പാട്ടിലെ സെന്‍സര്‍ഷിപ്പ് ആഭാസകരമാണെന്ന് ഗാനരചയിതാവ് റഫീഖ് അഹമ്മദ് അഭിപ്രായപ്പെട്ടു. രണ്ടാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പാട്ടിന്റെ പുതു വഴിയില്‍ എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്‍, സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റ്, ഗായകന്‍ ജി വേണുഗോപാല്‍, ചലച്ചിത്രഗാന നിരൂപകന്‍ രവിമേനോന്‍ എന്നിവരും പങ്കെടുത്തു.
പാട്ടിന്റെ വരികള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും അത് എഴുത്തുകാരുടെ സ്വാതന്ത്ര്യത്തിന് വില കല്പ്പിക്കാതിരിക്കലാണെന്നും അദ്ദേഹം പറഞ്ഞു. കാലം ഏല്‍പ്പിക്കുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ടി വരുകയാണ്, എഴുത്തുകാര്‍ക്കും. മലയാളത്തില്‍ ആദ്യം തമിഴ് ഹിന്ദി ഗാനങ്ങളുടെ ട്യൂണുകളില്‍ എഴുതപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ടില്‍ നല്ല കവിതാ മൂല്യങ്ങളുള്ള പാട്ടുകള്‍ വന്നു. പാട്ടെഴുതി ട്യൂണ്‍ ചെയ്യുന്നതും ട്യൂണിനനുസരിച്ച് എഴുതുന്നതും വലിയ വ്യത്യാസമായിരുന്നില്ല. ചെമ്മീന്‍ എന്ന ചിത്രത്തിലെ പാട്ടിലെ വരികള്‍ ട്യൂണിനനുസരിച്ച് എഴുതിയവയാണ്-അദ്ദേഹം പറഞ്ഞു.
ചലച്ചിത്രഗാനങ്ങളോടുള്ള മലയാളികളുടെ ബന്ധം പണ്ടേ തുടങ്ങിയതാണ്. ജനാധിപത്യ ലോകത്ത് ജീവിക്കുന്ന മലയാളികള്‍ക്കായി ലഭിച്ച ഗാനസംസ്‌കാരമാണ് പാട്ടുകള്‍. സിനിമകളില്‍ യഥാര്‍ഥത്തില്‍ പാട്ടിന്റെ ആവശ്യമില്ല. പാട്ടുകള്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ക്കു വേണ്ടിയാണ് യൂ ട്യൂബ് പോലുള്ള ചാനലുകള്‍ അവസരമൊരുക്കുന്നത്. പുതിയ സിനിമകളില്‍ പുതിയ പരീക്ഷണങ്ങളുമായി നിരവധി പേരാണ് ഇന്ന് സിനിമാരംഗത്തുള്ളത്. റഫീക്ക് അഹമ്മദ് പറഞ്ഞു.
പാട്ടിന്റെ വരികള്‍ക്കാണ് എപ്പോഴും പഴി കേള്‍ക്കേണ്ടി വരുന്നതെന്ന് ഹരിനാരായണന്‍ അഭിപ്രായപ്പെട്ടു. പാട്ടെഴുത്തില്‍ സംസാരഭാഷ മതി, കവിത വേണ്ട എന്നും ഇപ്പോഴത്തെ ചില സംവിധായകര്‍ പറയുന്നുണ്ട്. കാലത്തിനനുസരിച്ച് മാറുകയാണ് പാട്ടുകളും. വേര്‍പാട് എന്ന വിഷയത്തില്‍ ബോംബ് പൊട്ടിച്ചു വറുത്തു എന്നു തുടങ്ങുന്ന വരികളെഴുതേണ്ടി വന്ന ഒരു ഗാനരചയിതാവിനെയും എനിക്കറിയാം. കവിത ഇഷ്ടപ്പെടുന്നവര്‍ക്ക് ഇപ്പോഴത്തെ പാട്ടുകളില്‍ പലതും വേദനാജനകമാണ്. അദ്ദേഹം പറഞ്ഞു. വൃത്തത്തിലുള്ള കവിതകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഗദ്യകവിതകള്‍ ദഹിക്കില്ല. എങ്കിലും ഇന്നത്തെ സിനിമകളും അതിലെ സന്ദര്‍ഭങ്ങളും അതു ആവശ്യപ്പെടുന്നുണ്ട്. ഇന്നത്തെ സംവിധായകര്‍ക്ക് ലളിതമായ ഗാനങ്ങളാണ് വേണ്ടത്. ഇന്ന് സിനിമകളില്‍ പണ്ടത്തെപ്പോലെ ചരിത്രപുരുഷന്‍മാരില്ല. ഉണ്ടെങ്കില്‍ തന്നെ അവര്‍ പാടുന്നില്ല. ഇന്നിപ്പോള്‍ പാട്ടില്‍ ചിരി എന്ന വാക്കു കൊണ്ടു വരണമെങ്കില്‍ ചിരിയുടെ പര്യായങ്ങളെത്ര ഉപയോഗിച്ചാലും സംവിധായകര്‍ക്ക് തൃപ്തി വരാറില്ല. ലളിതമാക്കാനാണ് നിര്‍ദേശിക്കാറ്. അത്തരം ഘട്ടങ്ങളാണ് പാട്ടെഴുത്തിലെ പ്രധാന വെല്ലുവിളികള്‍.
പുതിയ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ എനിക്കിനിയും സിനിമ വരുമെന്ന വിശ്വാസമാണ് തരുന്നതെന്ന് സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റ് അഭിപ്രായപ്പെട്ടു. ലജ്ജാവതി എന്ന പാട്ടിറങ്ങിയ അന്ന് സംഗീത സംവിധാനമാണ് വഴി എന്നു തീരുമാനിക്കുകയായിരുന്നു. ആ പാട്ടിറങ്ങി പതിനഞ്ച് വര്‍ഷത്തോളമായി. ഇതിനിടയില്‍ കന്നഡ സിനിമകളിലാണ് കൂടുതല്‍ വര്‍ക്കുകള്‍ ചെയ്തത്. സിനിമാപ്പാട്ടുകളില്‍ നിന്ന് വ്യത്യസ്തമായി സ്വതന്ത്ര സംഗീതത്തിന് ഇപ്പോള്‍ വലിയ സ്‌കോപ്പുണ്ട്. അദ്ദേഹം പറഞ്ഞു.
ഒരു പാട്ട് എങ്ങനെ പാടണമെന്ന് കൃത്യമായി ഒരു ഐഡിയ തരാന്‍ കഴിയാതെ പോകുന്നത് ഇന്നത്തെ പല സംഗീത സംവിധായകരുടെയും ഒരു പ്രധാന പോരായ്മയായി തോന്നിയിട്ടുണ്ടെന്ന് ഗായകന്‍ ജി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. ജോണ്‍സേട്ടന്‍, രവിയേട്ടന്‍, എം ജി രാധാകൃഷ്ണന്‍ സാര്‍, പെരുമ്പാവൂര്‍ രവിയേട്ടന്‍ എന്നിവരോടൊക്കെയൊപ്പമാണ സംഗീത ജീവിതം തുടങ്ങുന്നത്. പിന്നീടാണ് ദേവരാജന്‍ മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി സ്വാമികള്‍, ഇവരുടെയൊപ്പമെല്ലാം വര്‍ക്ക് ചെയ്യുന്നത്. ഇവരൊക്കെ നല്ല പാട്ടുകാരായിരുന്നു. വെറും പാട്ടുകാരല്ല, ഭാഗവതരായിരുന്നു. എന്താണോ പാടേണ്ടത് അത് കൃത്യമായി പാടി രൂപരേഖ തയ്യാറാക്കി തരുന്നവരായിരുന്നു. പിന്നെ പാട്ട് ഇപ്പോള്‍ ഒരു എഞ്ചിനീയറിംഗ് ക്രാഫ്റ്റാണ്. ടെക്‌നോളജിയുടെ ഭാഗമായി സൗണ്ട് എഞ്ചിനീയറുടെ കരവിരുതില്‍ ശബ്ദങ്ങളെല്ലാം ഒരേ പോലെ തോന്നുകയും പാട്ടുകാരുടെ ശബ്ദങ്ങള്‍ വേറിട്ടറിയാന്‍ കഴിയാതെയും വരുന്നു. വേണുഗോപാല്‍ പറഞ്ഞു.
Content Highlights: RafeeqAhammad BKHarinarayanan, RaviMenon, JassieGift