'ബഹുതന്ത്രിക'; സാഹിത്യം പ്രസ്ഥാനമാകുമ്പോള്‍ മാധവിക്കുട്ടി നേതാവാകുന്നു!


ജയസൂര്യാദാസ്

2 min read
Read later
Print
Share

സംസാരത്തില്‍ നിന്നും മനസ്സിലാക്കാനായത് സില്‍വിയ പ്ലാത്തും യസുനാരി കവാബാത്തയുമാണ് അമ്മയുടെ പ്രിയപ്പെട്ടവര്‍ എന്നാണ്. പ്ലാത്ത് അമ്മയെ വളരെയധികം സ്വാധീനിച്ചിരുന്നു.

മാധവിക്കുട്ടി

ലോകപുസ്തകദിനത്തിൽ മാധവിക്കുട്ടിയുടെ എഴുത്ത്, വായന, സാഹിത്യപ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ച് മകൻ ജയസൂര്യാദാസ് സംസാരിക്കുന്നു.

പൂനെയിലെ അമ്മയുടെ വീട് എക്കാലവും സാഹിത്യപ്രേമികളുടെ തീർഥാടനകേന്ദ്രമായിരുന്നു. കമലാദാസിനെ അന്വേഷിച്ചു വരുന്നവരെ ഒരിക്കലും നിരാശരാക്കി മടക്കി അയക്കേണ്ടി വന്നിട്ടില്ല ഞങ്ങൾക്ക്. അമ്മയ്ക്ക് അതിഷ്ടമില്ലായിരുന്നു. അമ്മയെ എപ്പോഴും കാണുക പുസ്തകങ്ങളോടൊപ്പമായിരുന്നു. എഴുതിയതിലും കൂടുതൽ വായിച്ചു. ലോകക്ലാസിക്കുകൾ മുതൽ ഒട്ടും പ്രധാനമല്ലാത്ത പുസ്തകങ്ങൾ വരെ അമ്മ സൂക്ഷമതയോടെ വായിക്കുമായിരുന്നു. പുസ്തകങ്ങളുടെ മണമില്ലാത്തിടത്ത് നിൽക്കാൻ അമ്മ ഇഷ്ടപ്പെട്ടിരുന്നില്ല. അമ്മയുടെ വായനയിൽ നിന്നും ഞങ്ങൾക്ക് വളരേയേറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. വായിക്കുന്നതെല്ലാം ആരോടെങ്കിലും പങ്കുവെച്ചില്ലെങ്കിൽ അമ്മയ്ക്ക് സമാധാനമുണ്ടാകില്ല. ഭാവനയുടെയും വായനയുടെയും പലതരം വേർഷനുകൾ വിരലിലെണ്ണാവുന്ന ദിവസങ്ങളുടെ ഇടവേളയിൽ ഞങ്ങളെ പറഞ്ഞു ധരിപ്പിക്കും. മക്കൾ മുതിർന്നപ്പോൾ, അമ്മയുടെ പലതരം കഥപറച്ചിലുകൾക്ക് പറ്റാത്ത പ്രായമായപ്പോൾ, പേരക്കുട്ടികളായിരുന്നു കൂട്ട്. ഞങ്ങളുടെ മക്കൾ അമ്മയുടെ വ്യത്യസ്ത വേർഷനുകൾ കയ്യോടെ പിടികൂടുമായിരുന്നു.

അമ്മയുടെ വീടിന്റെ തുറന്ന വാതിലിലൂടെ കടന്നുവരാത്ത സാഹിത്യപ്രവർത്തകരും എഴുത്തുകാരും അന്നില്ലായിരുന്നു. പുസ്തകങ്ങളെക്കുറിച്ച് എത്രനേരം വേണമെങ്കിലും അമ്മ സംസാരിക്കും. ആ സംസാരത്തിൽ നിന്നും മനസ്സിലാക്കാനായത് സിൽവിയ പ്ലാത്തും യസുനാരി കവാബാത്തയുമാണ് അമ്മയുടെ പ്രിയപ്പെട്ടവർ എന്നാണ്. പ്ലാത്ത് അമ്മയെ വളരെയധികം സ്വാധീനിച്ചിരുന്നു. ബൈപോളാർ ഡിസോർഡർ എന്നൊക്കെ പറഞ്ഞ് ആ പാവം നാലാപ്പാട്ടുകാരി സങ്കടപ്പെട്ടു. സാഹിത്യവുമായി ഒരുവിധം രാജ്യങ്ങളൊക്കെ സന്ദർശിച്ച ആളാണ് അമ്മ. ആ യാത്രയ്ക്കിടയിൽ പല വിഖ്യാത എഴുത്തുകാരെയും പരിചയപ്പെട്ടിട്ടുണ്ട്. അമ്മയുടെ സൗഹൃദവലയം, വലയം എന്നു പറഞ്ഞാൽ അത് ചെറുതായിപ്പോകും, വിശാലമായിരുന്നു . അവിടെയെല്ലാം ചർച്ച പുസ്തകങ്ങളും കഥാപാത്രങ്ങളും മാത്രമായിരുന്നു.

വളർന്നു വരുന്ന എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി 'ബഹുതന്ത്രിക' എന്നൊരു സംഘടന മുംബൈവാസക്കാലത്ത് അമ്മ രൂപീകരിച്ചു. ഇന്ത്യയിലെ അക്കാലത്തെ മിക്ക എഴുത്തുകാരും ബഹുതന്ത്രികയിൽ വരും സാഹിത്യ ചർച്ചകൾ നടത്തും ഒട്ടും ഔപചാരികമല്ലാതെ കവിസമ്മേളനങ്ങൾ നടത്തും. മാസത്തിലെ ആദ്യത്തെ ശനിയാഴിചയായിരുന്ന ബഹുതന്ത്രിക സംഘടിപ്പിച്ചിരുന്നത്. മുംബൈയിലെ അമ്മയുടെ ഫ്ലാറ്റ് അന്ന് കവിബാഹുല്യത്താൽ നിറഞ്ഞിരിക്കും. ഏകാങ്ക നാടകമൊക്കെ അവതരിപ്പിച്ചത് ഞാനോർക്കുന്നു. ധാരാളം പുതിയ എഴുത്തുകാരെ സൃഷ്ടിക്കാൻ ആ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അക്കാലത്തെ മുംബെയിലെ സാഹിത്യപ്രവർത്തനങ്ങളുടെ ഓക്സിജൻ ആയിരുന്നു 'ബഹുതന്ത്രിക'. ആർബിഐയിൽ നിന്നും അച്ഛന് റിട്ടയർ ആവുന്നതുവരെ, ഞങ്ങൾ മുംബൈ വിടുന്നതുവരെ ബഹുതന്ത്രിക കെങ്കേമമായി അമ്മ കൊണ്ടുനടന്നു.

കേരളത്തിൽ താമസിക്കാൻ വന്നപ്പോഴും അമ്മയുടെ പുസ്തകസാമഗ്രികളായിരുന്നു മറ്റ് സാധനങ്ങളേക്കാൾ കൂടുതലായി കൊണ്ടുവരാനുണ്ടായിരുന്നത്. വായന, വായന...അതായിരുന്നു അമ്മ. അമ്മയുടെ കൃതികളുടെ കോപ്പിറൈറ്റുകൾ കമലാ എസ്റ്റേറ്റ് എന്ന പേരിൽ ഞാൻ നോക്കി നടത്തുന്നുണ്ട്. പലപ്പോഴും അമ്മയുടെ എഴുത്തുകളുമായി വളരെയടുത്ത ബന്ധത്തിലെത്തുന്നു. ഓരോ എഴുത്തിനും അമ്മയുടെ മണമുണ്ട്. കമലാദാസ് എന്ന വിസ്മയം! അമ്മയെന്ന സ്വാർഥതയൊക്കെ എന്നോ മറികടന്ന ഇന്ത്യയുടെ എഴുത്തുകാരി. ഇങ്ങനെയുള്ള ഓരോ വിശേഷദിവസങ്ങളിലും വായനക്കാരുടെ മനസ്സിലേക്ക് ആദ്യം കുടിയേറിപ്പാർക്കുന്ന മാജിക് അമ്മയ്ക്ക് മാത്രം സ്വന്തം.

Content Highlights : World Book Day JayasuryaDas Son of Kamaladas Remembers mothers reading and writing

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram