകാ ചോദ്യങ്ങളും മുടങ്ങാതെ പരിശീലിച്ചിരുന്നു. 2015 മുതല്‍ പി.എസ്.സി. നടത്തിയ എല്ലാ പരീക്ഷകളുടെയും ചോദ്യപേപ്പറുകള്‍ പരിശീലനത്തിന് ഉപയോഗിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പമിരുന്നുള്ള പഠനവും വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ട്.
നെഗറ്റീവിനെ പോസിറ്റീവാക്കി
ആദ്യമൊക്കെ പരീക്ഷയെഴുതുമ്പോള്‍ വലിയ രീതിയില്‍ നെഗറ്റീവുകള്‍ ബാധിച്ചിരുന്നു. ധാരാളം മോക്ക് ടെസ്റ്റുകള്‍ എഴുതിയതോടെ ആ പ്രതിസന്ധി മറികടക്കാനായി. സി.ജി.എല്ലിനായി പരീശിലിച്ചിരുന്നതുകൊണ്ട് സമയക്രമം പാലിച്ച് പരീക്ഷയെഴുതുന്നത് വെല്ലുവിളിയായില്ല. പി.എസ്.സി. പരീക്ഷയില്‍ ഗണിതത്തിന് മാത്രമാണ് അധികസമയം ആവശ്യമായി വരുന്നത്. ഗണിതക്രിയകള്‍ വേഗത്തില്‍ ചെയ്യാനായാല്‍ ധാരാളം സമയം ലഭിക്കും.
കരുതിയിരിക്കാം ഈ ചോദ്യങ്ങള്‍
നബാര്‍ഡ് സ്ഥാപിതമായതെന്ന്?
1982 ജൂലായ് 12-ന്
അഹമ്മദാബാദ് മില്‍ സമരത്തിന്റെ മുഖ്യ കാരണം?
പ്ലേഗ് ബോണസ്
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗത്വം രാജിവെച്ച കോണ്‍ഗ്രസ് പ്രസിഡന്റ്?
ചേറ്റൂര്‍ ശങ്കരന്‍ നായര്‍
ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയില്‍ നേരിടേണ്ടിവന്ന ഏറ്റവും വലിയ ഗോത്ര വര്‍ഗ കലാപം?
സാന്താള്‍ കലാപം
ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനമായ അനുശീലന്‍ സമിതി എന്ന സംഘടന സ്ഥാപിക്കപ്പെട്ട സ്ഥലം?
ബംഗാള്‍
ഖിലാഫത്ത് പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും ഒരുമിച്ച് പ്രവര്‍ത്തിച്ച കാലയളവ്?
നിസ്സഹകരണ സമരം
നീല്‍ദര്‍പ്പണ്‍ എന്ന നാടകം രചിച്ചത്?
ദീനബന്ധു മിത്ര
ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യ യില്‍ നടന്ന അവസാനത്തെ ബഹുജന മുന്നേറ്റം ഏതായിരുന്നു?
ക്വിറ്റ് ഇന്ത്യാ സമരം
ഇവയില്‍ ഏതാണ് ഹിമാലയന്‍ താഴ്‌വരയല്ലാത്തത്?
(a) കുളു
(b) ലൂയാസ്
(c) കാംഗ്ര
(e) ഡ്യൂണ്‍
ഉത്തരം: (b) ലൂയാസ്
ഹിമാലയ പര്‍വതനിരയുടെ സവിശേഷത എന്ത്?
കിഴക്കോട്ട് പോകുന്തോറും ഉയരം കുറയുന്നു
ഇന്ത്യയുടെ മാനക രേഖാംശം ഏത്?
82 1/2 ഡിഗ്രി
ശിലകളുടെ മാതാവ് എന്നറിയപ്പെടുന്നത്?
ആഗേ്‌നയ ശിലകള്‍
ഇന്ത്യയുടെ പൂര്‍വതീര സമതലത്തിന്റെ തെക്കുഭാഗം അറിയപ്പെടുന്നത്?
കോറമാന്‍ഡല്‍ തീരം
പശുവിന്‍ പാലിന്റെ പി.എച്ച്. മൂല്യമെത്ര?
6.5 മുതല്‍ 6.7 വരെ
300K താപനിലയില്‍ സ്ഥിതിചെയ്യുന്ന 1Kg ജലത്തിനും 1 Kg വെളിച്ചെണ്ണക്കും 4200 J താപോര്‍ജം നല്‍കി. ഇവയുടെ പുതിയ താപനില എത്രയായിരിക്കും?
ജലം 301 K, വെളിച്ചെണ്ണ 302 K
വായു, ഇരുമ്പ്, ജലം എന്നീ മാധ്യമങ്ങളെ ശബ്ദത്തിന്റെ പ്രവേഗം കൂടിവരുന്ന ക്രമത്തില്‍ എഴുതുക?
വായു, ജലം, ഇരുമ്പ്
ഒരു കുളത്തിന്റെ അടിത്തട്ടില്‍ നിന്നും ഉയര്‍ന്നുവരുന്ന ഒരു വാതക കുമിളയുടെ വലുപ്പം ക്രമേണ കൂടിവരുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം?
ബോയില്‍ നിയമം
മൂന്ന് ഗ്ലൂക്കോസ് (C6H12O6) തന്മാത്രകളില്‍ ആകെ എത്ര ആറ്റങ്ങള്‍ ഉണ്ടായിരിക്കും?
72
ഒരു ആറ്റത്തിന്റെ N ഷെല്ലില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?
32
ദേശീയ വനിതാകമ്മിഷന്‍ പുറത്തിറക്കുന്ന പ്രസിദ്ധീകരണം?
രാഷ്ട്രമഹിള
കോസി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്?
ബിഹാര്‍
ഇന്ത്യയില്‍നിന്ന് കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം?
മര്‍മഗോവ
കേരളത്തിലെ ആന പുനരധിവാസകേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
കോട്ടൂര്‍
നികുതിയുടെ മേല്‍ ചുമത്തുന്ന അധികനികുതിക്ക് പറയുന്ന പേര്?
സര്‍ചാര്‍ജ്
ബാലവേല വിരുദ്ധദിനം എന്ന്?
ജൂണ്‍ 12
വേള്‍ഡ് റേഡിയോ ദിനം എന്ന്?
ഫെബ്രുവരി 13
മാര്‍ത്താണ്ഡവര്‍മ ഡച്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധം?
കുളച്ചല്‍ യുദ്ധം
സഞ്ചാരസ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടനയില്‍ ഏത് വിഭാഗത്തില്‍പ്പെടുന്നു?
മൗലികാവകാശങ്ങള്‍
ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടുതല്‍ എത്ര ഡിഗ്രി സെല്‍ഷ്യസില്‍ ആണ്?
4ഡിഗ്രി സെല്‍ഷ്യസ്
ഒരു ദ്രാവകത്തില്‍ മുങ്ങിയിരിക്കുന്ന വസ്തുക്കള്‍ക്ക് ഭാരക്കുറവ് തോന്നാനുള്ള കാരണം?
പ്ലവക്ഷമബലം
മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ (MBG) സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
കോഴിക്കോട്
ഭക്ഷണപദാര്‍ഥങ്ങള്‍ ഇല്ലാതെ വരുമ്പോള്‍ ആമാശയത്തില്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ഏത്?
ഗ്രെലിന്‍
മൂന്ന് വശവും ബംഗ്ലാദേശ് എന്ന രാജ്യത്താല്‍ ചുറ്റപ്പെട്ട ഇന്ത്യന്‍ സംസ്ഥാനം?
ത്രിപുര
Content Highlights: Success Story of PSC Rank Holder, Career Guidance, Kerala Psc, LDC Rankers Choice