പുസ്തകമേ...അറിയാവഴികളിലൂടെ നടന്നതുമുഴുവന്‍ ആ ബലത്തില്‍ മാത്രം!


ഡോ.ഐറിസ് കൊയ്‌ലിയോ

2 min read
Read later
Print
Share

ഇതിഹാസമാനങ്ങളുള്ള ഉടലെഴുത്തുകളും ഉയിര് തേടലുകളും ലോകം മുഴുവന്‍ കണ്‍മുന്നില്‍ കൈനീട്ടും അകലത്തില്‍ എത്തിക്കാന്‍ ഈ താളുകള്‍ എന്നും തുണയാകുന്നു.

ഡോ.ഐറിസ് കൊയ്‌ലിയോ

ഴുപതുകളിലെ കാതരമായ കൗമാരകാലവും എൺപതുകളിലെ മനമുറയ്ക്കായൗവനവും വായനയിലൂടെ മാത്രമാണ് മുന്നോട്ടൊഴുകാൻ പ്രേരിപ്പിച്ചത്. വിമൻസ് കോളേജിലെ പഴയ ലൈബ്രറിക്കെട്ടിടവും യൂണിവേഴ്സിറ്റി ലൈബ്രറിയും സെയ്ന്റ് സേവ്യേഴ്സ് കോളജ് ലൈബ്രറിയുമാണ് ആത്മാവിന് അന്നവും കുടിവെള്ളവും തന്ന് ചിറകിന് കരുത്തേകിയത്. നോവലുകളും കവിതകളും ആത്മകഥകളും ഭ്രാന്ത് പൂത്തുലഞ്ഞ വേനലിലെ പുല്ലാഞ്ഞിയായി.ഓർമകളുടെ വലിയൊരു ഭാഗം താളിലൊളിപ്പിച്ച വാഴ്വുകളാണ്. ആത്മഹത്യാമുനമ്പുകളിൽ അന്നാ കരീനിനയും വെർജീനിയാ വൂൾഫും സിൽവിയാ പ്ലാത്തും രാജലക്ഷ്മിയും അക്ഷരാർഥത്തിൽ വഴിതടഞ്ഞു. റൂമിയെ ഷാംസിനെ റാബിയയെ ലല്ലയെക്കൂടാതെ വാഴ്വ് ഇല്ലേയില്ല എന്നായി.

പ്രണയവഴികളിൽ ജിബ്രാനും ഒമർ ഖയ്യാമും കസന്ദ്സാക്കിസും നെരൂദയും മാർക്വേസും അമൃതാപ്രീതവും ആശാനും ശ്രീയും എം. ടിയുമെല്ലാം വെയിലാറ്റി. പ്രണയതിരസ്കാരങ്ങളുടെ നീലിച്ച പാമ്പുകൾ ഖസാക്കിലും മയ്യഴിയിലും കക്കാടിലും കോക്കാഞ്ചിറയിലും കൈതേരിയിലും പിന്നെ ചുരുളിമലയിലും അശാന്തിയുടെ പുറ്റുകൾ തീർത്തു.

എന്നിലെ പെണ്മയെ ആഘോഷമാക്കാൻ കൂട്ടിലടച്ച പറവയുടെ പാട്ടുകാരിയും ആയിരം സൂര്യവെളിച്ചങ്ങളും താവളമില്ലത്തവരും ദ്രൗപദിയും ഹയവദനയും നീർമാതളപ്പൂക്കൾ കൊതിച്ചവളും രാധയായലഞ്ഞവളും ആലാഹയുടെ മകളും സൂര്യനെ അണിഞ്ഞവളും അപൂർണവിരാമമിട്ടവളും ഭ്രാന്തിൻ സ്വപ്നദർശിയും വെറും മരിയയും ഏക് പാല്തു ജാൻവറും കല്യാണിയും ദാക്ഷായണിയും വഴിനിറഞ്ഞുനിന്നു.

എഴുത്തിൻ തോറ്റങ്ങളിൽ ഉള്ളിൽ ഒരു പടയണി വകഞ്ഞുനീക്കിയവരുടെ പാടലുകളുമായി പൊയ്കയിൽ അപ്പച്ചനും പൊൻകുന്നവും പോഞ്ഞിക്കരയും സീ ജെ യും ബഷീറും മുന്നിട്ടെത്തി ദൈവത്തിന്റെ കണ്ണും അടിയാള പ്രേതവും തൊട്ടപ്പനും പുറങ്കടലും മീശയും കൈതലത്തുണിയുമായൊരു പെണ്ണും കരിങ്കുട്ടിയും അവിയങ്കോരയും കൂടെനടന്നു.

നീങ്ങിനിന്ന് ഒറ്റയ്ക്ക് കൈവീശിക്കാണിക്കുന്നു പുത്തനെഴുത്തിന്റെ നീലമൂങ്ങയൊന്ന് പ്രിയംകരി എത്ര ചിന്തകൾ കൊച്ചു രാജകുമാരൻ
എന്ന അനശ്വരപ്രണയി ഒടുവിലത്തെ ഇലയുടെ പ്രതീക്ഷ ഹാംലറ്റിന്റെ നോവുകൾ യയാതിയും ശർമിഷ്ഠയും കചനും അളകയും
ഝാൻസിറാണിയുടെ കരുത്ത് ടെഹ്റാനിൽ വായിക്കുന്ന ലോലിത സരമാഗോയുടെ യേശു പൗലോയുടെ സാഹീർ ഗോർക്കിയുടെ അമ്മ ഇബ്സന്റെ മരണമില്ലാത്ത സ്ത്രീകൾ കുറസോവയുടെ ആത്മനൊമ്പരം വാൻഗോഗിന്റെ കറുത്ത വിഷാദം.

കശ്മീരിന്റെ ശ്രീലങ്കയുടെ റോഹിംഗ്യക്കാരുടെ സിറിയയുടെ ധർമസ്ഥലിയിലെ പറവക്കൂടുകൾ ജോർജ് ഫ്ളോയിഡിന്റെ അന്ത്യം ചേർത്തുപിടിച്ചിരിക്കുന്നു. എനിക്ക് വായനവഴി കാട്ടിയ ഗുരുക്കളുടെ എഴുത്തുകൾ വസന്ത ടീച്ചർ (ഈർക്കിലില്ലാത്ത ഓലയില) അംബിക ടീച്ചർ (പ്രതിശ്രുതി )വിലാസിനി ടീച്ചർ (പ്രണയകാലം) തുടർന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

ഈ നിരയിൽ പലതുമിനി ഈ മഹാമാരിയിൽ കാമുവിന്റെ പ്ലേഗ് വായിക്കാതിരിക്കുന്നതെങ്ങനെ? ഇതിഹാസമാനങ്ങളുള്ള ഉടലെഴുത്തുകളും ഉയിര് തേടലുകളും ലോകം മുഴുവൻ കൺമുന്നിൽ കൈനീട്ടും അകലത്തിൽ എത്തിക്കാൻ ഈ താളുകൾ എന്നും തുണയാകുന്നു.

കഴിഞ്ഞില്ല ഈ ഓർമവഴിയിൽനിന്ന് താഴേക്കുതിർന്ന മണിമുത്തുകൾ എന്തുമാത്രം! ഇനിയുമെത്രയോ എഴുത്തുകളുടെ കരുത്തുകൾക്കും ആധികൾക്കും നടുവിലാണ് നമ്മൾ! ഈ മഹാമാരികളിൽ കാക്കുന്നു പുസ്തകത്തണലുകൾ തീർക്കും അന്തമില്ലാത്ത അശാന്തികളെ...വായിക്കുന്നു ഇപ്പോഴും റ്റി ഡി യുടെ പച്ച, മഞ്ഞ, ചുവപ്പ് ഋഷിരാജ് സിംഗിന്റെ വൈകും മുൻപേ...

കാത്തിരിക്കുകയാണ് തപാലിൽ എനിക്കായി എത്തുന്ന ചന്ദ്രമതിയുടെ ചില പെൺകുട്ടികൾ ജിസയുടെ മുദ്രിത.....ഇതൊക്കെക്കൊണ്ട് മനസ് ചായുന്ന ഇടങ്ങൾ വായനയുടെയും എഴുത്തിന്റെയും തമ്പുരാക്കളായ പ്രിയപ്പെട്ടവരുടെ ഒറ്റത്തുരുത്തുകൾ തന്നെ.

Content Highlights :World Book Day Iris Koileo Writes about the joy of Reading

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram