സുലേഖ എ.എസ്.
2017-ലെ ബെവ്കോ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയ സുലേഖ എ.എസ്. തന്റെ പരീക്ഷാനുഭവങ്ങള്‍ പങ്കുവെക്കുന്നു. നിലവില്‍ നെടുമങ്ങാട് പോളിടെക്നിക് കോളേജില്‍ ലക്ചററാണ്.
30-ാം വയസ്സിലാണ് ഞാന്‍ പി.എസ്.സി. പഠനം ആരംഭിക്കുന്നത്. പഠനത്തിന് പ്രായം തടസ്സമല്ലെന്നാണ് എന്റെ അനുഭവം. 2004-ല്‍ ബി.ടെക്. പരീക്ഷ പാസായശേഷം സ്വകാര്യമേഖലയില്‍ അധ്യാപികയായി ജോലിനോക്കി. പിന്നാലെ വിദൂരപഠനം വഴി എംടെക്കും പൂര്‍ത്തിയാക്കി. ആ സമയത്താണ് പോളിടെക്നിക് കോളേജ് ലക്ചറര്‍ ഒഴിവിലേക്ക് പി.എസ്.സി. വിജ്ഞാപനം ക്ഷണിച്ചത്. ആ പരീക്ഷയെഴുതി ഷോര്‍ട്ട്ലിസ്റ്റില്‍ ഇടം നേടിയപ്പോള്‍ ആത്മവിശ്വാസം വര്‍ധിച്ചു. അങ്ങനെയാണ് ജോലി രാജിവെച്ച് പി.എസ്.സി. പഠനത്തിലേക്ക് തിരിയുന്നത്.
റിസ്‌കെടുക്കണം
ഷോര്‍ട്ട്ലിസ്റ്റില്‍ ഉള്‍പ്പെട്ടുവെന്നുവെച്ച് ജോലി രാജിവെച്ചുള്ള പഠനം ഒരല്പം റിസ്‌കാണെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ, ആ റിസ്‌കെടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. ബാങ്കില്‍ ഐ.ടി. ഓഫീസറാകണം എന്നാഗ്രഹിച്ചാണ് ആദ്യം പഠനം തുടങ്ങിയത്. ബാങ്കുകളില്‍ അവസരം ലഭിച്ചെങ്കിലും നാട്ടില്‍ നിയമനം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ എല്ലാം വെണ്ടെന്നുവെച്ച് പഠനം തുടര്‍ന്നുകൊണ്ടിരുന്നു. ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷയില്‍ 12-ാം റാങ്ക് ലഭിച്ചു. അവിടെ ജോലി ചെയ്യുന്നതിനിടെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക്ലിസ്റ്റില്‍ 20-ാം റാങ്ക് കിട്ടി. പിന്നീട് വി.എച്ച്.എസ്.ഇ. ടീച്ചര്‍, സിവില്‍ സപ്ലൈസ് ജൂനിയര്‍ മാനേജര്‍, ബി.ഡി.ഒ., മുനിസിപ്പല്‍ സെക്രട്ടറി, യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, പോളിടെക്നിക് കോളേജ് ലക്ചറര്‍ തുടങ്ങിയ റാങ്ക്ലിസ്റ്റുകളിലും ഇടംനേടി. ബെവ്കോ അസിസ്റ്റന്റ് റാങ്ക്ലിസ്റ്റില്‍ ഒന്നാംസ്ഥാനം ലഭിച്ചതാണ് ഏറ്റവും ഉയര്‍ന്ന നേട്ടം.
എല്ലാ പരീക്ഷയും എഴുതി
2014 മുതല്‍ 18-വരെ പി.എസ്.സി. വിജ്ഞാപനംചെയ്ത മിക്ക പരീക്ഷകളും ഞാനെഴുതിയിട്ടുണ്ട്. ബിരുദതല പരീക്ഷകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുത്തതെങ്കിലും മറ്റുപരീക്ഷകളും വിട്ടില്ല. 2015- ലെ എല്‍.ഡി.സി. പരീക്ഷയാണ് ആദ്യമായി എഴുതിയ പി.എസ്.സി. പരീക്ഷ. പക്ഷേ, പരിശീലനത്തിന്റെ അഭാവം റാങ്കിലും പ്രതിഫലിച്ചു. ഏറെ പിന്നിലായിപ്പോയി.
പരിശ്രമം ഫലം കാണും
പി.എസ്.സി. പരിശീലന ക്ലാസുകളിലൂടെയാണ് പഠനം ആരംഭിച്ചത്. അവിടെ നടത്തിയ പരീക്ഷകളില്‍ പലതും ഓപ്ഷന്‍സ് തരാതെ ഒറ്റവാക്കില്‍ ഉത്തരം എഴുതേണ്ടതായിരുന്നു. നന്നായി പഠിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ അത്തരം ചോദ്യങ്ങളെ നേരിടാനാകൂ. അത് പഠനത്തില്‍ വഴിത്തിരിവായി. ഇന്ത്യന്‍ ഭരണഘടന, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ താത്പര്യമുണ്ടായിരുന്നത് ഗുണംചെയ്തു. ഗണിതവും റീസണിങ്ങുമെല്ലാം ഇഷ്ട വിഷയങ്ങളായിരുന്നു. ജനറല്‍ സയന്‍സാണ് കുറച്ച് പ്രയാസമായി തോന്നിയത്. ബിരുദതല പരീക്ഷകളില്‍ ആ ഭാഗത്തുനിന്ന് ആഴത്തിലുള്ള ചോദ്യങ്ങളാണ് ചോദിച്ചത്.
ചിട്ടയായ പഠനം വേണം
പ്രയാസമുള്ള ചോദ്യങ്ങളെ നേരിടാന്‍ ചിട്ടയായ പഠനം മാത്രമാണ് വഴി. പഴയ ചോദ്യപേപ്പറുകള്‍ ചെയ്തുനോക്കുന്നത് സിലബസ് മുഴുവന്‍ കവര്‍ചെയ്ത് പഠിക്കുന്നതിനേക്കാള്‍ പ്രയോജനം ചെയ്യും. മാതൃഭൂമി തൊഴില്‍ വാര്‍ത്തയിലും ജി.കെ. ആന്‍ഡ് കറന്റ് അഫയേഴ്സ് മാസികയിലും വരുന്ന പരിശീലനങ്ങളും പഠനത്തില്‍ ഏറെ സഹായകമായി. നമ്മള്‍ നേടുന്ന അറിവ് ഒരു നിധിപോലെയാണ്, അത് എന്നും പ്രയോജനം ചെയ്യും. പഠിക്കുന്ന കാര്യങ്ങള്‍ ഇഷ്ടത്തോടെ പഠിക്കുക. അപ്പോള്‍ കാണാതെ പഠിക്കേണ്ടി വരില്ല.
1. 1925ല്‍ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
വിതല്‍ഭായി പട്ടേല്‍
2. ബൃഹദേശ്വരക്ഷേത്രം സ്ഥിതിചെയ്യുന്ന നഗരം:
തഞ്ചാവൂര്‍
3. ന്യൂമോണിയ വഴിയുള്ള ശിശുമരണനിരക്ക് കുറയ്ക്കുന്നതിനായുള്ള കേന്ദ്ര ഗവ. പദ്ധതി:
SAANS (സോഷ്യല്‍ അവയര്‍നെസ് ആന്‍ഡ് ആക്ഷന്‍സ് ടു ന്യൂട്രിലൈസ് ന്യൂമോണിയ സക്‌സസ്ഫുളി)
4. 'മൈ സെഡീഷ്യസ് ഹാര്‍ട്ട്' എന്ന നോവലിന്റെ രചയിതാവ്:
അരുന്ധതി റോയ്
5. കോശത്തിന്റെ ഏതുഘടകത്തിന്റെ ധര്‍മമാണ് പാരമ്പര്യസ്വഭാവ പ്രേഷണം?
ഡി.എന്‍.എ.
6. 'ടൈം പേഴ്സണ്‍ ഓഫ് ദി ഇയര്‍' ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഭാരതീയന്‍:
മഹാത്മാഗാന്ധി
7. മേഘങ്ങള്‍ രൂപംകൊള്ളുന്ന പ്രക്രിയ?
ഘനീഭവിക്കല്‍
8. സിന്ധുനദീജല കരാര്‍ ഒപ്പുവെച്ച തീയതി:
1960 സെപ്റ്റംബര്‍ 19
9. ശ്രീമൂലം പ്രജാസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഹരിജന്‍?
അയ്യങ്കാളി
10. കേരള വിവേകാനന്ദന്‍ എന്നറിയപ്പെട്ടത്?
ആഗമാനന്ദസ്വാമി
11. സമ്പൂര്‍ണ മദ്യനിരോധനവുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദമേത്?
47-ാം അനുച്ഛേദം
12. സീറോ വിമാനത്താവളം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
അരുണാചല്‍ പ്രദേശ്
13. UNDPയുടെ ഹ്യൂമന്‍ ഡെവലപ്മെന്റ് ഇന്‍ഡക്‌സ് - 2019-ലെ 1-ാം സ്ഥാനം ഏതു രാജ്യത്തിനാണ്?
നോര്‍വേ
14. 2018-ലെ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് ജേതാവ്:
ഷീല
15. 'ഗരുഡശക്തി' - ഇന്ത്യയും ഏതു രാജ്യവുമായുള്ള സംയുക്ത സൈനിക ശക്തിപ്രകടനമാണ്?
ഇന്‍ഡൊനീഷ്യ
16. 'എന്റെ ജീവിത സ്മരണകള്‍' ആരുടെ ആത്മകഥയാണ്?
മന്നത്ത് പത്മനാഭന്‍
17. അദ്ഭുതലോഹം എന്നറിയപ്പെടുന്നത്:
ടൈറ്റാനിയം
18. കുമാരനാശാനെ നവോത്ഥാനത്തിന്റെ കവി എന്ന് വിശേഷിപ്പിച്ചതാര്?
ശങ്കരന്‍ തായാട്ട്
19. കൊച്ചിയില്‍ ദ്വിഭരണം ഏര്‍പ്പെടുത്തിയ ദിവാന്‍:
ആര്‍.കെ. ഷണ്‍മുഖം ചെട്ടി
20. സഹ്യന്‍, ശ്രീവിശാഖം എന്നിവ എന്തിന്റെ ഇനങ്ങളാണ്?
മരച്ചീനി
21. 101-ാമത്തെ മൂലകമേത്?
മെന്‍ഡലീവിയം
22. ടെസ്റ്റ് ഓഫ് മൈ ലൈഫ് ആരുടെ ആത്മകഥയാണ്?
യുവരാജ് സിങ്
23. 2019-ലെ ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ചാമ്പ്യനാര്?
റാഫേല്‍ നദാല്‍
24. 5+3+3+4 വിദ്യാഭ്യാസ പദ്ധതി ശുപാര്‍ശ ചെയ്ത കമ്മിഷന്‍?
കസ്തൂരി രംഗന്‍
25. 2019-ല്‍ UNESCO ലോകപൈതൃക പട്ടികയില്‍ ഇടംനേടിയ നഗരം:
ജയ്പുര്‍
26. 2019-ലെ ഗോള്‍ഡന്‍ ഫൂട്ട് അവാര്‍ഡ് നേടിയ ഫുട്ബോളര്‍:
ലൂക്ക മോഡ്രിച്ച്
27. 50-ാമത് IIFI 2019ലെ മികച്ച സംവിധായകന്‍:
ലിജോ ജോസ് പെല്ലിശ്ശേരി
28. ഭൗമാന്തരീക്ഷത്തിലെ ശരാശരി ഊഷ്മാവ്:
14 ഡിഗ്രി സെല്‍ഷ്യസ്
29. 2018-ലെ എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ്:
എം. മുകുന്ദന്‍ (2019 ആനന്ദ്)
30. ദേശീയ രക്തദാനദിനം:
ഒക്ടോബര്‍ 1
31. സ്റ്റാച്യു ഓഫ് യൂണിറ്റി ഉയരം:
182 മീറ്റര്‍
32. GSTയുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി:
101-ാം ഭേദഗതി
33. PSLV-യുടെ 50-ാം മിഷന്‍ വഴി വിക്ഷേപിച്ച ഉപഗ്രഹം:
RISAT-ZBR 1
34. 2019ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം ലഭിച്ചതാര്‍ക്ക്?
ഡേവിഡ് ആറ്റന്‍ബറോ
35. ഏറ്റവും വൃത്തിയുള്ള ഇന്ത്യന്‍ നഗരമായി 4-ാം തവണയും തിരഞ്ഞെടുക്കപ്പെട്ട നഗരം?
ഇന്‍ഡോര്‍
36. ഘടകവര്‍ണങ്ങള്‍ കൂടിച്ചേര്‍ന്ന് സമന്വത പ്രകാശം ലഭിക്കും എന്ന് കണ്ടെത്തിയത്:
ഐസക് ന്യൂട്ടണ്‍
37. ശരീരത്തിന്റെ തുലനനില പാലിക്കാന്‍ സഹായിക്കുന്ന അവയവം:
ചെവി
38. ജനഗണമന ആദ്യമായി ആലപിച്ച കോണ്‍ഗ്രസ് സമ്മേളനം:
1911- കൊല്‍ക്കത്ത
39. ആധുനിക കാലത്തെ അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം എന്ന് ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത്:
സി. രാജഗോപാലാചാരി
40. കേരളത്തിന്റെ നയാഗ്ര എന്നറിയപ്പെടുന്നത്:
അതിരപ്പിള്ളി

Content Highlights: LDC 2020 Success Story, Model Questions