-
എഴുത്തുകാരന്റെ വിചാരവികാരങ്ങള്‍ കടം വാങ്ങാന്‍ വിധിക്കപ്പെട്ടവരാണ് അഭിനേതാക്കള്‍. സിനിമാഭിനയമായാലും വായനയായാലും അതിലേറെ ആനന്ദം കണ്ടെത്തുന്ന നടനാണ് ടൊവിനോ തോമസ്. അതുകൊണ്ടുതന്നെ ടൊവിനോയുടെ ഷൂട്ടിങ് കിറ്റില്‍ പുസ്തകങ്ങള്‍ക്ക് ഒരിടമുണ്ട്.
നമ്മള്‍ വായിക്കാന്‍ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെക്കാള്‍ പുസ്തകങ്ങള്‍ നമ്മളെ തിരഞ്ഞെടുക്കണമെന്ന് തോന്നുന്നു. കോളേജില്‍ പഠിക്കുന്നകാലത്താണ് ഞാന്‍ സീരിയസായ വായന തുടങ്ങിയത്. ഹോസ്റ്റല്‍ജീവിതകാലത്ത് സിനിമ കഴിഞ്ഞാല്‍പ്പിന്നെ വായന-അങ്ങനെയായിരുന്നു പ്രധാന പരിപാടി.
കോയമ്പത്തൂരില്‍ പഠിക്കുന്നകാലത്ത് പുതിയ മുറിയിലേക്ക് താമസം മാറിയപ്പോള്‍ അവിടെവെച്ചൊരു പുസ്തകം കളഞ്ഞുകിട്ടി. ഒ.വി.വിജയന്റെ മാസ്റ്റര്‍പീസായ ഖസാക്കിന്റെ ഇതിഹാസമായിരുന്നു അത്. പഠനകാലത്തെ വിരസത മാറ്റാനാണ് വായിച്ചുതുടങ്ങിയത്. പിന്നെ ഒറ്റയിരിപ്പിനത് വായിച്ചുതീര്‍ത്തു. അതാണെന്റെ വായനശീലത്തെ മാറ്റിമറിച്ച ആദ്യപുസ്തകം. വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സിലായി ആ പുസ്തകം ഉപേക്ഷിച്ചുകളഞ്ഞതല്ല, മറന്നുവെച്ചതാണെന്ന്. നമ്മുടെ കാഴ്ചയെയും സങ്കല്പത്തെയും മാറ്റിമറിച്ച വിസ്മയരചനയായിരുന്നു അത്.
ഇപ്പോഴും കരിമ്പനകള്‍ ചൂളംകുത്തുന്ന പാലക്കാടന്‍ ഗ്രാമങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഖസാക്കിലെ രവിയും അപ്പുക്കിളിയും നൈജാമലിയും മൈമൂനയും അവിടെയൊക്കെയുണ്ടെന്ന് തോന്നും. ചിതലിമലയിലെ മിനാരങ്ങളും അറബിക്കുളവും ഷേക്കിന്റെ കല്ലറയും കണ്ടതുപോലെ...
പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് വീണ്ടും വായന തുടര്‍ന്നത്. അപ്പന് വീട്ടില്‍ വലിയൊരു ലൈബ്രറിയുണ്ട്. അവിടെ നടത്തിയ തിരച്ചിലിനിടയിലാണ് എം.ടി.യുടെ രണ്ടാമൂഴവും എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളും വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയും കിട്ടിയത്.
രണ്ടാമൂഴം വായിച്ചുകഴിയുന്നതുവരെ ഭീമന്റെ വിചാരവികാരങ്ങള്‍ക്കൊപ്പമായിരുന്നു യാത്ര.
ഖത്തറില്‍ ജോലിചെയ്യുന്ന സുഹൃത്താണ് ഖാലിദ് ഹുസൈനിയുടെ കൈറ്റ് റണ്ണര്‍ എന്ന പുസ്തകം എനിക്ക് സമ്മാനമായി തന്നത്. ഒരു വര്‍ഷക്കാലം അത് വായിക്കാതെ ഞാന്‍ സൂക്ഷിച്ചു.
അപ്രതീക്ഷിതമായി കിട്ടിയ ഒരിടവേളയില്‍ ഞാനത് വായിക്കാനിരുന്നു. പിന്നെ ആവേശത്തോടെയാണ് ഓരോ പേജും വായിച്ചുതീര്‍ത്തത്. തുടര്‍ന്ന് ആ എഴുത്തുകാരന്റെ 'എ തൗസന്റ് സ്‌പെളെന്‍ഡിഡ് സണ്‍സും ആന്‍ഡ് ദ മൗണ്ടൈന്‍ എക്കോഡും 'തേടിപ്പിടിച്ച് വായിച്ചു. അതുപോലെ എന്നെ ഏറെ സ്വാധീനിച്ച പുസ്തകങ്ങളാണ് അമീഷിന്റെ ശിവ ട്രിലോജി, ചേതന്‍ ഭഗതിന്റെ ഫൈവ് പോയിന്റ് സംവണ്‍, അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് തുടങ്ങിയവ. അതില്‍ ഏറെ സമയമെടുത്ത് വായിച്ചുതീര്‍ത്ത പുസ്തകം ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സായിരുന്നു. കാരണം സാമൂഹികവിഷയങ്ങള്‍ കൈകാര്യംചെയ്ത പുസ്തകത്തിലെ പല കാര്യങ്ങളും മനസ്സിലാക്കിയെടുക്കാന്‍ നല്ല സമയമെടുത്തു.
നല്ല പുസ്തകങ്ങളെന്ന് പേരെടുത്തവ വാങ്ങി വായിക്കുന്നതാണ് ശീലം. അതുകൊണ്ടുതന്നെ എന്റെ പുസ്തകശേഖരത്തില്‍ എന്നെ കാത്തിരിക്കുന്ന ഒരുപാട് രചനകളുണ്ട്. അടുത്തകാലത്തായി വന്ന സിനിമയുടെ തിരക്കിനിടയില്‍ വായനയ്ക്കായി സമയം കിട്ടാറില്ല എന്നത് സത്യം.
അടുത്തിടെ വായിച്ചവയില്‍ ഏറെ രസകരമായി തോന്നിയ പുസ്തകം സജീവ് എടത്താടന്റെ കൊടകരപുരാണമാണ്. ലോകമലയാളികളുടെ പ്രതിരൂപങ്ങളെല്ലാം അതില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. അക്ഷരാര്‍ഥത്തില്‍ ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന രസകരമായ രചന.
എം.മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് വായിക്കാന്‍ തുടങ്ങിയ പുതിയ പുസ്തകം. അടുത്ത യാത്രയില്‍ അത് വായിച്ചുതീര്‍ക്കണം. നല്ല പുസ്തകങ്ങളെല്ലാം ഞാന്‍ രണ്ട് കോപ്പി വാങ്ങിക്കാറുണ്ട്, ഒന്ന് വായിക്കാനും മറ്റെത് കൂട്ടുകാര്‍ക്ക് സമ്മാനമായി കൊടുക്കാനും. വാങ്ങിയതും സമ്മാനമായി കിട്ടിയതുമടക്കം വായിക്കാത്ത കുറെ നല്ല പുസ്തകങ്ങള്‍ എന്റെ ശേഖരത്തിലുണ്ട്, ഇനി നമ്മള്‍ അത് വായിക്കേണ്ട സമയം പുസ്തകങ്ങള്‍ തീരുമാനിക്കട്ടെ.
Content Highlights: Actor Tovino Thomas tells about Reading Literature