ട്രോളും മീമും പിന്നെ കുഞ്ചന്‍ നമ്പ്യാരും; ശ്രദ്ധേയമായി ട്രോള്‍ സംവാദം


അജ്‌നാസ് നാസര്‍

2 min read
Read later
Print
Share

കലാരൂപങ്ങള്‍ സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയില്‍ ആവണമെന്ന കുഞ്ചന്‍ നമ്പ്യാരുടെ വാക്കുകളോട് ഏറ്റവും നീതി പുലര്‍ത്തുന്നത് ട്രോളന്മാരാണ്. ഇന്റര്‍നെറ്റില്‍ അവനവനാണ് പ്രസാധകന്‍. ഇതിന്റെ സാധ്യതകളും പരിമിതികളും മീമുകള്‍ക്കുമുണ്ട്. ബോധവല്‍ക്കരണം എന്ന വലിയ ഉത്തരവാദിത്യവും ട്രോളുകള്‍ നിര്‍വഹിക്കുന്നുണ്ട്.

ട്രോളുകള്‍ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. മലയാളിയുടെ ട്രോള്‍ ചരിത്രത്തിന് ഓട്ടന്‍തുള്ളലും ചാക്യാര്‍ക്കൂത്തും പോലുള്ള അതിസമ്പന്നമായ ആക്ഷേപഹാസ്യ പാരമ്പര്യമുണ്ട്. ആ പാരമ്പര്യത്തിന്റെ ഏറ്റവും പുതിയ മുഖമാണ് സാമൂഹ്യ മാധ്യമങ്ങളിലെ ട്രോളുകള്‍. മലയാള ഭഷയിലേക്ക് പദങ്ങള്‍ പോലും സംഭാവന ചെയ്യുന്ന നിലയിലേക്ക് ട്രോളന്മാര്‍ മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഒന്നാം ദിവസം നടന്ന ട്രോള്‍ ആധുനിക കാലത്തെ തുള്ളല്‍ എന്ന ചര്‍ച്ച ഏറെ ശ്രദ്ധേയമായി. സംവിധായകന്‍ രഞ്ജിത്ത്, ട്രോള്‍ വിദഗ്ദന്‍ ഋഷികേശന്‍ കെ.ബി, സെബിന്‍ ജേക്കബ്, മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി സജീഷ് എന്നിവര്‍ സംസാരിച്ചു.

ശരിയായ വാക്കായ മീം എന്നതിന് പകരം മലയാളി ട്രോള്‍ എന്ന് തെറ്റായി ഉപയോഗിക്കുകയാണ് എന്ന പരിഭവത്തോട് കൂടിയാണ് ഐ.സി.യു പോലുള്ള പേജുകളുടെ പിന്നണി പ്രവര്‍ത്തകന്‍ കൂടിയായ ഹൃഷികേശന്‍ കെ.ബി സംസാരിച്ച് തുടങ്ങിയത്. മലയാളികള്‍ക്ക് ഒരു മീമോദീസ ആവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. സാമൂഹിക വിമര്‍ശനം എന്നതിനപ്പുറം മീമുകള്‍ നിര്‍വഹിക്കുന്ന ധര്‍മം നിരവധിയാണ്. കലാരൂപങ്ങള്‍ സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയില്‍ ആവണമെന്ന കുഞ്ചന്‍ നമ്പ്യാരുടെ വാക്കുകളോട് ഏറ്റവും നീതി പുലര്‍ത്തുന്നത് ട്രോളന്മാരാണ്. ഇന്റര്‍നെറ്റില്‍ അവനവനാണ് പ്രസാധകന്‍. ഇതിന്റെ സാധ്യതകളും പരിമിതികളും മീമുകള്‍ക്കുമുണ്ട്. ബോധവല്‍ക്കരണം എന്ന വലിയ ഉത്തരവാദിത്വവും ട്രോളുകള്‍ നിര്‍വഹിക്കുന്നുണ്ട്. ഫേക്ക്‌ ന്യൂസുകള്‍ പ്രചരിപ്പിക്കുന്നവരെ പരിഹസിക്കാനായി സൃഷ്ട്ടിക്കപ്പെട്ട കേശവന്‍ മാമന്‍ എന്ന ജനപ്രിയ മീം കഥാപത്രം ഇതിന് ഉദാഹരണമാണെന്നും ഹൃഷികേശന്‍ കെ.ബി കൂട്ടിച്ചേര്‍ത്തു.

താന്‍ ഒരു ട്രോളനോ അവയെ സ്ഥിരമായി പിന്തുടരുന്ന ആളോ അല്ലെന്ന് പറഞ്ഞായിരുന്നു സംവിധായകന്‍ രഞ്ജിത്ത് തുടങ്ങിയത്. എങ്കിലും ഫോര്‍വേഡ് ചെയ്ത് കിട്ടുന്ന ട്രോളുകള്‍ ആസ്വദിക്കാറുണ്ട്. അത്ഭുതകരമായ നര്‍മബോധമാണ് മലയാളി ട്രോളന്മാര്‍ക്കുള്ളത്. വി.കെ.എന്‍ ഈ കാലത്ത് ഉണ്ടാവണമെന്ന് ആഗ്രഹിച്ചു പോവാറുണ്ട്. രാഷ്ട്രീയ മത നേതാക്കന്മാരെ ഇത്ര രൂക്ഷമായി വിമര്‍ശിക്കുന്ന രീതി കേരളത്തില്‍ മാത്രമേ നടക്കുകയുള്ളു. പലപ്പോഴും ട്രോളുകള്‍ തിരുത്തലുകള്‍ക്കും സാമൂഹ്യ മാറ്റങ്ങള്‍ക്കും കാരണമാകുന്നുണ്ട്. അപ്പോള്‍ തന്നെ ട്രോളുകളുടെ ദുരുപയോഗങ്ങളും ഉണ്ടാകുന്നുണ്ട്. കൂടുതല്‍ സര്‍ഗാത്മകമായ ട്രോളുകള്‍ ഉണ്ടാകട്ടെയെന്നും രഞ്ജിത്ത് ആശംസിച്ചു.

എല്ലാ അധികാര കേന്ദ്രങ്ങളെയും വെല്ലുവിളിക്കാന്‍ ട്രോളുകള്‍ മടിക്കുന്നില്ല എന്ന കാര്യമാണ് സെബിന്‍ ജേക്കബ് ചൂണ്ടിക്കാട്ടിയത്. ട്രോളുകളുടെ സ്വാധീനം വലിയ രീതിയില്‍ വര്‍ധിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ ട്രോളുകള്‍ ഉപയോഗിക്കപ്പെടുന്നു. സാഹിത്യവും ശാസ്ത്രവും രാഷ്ട്രീയവും എല്ലാം ട്രോളുകള്‍ക്ക് കാരണമാകുന്നു. ജീന്‍ ജീവിവര്‍ഗത്തില്‍ പ്രതിഫലിക്കുന്നത് പോലെ മീമുകള്‍ സാമൂഹിക ലോകത്ത് മാറ്റത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും സെബിന്‍ വ്യക്തമാക്കി.

ട്രോളുകളുടെ രാഷ്ട്രീയത്തെ കുറിച്ചാണ് എന്‍.പി സജീഷ് സംസാരിച്ചത്. ദൈനംദിന സര്‍ഗാത്മകതയുടെ അന്തമില്ലാത്ത ആഘോഷമാണ് ട്രോളുകള്‍. അപരിചിതത്വം നല്‍കുന്ന സുരക്ഷിതത്വം ട്രോളന്മാര്‍ക്കുണ്ട്. ട്രോളുകളില്‍ ഉടയാത്ത വിഗ്രഹങ്ങളില്ല ട്രോളന്മാര്‍ തൊടാത്ത വിശുദ്ധ പശുക്കളില്ല. പലതരം ആശങ്ങളുടെ സംഘര്‍ഷ ഭൂമികയാണ് സാമൂഹിക മാധ്യമങ്ങള്‍. ട്രോളുകള്‍ ബോധവത്കരണത്തിന് ഉപയോഗപ്പെടുത്തുന്നതിന്റെ ഒന്നാംതരം ഉദാഹരണമാണ് കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്. മൈക്രോസോഫ്റ്റ് പോലും ഇതിനെ കുറിച്ച് പഠിക്കാനൊരുങ്ങുകയാണെന്നും സജീഷ് ചൂണ്ടിക്കാട്ടി. കേരള പോലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ അഡ്മിന്‍മാരില്‍ ഒരാളായ സന്തോഷ് ഉള്‍പ്പടെയുള്ളവരും ചര്‍ച്ചയില്‍ പങ്ക് ചേര്‍ന്നു.

Content Highlights: MBIFL 2019 debate on trolls and its social impact

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram