മറവിക്കും തോല്‍പ്പിക്കാനാവാത്ത ആത്മബന്ധം


ശ്രീദേവി കക്കാട്

2 min read
Read later
Print
Share

അപ്പോള്‍ അസുഖത്തിന്റെ വിഷമതകളെല്ലാം നിസ്സാരമാക്കി, ചിരിപ്പടക്കംപൊട്ടിച്ച് നടക്കുന്ന കക്കാടിനെയും കൂടെ മ്ലാനമുഖനായി നടക്കുന്ന വിഷ്ണുനാരായണന്‍ നമ്പൂതിരിയെയും കണ്ട്, 'നിങ്ങളിലാര്‍ക്കാണ് അസുഖം?' എന്ന് ചിലര്‍ ചോദിച്ചതായി കേട്ടിട്ടുണ്ട്.

ഓർമകളുടെ ആൽബം ശ്രീദേവി കക്കാട്, എൻ.എൻ. കക്കാട്, ശ്രീകുമാർ, അദിതി, വിഷ്ണുനാരായണൻ നമ്പൂതിരി, ഭാര്യ സാവിത്രി, അപർണ, ശ്യാം കുമാർ

ദേവഗിരി കോളേജില്‍ ഇംഗ്ലീഷ് എം.എ.യ്ക്ക് അഡ്മിഷന്‍ കിട്ടിയിട്ടാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി ആദ്യമായി കോഴിക്കോട്ടെത്തിയത്. റെയില്‍വേസ്റ്റേഷനില്‍ച്ചെന്ന് കോട്ടൂളിയില്‍ ഞങ്ങള്‍ താമസിക്കുന്ന കൊച്ചു വാടകവീട്ടിലേക്ക് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നു. കുറച്ചുദിവസം അവിടെ താമസിച്ചുകൊണ്ട് കോളേജില്‍പ്പോയി. പിന്നീട് ഹോസ്റ്റലില്‍ മുറി കിട്ടിയപ്പോള്‍ അവിടേക്ക് മാറി. എന്നാലും എല്ലാ ഞായറാഴ്ചകളിലും വീട്ടില്‍വരും. രാവുംപകലും സാഹിത്യചര്‍ച്ചകള്‍തന്നെ. പിന്നെപ്പിന്നെ അദ്ദേഹത്തിന്റെ സഹപാഠികളും കൂടെവരാന്‍ തുടങ്ങി.

കക്കാടുമായി സംവദിക്കല്‍ എന്ന അര്‍ഥത്തില്‍ 'കക്കാടിക്കല്‍' എന്നൊരു പ്രയോഗവും അന്ന് അവര്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. പഠനം കഴിഞ്ഞു; കൂട്ടുകാര്‍ പിരിഞ്ഞുപോയി. വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് കോഴിക്കോട്ടെ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായി നിയമനം കിട്ടി. അപ്പോഴും താമസം ഞങ്ങളുടെ കൂടെത്തന്നെ. കുറച്ചുദിവസത്തിനുശേഷം കോളേജിനുസമീപം താമസസൗകര്യം കിട്ടിയപ്പോള്‍ അങ്ങോട്ടു മാറി. എന്നാലും ഞായറാഴ്ചകളിലെ സാഹിത്യസദസ്സ് മുടങ്ങിയിരുന്നില്ല.

വിഷ്ണുനാരായണന്‍ നമ്പൂതിരി കോഴിക്കോടിനോട് വിടപറഞ്ഞിട്ടും കത്തുകളിലൂടെയും കവിതക്കത്തുകളിലൂടെയും ആ സൗഹൃദം തുടര്‍ന്നു. അദ്ദേഹം കുടുംബസമേതം പലപ്പോഴും ഞങ്ങളുടെ കൂടെ വന്ന് താമസിച്ചിട്ടുണ്ട്. ഞങ്ങള്‍ തിരുവനന്തപുരത്ത് ചെല്ലുമ്പോള്‍ അവരുടെ വസതിയായ വഴുതക്കാട്ടെ 'അപരാജിത' തന്നെയായി ഞങ്ങളുടെയും താവളം. ഞങ്ങള്‍ക്ക് രണ്ടാണ്‍മക്കളാണ് - ശ്രീകുമാറും ശ്യാംകുമാറും.

അവര്‍ക്ക് അതേ പ്രായത്തില്‍ രണ്ട് പെണ്‍മക്കളും - അദിതിയും അപര്‍ണയും. അങ്ങനെ ആ കൂടിച്ചേരലുകള്‍ കുടുംബത്തിലെല്ലാവര്‍ക്കും ആനന്ദവേളയായി.

തിരുവനന്തപുരം യാത്രകള്‍

വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ മൂത്ത മകള്‍ അദിതി ബിരുദാനന്തരബിരുദ പഠനത്തിന് കോഴിക്കോട് സര്‍വകലാശാലയിലാണ് ചേര്‍ന്നത്. അദിതിയുടെ ഹോസ്റ്റല്‍ അഡ്മിഷന്റെ സമയത്ത് ലോക്കല്‍ ഗാര്‍ഡിയനായി ആരുടെ പേരാണ് വേണ്ടതെന്ന് ആര്‍ക്കും സംശയമേ തോന്നിയില്ല. ആ കോളത്തില്‍ കക്കാടിന്റെ പേര് ചേര്‍ത്തു. അക്കാലത്ത് അദിതിയും അദിതിയുടെ സുഹൃത്തുക്കളും ഞങ്ങളുടെ വീട്ടില്‍ മക്കളോടൊപ്പം ഞായറാഴ്ചകളും അവധികളും ആഘോഷിക്കുന്നതും പതിവായിരുന്നു.

ഉല്ലാസത്തിന്റേതായ അന്തരീക്ഷം അധികകാലം നിലനിന്നില്ല. കക്കാടിന് അടിക്കടി പല അസുഖങ്ങളും വന്നുകൊണ്ടിരുന്നു. വിശദമായ പരിശോധനയില്‍ തൊണ്ടയ്ക്ക് അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍കോളേജില്‍വെച്ച് ശസ്ത്രക്രിയ നടത്തി. തുടര്‍ന്ന് റേഡിയേഷന്‍ ചികിത്സയ്ക്കുവേണ്ടി തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലേക്ക് പോകാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. വിഷ്ണുനാരായണന്‍ നമ്പൂതിരി അവിടെയുണ്ട് എന്നതിനാല്‍ കൂടുതലൊന്നും ആലോചിച്ചില്ല. നേരെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. മൂത്തമകന്‍ ശ്രീകുമാറും കൂടെ പോന്നു. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി കാത്തുനിന്നു. 'അപരാജിത'യിലേക്ക് കൂട്ടിക്കൊണ്ടുപോയി. അക്കാലത്ത് കേരളത്തില്‍ പരക്കെ അറിയപ്പെട്ടിരുന്ന അര്‍ബുദ ചികിത്സകനായിരുന്ന ഡോ. കൃഷ്ണന്‍ നായര്‍ തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിന്റെ മേധാവിയായിരുന്നു. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ സ്വാധീനമുപയോഗിച്ച് അന്നുതന്നെ ഡോ. കൃഷ്ണന്‍ നായരെ കണ്ട് റേഡിയേഷന്‍ ചികിത്സ ആരംഭിച്ചു.

ദിവസേന ആര്‍.സി.സി.യില്‍ച്ചെന്ന് റേഡിയേഷന്‍ നടത്തുകയും തിരിച്ച് 'അപരാജിത'യിലേക്ക് പോരുകയുമായിരുന്നു. മിക്കദിവസവും വിഷ്ണുനാരായണന്‍ നമ്പൂതിരിയും കക്കാടിന്റെ കൂടെ ആശുപത്രിയിലേക്കുപോകും. അപ്പോള്‍ അസുഖത്തിന്റെ വിഷമതകളെല്ലാം നിസ്സാരമാക്കി, ചിരിപ്പടക്കംപൊട്ടിച്ച് നടക്കുന്ന കക്കാടിനെയും കൂടെ മ്ലാനമുഖനായി നടക്കുന്ന വിഷ്ണുനാരായണന്‍ നമ്പൂതിരിയെയും കണ്ട്, 'നിങ്ങളിലാര്‍ക്കാണ് അസുഖം?' എന്ന് ചിലര്‍ ചോദിച്ചതായി കേട്ടിട്ടുണ്ട്. കുറച്ചു മുന്‍പെഴുതിയ 'സഫലമീയാത്ര' എന്ന കവിതയും കൂടെ കൊണ്ടുപോയിരുന്നു.

വെട്ടിയും തിരുത്തിയും അത് വീണ്ടുമെഴുതി. അത് അവിടെവെച്ച് സുഹൃത്തുക്കള്‍ക്കു മുമ്പില്‍ ചൊല്ലിക്കേള്‍പ്പിച്ചപ്പോള്‍ കേട്ടവരെല്ലാം നിശ്ശബ്ദരായിരുന്നു. തിരുവനന്തപുരത്തെ താമസക്കാലത്താണ് അത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാന്‍ നല്‍കുന്നത്.

ബന്ധങ്ങളുടെ ഇഴയടുപ്പം

രണ്ടു കൊല്ലത്തിനുശേഷമാണ് രോഗം വീണ്ടും തലപൊക്കിയത്. ഇടത്തെ ശ്വാസകോശത്തിലാണ് ഇത്തവണത്തെ ആക്രമണം. രണ്ടു വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ അന്ത്യവും സംഭവിച്ചു. ഞങ്ങളുടെ നല്ലതും ചീത്തയുമായ എല്ലാ കാലത്തും വിഷ്ണുനാരായണന്‍ നമ്പൂതിരിയും കുടുംബവും വലിയൊരു ശക്തിയും താങ്ങുമായി കൂടെ നിന്നിട്ടുണ്ട്. ആ സൗഹൃദത്തെ, ഞങ്ങളുടെ മൂത്തമകന്‍ ശ്രീകുമാറും വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ഇളയമകള്‍ അപര്‍ണയും തമ്മില്‍ വിവാഹം നടത്തി മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തണമെന്ന് കക്കാട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കക്കാടിന്റെ മരണത്തിനുശേഷം ഒരുകൊല്ലം കഴിഞ്ഞാണ് ആ വിവാഹം നടന്നത്.

Content Highlighst: NN Kakkad Vishnunarayanan Namboothiri Memory

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram