സ്മിത നെരവത്ത്
വായിക്കാനൊരുപാടു പുസ്തകങ്ങളും, പുസ്തകങ്ങളെ മക്കളേക്കാൾ ഏറെ സ്നേഹിച്ചിരുന്ന അച്ഛനും ഉണ്ടായിരുന്ന എനിക്ക് വായന എപ്പോഴും വലിയ പ്രിവിലേജ് ആണെന്നേ കരുതാൻ പറ്റുന്നുള്ളൂ. ഒരു പുസ്തകം പോലും വാങ്ങാൻ കഴിയാതെ, വായനശാലയിൽ പോലും പോകാൻ കഴിയാതെ ശ്വാസംമുട്ടിയ ഒരു പാടു മനുഷ്യർക്കിടയിലെ പ്രിവിലേജ്ഡ് വായനക്കാരി എന്നത് ഒരു ഭാരമാണ്. കുട്ടിക്കാലത്ത് ചൈൽഡ് ക്ലാസിക്സും മാതൃഭൂമി അടക്കമുള്ള വാരികകളും ഒക്കെ ഉണ്ടായിട്ടും അയൽവക്കത്തെ വീട്ടിലെ മറിയമ്മാമ മുടക്കാതെ വരുത്തുന്ന, വീട്ടിലെ പണികൾ മുഴുവൻ തീർത്ത്, പ്രാർത്ഥനയും കഴിഞ്ഞ് പാതിരാത്രിക്ക് മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിനു മുന്നിലിരുന്നു വായിച്ചു നെടുവീർപ്പിടുന്ന മനോരമ ആഴ്ചപ്പതിപ്പ് എന്റെ ഇഷ്ട പുസ്തകമായി. എന്തു വായിക്കണമെന്ന് അച്ഛൻ പറഞ്ഞിരുന്നില്ല. പക്ഷേ എന്ത് വായിക്കരുത് എന്ന് പറഞ്ഞു. അതിൽപ്പെട്ടതായിരുന്നു മനോരമയും മംഗളവുമൊക്കെ. അതുകൊണ്ട് തന്നെ ഒളിച്ചു വായിക്കുന്നതിന്റെ ത്രില്ല് ഞാനനുഭവിച്ചത് അത്തരം വായനകളിലായിരുന്നു. അതിന്റെ ഓരോ ലക്കവും ആർത്തിയോടെ വായിക്കുമ്പോൾ അച്ഛനെ ധിക്കരിക്കുന്നതിലെ ഒരാവേശം എന്നെ പൊതിഞ്ഞിരുന്നു. പുസ്തകങ്ങൾക്കിടയിൽ ഒരൊട്ടകപക്ഷിയേപ്പോലെ മുഖം താഴ്ത്തിയിരിക്കുന്ന അച്ഛൻ വായനമുറിയിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ അതെന്റെ ലോകമായിരുന്നു. ബാലരമയും, പൂമ്പാറ്റയുമെല്ലാം ശേഖരിച്ച് വെക്കാൻ എനിക്കായ് ഒരു ഭാഗം അവിടെയുണ്ടായിരുന്നു. ആർക്കും വേണ്ടാത്ത കുട്ടിയെന്ന തോന്നലിൽ പുസ്തകങ്ങൾ എന്നെ ചേർത്തു പിടിച്ചു. റഷ്യൻ കഥകളുടെ ഒരു വൻ ശേഖരമുണ്ടായിരുന്നു. ബാല്യത്തിലെ ഏകാന്തതയെ ഞാനില്ലാതാക്കിയത് ഉരുളക്കിഴങ്ങിനായ് കാത്തിരിക്കുന്ന റഷ്യൻ ബാലൻമാരും പെൺകുട്ടികളുമായി കൂട്ടുകൂടിയായിരുന്നു. അവരുടെ നാടും പ്രകൃതിയും, മനുഷ്യരുമെല്ലാം എന്റെ കൂടിയായിരുന്നു.പുഴുങ്ങിയ ഉരുളക്കിഴങ്ങിനായി ഞാൻ വാശിപ്പിടിച്ചു കരഞ്ഞു. ഒരു രുചിയുമില്ലാത്ത ആ കിഴങ്ങിനോടുള്ള എന്റെ ആർത്തി അമ്മക്കൊരിക്കലും പിടികിട്ടിയിരുന്നില്ല. വീട്ടിലെ പണികളെടുക്കാൻ മടിച്ചിട്ടാണ് ചേച്ചി എപ്പോഴും പുസ്തകം വായിച്ചോണ്ടിരിക്കുന്നതെന്ന് അനിയത്തി പരാതി പറഞ്ഞു കൊണ്ടേയിരുന്നു. ഒരു പണിയും പൂർത്തിയാക്കാതെ ഏതേലും കടലാസുമായി വീടിന്റെ ഏതേലും മൂലക്കിരിക്കുന്ന എന്നെ തല്ലി തല്ലി അമ്മയും മടുത്തു. വായിച്ച പുസ്തകങ്ങളെല്ലാം തുന്നുവിട്ടു ചുരുണ്ടു പോയതിന്, സൂക്ഷിക്കാത്തതിന് അച്ഛന്റെ വക ശാസന വേറെയും. ഒരേ സമയം പുസ്തകങ്ങൾ എനിക്ക് സന്തോഷവും സങ്കടവും തന്നു.
ഒരു ദേശത്തിന്റെ കഥയാവണം ആദ്യം വായിച്ച നോവൽ. ഇലഞ്ഞിക്കൽ തറവാട്ടിലേക്കുള്ള ശ്രീധരന്റെ യാത്രക്കൊപ്പം ഞാനും കൂടെ കൂടും. വെളുത്ത മുടിയുള്ള പറയരെ കണ്ട് ശ്രീധരൻ പേടിക്കുമ്പോൾ ഞാനെന്റെ ഉഷ ചേച്ചിയെക്കുറിച്ചു പറഞ്ഞവനെ ആശ്വസിപ്പിക്കും. വെളുത്ത തൊലിയും ചുകന്ന മുടിയുമുള്ള, എപ്പോഴും വേണ്ടാത്ത കുട്ടിയെന്ന എന്റെ മുഖഭാവവും പേറി നടക്കുന്ന ഉഷ ചേച്ചിയെ എനിക്കിഷ്ടമായിരുന്നു. നീലക്കൊടുവേലി തേടിപ്പോകാൻ കൂട്ടുവന്ന ചങ്ങാതിയുടെ അനിയത്തിയുടെ ഓർമ്മക്കായി നട്ട പേരമരത്തിലെ ചുവന്ന ഉള്ളുള്ള പേരക്കയെക്കുറിച്ചുള്ള ഓർമ്മ പേരക്ക തിന്നുമ്പോഴെല്ലാം കണ്ണ് നിറപ്പിച്ചു. ആൺ ലോകത്തിന്റെ സ്വാതന്ത്രത്തിന്റെ ആഴം എനിക്ക് അസൂയയുണ്ടാക്കിയ നോവലാണത്.ശ്രീധരന്റെ സൊറക്കമ്പനിപോലൊന്ന് ഞാൻ സങ്കൽപ്പിച്ചുണ്ടാക്കി.
ആശാപൂർണ്ണദേവിയുടെ ട്രിലജിയിലെ 'പ്രഥമ പ്രതിശ്രുതി' എന്ന നോവലാണ് എന്നെ വ്യക്തിത്വത്തെക്കുറിച്ചും പെണ്ണെന്ന നിലയിലെ ജീവിതത്തിലെ വിലക്കുകളെപ്പറ്റിയും പരിമിതികളെപ്പറ്റിയും ഓർമിക്കാനുള്ള നിലമൊരിക്കിയത്;വിലക്കുകളിൽ നിന്ന് ഊർജ്ജം നേടാനുള്ള ശക്തി നൽകിയത്.
എങ്കിലും മറക്കാൻ കഴിയാത്ത പുസ്തകം'ലേഡി ചാറ്റർലിയുടെ കാമുകൻ' എന്ന ഡി.എച്ച് ലോറൻസിന്റെ നോവലിന്റെ പരിഭാഷയാണ്.ഒരു പതിനാലുകാരി പെൺകുട്ടിയിലെ രതി കാമനകളെ ഇത്രക്കധികം സ്വാധീനിച്ച ഒരു പുസ്തകമുണ്ടാവില്ല. അച്ഛനുമമ്മയും ജോലിക്കു പോയാൽ ആരും കാണാതെ ജനലും വാതിലുമടച്ച് പുസ്തകം വായന തുടങ്ങും. കോണിയുടെയും മെല്ലോറിന്റെയും രഹസ്യ സംഗമങ്ങളുടെ ഭാഗമെത്തുമ്പോൾ ശരീരമാകെ വല്ലാത്തൊരു അനുഭൂതി പടരും. സ്വന്തമായി ആനന്ദം കണ്ടെത്താനുള്ള വഴികൾ അതു കണ്ടെത്തിക്കഴിഞ്ഞു. മാസ്റ്റർബേറ്റ് എന്ന മനോഹരമായ പ്രവർത്തിയിലേക്ക് എന്നെ നയിച്ചത് ആ പുസ്തകമായിരുന്നു. പിന്നീട് പുസ്തകം വായിച്ചു കൊണ്ടല്ലാതെ എനിക്കതിന് കഴിയില്ല എന്ന അവസ്ഥ വന്നു.
ആദ്യമായി ഒരെഴുത്തുകാരൻ നേരിട്ടു വന്ന് എനിക്കായ് ഒപ്പിട്ടു തന്ന പുസ്തകത്തെ ഈ ദിനം ഞാനെങ്ങനെ മറക്കും!ബാബു ഭരദ്വാജ് എന്ന എന്റെ ബാബു ഏട്ടൻ ഒരു വൈകുന്നേരം പണിതീരാത്ത വീട്ടിലേക്ക് മുൻകൂട്ടി പറയാതെ കയറി വന്നപ്പോൾ ഞാനമ്പരുന്നു.പരിഷത്തിന്റെ കലാജാഥക്കിടയിൽ വെച്ചാണ് ഞങ്ങൾ പരിചയക്കാരാവുന്നത്. തിരിച്ചു പോകുമ്പോൾ ' ഗണപതി ചെട്ട്യാരുടെ മരണം ഒരു വിയോജനക്കുറിപ്പ് ' എന്ന പുസ്തകം അദ്ദേഹം എനിക്കു സമ്മാനിച്ചു. എന്റെ മാത്രമായ ആദ്യത്തെ പുസ്തകം. പിന്നീട് എത്രയോ പുസ്തകങ്ങൾ ബാബു എട്ടൻ എനിക്കു നൽകിയിട്ടുണ്ട്. മരിക്കുന്നതിന് മുമ്പു തന്ന അമിതാവ് ഘോഷിന്റെ ' Sea of Poppies ' എന്ന നോവൽ തിരിച്ചുകൊടുക്കാൻ ആളില്ലാതെ എന്റെ അലമാരയിൽ ഇപ്പോഴുമുണ്ട്. പുറഞ്ചട്ടയിൽ കാറ്റത്ത് ഇളകി നൃത്തം ചെയ്യുന്ന ഇളം പിങ്കു നിറമുള്ള പോപ്പി പുഷ്പങ്ങൾ,ബാബുവേട്ടന്റെ ഓർമ്മകൾ പോലെ.
പുസ്തകങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ എഴുതിയാൽ തീരില്ല എങ്കിലും കുറ്റവും ശിക്ഷയുമെന്ന ദസ്തോവ്സ്കിയുടെ നോവലിൽ നിന്ന് ഇനിയും എനിക്ക് പുറത്തു കടക്കാൻ കഴിഞ്ഞിട്ടില്ല. മനുഷ്യമനസ്സുകളുടെ നിഗൂഢതയെ ഇത്രക്കും മനോഹരമായി അവതരിപ്പിച്ച ഒരു നോവൽ മറ്റേതാണ്?വായിച്ച പുസ്തകങ്ങൾ തന്നെ വീണ്ടും വീണ്ടും വായിച്ച് ഓരോ വായനയുടെയും കാലത്തേക്കും തിരിച്ചു പോകുന്ന,ഓരോ വായനയിലും പുതിയ പുതിയ അർത്ഥങ്ങൾ പുസ്തകത്തിലേക്ക് കൂട്ടി ചേർക്കുന്ന മനോഹരമായ ഒരു കളിയുണ്ട്. ഞാനതിനടിമപ്പെട്ടു പോയിരിക്കുന്നു.
പുസ്തകങ്ങൾ എന്റെ അധോലോകമാണ്. ഞാനവിടുത്തെ ഡോണും. ചിലപ്പോഴൊക്കെ എന്നെ ഒറ്റുകൊടുത്തു അവരിൽ ചിലർ പുറത്തു പോകും. ഒറ്റുകാരെന്നറിഞ്ഞിട്ടും ഞാനവരെ സ്നേഹിച്ചിരുന്നു.എന്റെ ആജ്ഞകൾക്കു കീഴ്പ്പെടാത്തവരെ പക്ഷേ ഒരിക്കലും കൊന്നുകളഞ്ഞിരുന്നില്ല. അവരെ ഞാൻ സ്വതന്ത്രരാക്കി.
Content Highlights : World Book Day Smitha Neravath Writes About Nostalgia On Books