വായനയുടെ തീരാസഞ്ചാരങ്ങളിലേക്ക് കൈപിടിച്ചു നടത്തിച്ച എസ്.കെ പൊറ്റക്കാട്


എം.ആര്‍. രേണുകുമാര്‍

2 min read
Read later
Print
Share

അദ്ദേഹത്തോടൊപ്പം ഞാനദ്ദേഹം പോയ മുഴുവന്‍ രാജ്യങ്ങളും സഞ്ചരിച്ചു. അതൊക്കെ തീര്‍ന്നപ്പോള്‍ ഞാനദ്ദേഹത്തിന്റെ നോവലുകളിലേക്കും കഥകളിലേക്കും ഊളിയിട്ടു. മലയാള സാഹിത്യത്തില്‍ ഞാനേറ്റവും അധികം വായിച്ചിട്ടുള്ള എഴുത്തുകാരന്‍ ഒരുപക്ഷേ എസ്.കെ യാവാം.

എം ആർ രേണുകുമാർ ഫോട്ടോ: എസ് കലേഷ്‌

ള്ളിക്കൂടത്തിൽപോയി പഠിക്കുന്നതിനുള്ള അവകാശം ഒരു നൂറ്റാണ്ടുമുമ്പ് സമരം ചെയ്തുനേടേണ്ടിവന്ന സാമൂഹ്യവിഭാഗത്തിന്റെ തുടർച്ചയായ ഒരാൾ ലോകപുസ്തകദിനമായ ഇന്ന് തന്റെ ആദ്യകാല വായനാനുഭവത്തെക്കുറിച്ച് ഓർക്കുന്നതിൽ ഒരു സാമൂഹ്യപ്രധാന്യം കൂടിയുണ്ട്.

വായനയെന്ന് കേൾക്കുമ്പോൾ എനിക്ക് ചിലകാര്യങ്ങൾ/ഓർമ്മകൾ തികട്ടിവരും. അച്ചന് എഴുത്തും വായനയുമൊന്നും വശമില്ലായിരുന്നു. അമ്മ നാലാം ക്ലാസുകാരിയായിരുന്നു. പലചരക്കുസാധനങ്ങൾ പൊതിഞ്ഞുവരുന്ന കടലാസിലെ 'സാഹിത്യം' വായിച്ച് അമ്മയത് ഓലമറയിൽ തിരുകിവെക്കുമായിരുന്നത്രേ. സമയം കിട്ടുമ്പോഴൊക്കെ അതിലെ ചില കവിതകളൊക്കെ വായിച്ച് മനപ്പാഠവുമാക്കിയിരുന്നു.

അക്ഷരമറിയുന്നവരുടെ, സാഹിത്യാഭിരുചിയുള്ളവരുടെ വായിക്കാനുള്ള ദാഹം തീരുന്നതോ അടക്കിവെക്കാവുന്നതോ അല്ലെന്ന് തോന്നിയിട്ടുണ്ട്. കുറേ വർഷങ്ങൾക്കുമുമ്പ് ഞാനും രേഖയും കൂടി ചരിത്രകാരനായ ടി.എച്ച്.പി ചെന്താരശ്ശേരിയെ ഇന്റർവ്യൂ ചെയ്തിരുന്നു. പലതും പറഞ്ഞകൂട്ടത്തിൽ അദ്ദേഹം അക്ഷരാഭ്യാസം സിദ്ധിച്ചിച്ചതിനുശേഷം വായിക്കാനുണ്ടായ അദമ്യമായ ആഗ്രഹത്തെപ്പറ്റിയും പറഞ്ഞു. അക്കാലത്ത് വായിക്കാൻ ഒന്നും ലഭ്യമല്ലായിരുന്നു. ഒരു ഉപദേശിയിൽനിന്ന് യാദൃശ്ചികമായി ലഭിച്ച ചെറിയൊരു പുസ്തകമായിരുന്നു അദ്ദേഹം ആദ്യം വായിച്ച പുസ്തകം. എന്തെങ്കിലും വായിക്കണമെന്ന് തോന്നുമ്പോ അതാവർത്തിച്ചുവായിക്കുക അദ്ദേഹത്തിന് ശീലമായിരുന്നത്രേ.

ഹൈസ്കൂളിലെത്തിയിട്ടും പാഠപുസ്തകങ്ങൾക്കും ബാലരമയ്ക്കും പുമ്പാറ്റയ്ക്കും എഡിറ്റർ കണ്ണാടി വിശ്വനാഥന്റെ ചിത്രകഥകൾക്കും അപ്പുറത്തേക്ക് എന്റെ വായനാലോകം വികസിച്ചിരുന്നില്ല. വീട്ടിൽ അപൂർവമായി കണ്ടിരുന്ന ചില പുസ്തകങ്ങളൊക്കെ മറിച്ചു നോക്കിയിട്ടുള്ളതല്ലാതെ ഞാനതൊന്നും വായിച്ചിരുന്നില്ല. പ്രീഡിഗ്രിക്കാലത്താണ് വായനയിലേക്ക് കൂപ്പുകുത്തിയത്. മലയാളം മീഡിയത്തിൽനിന്ന് ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള മാറ്റത്തെ നേരിടുന്നതിൽ പരാജയപ്പെട്ട ഞാൻ ചെന്നെത്തിയ ഇടമായിരുന്നു കോളേജ് ലൈബ്രറി. അവിടെവെച്ചാണ് എസ്.കെ. പൊറ്റക്കാട്ട് എന്നെ എഴുത്തുകാരനെ എനിക്ക് കളഞ്ഞുകിട്ടുന്നത്.

ആയിരത്തോളം പേജുവരുന്ന 'ആഫ്രിക്കയിലൂടെ' എന്ന അദ്ദേഹത്തിന്റെ യാത്രാവിവരണകൃതിയാണ് എങ്ങനെയോ ആദ്യമെന്റെ കൈയിൽ തടയുന്നത്. അതെന്നെ മാറ്റിമറിച്ചുകളഞ്ഞു. 'ഇരുണ്ട ഭൂഖണ്ഡ'മെന്ന് മാത്രം കേട്ടിട്ടുള്ള ആഫ്രിക്കയിലൂടെ അദ്ദേഹം നടത്തിയ യാത്രകൾ ആഫ്രിക്കയെക്കുറിച്ചുള്ള എന്റെ ധാരണകളെയെല്ലാം പൊളിച്ചടുക്കികളഞ്ഞു. ആഫ്രിക്കയുടെ ചരിത്രവും വർത്തമാനവും സാംസ്കാരിക വൈവിധ്യവും പ്രകൃതിയും കലയും തനിമകളും മനുഷ്യരുമെല്ലാം വിവരണങ്ങളിലൂടെയും ബ്ലാക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെയും മനസ്സിന്റെ വെള്ളിത്തിരയിൽ ദീർഘകാലം ഹൗസ്‌ഫുള്ളായി ഓടിക്കൊണ്ടിരുന്നു. ഫറോവമാരുടെ ശവകൂടീരങ്ങളായ മമ്മികളുടേയും ഈജിപ്തിലെ ടൂത്തൺ ഖമൂണിന്റേയും ക്ലിയോപാട്രയുടേയും സ്‌ഫിങ്സ് പ്രതിമയുടെ മുന്നിലും നൈൽ നദീതിരത്തും ആഫ്രിക്കയിലെ തന്റെ സൂഹൃത്തുക്കളുടെയും ഗൈഡുകളുടേയും ഒപ്പം നിൽക്കുന്ന കോട്ടിട്ട എസ്.കെ നിശ്ചലചിത്രങ്ങൾ എന്റെ മനസ്സിൽ ചലച്ചിത്രങ്ങളായി.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളും അനിശ്ചിതത്ത്വങ്ങളും വിട്ടൊഴിയാത്ത കാലത്ത് മാസങ്ങൾ നീണ്ടുനിന്ന കപ്പൽ യാത്രകൾ നടത്തുകയും ആഫ്രിക്കയുടെ നാടുംനഗരവും ചുറ്റിക്കറങ്ങിയ എസ്.കെ. എന്നെ സംബന്ധിച്ചിടത്തോളം ഒരെഴുത്തുകാരൻ മാത്രമായിരുന്നില്ല; ഒരു ഹീറോ കൂടിയായിരുന്നു. ഇന്നായിരുന്നെങ്കിൽ 'മാസാ'കുമായിരുന്നു. ഈ പുസ്തകത്തിന്റെ വായന എന്നെ അദ്ദേഹത്തിന്റെ ഇതര സഞ്ചാരസാഹിത്യ കൃതികളിലേക്ക് വലിച്ചെറിഞ്ഞു. അദ്ദേഹത്തോടൊപ്പം ഞാനദ്ദേഹം പോയ മുഴുവൻ രാജ്യങ്ങളും സഞ്ചരിച്ചു. അതൊക്കെ തീർന്നപ്പോൾ ഞാനദ്ദേഹത്തിന്റെ നോവലുകളിലേക്കും കഥകളിലേക്കും ഊളിയിട്ടു. മലയാള സാഹിത്യത്തിൽ ഞാനേറ്റവും അധികം വായിച്ചിട്ടുള്ള എഴുത്തുകാരൻ ഒരുപക്ഷേ എസ്.കെ യാവാം.

എസ്.കെ. വഴിയാണ് ഞാൻ എം.ടി. യിലേക്കും മാധവിക്കുട്ടിയിലേക്കും തുടർന്ന് ആധുനികരിലേക്കും എത്തുന്നത്. 2021- ൽ 'ഭൂട്ടാൻ വിശേഷങ്ങൾ' എന്നൊരു ചെറുസഞ്ചാരസാഹിത്യകൃതി എന്റേതായി പുറത്തുവന്നപ്പോൾ അതിന് ആമുഖമെഴുതിയ എസ്. ഹരീഷ് എന്റെയെഴുത്തിലെ ചില എസ്.കെ. ടച്ചുകളെകുറിച്ച് പരാമർശിച്ചത് എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. കൗമാര കാലത്ത് വായിച്ച ഒരു പുസ്തകം പതിറ്റാണ്ടുകൾക്ക് ശേഷവും ഞാനറിയാതെ എന്നോടൊത്ത് സഞ്ചരിക്കുന്നുവന്നല്ലേ അതിനർത്ഥം. അപ്പോ പിന്നെ ലോക പുസ്തകദിനമായ ഇന്ന് ഞാൻ ഓർക്കേണ്ടത് എസ്.കെ. യുടെ 'ആഫ്രിക്കയിലൂടെ' എന്ന പുസ്തകത്തെക്കുറിച്ച് തന്നെയല്ലേ. എഴുത്തുകാരന്റെ സഞ്ചാരം ചിലപ്പോൾ പുസ്തകമെഴുതി തീരുമ്പോൾ തീർന്നേക്കാം, പക്ഷേ വാനക്കാരന്റേത് വായന തീർന്നാലും തീരുന്നില്ല. അയാൾ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു; പതിറ്റാണ്ടുകൾക്ക് ശേഷവും.

Content Highlights :World Book Day Poet M R Renukumar Writes about the Reading experience of S K pottakkat

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram