'ഈ കോട്ടയം പുഷ്പനാഥ് ഏതു ഭാഷയിലാണ് എഴുതുന്നത്.. ആ ഭാഷ പഠിച്ചാല്‍ മതി'


മനോജ് വെങ്ങോല

7 min read
Read later
Print
Share

'ഡിയര്‍ യംഗ് മാന്‍, അയാം കോട്ടയം പുഷ്പനാഥ്. വെരി നൈസ് ടു മീറ്റ് യു.'

കോട്ടയം പുഷ്പനാഥ്| ഫോട്ടോ: ബി മുരളീകൃഷ്ണൻ മാതൃഭൂമി

'നിനക്ക് ആരോടും ശത്രുതയില്ലേ?'
തമിഴ് കലര്‍ന്ന മലയാളത്തില്‍ അഴക് എന്നോട് ചോദിച്ചു.
'ഇല്ല. എനിക്കെല്ലാവരേയും ഇഷ്ടാണ്.'
ഞാന്‍ പറഞ്ഞു.
'കഷ്ടം...ഒരു ശത്രു പോലുമില്ലാതെ നീ എങ്ങനെ ജീവിയ്ക്കുമെടാ..?
അവനെന്നെ സഹതാപത്തോടെ നോക്കി. ഞാന്‍ മറുപടി പറഞ്ഞില്ല.
ഞങ്ങളിരുവരും അറയ്ക്കപ്പടി ജയ്ഹിന്ദ് ലൈബ്രറിയുടെ മരഗോവണിയ്ക്ക് താഴെ ആശാരിമാര്‍ ഇരുന്നു പണിയുന്ന കെട്ടിടത്തിന്റെ അരമതിലില്‍ ഇരിക്കുകയായിരുന്നു. ഞാന്‍ പുസ്തകം എടുക്കാന്‍ ലൈബ്രറിയില്‍ വന്നതാണ്. അപ്പോഴാണ് അഴകിനെ കാണുന്നത്. മണ്ണടിയ്ക്കുന്ന ലോറിയുടെ കിളിയായ അവന്‍, അവന്റെ ആശാന്‍ ലോറിയുമായി വരുന്നത് കാത്തുനില്‍ക്കുന്നു.

വൈകുന്നേരമാണ്. നിഗൂഡതകളുടെ രാത്രി മരങ്ങള്‍ക്കപ്പുറം മടിച്ചുനില്‍ക്കുന്നു. കൂടെ മഴയുമുണ്ട് എന്ന അറിയിപ്പുമായി ഞങ്ങള്‍ക്ക് ചുറ്റും തണുത്ത കാറ്റ്. കാല്‍ക്കീഴില്‍ ചിതറിയ മരപ്പൊടി. ചിന്തേറുപൂളുകള്‍.
എന്റെ കയ്യിലിരുന്ന പുസ്തകം വാങ്ങി അഴക് പേജുകളിലൂടെ കണ്ണോടിച്ചു.
'എന്തു കഥയാണ്. പോലീസും കേസുമാണോ..?' അവന്‍ ചോദിച്ചു.
ഞാന്‍ ചുമ്മാ തലയാട്ടി.
'ആരെഴുതിയതാണ്..?'
'ആര്‍തര്‍ കോനന്‍ ഡോയല്‍.' ഞാന്‍ പറഞ്ഞു.
അവന്‍ അത്ഭുതത്തോടെ എന്നെ നോക്കി.
'അങ്ങനെയൊക്കെ ആളുകള്‍ക്ക് പേരിടുമോ?'
ഞാന്‍ ചിരിച്ചു: 'ഇംഗ്ലീഷുകാരനല്ലേ..'
'ആ അതുപറ. ആട്ടെ, ഈ പുസ്തകത്തിന്റെ പേരെന്തുവാ...?'
'a study in scarlet'
'എന്നു പറഞ്ഞാല്‍?'
'ചുവപ്പില്‍ ഒരു പഠനം'
മനുഷ്യന് മനസിലാകുന്ന ഭാഷേല്‍ പറ'
'ചോരക്കളം'

അതോടെ അവന്റെ കണ്ണുകള്‍ വിടര്‍ന്നു. ആ കഥ അവനും അറിയണമെന്നായി. പക്ഷേ എന്തുവഴി? അവന് എഴുത്തും വായനയും അറിഞ്ഞുകൂടാ. കഥ ഞാന്‍ വായിച്ചിട്ട് പറഞ്ഞുകേള്‍പ്പിക്കാം എന്നേറ്റു.
തുടര്‍ന്നങ്ങോട്ട് കഥ പറച്ചിലിന്റെ ദിവസങ്ങളായിരുന്നു. എല്ലാദിവസവും വൈകിട്ട് കോളേജ് വിട്ടു ഞാനെത്തും മുന്‍പേ അഴകെത്തി കാത്തുനിന്നു. ഞാനിത്തിരി വൈകിയാല്‍, 'നീയിതെവിടെ പോയി കെടക്കാര്‍ന്നു.. ' എന്ന് അവന്‍ ക്ഷോഭിച്ചു. അതിനു കാരണമുണ്ട്. അവന്റെതായി, അവനാകെ കിട്ടുന്നത് വൈകിട്ട് ഈ ഒന്നൊന്നര മണിക്കൂര്‍ മാത്രമാണ്. ലോറിപ്പണി അത്ര പിഴിയുന്നുണ്ടായിരുന്നു അവനെ. വെളുപ്പിന് അഞ്ചു മണിയ്ക്ക് എഴുന്നേറ്റ് വണ്ടി കഴുകണം. കുളിച്ച് പ്രാതല്‍ കഴിക്കാന്‍ ഇത്തിരിനേരം. അപ്പോഴേയ്ക്കും അവന്റെ ആശാനെത്തും. പിന്നങ്ങോട്ട് വണ്ടിയില്‍ തന്നെ. ആശാന്റെ തെറിയും വക്കാണവും വേറെ. രാത്രി ഏതുനേരത്താണ് താമസ സ്ഥലത്ത് ചെല്ലുന്നതെന്ന് ദൈവത്തിനറിയാം. ആയിടെ, വൈകിട്ട് കാക്കനാട് ഭാഗത്തേയ്ക്ക് മണ്ണടിക്കാന്‍ പോകുമ്പോള്‍, ആശാന്‍ അവനെ അറയ്ക്കപ്പടിയില്‍ ഇറക്കും. ഭക്ഷണം വാങ്ങാനും മറ്റുമായി. തിരിച്ചു മണ്ണ് കേറ്റി വരുമ്പോള്‍ ലൈബ്രറിയുടെ മുന്നില്‍ കാത്തുനില്‍ക്കണം. അതാണ് ചട്ടം.

ഈ ഇടവേളകളിലാണ് ഞാനും അഴകും കണ്ടുമുട്ടിയിരുന്നത്. അക്കാലത്ത് ഞങ്ങളുടെ ലൈബ്രറി, പി.പി.റോഡിനോട് ചേര്‍ന്നുള്ള ഒരു ചെറിയ കെട്ടിടത്തിലായിരുന്നു. മുകള്‍നിലയിലെ ഒരു കുടുസുമുറി. അവിടെയെത്താന്‍ ഒരാള്‍ക്ക് കഷ്ടി കയറാവുന്ന മരഗോവണിയുണ്ട്. പല്ലിളകിയതാണ്. സൂക്ഷിക്കണം. ഗോവണി കേറി മുകളില്‍ ചെന്നാല്‍, രണ്ട് അലമാരകളിലായി പുസ്തകങ്ങളുണ്ട്. അധികവും മലയാളപുസ്തകങ്ങളാണ്. ഇംഗ്ലീഷും ഉണ്ട്. പിന്നെയുള്ളത് പിക്ചര്‍ ടൂബ് പോയ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി.വിയാണ്. സ്വിച്ച് ഓണ്‍ ചെയ്തശേഷം ഒരടി കൊടുക്കുകയോ ശകാരിക്കുകയോ വേണം. എന്നാലേ പ്രവര്‍ത്തിക്കൂ. അനുസരണയുള്ളത് റേഡിയോയ്ക്ക് മാത്രമാണ്. കുറച്ചു ചിണുങ്ങുമെങ്കിലും വൈകിട്ടത്തെ വാര്‍ത്തയും കൃഷിപാഠവും ആ റേഡിയോ കൃത്യമായി ഞങ്ങളെ കേള്‍പ്പിച്ചു. സംപ്രേക്ഷണം ഒരു കോളാമ്പിയിലേയ്ക്ക് ഘടിപ്പിച്ചിട്ടും ഉണ്ടായിരുന്നു. വഴിയേ പോകുന്നവര്‍ക്ക് 'ആ കേള്‍ക്കുന്നത് വാര്‍ത്തയാണ്, വായിക്കുന്നത് പ്രതാപന്‍..'' എന്ന് പറഞ്ഞുകൊടുക്കണം എന്ന് മാത്രം. അത്ര ക്ലാരിറ്റിയാണ്. പിന്നെയുള്ളത് പൊളിഞ്ഞ ഒരു കാരംബോര്‍ഡ് ആയിരുന്നു. അതിനുചുറ്റും എപ്പോഴും കുറേപ്പേര്‍ തമ്പടിച്ചു. ഞൊട്ടിക്കളിച്ചു. ഇടയ്ക്കിടെ ജനാധിപത്യ മര്യാദകള്‍ അട്ടിമറിക്കപ്പെടുന്നതായി ആരോപിച്ച്, ചിലരെല്ലാം ഇറങ്ങിപ്പോയി. ഉടന്‍, ആ സ്ഥാനം മറ്റുചിലര്‍ ഏറ്റെടുത്തു.

ഈ ബഹളങ്ങള്‍ക്ക് നടുവിലും ഇതിലൊന്നും തലയിടാതെ ഏതെങ്കിലും രണ്ടുപേര്‍ ചെസ് ബോര്‍ഡില്‍ കണ്ണുംനട്ട് ഇരിപ്പുണ്ടാകും. കാരംബോര്‍ഡിനു മുന്നിലെ ബഹളങ്ങള്‍ അര്‍ത്ഥശൂന്യമാണ്. എന്നാല്‍, ചെസ് ബോര്‍ഡിനു ചുറ്റും തളംകെട്ടിയ മൌനം ഘോരമായിരുന്നു. കീറിയൊട്ടിച്ച ചെസ് ബോര്‍ഡ് ദരിദ്രമായൊരു രാജ്യത്തെ ഓര്‍മ്മിപ്പിച്ചു. വെറും അറുപത്തിനാല് കവലകള്‍ മാത്രമുള്ള ഒരു രാജ്യം. പലകാലങ്ങളുടെ ചോരപ്പശിമ വീണുവീണു ദ്രവിച്ച യുദ്ധക്കളം. അതുസ്വന്തമാക്കാന്‍ വെട്ടിമരിക്കുന്ന കാലാള്‍. തേരുകള്‍. കുതിരകള്‍. ആനകള്‍. നിസഹായനായ മന്ത്രി. ഭീരുവായ രാജാവ്. ഇഷ്ടരശുകള്‍.

ആദ്യം കാണുമ്പോള്‍, ഈ യുദ്ധക്കളത്തിലേയ്ക്ക് സാകൂതം നോക്കി നില്‍പ്പായിരുന്നു അഴക്. പിന്നീടങ്ങോട്ട്, കളിക്കാര്‍ക്ക് ചില നീക്കങ്ങള്‍ പറഞ്ഞുകൊടുത്തും എന്നും കണ്ടും ഞങ്ങള്‍ക്കിടയില്‍ ഒരു സൗഹൃദം ഉണ്ടായി വന്നതാണ്. ഒരു ദിവസം കണ്ടില്ലെങ്കില്‍, ഇന്നലെ കണ്ടില്ലലോ, എവിടെപ്പോയി എന്ന് ചോദിക്കുന്നതിലേയ്ക്കും കുശലഭാഷണങ്ങളിലേയ്ക്കും അതു വളര്‍ന്നു. പിന്നെപ്പിന്നെ ഞങ്ങള്‍ ഒന്നിച്ചു ഹോട്ടല്‍ അമ്പാടിയില്‍ ചായ കുടിക്കാന്‍ പോയിതുടങ്ങി. ഞാന്‍ വിദ്യാര്‍ഥി. അവന്‍ ജോലിക്കാരന്‍. അതുകൊണ്ട് കാശ് എപ്പോഴും അവന്‍ കൊടുത്തു. അഴഗപ്പന്‍ മുനിയാണ്ടി എന്നാണ് അവന്റെ മുഴുവന്‍ പേര്. എന്റെ പ്രായം. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയാണ്. ചെറുപ്പത്തിലേ കേരളത്തില്‍ വന്നതാണ്. ആക്രികച്ചവടം നടത്തുന്ന അച്ഛന്‍പെങ്ങള്‍ക്കൊപ്പം ആയിരുന്നു ആ വരവ്. പിന്നെ പോയില്ല. നാട്ടില്‍ പോകാന്‍ അവനിഷ്ടമുണ്ടായിരുന്നില്ല. അമ്മായിയും കുടുംബവും ഇടയ്ക്കിടെ പോയാലും അവന്‍ പോകാറില്ലായിരുന്നു. 'അതെന്താ..'എന്ന് ചോദിച്ചാല്‍ അവന്റെ മുഖം ഇരുളും. ഒരിക്കല്‍ ഞാനത് ചോദിച്ചപാടെ കടുത്തൊരു വാക്ക് അവനില്‍ നിന്നും താഴെ വീണു. അതവന്റെ ഇളയമ്മയെ സംബോധന ചെയ്യുന്നതായിരുന്നു.
കുറച്ചുനേരം മൌനമായിരുന്ന ശേഷം അവന്‍ പറഞ്ഞു.
'കൊല്ലണം. പക്ഷേ ഞാനാണ് ചെയ്തതെന്ന് ഒരാളും അറിയരുത്...കൊല്ലണം..'

സ്വന്തം അച്ഛനെ കൊല്ലണം എന്നാണ് അവന്‍ പറയുന്നത്. അച്ഛനാണ് അവന്റെ ശത്രു. ഇളയമ്മയും. അവരോടുള്ള ശത്രുതയാണ് അവന്റെ ഊര്‍ജ്ജം. അവരെ ഇല്ലാതാക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ്, തക്കം പാര്‍ത്തുനടക്കുന്നതിലാണ് ഹരം. ഭൂമിയിലെ ഓരോ മനുഷ്യരും ഈ വിധം ഏതോ ശത്രുവിനെ വകവരുത്താന്‍ അവസരം തേടി നടക്കുകയാണ് എന്ന് അഴക് ആലോചിച്ചുറപ്പിക്കുന്നതായി ഞാന്‍ സംശയിച്ചു. അവനോട് അല്‍പ്പനേരം സംസാരിച്ചുകഴിഞ്ഞാല്‍ എനിയ്ക്കും തോന്നിത്തുടങ്ങി. ശത്രുവിലാണ് ജീവിതം. അവനെ ജയിക്കുന്നതാണ് വിജയം. പക്ഷേ എന്റെ ശത്രുവാര്? അനേകദിവസങ്ങളിലായി അവനോട് സംസാരിച്ചതില്‍ നിന്നും അരിച്ചും പെറുക്കിയും ഞാന്‍ മനസിലാക്കിയതിതാണ്: അവന്റെ അച്ഛന്‍ ഒരു സ്ത്രീജിതനാണ്. കടുത്ത മദ്യപാനവും. അമ്മയേയും അവനേയും നിരന്തരം ഉപദ്രവിയ്ക്കും. രക്തംപോക്ക് അസുഖമായിരുന്നു അമ്മയ്ക്ക്. അമ്മ കിടപ്പായപ്പോള്‍ അച്ഛന്‍ അമ്മയുടെ അനിയത്തിയെ വിളിച്ചുകൊണ്ടുവന്നു വീട്ടില്‍ പാര്‍പ്പിച്ചു. അമ്മയുടെ മുന്നില്‍ അവരിരുവരും ഭാര്യാഭര്‍ത്താക്കന്‍മാരേ പോലെ ജീവിക്കാന്‍ തുടങ്ങി. അതുകണ്ടുകണ്ട് ഹൃദയം തകര്‍ന്നാണ് അമ്മ മരിച്ചത്. പിന്നങ്ങോട്ട് ഇളയമ്മയുടെ ഭരണം. അഴക് വീട്ടില്‍ ഒരധികപറ്റായി. ഇളയമ്മയ്ക്ക് ഒരു കുട്ടി ഉണ്ടായതോടെ തീര്‍ത്തും അന്യനായി. അങ്ങനെയൊരിക്കല്‍ അമ്മായി നാട്ടില്‍ വന്നപ്പോള്‍, കൂടെ ഇറങ്ങിപ്പോന്നതാണ് അഴക്. പിന്നെ പോയിട്ടില്ല.
ഈ സെന്റികഥയേക്കാള്‍ എന്നെ ആകര്‍ഷിച്ചത് അഴകിന്റെ നിരീക്ഷണപാടവമാണ്. ഒരാളെക്കുറിച്ച് അവന്‍ പറയുന്നത് പലപ്പോഴും ശരിയായി ഭവിച്ചു. പ്രദേശവാസിയായ ഒരാളെചൂണ്ടി അയാള്‍ ആത്മഹത്യചെയ്യും എന്ന് ഒരിക്കല്‍ അവന്‍ പറഞ്ഞു. അധികം വൈകാതെ അതുതന്നെ സംഭവിച്ചു. കുടുംബകലഹമായിരുന്നു കാരണം. ധനികനായ ഒരു നാട്ടുകാരന്‍ പൊളിഞ്ഞുപാളിസാകും എന്നായിരുന്നു മറ്റൊരിക്കല്‍ അവന്റെ പ്രവചനം. അയാള്‍ക്ക് ധാരാളം ഭൂസ്വത്ത് ഉണ്ടെന്നും ബിസിനസ് ഉണ്ടെന്നും ഞാന്‍ തര്‍ക്കിച്ചു. എന്നാല്‍, കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ അഴക് പറഞ്ഞത് സത്യമായി മാറുന്നത് ഞാന്‍ കണ്ടു. ഒരിക്കല്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന കുടുംബിനിയായ ഒരു സ്ത്രീയെചൂണ്ടി അവര്‍ക്കൊരു കാമുകനുണ്ട് എന്ന് അഴക് പറഞ്ഞു. ഒട്ടും കാലതാമസമുണ്ടായില്ല, അഴക് പറഞ്ഞ അതേകാരണത്താല്‍ ആ സ്ത്രീ ഭര്‍ത്താവിനാല്‍ തിരസ്‌കൃതയായി. ഒരു വൈകുന്നേരം കവലയിലെ ആലിന്‍ചുവട്ടില്‍ ചിരിച്ചുസംസാരിച്ചു നില്‍ക്കുന്നവരെ ചൂണ്ടി, അവരിപ്പോള്‍ വഴക്കിടും എന്ന് അവന്‍ എന്റെ ശ്രദ്ധ ക്ഷണിച്ചു. ഒട്ടും വൈകിയില്ല. സൗഹാര്‍ദ്ദപൂര്‍വ്വമുള്ള അവരുടെ സംസാരം ഞൊടിയിടയില്‍ അസഭ്യവര്‍ഷത്തിലേയ്ക്കും കയ്യേറ്റത്തിലേയ്ക്കും നീങ്ങി. ഞാന്‍ അഴകിനെ നമിച്ചു.

അഴകിന് വേണ്ടി ഞാന്‍ കോനന്‍ ഡോയലിനെ ഭാഷാന്തരം ചെയ്യാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ക്കിടയില്‍ സൗഹൃദം ഗാഡമായി. ഒരു അധ്യായം ഒരു ദിവസം. ആ മട്ടിലായിരുന്നു കഥപറച്ചില്‍. അത്യധികം ഉദ്വേഗത്തോടെ ഞാന്‍ അഴകിന് കഥ പറഞ്ഞുകൊടുത്തു. എന്റെ ഇഷ്ടപ്രകാരം ചില ചേരുവകളും കൂടിയായപ്പോള്‍ അഴകാകെ ഉലഞ്ഞു. 'a study in scarlet' പറഞ്ഞു തീരും വരെ ഒരു ബാധ ആവേശിച്ചപോലെ ആയിരുന്നു അവന്‍. കഥ ആശങ്കകളുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍, ആശാന്‍ ലോറിയുമായി വന്നു ഹോണടിച്ചു. അവനപ്പോള്‍ ആശാന്‍ കേള്‍ക്കാതെ മുട്ടന്‍ തെറിപറഞ്ഞു.

തുടര്‍ന്ന്, അവനുവേണ്ടി ഞാന്‍ തെരഞ്ഞെടുത്തത് കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരനെയാണ്. ആ ഇനത്തില്‍ ധാരാളം നോവലുകള്‍ ഞങ്ങളുടെ ലൈബ്രറിയില്‍ ഉണ്ടായിരുന്നതാണ് കാരണം. 'മോണാലിസയുടെ ഘാതകന്‍', 'ഓവര്‍ബ്രിഡ്ജ്', 'നിഴലില്ലാത്ത മനുഷ്യന്‍', 'ഡ്രാക്കുളക്കോട്ട' തുടങ്ങിയ ചിലത് ഞാന്‍ അഴകിനെ വായിച്ചുകേള്‍പ്പിച്ചതോടെ അവന്‍ കൂടുതല്‍ ആവേശഭരിതനായി.
ഈ നോവലുകളില്‍ ആകൃഷ്ടനായി ഒടുവില്‍ അവനെന്നോട് ചോദിക്കുക തന്നെ ചെയ്തു.
'എന്നെ വായിക്കാന്‍ പടിപ്പിക്ക്യോ..?'
'മലയാളം വേണോ, തമിഴ് വേണോ. ഇംഗ്ലീഷ് വേണോ.'
കളിമട്ടില്‍ ഞാന്‍ തിരക്കി. എന്നാല്‍, അത്യധികം ഗൌരവത്തില്‍ അവന്‍ ചോദിച്ചു.
'ഈ കോട്ടയം പുഷ്പനാഥ് ഏതു ഭാഷയിലാണ് എഴുതുന്നത്'
'മലയാളത്തില്‍.'
'എന്നാല്‍ എനിയ്ക്ക് മലയാളം പഠിച്ചാല്‍ മതി..'
അതുകേട്ട് ഞാനൊന്നു പകച്ചു.

അഴകിന്റെ ജോലിയും സ്വഭാവവും വച്ച് അതൊരിക്കലും നടക്കില്ലെന്ന് എനിയ്ക്ക് ഉറപ്പുണ്ടായിരുന്നു. ഞാന്‍ കരുതിയപോലെ തന്നെ അഴകിന്റെ ഭാഷാപഠനമോ, നോവല്‍ വായനയോ തുടര്‍ന്ന് നടന്നില്ല. അതിനടുത്തൊരു ദിവസം അവന്റെ ആശാന്‍, എന്തോ കാരണത്തിന് അവനെ ഭയങ്കരമായി ശകാരിക്കുകയും തല്ലുകയും ചെയ്തു. അഭിമാനക്ഷതം സംഭവിച്ച അഴകാകട്ടെ, ആശാന്റെ ഭാര്യ ഒരു 'കൊഴയാണ്' എന്ന പ്രസ്താവനയോടെ ആ ജോലി വിട്ടു. അവന്റെയാ പ്രസ്താവനയും പില്‍ക്കാലം സത്യമായി വന്നുവെന്നും പറയണമല്ലോ. അതെന്തായാലും അഴകിനെ പിന്നെപ്പിന്നെ കാണാതായി. അവന് ഒക്കലില്‍ ഒരു അരിമില്ലിലെ ജോലി കിട്ടി എന്ന് കേട്ടു. കോളേജില്‍ നിന്നിറങ്ങിയ ഞാനും ജോലി തേടിയുള്ള അലച്ചിലിലായി. ഒടുവില്‍ ചെന്നുപറ്റിയത് കോട്ടയം നഗരത്തിലാണ്. ഒരു ജനപ്രിയ വാരികയുടെ ഓഫീസില്‍. അലമാരകളില്‍ അട്ടിയിട്ടുവച്ച അനേകം നോവലുകളുടെ കയ്യെഴുത്തു പ്രതികള്‍ക്കിടയില്‍ ഞാന്‍ എന്നെയും മറ്റൊരു കഥാപാത്രമായി തിരുകിവച്ചു. മൌനം പാലിച്ചും എല്ലാവരോടും അമിതവിനയം പ്രകടിപ്പിച്ചും ഒരകലം വെറുതേ ഉണ്ടാക്കി. ആളുകളാകട്ടെ തന്‍മൂലം, എന്നെയൊരു കുറഞ്ഞവനായി കണക്കാക്കി എന്നതാണ് ഫലം. അല്ലെങ്കിലെന്താണ് മേനി നടിയ്ക്കാന്‍ ഉള്ളത്. പേരിനൊരു ശത്രു പോലുമില്ല.

അങ്ങനെയിരിക്കെ ഒരാള്‍ എന്നെ ഓഫീസില്‍ കാണാന്‍ വന്നു. എന്റെ കാബിന്റെ വാതില്‍ തള്ളിത്തുറന്ന് അയാള്‍ ക്ഷോഭം അടക്കാനാകാത്ത മുഖത്തോടെ, കിതപ്പോടെ എന്നെ നോക്കി. പിന്നെ ചോദിച്ചു:
'നിങ്ങള്‍ ആരാണെന്നാണ് വിചാരം. എനിക്കുള്ള വാരികകള്‍ തടഞ്ഞുവയ്ക്കാന്‍ നിങ്ങള്‍ക്കെന്ത് അധികാരം?'
എനിയ്ക്ക് ഒന്നും മനസിലായില്ല. വന്ന ആളെയും പിടികിട്ടിയില്ല. അയാളങ്ങനെ പുകഞ്ഞുനില്‍ക്കുമ്പോള്‍, ഞാനാകട്ടെ ആഗതനെ ചിരിയോടെ വീക്ഷിച്ചു. ആ ചിരി അദ്ദേഹത്തെ കൂടുതല്‍ ക്രുദ്ധനാക്കി. ഞാന്‍, 'ഇരിക്കൂ..' എന്ന് പറഞ്ഞത് ശ്രദ്ധിക്കാതെ, പിന്നെയും എന്തൊക്കെയോ പുലമ്പിയിട്ടും ക്രോധം അടക്കാനാകാതെ അദ്ദേഹം ഇറങ്ങിപ്പോയി. തീര്‍ച്ചയായും ആഗതന് ആളുമാറിപ്പോയി എന്ന് ഞാന്‍ ഉറപ്പിച്ചു. എന്നാല്‍, പത്തുമിനിറ്റ് കഴിഞ്ഞില്ല, എന്നെ അമ്പരപ്പിച്ചുകൊണ്ട് മെലിഞ്ഞ ആ മനുഷ്യന്‍ വീണ്ടും കയറിവന്നു. ഇത്തവണ മുഖത്ത് ദേഷ്യമല്ല. നനുത്ത ചിരിയാണ്. ഖാദിയുടെ വയലറ്റ് നിറമുള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് തലയില്‍ ലെതര്‍ക്യാപ് അണിഞ്ഞ അദ്ദേഹം സ്‌നേഹപൂര്‍വ്വം എനിയ്ക്ക് നേരെ കൈനീട്ടി.

'ഡിയര്‍ യംഗ് മാന്‍, അയാം കോട്ടയം പുഷ്പനാഥ്. വെരി നൈസ് ടു മീറ്റ് യു.'
ഒരു നിമിഷം സ്‌തോഭത്തിലാണ്ട എനിയ്ക്ക്, ഒരു മറുപടി പറയാന്‍ കഴിയും മുന്‍പേ അദ്ദേഹം കടന്നുകളഞ്ഞു.
ഞാനുടനെ മാര്‍ക്കറ്റിംഗ് വിഭാഗവുമായി ബന്ധപ്പെട്ടു. അപ്പോഴാണ്, വാരികയുടെ കോപ്പികള്‍ അദ്ദേഹത്തിന്റെ പേരില്‍ ഈയിടെയായി അയക്കാറില്ല എന്ന് അറിയുന്നത്. പുതുതായി ജോലിയില്‍ പ്രവേശിച്ച ഞാനാണ് അതിനുകാരണമെന്ന് അദ്ദേഹം എങ്ങനെയോ ധരിച്ചുപോയി. അതായിരുന്നു ക്ഷോഭത്തിന്റെ കാരണം. തുടര്‍ന്നങ്ങോട്ട് ഇടയ്ക്കിടെ ഞങ്ങള്‍ കാണുകയുണ്ടായി. കാണുമ്പോഴെല്ലാം എന്താണ് ഇപ്പോള്‍ വായിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വായിക്കാന്‍ ചില പുസ്തകങ്ങള്‍ നിര്‍ദ്ദേശിച്ചു. Raymond Chandler- ടെ The Big Sleep എന്ന നോവല്‍ ഞാന്‍ അങ്ങനെയാണ് വായിക്കുന്നത്. Dorothy L. Sayers എഴുതിയ Strong Poison, Edmund Crispin-ന്റെ The Moving Toyshop എന്നിവ അവയില്‍പ്പെടും.

അവസാനമായി കോട്ടയം റയില്‍വേസ്റ്റേഷനില്‍ വച്ചുകണ്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം പുനത്തില്‍ കുഞ്ഞബ്ദുള്ള ഉണ്ടായിരുന്നു. ഇരുവരും ഒരു കല്‍ബഞ്ചില്‍ ഇരുന്നു സംസാരിക്കുകയായിരുന്നു. ആകസ്മികമായി കണ്ടുമുട്ടിയതാണ് ഇരുവരും. കുഞ്ഞിക്ക എന്തോ ആവശ്യത്തിന് കോട്ടയത്ത് വന്നതാണ്. കോട്ടയം പുഷ്പനാഥ് ഏതോ സുഹൃത്തിനെ യാത്രയാക്കാനും. മലയാളത്തിലെ രണ്ട് വലിയ എഴുത്തുകാരെ ആളുകള്‍ വിസ്മയത്തോടെ കണ്ണെടുക്കാതെ നോക്കുന്നു. ഓരോ മുഖങ്ങളിലും തെളിഞ്ഞ ആദരം.

Manoj Vengola
മനോജ് വെങ്ങോല

ഞാന്‍ അടുത്ത് ചെന്നു.
കോട്ടയം പുഷ്പനാഥ് എന്നെ അടുത്ത് പിടിച്ചിരുത്തി. കുഞ്ഞിക്കയ്ക്ക് പരിചയപ്പെടുത്തി.
'കൊള്ളാവുന്ന ചെറുക്കനാണ്. നന്നാവുമെന്ന് തോന്നുന്നു.'
കുഞ്ഞിക്ക ചോദിച്ചു: 'എന്താണ് നീ എഴുതുന്നത്. കഥയോ.. കവിതയോ..'
ഞാന്‍ ഒന്നും പറഞ്ഞില്ല. കുഞ്ഞിക്ക തുടര്‍ന്നു: 'നന്നായി വായിക്കൂ. എഴുതാന്‍ തോന്നിയാല്‍ മാത്രം എഴുത്... അല്ലാതെന്ത് പറയാന്‍..'
അല്‍പ്പസമയത്തിനുള്ളില്‍ വടക്കോട്ട് വണ്ടി വന്നു. കുഞ്ഞിക്ക കയറിപ്പോയി.
കല്‍ബഞ്ചില്‍ ഞാനും കോട്ടയം പുഷ്പനാഥും മാത്രമായി. സ്വാഭാവികമായും എഴുത്തും പുസ്തകങ്ങളും സംഭാഷണത്തില്‍ വന്നു. പുതുകാലവായനയുടെയും എഴുത്തിന്റെയും രീതികളെക്കുറിച്ചും മറ്റും എന്നത്തേയും പോലെ അദ്ദേഹം വാചാലനായി.
മലയാളത്തില്‍ മുന്നൂറ്റി അന്‍പതോളം നോവലുകള്‍ എഴുതിയ, വായനക്കാരന്‍ ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത ഡിറ്റക്റ്റീവ് മാര്‍ക്‌സിന്റെ സൃഷ്ടാവായ ആ എഴുത്തുകാരനോട് ഞാന്‍ തിരക്കി.
'സര്‍, എന്താണ് എഴുത്ത് എന്ന് ചോദിച്ചാല്‍ അങ്ങയുടെ മറുപടി എന്താകും.?'
ഒട്ടും സംശയിക്കാതെ അദ്ദേഹം പറഞ്ഞു:
'ഒളിയിടങ്ങള്‍ തിരയുന്ന ശത്രുവിനെ കുരുക്കാനുള്ള ആയുധം രാകുന്നതാണ് എഴുത്ത്'
'അപ്പോള്‍ വായനയോ'
ദീര്‍ഘകാലം അധ്യാപകനായിരുന്ന അദ്ദേഹം ഈ സാഹിത്യവിദ്യാര്‍ഥിയ്ക്ക് നല്‍കിയ ഉത്തരം വ്യക്തമായിരുന്നു. ദൃഡവും.
'വായിക്കുന്ന പുസ്തകം ഒരിക്കലും തീരരുതേ എന്ന പ്രാര്‍ത്ഥനയാണ് വായന.'

ഞാനപ്പോള്‍ നിശ്ചയമായും നോവലുകള്‍ വായിക്കാന്‍ കൊതിച്ച അഴകിനെ ഓര്‍ത്തു.
ആ നിമിഷങ്ങള്‍ ഇങ്ങനെ ഓര്‍ത്തെഴുതുമ്പോഴും അഴകിനെക്കുറിച്ച് തന്നെ ആലോചിയ്ക്കുന്നു.
അവനിപ്പോള്‍ എവിടെയാകും. അച്ഛനെ കൊല്ലാന്‍ അവനൊരു ആയുധം കിട്ടിക്കാണുമോ? അതോ അച്ഛനെക്കൊന്നു ജയിലില്‍ പോയോ? അല്ലെങ്കില്‍ ഇപ്പഴും അവനൊരു ആയുധം തിരയുകയാകുമോ? മലയാളം എഴുതാനും വായിക്കാനും പഠിച്ചുവോ? അന്നുമിന്നും കയ്യിലെത്തുന്ന നോവലുകള്‍ വായിക്കുന്നുവെന്നല്ലാതെ, അപകടകരമായി ജീവിക്കുന്നതിന്റെ അഴകും ആനന്ദവും എനിക്കറിയില്ലല്ലോ.

കോട്ടയം പുഷ്പനാഥിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Manoj Vengola Readers special Kottayam Pushpanath

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram