തിരുവനന്തപുരം: സിനിമയ്ക്കും നാടകത്തിനും അതീതമായ കാഴ്ചാനുഭവമാണ് രഞ്ജിത്ത് സംവിധാനം ചെയ്ത മറാത്താ കഫേ എന്ന നാടകം കാണികള്‍ക്ക് നല്‍കുന്നത്. ഏത് കാലഘട്ടത്തിലും പ്രസക്തമായ വിഷയവും അരങ്ങിലെത്തിയ നടന്മാരുടെ ഉജ്വല പ്രകടനവും മികച്ച സാങ്കേതിക സംവിധാനങ്ങളും പകരംവെക്കാനില്ലാത്ത കാഴ്ചാനുഭവമാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ വേദിയിലെ സദസ്സിന് നല്‍കിയത്.
1990കളില്‍ മഹാരാഷ്ട്രയിലെ പൂനയിലാണ് നാടകത്തിന് ആധാരമായ കഥ നടക്കുന്നത്. രണ്ട് പ്രൊഫഷണല്‍ കൊലയാളികളുടെ കഥപറയുന്ന നാടകത്തില്‍ പൊടിയനായും അണ്ണനായും എത്തിയ മുരളീ മേനോനും മനു ജോസും തങ്ങളുടെ പ്രകടനം അവിസ്മരണീയമാക്കി. സിനിമാ സീരിയല്‍ അഭിനയത്തിലൂടെ മലയാളിക്ക് സുപരിചിതരായ ഇരുവരുടെയും അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് മറാത്താ കഫേയില്‍ നടത്തിയിരിക്കുന്നത്.
സംവിധായകന്‍ ശ്യാമപ്രസാദ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതം നാടാകാനുഭവം കൂടുതല്‍ മികച്ചതാക്കുന്നു. അളഗപ്പന്‍ ഒരുക്കിയ വെളിച്ചവും സാങ്കേതികതികവും മറാത്ത കഫേയ്ക്ക് പൂര്‍ണത നല്‍കുന്നു. മാതൃഭൂമി അക്ഷരോത്സവത്തിന്റെ അതിഥികള്‍ അടങ്ങിയ ക്ഷണിക്കപ്പെട്ട സദസ്സ് നിറഞ്ഞ കയ്യടികളോട് കൂടി നാടകത്തെ സ്വീകരിച്ചു. ലോകനാടകവേദികളില്‍ ഉണ്ടായ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ മലയാള നാടകലോകം ഉള്‍കൊള്ളുന്നതിന്റെ തുടക്കമാണ് മറാത്ത കഫേ പോലുള്‌ള നാടകങ്ങളെന്ന് കാണികള്‍ അഭിപ്രായപ്പെട്ടു.
ഹാരള്‍ഡ് പിന്ററിന്റെ ദ ഡംബ് വൈറ്റര്‍ എന്ന പ്രശസ്ത നാടകത്തിന്റെ സ്വതന്ത്രമായ ദൃശ്യാവിഷ്‌കാരമാണ് മറാത്ത കഫേ. നാടക സിനിമാ പ്രവര്‍ത്തകനായ മുരളീ മേനോനാണ് മറാത്താ കഫേ രചിച്ചത്. സ്‌കൂള്‍ ഓഫ് ഡ്രാമയുടെ സ്ഥാപക ഡയറക്ടര്‍ പ്രൊഫ.ജി ശങ്കരപ്പിള്ളയുടെ ഓര്‍മ നിലനിര്‍ത്തുന്നതിനായി സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ രൂപീകരിച്ച ശങ്കരപ്പിള്ള ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ എന്‍സൈബിളാണ് നാടകം അരങ്ങിലെത്തിച്ചത്. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികളും ഇന്ന് മലയാള സിനിമാ രംഗത്തെ പ്രമുഖരുമായ രഞ്ജിത്ത്, ശ്യാമപ്രസാദ്, അളകപ്പന്‍, കുക്കു പരമേശ്വരന്‍ എന്നിവരാണ് നാടകത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്.
കനകക്കുന്ന് കൊട്ടാരത്തില്‍ സജ്ജീകരിച്ച വേദിയില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വിളക്ക് കൊളുത്തി പരിപാടിക്ക് തുടക്കം കുറിച്ചു. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രൊഫ.ജി ശങ്കരപ്പിള്ള അനുസ്മരണ പ്രഭാഷണം നടത്തി. രഞ്ജിത്ത്, ശ്യാമപ്രസാദ്, പി ശ്രീരാമകൃഷ്ണന്‍, മുരളീ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
content highlights: mbifl2019 malayalam drama Maratta cafe directed by Renjith