ബി.എം സുഹറ
കുട്ടിക്കാലം മുതൽ കൈയിൽ കിട്ടുന്നതെന്തും വായിക്കുമായിരുന്നു. യാഥാസ്ഥിതിക മുസ്ലീം കുടുംബമാണെങ്കിലും വീട്ടിൽ പുസ്തകത്തിനു ക്ഷാമമുണ്ടായിരുന്നില്ല, വായിക്കുന്നതിനു വിലക്കും. പത്തുമക്കളെ പ്രസവിച്ച് പോറ്റി വളർത്തുന്നതിനിടയിലും എന്റെ ഉമ്മ വായിക്കാൻ സമയം കണ്ടെത്തിയിരുന്നു.ആയിരത്തൊന്ന് രാവുകൾ എന്ന മഹ്ത്ഗ്രന്ഥത്തെക്കുറിച്ച് ആദ്യമറിഞ്ഞത് ഉമ്മ പറഞ്ഞാണ്. വായനയിൽ മാത്രമല്ല കഥ പറയുന്നതിലും മിടുക്കിയായിരുന്നു ഉമ്മ. ഉറൂബിന്റെ ഉമ്മാച്ചു വായിച്ച് അത് പൊടിപ്പും തൊങ്ങലും വച്ച് എളാമയ്ക്ക്(ഉമ്മയുടെ അനിയത്തി) പറഞ്ഞുകൊടുക്കുന്നത് കേട്ട് ഞാൻ അന്തംവിട്ടിരുന്നിട്ടുണ്ട്. സ്വന്തം ഭർത്താവിനെ കൊന്ന മായനെ ഉമ്മാച്ചു വിവാഹം കഴിച്ചതിൽ രണ്ടുപേർക്കും കടുത്ത എതിർപ്പായിരുന്നു. ഉമ്മാച്ചുവിന് ചാപുണ്ണി നായരോട് എന്തോ ഒരിരില്ലേ എന്ന അവരുടെ സംശയം പില്ക്കാലത്ത് എനിക്കും തോന്നിയിരുന്നു. രണ്ടുപേർക്കും ബീരാനോട് കടുത്ത സഹതാപമായിരുന്നു.
'ആണുങ്ങക്ക് പെണ്ണുങ്ങളുടെ മനസ്സ് അത്രയക്കല്ലേ പിടികിട്ടൂ' എന്നു പറഞ്ഞാണ് അവർ പുസ്തക ചർച്ച അവസാനിപ്പിക്കുക. വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് ഉമ്മയ്ക്ക് വ്യക്തമായ അഭിപ്രയങ്ങളുണ്ടായിരുന്നു. ഈ സ്വഭാവം എനിക്കുമുണ്ട്. ഇഷ്ടപ്പെട്ട കൃതികളിലെ കഥാപാത്രങ്ങൾ പലപ്പോഴും എന്റെ ഉറ്റ സുഹൃത്തുക്കളായി മാറാറുണ്ട്. അവരോട് സല്ലപിക്കാറുമുണ്ട്. മാത്രമല്ല പല കഥാപാത്രങ്ങളെയും എന്റെ ഭാവനയ്ക്കനുസരിച്ച് മാറ്റാറുമുണ്ട്. അപ്പോഴൊന്നും എഴുത്തുകാരിയാവുക എന്നത് എന്റെ സ്വപ്നമേ ആയിരുന്നില്ല. കുട്ടിക്കാലത്ത് ഉമ്മയും വീട്ടിലെ ജോലിക്കാരികളുമൊക്കെ പറഞ്ഞു കേട്ട കഥകൾ കടലാസിൽ കുത്തിക്കുറിക്കുമ്പോഴും എഴുത്തുകാരിയാകണമെന്നോ എഴുതിയത് പ്രസിദ്ധീകരിക്കണമെന്നോ മോഹവുമുണ്ടായിരുന്നില്ല. പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനു വഴങ്ങി ആദ്യനോവലായ 'കിനാവ്' പ്രസിദ്ധീകരണത്തിനയച്ചപ്പോഴും എഴുത്താണ് എന്റെ വഴി എന്ന തിരിച്ചറിവുമുണ്ടായിരുന്നില്ല. പക്ഷെ ഒന്നറിയാം നിരന്തരമായ വായനയാണ് എന്നെ എഴുത്തുകാരിയാക്കിയത്. ഇപ്പോഴും മനസ്സ് പിടിവിട്ടുപോകുമ്പോൾ വാനയാണ് എന്റെ ആശ്രയം. കൊവിഡ് കാലത്തെ ഒറ്റപ്പെടലിൽ എനിക്കു താങ്ങായത് വായനയാണ്. എന്റെ പ്രിയപ്പെട്ട പുസ്കങ്ങളായ 'യുദ്ധവും സമാധാനവും' 'ഇഡിയറ്റ്' 'കാരമസോവ് സഹോദരന്മാർ' 'ഏകാന്തയുടെ നൂറുവർഷങ്ങൾ'തുടങ്ങിയ ക്ളാസിക് കൃതികൾ. വീണ്ടും വായിക്കുന്നതോടെ ഇന്നനുഭവിക്കുന്ന ഏകാന്തതയും അസ്വാരസ്യങ്ങളുമൊക്കെ വളരെ നിസ്സാരമാണെന്ന തോന്നലുണ്ടാവുകയും മനസ്സ് കൈപ്പിടിയിലൊതുങ്ങുകയും ചെയ്യുന്നു.
'നബിയേ വായിക്കുക' എന്നു പറഞ്ഞുകൊണ്ടാണ് വിശുദ്ധ ഖുറ് ആൻ ആരംഭിക്കുന്നത്. നിരക്ഷരനായ മുഹമ്മദ് നബി പേടിച്ചുവിറച്ചപ്പോൾ സർവ്വശക്തൻ നബിയെ ആശ്വസിപ്പിച്ചു ആശ്രയമരുളി, വഴിതെറ്റിയ ജനതയെ നേർവഴിയിലേയ്ക്കു നയിക്കാനുള്ള ദൂതനാക്കി. ഈ കെട്ടകാലത്തെ തരണം ചെയ്യാൻ നമുക്ക് സാധിക്കണമെങ്കിൽ വായനയിലേക്കുള്ള തിരിച്ചുപോക്ക് അനിവാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
Content Highlights: World Book Day Writer B M Suhara Shares her warmth with Books