സജയ് കെ.വി
'For several years, my Lexicon_was my only companion.'
നിങ്ങൾക്ക് സുഹൃത്തുക്കളില്ലേ, എന്ന ചോദ്യത്തിനു മറുപടിയായി എമിലി ഡിക്കിൻസൺ പറഞ്ഞ വാക്യമാണിത്; വർഷങ്ങളോളം,നിഘണ്ടു മാത്രമായിരുന്നു എന്റെ ഒരേയൊരു കൂട്ടുകാരൻ എന്ന്.മലയാളിയുടെ നിഘണ്ടുവിന് മനോഹരമായ ഒരു പേരുണ്ട്.
'വാക്കുകളുടെ നക്ഷത്രക്കൂട്ടം' എന്നർത്ഥമുള്ള'ശബ്ദതാരാവലി' എന്ന പേരാണത്. എമിലി ഡിക്കിൻസൺ,' നിഘണ്ടു' എന്നു പറഞ്ഞിടത്ത് പകരം,' ശബ്ദതാരാവലി' എന്നെഴുതാമെങ്കിൽ, അതിന് വാഗ്നക്ഷത്രങ്ങളുടെ സമാഹാരം എന്ന ഉദാരമായ അർത്ഥം കല്പിക്കുകയും ചെയ്യാമെങ്കിൽ, അത് എന്റെയും വാക്യമാകും.
'സ്‌ഫുടതാരകൾ കൂരിരുട്ടിലുണ്ട്' എന്ന പോലെ ഏകാന്തതയുടെ കൊടുംകൂരിരുട്ട് അത്രമേൽ അസഹ്യവും അപരിമേയവുമാകുമ്പോൾ ഒരുവൻ/ഒരുവൾ കണ്ടെത്തുന്ന വാഗ് വെളിച്ചങ്ങളുടെ വിദൂരസാന്ത്വനത്തിന്റെ പേരാകുന്നു വായന എന്നത്. പുസ്തകം മനുഷ്യനല്ല. മനുഷ്യർ വാക്കിൽ പകർന്നു വെച്ച ഹൃദയവെളിച്ചം മാത്രമേയുള്ളൂ അതിൽ. എന്താണ് വായിക്കുന്നത് എന്ന ചോദ്യത്തോട്, 'വാക്കുകൾ, വാക്കുകൾ, വാക്കുകൾ' എന്നാണ് ഹാംലറ്റ് പ്രതികരിച്ചത്. ഡെൻമാർക്കിലെ രാജകുമാരന്റെ ഭ്രാന്തുകളിൽ ഒന്നു മാത്രമായിരുന്നോ അത്? അല്ലെന്നാണ് ഞാൻ കരുതുന്നത്. വാക്കാണ് വായിക്കപ്പെടുന്നത്. വാക്കിനോടുള്ള സൗഹൃദവും പ്രണയവും രതിയുമാണ് വായന (എഴുത്തുമതേ).' 'അത്ഭുതലോകത്തിലെ ആലീസി'ൽ മറ്റനവധി ഭ്രാന്തുകളോടുമൊപ്പം ഒരില്ലാവീഞ്ഞിനേക്കുറിച്ചും പരാമർശമുണ്ട്.'ഭ്രാന്തൻ ചായ സൽക്കാരം ' എന്ന ഏഴാം അധ്യായത്തിലാണത്.
മാർച്ച് മുയൽ(March hare) ആലീസിനെ ഒരല്പം വീഞ്ഞു കുടിക്കാൻ ക്ഷണിക്കുന്നു. പക്ഷേ അവരുടെ മുന്നിലെ മേശമേൽ ചായ മാത്രമേ ഉണ്ടായിരുന്നുള്ളു. വീഞ്ഞെവിടെ, എന്ന ആലീസിന്റെ ചോദ്യത്തിന് 'ഇവിടെ വീഞ്ഞില്ല' എന്ന് അത്രമേൽ സ്വാഭാവികമായി മാർച്ച് മുയൽ മറുപടി പറയുന്നു.
പുസ്തകങ്ങളും ഇതുപോലെയാണ്. അവ നമ്മെ ഇല്ലാത്ത ഒരു വീഞ്ഞുസൽക്കാരത്തിനു ക്ഷണിക്കുകയും നമ്മൾ വീഞ്ഞിനായി പരതുമ്പോൾ' ഇവിടെ വീഞ്ഞില്ല' എന്നു കൈമലർത്തുകയും ചെയ്യുന്നു.'വീഞ്ഞ്' എന്ന വാക്കിന്റെ ലഹരിയാണ് വായനയിലെ വീഞ്ഞിന്റെ ലഹരി. മനസ്സിന്റെയും ബുദ്ധിയുടെയും ഹൃദയത്തിന്റെയും ലഹരിയാണ് വായന. ഏകാന്തതയിലെ ആൾക്കൂട്ടം. പരാധീനജീവിതത്തിൽ നിന്നുള്ള ഭാവനാത്മകമായ പലായനം.തടവുപുള്ളി സ്വച്ഛന്ദ ജീവിതത്തെക്കുറിച്ചു കാണുന്ന കിനാവ്. അപര ജീവിതത്തിന്റെ അനന്തസാധ്യതകൾ.
'Living Doubly' എന്നായിരുന്നു ഒരിക്കൽ ,ഒരു തീവണ്ടിയാത്രയ്ക്കിടെ, എനിക്കു കൈമോശം വന്ന കവിതാ സമാഹാരത്തിന്റെ അവതാരികയുടെ ശീർഷകം. ഒരാൾ പലരാകുന്നു വായനയിൽ.' ഞാൻ ഞാനല്ല, മേഘം, മഴ, വാൻഗോഗ്, സാവിത്രി' (ഡി.വിനയചന്ദ്രൻ) എന്ന പോലെ. ഏകാകിയായ മനുഷ്യൻ പലമപ്പെടുന്നു, വായിക്കുമ്പോൾ.
ബുദ്ധസന്ന്യാസിനിയും ഗണികയുമായ ഒരുവളേക്കുറിച്ചു വായിച്ചിട്ടുണ്ട്. അവളുമായി ഒരിക്കൽ ഇണചേർന്നവർ ഭോഗത്തിന്റെ പരമാനന്ദമെന്തെന്നറിയുകയും, അതോടെ, ബുദ്ധത്വം പ്രാപിക്കുകയും ചെയ്യുമായിരുന്നത്രേ. അത്തരമൊരു പുസ്തകമാണെന്റെ സ്വപ്നം. അതു വായിക്കുന്നതോടെ വായനയുടെ പരമപദമെന്തെന്ന് ഞാനറിയും.
Content Highlights : World Book Day Sajay KV Writes about the Zenith of Reading