പ്രതീകാത്മക ചിത്രം| ഫൊട്ടൊ: സാബു സ്‌കറിയ| മാതൃഭൂമി
അപരലോകങ്ങളുടെ അപാരസാന്നിധ്യമാണ് പുസ്തകങ്ങള്‍. മനുഷ്യജീവിതം പരിമിതപ്പെട്ടിരിക്കുന്നത് അവന്റെ സ്ഥലകേന്ദ്രിതത്വം കൊണ്ടാണ്. ശരീരം കൊണ്ട് സഞ്ചരിക്കാവുന്ന സാദ്ധ്യതകള്‍ ഇന്ന് ചൊവ്വാ ഗ്രഹത്തോളം എത്തി നില്‍ക്കുന്നെങ്കിലും ഗുരുത്വാകര്‍ഷണവും ജനിച്ച ഇടവും ജീവിക്കാന്‍ തെരെഞ്ഞെടുത്ത ഇടവും മനുഷ്യനെ അവന്റെ സാധ്യതകളില്‍ നിന്ന് പരിമിതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ഒരു സമയം ഒരിടത്തു മാത്രമായിരിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍ക്ക് ഒരിടത്തിരുന്നു കൊണ്ട് പലേടത്ത് പോകുവാനുള്ള യാത്രോപാധികളാണ് പുസ്തകങ്ങള്‍. പുതിയ കാലത്തില്‍ സാങ്കേതികവിപ്ലവം സാധ്യമാക്കിയ ഉപകരണ സഞ്ചയങ്ങളിലൂടെ വായനയുടെ മാധ്യമങ്ങള്‍ മാറിയെങ്കിലും വായന എന്നത് അപരലോകങ്ങളെ അറിയുവാനുള്ള ഏക ഉപാധിയായി നില്‍ക്കുന്നു.
ഭാവനയെ വസ്തുവല്‍ക്കരിക്കുന്നതാണ് കലയെങ്കില്‍ അതിനെ തികച്ചും പ്രതീകാത്മകമായ ഒരു വ്യവസ്ഥയിലേയ്ക്ക് പരാവര്‍ത്തനം ചെയ്യുകയാണ് ഭാഷയും അതിനെ ഒരുമിപ്പിക്കുന്ന പുസ്തകങ്ങളും ചെയ്യുന്നത്. കാലം ഓര്‍മ്മകളിലൂടെ പുതുക്കപ്പെട്ടിരുന്ന ഒരു കാലത്ത് വായ്‌മൊഴി വഴക്കങ്ങളായിരുന്നു പ്രധാനം. ചിത്രലിപികളുടെ പ്രതിനിധാനകാലത്തു നിന്ന് ലേഖനകലയുടെ പ്രതീകാത്മകതയിലേയ്ക്ക് വന്നത് മുതല്‍ കാലം സഞ്ചരിക്കുന്നത് പുസ്തകങ്ങളിലൂടെയായിരുന്നു. ചായ കണ്ടെത്തിയതിനെക്കുറിച്ചൊരു കഥയുണ്ട്. ക്ഷീണിതനായ ഒരു മനുഷ്യന്‍ കുറച്ചു വെള്ളം തിളപ്പിക്കുകയായിരുന്നു. അതിലേയ്ക്ക് ഒരു ഇല പറന്നു വീണു. അതെടുത്തുകളയാന്‍ അയാളല്പം അമാന്തിച്ചിട്ടുണ്ടാകണം. മറ്റു വഴിയില്ലാത്തതിനാല്‍ അയാള്‍ ഇലയെടുത്തു കളഞ്ഞശേഷം വെള്ളം കുടിച്ചു. അത് അയാള്‍ക്ക് ഉന്മേഷം നല്‍കി. വീണ ഇലയുടെ തായ്മരത്തെ കണ്ടെത്തിയപ്പോള്‍ ചായ കുടിക്കുന്ന ശീലം മനുഷ്യനുണ്ടായി. ലിഖിത കാലം തുടങ്ങുന്നതും അത്തരം യാദൃശ്ചികതകളില്‍ നിന്നാകണം.
ചരിത്രാനുഭവങ്ങളെ കഥയാക്കി പറയുമ്പോള്‍ സാഹിത്യമുണ്ടാകുന്നു. അതിനാല്‍ കടലാസുണ്ടായ കാര്യത്തിലും ഒരു കഥയുണ്ടാകണം. ഒന്ന് ഗൂഗിള്‍ ചെയ്താല്‍ കിട്ടാവുന്നതേയുള്ളൂ കടലാസുണ്ടായതിന്റെ കഥ. അതിലേയ്ക്ക് പോകാത്തൊരു കഥയിലേക്ക് നീങ്ങിയാല്‍, പക്ഷിയും തിര്യക്കുകളും കൊക്കും കൊമ്പും ഉരച്ച പ്രതലങ്ങളില്‍ അടയാളം വീഴുന്നതും വീണ അടയാളം മായാതെ നില്‍ക്കുന്നതും നോക്കിപ്പഠിച്ച മനുഷ്യനാകണം ഓലയിലും താമരയിലയിലും എഴുതാമെന്ന് കണ്ടെത്തിയത്. മുളയരച്ചു കടലാസാക്കാമെന്നു കണ്ടെത്തുവാന്‍ പിന്നെയും കാലം കഴിഞ്ഞിരിക്കണം. മരവുരി തുണിയായി മാറിയ ചരിത്രകാലത്തെപ്പോഴോ ആയിരിക്കണം തുണിയിലെഴുതും നിറം ചേര്‍ക്കലും ഉണ്ടായത്. തുണിയില്‍ നിന്ന് കടലാസിലേക്ക് ഇറങ്ങി വന്നപ്പോള്‍ അക്ഷരങ്ങള്‍ക്കും വരകള്‍ക്കും സഞ്ചരിക്കാമെന്നായി. ചിത്രങ്ങളും പുസ്തകങ്ങളും ലോക സഞ്ചാരം തുടങ്ങിയത് അങ്ങനെയാണ്.
കടലാസ്സില്‍ മുളംപേനയും നല്ല കഴുകിന്റെ ബലമുള്ള തൂവലും കൊണ്ട് കരിമഷിയില്‍ മുക്കിയെഴുതിയ കാലത്ത് നിന്ന് കല്ലച്ചുകളിലേയ്ക്ക് ദൈവകഥകള്‍ ഇറങ്ങി വന്നപ്പോഴാണ് വായന പാപികള്‍ക്കും കൂടിയായത്. അന്ന് പുസ്തകങ്ങള്‍ക്ക് യന്ത്രകാലത്തിന്റെ ശതഗുണിതങ്ങള്‍ ഇല്ലായിരുന്നു. ഉണ്ടായിരുന്ന പുസ്തകങ്ങള്‍ക്ക് തുകലും തടിയും കൊണ്ടുള്ള മനോഹരമായ ചട്ടകള്‍ ഉണ്ടായിരുന്നു. പണത്തിന്റെയും പാപികളുടെയും കണക്കു വെയ്ക്കണമായിരുന്നു കോളനി നിര്‍മ്മിച്ചവര്‍ക്ക്. കൈകളില്‍ പുസ്തകവുമായി വന്നവര്‍ പുസ്തകത്തിലൂടെ ദൈവലോകം കാണിച്ചു കൊടുത്തു. ഒടുവില്‍ പുസ്തകം ബാക്കി വെച്ച് ഭൂമി അവര്‍ കൊണ്ട് പോയി. പക്ഷെ പുസ്തകത്തിലൂടെ മറ്റൊരു ലോകം മനുഷ്യര്‍ ക്രമേണ വായിച്ചറിയാന്‍ തുടങ്ങി. ഈയം ചെവിയില്‍ ഉരുക്കി വീഴ്ത്തുമെന്നു ഭയന്ന് പുസ്തകം തൊടാതിരുന്നവര്‍ പുസ്തകം തൊട്ടപ്പോള്‍ വിപ്ലവത്തെ ഉണ്ടായി. പുസ്തകങ്ങള്‍ ആദ്യം മനുഷ്യനെ മാറ്റി, പിന്നെ ലോകത്തെയും.
ആദ്യം എഴുതുന്നവര്‍ ഉണ്ടായി; പിന്നെ വായിക്കുന്നവരും. വായിക്കുന്നവര്‍ എഴുതുന്നവര്‍ക്ക് പ്രചോദനമായി. എഴുന്നവര്‍ വായിക്കുന്നവരെ എഴുത്തില്‍ എഴുതിവെച്ചു. തങ്ങളുടെ കഥയും തങ്ങളെ പോലുള്ളവര്‍ ഭൂമിയില്‍ ഇതരഭാഗങ്ങളിലും ഉണ്ടെന്നുള്ള അറിവും അവര്‍ക്കും കഥകളുണ്ടെന്ന തിരിച്ചറിവും ലോകത്തിന്റെ അതിരുകളെ അടുപ്പിക്കുകയും മനുഷ്യാനുഭവങ്ങളുടെ ഭാവനാതിര്‍ത്തികളെ വിപുലപ്പെടുത്തുകയും ചെയ്തു. ആദ്യം കടലാസിലെഴുതിയവര്‍ പിന്നെ ടൈപ്പ് റൈറ്ററുകളില്‍ എഴുതാന്‍ തുടങ്ങി. അച്ചടിയും ടൈപ്പ് റൈറ്ററും അധികാരത്തിന്റെ ഭാഗങ്ങളായിരുന്നു; റെയില്‍വേയും തപ്പാലും പോലെ. പിന്നെ ടൈപ്പ് റൈറ്റര്‍ എഴുത്തുകാര്‍ ഏറ്റെടുത്തപ്പോള്‍ അത് ജനകീയമായി. ടൈപ്പ് പഠിച്ചാല്‍ തൊഴില്‍ കിട്ടും എന്ന് മാത്രമല്ല കഥകള്‍ എഴുതാനും അനുഭവങ്ങള്‍ രേഖപ്പെടുത്താനും ചരിത്രമെഴുതാനും പറ്റുമെന്നും തിരിച്ചറിയപ്പെട്ടു. ഇന്റര്‍നെറ്റും സൈനികാവശ്യങ്ങള്‍ക്കു വേണ്ടി ഉണ്ടായതാണ്. പിന്നെ അത് ജനകീയമായി. ജനങ്ങള്‍ എഴുത്തുകാരുമായി.
ലോകത്തെമ്പാടും പുസ്തകങ്ങള്‍ എഴുതപ്പെടുകയും വായിക്കപ്പെടുകയും മാത്രമല്ല അത് സാംസ്‌കാരികവും സാമൂഹികവുമായ അനുഭവങ്ങള്‍ കൂടിയായി. പുസ്തകങ്ങള്‍ക്ക് പല വലുപ്പങ്ങളില്‍ നിന്ന് മാറ്റം വന്നു ചില സൗകര്യമുള്ള ആകൃതികളിലേയ്ക്ക് മാറി. എഴുതുവാന്‍ ഏതു വലുപ്പമുള്ള കടലാസുകളും ഉപയോഗിക്കാമായിരുന്നു ഒരു കാലത്ത്. അത് ക്രമേണ ഒരു ശരാശരി വലുപ്പത്തിലേയ്ക്ക് വന്നു. അങ്ങനെ എ ഫോര്‍ സൈസ് കടലാസ് ഉണ്ടായി. എ ഫോര്‍ സൈസ് കടലാസുണ്ടായത് ടൈപ്പ് റൈറ്റിങ് മെഷീനുകളുടെ വലുപ്പത്തിനനുസരിച്ചാണ്. തീവണ്ടിയുടെ പാളങ്ങളുടെ വീതി ആദ്യം നിശ്ചയിച്ചത് അക്കാലത്തുണ്ടായിരുന്ന കുതിര വണ്ടികളുടെ ചക്രങ്ങള്‍ തമ്മിലുള്ള വീതിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു എന്നത് പോലെ. കെട്ടിടങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന തെരുവുകളുടെ വീതിയ്ക്കനുസരിച്ചാണ് ആദ്യം വണ്ടിച്ചക്രങ്ങളുടെ വീതി നിശ്ചയിക്കപ്പെട്ടത്. പില്‍ക്കാലത്താണ് കാറുകള്‍ക്കും ബസുകള്‍ക്കും ട്രക്കുകള്‍ക്കും വേണ്ടി വീതിയുള്ള റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടത്. എന്നാല്‍ എഴുത്തിന്റെ കാര്യത്തില്‍ ടൈപ്പ് റൈറ്ററില്‍ കയറ്റി വെച്ച എ ഫോര്‍ സൈസ് കംപ്യൂട്ടറിലേയ്ക്കും ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണിലേയ്ക്കും കടന്നു. ഫോട്ടോകോപ്പിയിങ് മെഷീനുകളും പ്രിന്ററുകളും എല്ലാം പിന്തുടരുന്ന അടിസ്ഥാന അളവ് ടൈപ്പ് റൈറ്ററിന്റേതാണ്. പേടിക്കേണ്ട, ഇക്കാര്യം ആദ്യം ചൂണ്ടിക്കാട്ടിയത് ഞാനല്ല ദെറീദയാണ്.
പുസ്തകനിര്‍മ്മാണം വ്യവസായമായി ലോകമെമ്പാടും പടര്‍ന്നു. സാങ്കേതികത പുസ്തക നിര്‍മ്മാണം എളുപ്പമാക്കി. ഇന്ന് പുസ്തകം എഴുതി പ്രസിദ്ധീകരിക്കാന്‍ പ്രസാധകന്റെ സഹായം വേണ്ട എന്ന് വന്നിരിക്കുന്നു; പുസ്തകത്തിന്റെ പുറം ചട്ടപോലും തയാറാക്കിത്തരുന്ന സെല്ഫ് പബ്ലിഷിങ് സൈറ്റുകള്‍ ഉണ്ട്. എന്നാല്‍ എഴുത്തുകാരനും വായനക്കാരനും എന്ന് വിഘടിച്ചു നിന്ന മനുഷ്യര്‍ എഴുത്തുകാരന്‍ വായനക്കാരനായും വായനക്കാരന്‍ എഴുത്തുകാരനും ആകുന്ന അവസ്ഥയിലേയ്ക്ക് ഒന്നിച്ചു. ബ്ലോഗുകളില്‍ തുടങ്ങിയ എഴുത്തുകള്‍ വായനക്കാരെയും കൂടുതല്‍ ബ്ലോഗര്മാരെയും ഉണ്ടാക്കി. സമൂഹമാധ്യമങ്ങള്‍ എഴുത്തിനെ ആധാരമാക്കിയാണ് ആദ്യം ഉണ്ടായത് എന്നതിനാല്‍ വായിക്കുന്നവരേക്കാള്‍ കൂടുതല്‍ എഴുതുന്നവരുണ്ടായി. എല്ലാവരും എഴുതുന്ന കാലത്ത് വായിക്കുന്നതാരെന്ന ചോദ്യം ഉണ്ടെങ്കില്‍ വായനക്കാരുടെ എണ്ണം കൂടി വരുന്നതായാണ് കാണുന്നത്; അതായത് എഴുതുന്നവരും വായിക്കുന്നവരും പൊതുവായി ചെയ്യുന്ന ഒരു പ്രവര്‍ത്തി എന്നത് വായിക്കുക എന്നതാണ്.
സാങ്കേതിക മാധ്യമങ്ങള്‍ വായനയെ കുറച്ചിട്ടുണ്ടെന്നു ഭയക്കേണ്ട. വായിക്കുന്ന ഇന്റര്‍ഫേസുകള്‍ മാറി എന്ന് മാത്രം കണക്കാക്കിയാല്‍ മതി. ഇന്നലെ വരെ പുസ്തകശാലകളില്‍ പോയവര്‍ ഇന്ന് കിന്ഡിലിലേയ്ക്കും പിഡിഎഫ് വായനയിലേയ്ക്കും മാറിയിട്ടുണ്ടാകാം, പക്ഷെ മാറിയത് ഇന്റര്‍ഫേസ് മാത്രമാണ്; വായന അല്ല. എല്ലാവരും എഴുതുമ്പോള്‍ ഗുണമേന്മ കുറയുന്നു എന്നൊരു പരാതിയുണ്ടല്ലോ. പേടി വേണ്ട. ഗുണമേന്മ ഉള്ളത് തെരെഞ്ഞെടുത്തു വായിക്കാനുള്ള പ്രേരണയാണ് വായിക്കാനുള്ള പുസ്തകങ്ങളുടെ എണ്ണം കൂടുമ്പോള്‍ വളരുന്നത്. സമൂഹമാധ്യമങ്ങളില്‍ എഴുതുമ്പോള്‍ കിട്ടുന്ന ലൈക്കുകളുടെ എന്നതിന്റെ അടിസ്ഥാനത്തില്‍ പുസ്തകം ഇറക്കിയാല്‍ ആദ്യം വിജയിക്കുമെങ്കിലും പിന്നീട് ആളുകള്‍ ഗുണം തേടി പോവുകയാണ് ചെയ്യുന്നത്. ലിബറല്‍ മാര്‍ക്കറ്റിന്റെ പ്രത്യേകത എന്നത് അത് ഗുണപരമായ മത്സരം കൂട്ടും എന്നാണ്. പുസ്തക പ്രസാധനത്തെയും വായനയും കുത്തക ആക്കാന്‍ കഴിയാത്ത വിധം ഇന്ന് പ്രസാധനത്തിന് ബദല്‍ രീതികള്‍ ഉണ്ടായിരിക്കുന്നു. അതിപ്രശസ്തരായ എഴുത്തുകാര്‍ പോലും മോശം കൃതി എഴുതിയാല്‍ വായനക്കാര്‍ അവഗണിക്കും എന്നുള്ളത് ഇന്നൊരു വസ്തുതയാണ്. വായന മരിച്ചിട്ടില്ല, വായനയുടെ ഗുണം കൂടി എന്നാണ് മനസ്സിലാക്കേണ്ടത്.
എല്ലാക്കാലത്തും എല്ലാത്തരം രചനാ ജനുസ്സുകളും വിജയിക്കണമെന്നില്ല. ഒരു എഴുത്തുകാരന്‍ ഒരേ ജനുസ്സ് തന്നെ ആവര്‍ത്തിക്കണമെന്നും ഇല്ല. കവിതയെഴുതുന്നവന് നോവലെഴുതാം. നോവലിസ്റ്റിനു യാത്രാവിവരണവും എഴുതാം. ആരും ആരെയും തടുക്കുന്നില്ല. അതിനാല്‍ത്തന്നെ വായനയുടെ ദ്രാവകസ്വഭാവവും വര്‍ധിക്കുന്നു. ചില കാലഘട്ടങ്ങളില്‍ ചില ജനുസ്സുകള്‍ക്ക് മുന്‍കൈ ലഭിക്കും. ഒരു കാലത്തു സെല്ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍ നന്നായി വിറ്റഴിഞ്ഞിരുന്നു. പാലോ കൊയ്ലോയും ചേതന്‍ ഭഗത്തും അമിഷും ആനന്ദ് നീലകണ്ഠനും ഒക്കെ ഒരു സമയത്ത് നന്നായി വായിക്കപ്പെട്ടു. പിന്നെ അനുഭവമെഴുത്തുകളുടെ തിരത്തള്ളലുണ്ടായി. അടുത്തകാലത്ത് കുറ്റാന്വേഷണ നോവലുകളുടെ ജനുസിനു ആക്കം ലഭിച്ചു. എന്നാല്‍ വായനക്കാര്‍ ആരോടും സവിശേഷമായ വിശ്വസ്തത പുലര്‍ത്താറില്ല. വായനക്കാര്‍ സിനിമാ ഫാന്‍സ് പോലെ അല്ല. വായനക്കാര്‍ നല്ലത് വായിക്കാന്‍ വേണ്ടി ഒരുപാടു മോശം പുസ്തകങ്ങളും വായിക്കുന്നവരാണ്. വായന അങ്ങനെയൊരു തെരഞ്ഞെടുപ്പിനുള്ള പ്രോസസ്സ് കൂടിയാണ്.
എല്ലാവരും എഴുതുന്ന കാലമാണെങ്കിലും എഴുത്തുകാരായി മാത്രം പ്രവര്‍ത്തിക്കുന്നവര്‍ വായനക്കാരുടെ പ്രിയപ്പെട്ടവരാണ്. ഇടയ്‌ക്കൊരു പുസ്തകം അല്പം മോശമായാലും വായനക്കാര്‍ അവരോട് ക്ഷമിക്കും. അത്തരം എഴുത്തുകാരുമായി ബൗദ്ധികവും ആത്മീയവുമായ ഒരു ബന്ധം വായനക്കാര്‍ പുലര്‍ത്തുന്നുണ്ട്. അതൊരു തരം കമ്മ്യൂണിയന്‍ ആണ്; ഒരു ധ്യാനസമ്മേളനം. സര്‍ഫിങ്ങും ബംഗീ ജംപിങ്ങും രണ്ടു തരത്തിലുള്ള ത്രില്ലാണ് നല്‍കുന്നത്. ചിലര്‍ക്ക് കരയിലിരുന്നു കടലും നദിയും കാണാനാകും താത്പര്യം. ചിലര്‍ക്ക് നടക്കാന്‍ പോകാന്‍, ചിലര്‍ക്ക് കുന്നുകള്‍ കയറാന്‍. വായന അത് പോലൊരു അനുഭവസ്വീകരണമാണ്. ഫ്രാന്‍സിസ് ബേക്കണ്‍ പറഞ്ഞത് വായനയുടെ കാര്യത്തില്‍ ഇപ്പോഴും പ്രസക്തമാണ്: ചില പുസ്തകങ്ങള്‍ ഒന്ന് രുചി നോക്കാനുള്ളതാണ്, ചിലത് വിഴുങ്ങാനും, ചിലതാകട്ടെ ചവച്ചു രുചിച്ചു ആസ്വദിച്ചു കഴിക്കാനുള്ളതും. വായനയോ വായനക്കാരോ അപ്രസക്തമായിട്ടില്ല. അവര്‍ പല ഇന്റര്‍ഫേസുകളില്‍ പലതും വായിച്ചു കൊണ്ടേയിരിക്കുന്നു; അപരലോകങ്ങളെ കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു.
Content Highlights: world book day special