ബീന.ബി
2016-ലെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ ഒന്നാംസ്ഥാനം നേടിയ ബീന.ബി തന്റെ പരീക്ഷാനുഭവങ്ങള്‍ പങ്കുവെക്കുന്നു. നിലവില്‍ കണ്ണൂരില്‍ ബി.ഡി.ഒ.യാണ്.
പരിശീലനം തുടങ്ങും മുന്‍പ് പഠനപദ്ധതി തയ്യാറാക്കുക. ഒരോ ദിവസത്തേക്കുമുള്ള പാഠഭാഗങ്ങള്‍ അതത് ദിവസംതന്നെ പഠിച്ചുതീര്‍ക്കുക. നാളേക്ക് നീട്ടിവയ്ക്കുന്ന മനോഭാവം തീരേ വേണ്ട. വിജയത്തിനുള്ള ആദ്യപാഠം ഇതാണെന്നാണ് എന്റെ അനുഭവം.
2006-ല്‍ ബി.ടെക്. ബിരുദം പൂര്‍ത്തിയാക്കി സോഫ്റ്റ്വേര്‍ മേഖലയില്‍ ജോലിക്ക് ചേര്‍ന്നതാണ് ഞാന്‍. കുറച്ചുകാലം തുടര്‍ന്നു, പിന്നെ അത് മതിയാക്കി വീട്ടിലിരുന്നു. അതിനുശേഷമാണ് ഒരു സര്‍ക്കാര്‍ജോലിയെന്ന സ്വപ്നം മനസ്സിലുണരുന്നത്. പിന്നീടുള്ള പരിശ്രമമെല്ലാം അത് സ്വന്തമാക്കാനായിരുന്നു.
അപ്രതീക്ഷിത വിജയം
2013-ല്‍ കണ്ണൂര്‍ ജില്ലയിലെ എല്‍.ഡി.സി.യാണ് ആദ്യമായി എഴുതിയ പി.എസ്.സി. പരീക്ഷ. പരീക്ഷയ്ക്ക് രണ്ടുമാസം മുന്‍പ് മാത്രമാണ് പരിശീലനം തുടങ്ങിയത്. ഈ ചെറിയ കാലയളവിലെ പരിശീലനംകൊണ്ട് മികച്ച റാങ്കിലേക്കെത്താന്‍ കഴിയില്ലെന്നുറപ്പുണ്ടായിരുന്നു. എങ്കിലും റാങ്ക് ലിസ്റ്റ് വന്നപ്പോള്‍ 371-ാം റാങ്ക് കിട്ടി. മുന്നോട്ടുള്ള പഠനത്തിന് ആ റാങ്ക് തന്ന ഊര്‍ജം ചെറുതല്ല. അതിനുശേഷമെഴുതിയ എല്‍.ജി.എസ്., സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തുടങ്ങിയ പരീക്ഷകളില്‍ റാങ്ക് മെച്ചപ്പെട്ടു. ബി.ഡി.ഒ., യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തുടങ്ങിയ പരീക്ഷകളും ഇതിനിടയില്‍ എഴുതി. 2016-ല്‍ പുറത്തുവന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയതാണ് ഏറ്റവും വലിയ നേട്ടം.
പൊതുവിജ്ഞാനത്തില്‍ കണ്ണ് വേണം
പി.എസ്.സി. ക്ലാസുകളിലെ സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ടായുള്ള പഠനമാണ് പരീക്ഷയില്‍ ഏറെ ഗുണംചെയ്തത്. കുറച്ചുകാലത്തിനുശേഷം പരിശീലനക്ലാസില്‍ പോകുന്നത് അവസാനിപ്പിച്ച് സ്വന്തമായി പഠിക്കാന്‍തുടങ്ങി. പഠിക്കാന്‍ പ്രയാസമുള്ള കാര്യങ്ങള്‍ ആവര്‍ത്തിച്ച് പഠിച്ചു. പഴയ ചോദ്യപേപ്പര്‍ നിരന്തരമായി ചെയ്തുശീലിക്കുന്നുണ്ടായിരുന്നു. ബി.ടെക്. ബിരുദധാരിയായതുകൊണ്ടുതന്നെ ഗണിതം വളരെ എളുപ്പത്തില്‍ വഴങ്ങി. അത് സമയം ലാഭിക്കാന്‍ സഹായിച്ചു. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയില്‍ അനുവദിച്ച സമയത്തിനുമുന്‍പ് ഉത്തരങ്ങള്‍ എഴുതിത്തീര്‍ക്കാന്‍ കഴിഞ്ഞു. മിക്ക പരീക്ഷകളിലും ഇംഗ്ലീഷും ജനറല്‍ സയന്‍സും വലിയ പ്രയാസമുണ്ടാക്കിയില്ല. പൊതുവിജ്ഞാനമാണ് കുറച്ച് ബുദ്ധിമുട്ടിച്ചത്. ചില ചോദ്യങ്ങളുടെ ഓപ്ഷന്‍ കാണുമ്പോള്‍ ശരിയേത് തെറ്റേത് എന്ന സംശയം വരും. അത് മറികടക്കാനായാല്‍ പകുതി വിജയിച്ചു.
ഉറപ്പുണ്ടെങ്കില്‍ മാത്രം ഉത്തരമെഴുതാം
എല്‍.ഡി.സി. പോലെയുള്ള പരീക്ഷകളില്‍ ആശയക്കുഴപ്പമുള്ള ചോദ്യങ്ങളുണ്ടാകും. ശരിയെന്നുറപ്പുണ്ടെങ്കില്‍ മാത്രം അത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ എഴുതുക. സിലബസില്‍ പറഞ്ഞിട്ടുള്ള വിഷയങ്ങള്‍ ഓരോ ആഴ്ചയും പഠിച്ചുതീര്‍ത്താണ് മുന്നോട്ടുപോയത്. മോക് ടെസ്റ്റുകള്‍ എഴുതുമ്പോള്‍ ആദ്യമൊക്കെ ഗണിതം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍നിന്നുള്ള മാര്‍ക്ക് മാത്രമാണ് ലഭിച്ചത്. പരിശ്രമത്തിലൂടെയാണ് മികച്ച മാര്‍ക്കിലേക്കെത്തിയത്.
പരിശ്രമം തുടരാം
ഒരു പരീക്ഷയില്‍ വിജയിച്ചില്ല എന്നുകരുതി പരിശ്രമം നിര്‍ത്തരുത്. പിന്നാക്കം നില്‍ക്കുന്ന വിഷയങ്ങള്‍ മനസ്സിലാക്കി മുന്നോട്ടുപോകുക. പഠിച്ച കാര്യങ്ങള്‍ ആവര്‍ത്തിച്ച് പഠിക്കുക.
- ഇന്ത്യന്‍ എജുക്കേഷന്‍ കമ്മിഷന്‍ എന്നറിയപ്പെടുന്ന വിദ്യാഭ്യാസ കമ്മിഷന്‍?
- The Poison of Love ആരുടെ പുസ്തകമാണ്?
- കശ്മീര്‍ സിംഹം എന്നറിയപ്പെടുന്നതാര്?
- കൊല്ലത്ത് ഹജൂര്‍ കച്ചേരി ആരംഭിച്ചത് ആര്?
- കാറ്റിന്റെ ദിശയെ സ്വാധീനിക്കുന്ന ബലം?
- ജി.എസ്.ടി. കൗണ്‍സില്‍ ചെയര്‍മാന്‍?
- ഉത്കല്‍ തീരം ഇന്ത്യയുടെ ഏത് ഭാഗത്ത് സ്ഥിതിചെയ്യുന്നു?
- 'നാം നേടിയ സ്വാതന്ത്ര്യം നാട്ടുരാജ്യങ്ങളാകുന്ന വാതായനങ്ങളിലൂടെ നമുക്ക് നഷ്ടമാകാന്‍ പാടില്ല' എന്ന് പറഞ്ഞതാര്?
- അങ്ങാടിക്കുരുവിദിനം?
- ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പീഠഭൂമി?
- അഫ്ഗാനിസ്താനില്‍നിന്നും ചൈനയില്‍നിന്നും ഇന്ത്യയെ വേര്‍തിരിക്കുന്ന പര്‍വതനിര:
- ശിപോയി മ്യൂട്ടിനി-എ സോഷ്യല്‍ സ്റ്റഡി & അനാലിസിസ് എഴുതിയതാര്?
- നവോത്ഥാനത്തിന്റെ പിതാവ്:
- തേയിലയുടെ ജന്മദേശം?
- പ്രകാശത്തിന്റെ വേഗം ആദ്യമായി അളന്നത്:
- എക്സ്-റേ പതിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന രക്ഷാകവചം ഏത് ലോഹംകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്?
- അയഡിന്‍ ബാഷ്പത്തിന്റെ നിറം?
- ജലവും അസറ്റോണും കലര്‍ന്ന മിശ്രിതം വേര്‍തിരിക്കുന്ന രീതി:
- മുട്ടയിടാന്‍ ദീര്‍ഘദൂരം സഞ്ചരിക്കുകയും മുട്ടയിട്ടുകഴിഞ്ഞാല്‍ ചാവുകയും ചെയ്യുന്ന മത്സ്യം:
- ലോകത്തിലെ ഏറ്റവും വലിയ ഡെല്‍റ്റ?
- ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം:
- ദക്ഷിണ വാരാണസി:
- ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പോഷകനദികള്‍ ഉള്ള നദിയേത്?
- പശ്ചിമ ബംഗാളിലൂടെ ഒഴുകുന്ന ഗംഗയുടെ കൈവഴി?
- സത്ലജ് നദിയുടെ പഴയ പേര്?
- ഭൂമിയുടെ ഏത് ഭാഗമാണ് സിമ എന്ന് അറിയപ്പെടുന്നത്?
- നാഗന്മാരുടെ റാണി എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തി?
- മധ്യപ്രദേശ് വഴി കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ:
- കല്‍ക്കത്ത യൂണിവേഴ്സിറ്റി കമ്മിഷന്‍ എന്നറിയപ്പെടുന്നത്:
- തെക്കേ ഇന്ത്യയിലെ ആദ്യത്തെ രക്തസാക്ഷി:
- ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ നഴ്സറി:
- ബിഹാറിന്റെ ദുഃഖം:
- ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് വിമുക്ത വിനോദസഞ്ചാരകേന്ദ്രം :
- 'Good Govt.Index 2019'ല്‍ ഒന്നാമതെത്തിയ സംസ്ഥാനം?
- 2019-ലെ ഹരിവരാസന പുരസ്‌കാരത്തിന് അര്‍ഹനായത്:
- 2019-ലെ ദേശീയ ബാലശാസ്ത്രകോണ്‍ഗ്രസ്സിന് വേദിയായത്:
- ഇന്ത്യയുടെ പുതിയ കരസേനാ മേധാവി:
- സ്വതന്ത്ര ഇന്ത്യയിലെ അവസാന റെയില്‍വേ ബജറ്റ് അവതരിപ്പിച്ചതാര്:
- ഇന്ത്യയിലെ ഒരു അര്‍ധസൈനിക വിഭാഗത്തിന്റെ ഡയറക്ടര്‍ ജനറല്‍ ആകുന്ന ആദ്യ വനിത?

Content Highlights: LDC 2020 Success Story, Mocktest, Kerala PSC