ജനുവരി 31 മുതല്‍ ഫെബ്രുവരി മൂന്നുവരെ കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന അന്താരാഷ്ട്ര അക്ഷരോത്സവത്തിലേക്കു 'കരിക്കും'. നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഏതൊരു മലയാളിക്കും സുപരിചിതമാണ് 'കരിക്ക്'. മലയാളത്തില്‍ വന്‍ ഹിറ്റായ ആദ്യത്തെ വെബ്സീരീസായ 'തേരാ പാര' ഒരുക്കിയത് 'കരിക്കാ'ണ്. ഫെയ്സ്ബുക്കിലും യൂട്യൂബിലും വൈറലായ ഒട്ടേറെ വീഡിയോസ് 'കരിക്കൊ'രുക്കിയിട്ടുണ്ട്. സ്വാഭാവികതമാശകളുടെ പടര്‍പ്പില്‍ കഥ പറയുന്ന 'കരിക്ക്' ഒരുലക്ഷത്തിനപ്പുറം സബ്സ്‌ക്രൈബേഴ്സുമായി, യൂട്യൂബിന്റെ സില്‍വര്‍ പ്ലേറ്റ് സ്വന്തമാക്കി മുന്നോട്ടു കുതിക്കുകയാണ്.
സാഹിത്യോത്സവത്തിന്റെ രണ്ടാം ദിവസമായ ഫെബ്രുവരി ഒന്നിന് യൂട്യൂബുമായി സഹകരിച്ച് 'കരിക്ക്' കനകക്കുന്നിലെത്തും. 'യൂട്യൂബിലെ കഥപറച്ചില്‍' എന്ന വിഷയത്തില്‍ മാതൃഭൂമി അക്ഷരോത്സവവും 'കരിക്കും' യൂട്യൂബും ചേര്‍ന്ന് ശില്പശാലയൊരുക്കും. കേരളത്തില്‍ ഇങ്ങനെയൊരു വലിയ വേദിയില്‍ ഇത്രയും ആളുകള്‍ക്കു മുന്നില്‍ ആദ്യമായാണ് ഒരു ശില്പശാലയ്ക്ക് യൂട്യൂബ് തയ്യാറാവുന്നത്. യൂട്യൂബ് എങ്ങനെ സര്‍ഗാത്മകമായി ഉപയോഗിക്കാം എന്നു മനസ്സിലാക്കാന്‍ സഹായിക്കുന്നതായിരിക്കും ശില്പശാല.
നവമാധ്യമങ്ങളിലേക്കു തങ്ങള്‍ വന്നെത്തിയതും ലൈക്കുകളുടെ വഴിയിലേക്കു മുന്നേറിയതും അതിനു വേണ്ടിയൊരുക്കിയ സര്‍ഗരചനകളുടെ പശ്ചാത്തലവും എങ്ങനെയൊക്കെയായിരുന്നെന്ന് 'കരിക്ക്' വിശദീകരിക്കും. സ്വപ്രയത്നത്താല്‍ സ്വന്തം വഴിയില്‍ ജീവിതമാര്‍ഗം കണ്ടെത്താനുള്ള ആത്മവിശ്വാസം ശില്പശാല പകര്‍ന്നുനല്‍കുമെന്നുറപ്പ്. നിങ്ങളൊന്നിനു വേണ്ടി തീവ്രമായി ആഗ്രഹിക്കുകയാണെങ്കില്‍, ആത്മാര്‍ഥപ്രയത്നവുമുണ്ടെങ്കില്‍ ലോകം മുഴുവന്‍ നിങ്ങളുടെ കൂടെയുണ്ടാവും എന്ന താത്വകവാചകങ്ങള്‍ യാഥാര്‍ഥ്യമാക്കിയതെങ്ങെനെയെന്ന് സ്വജീവിതം മാതൃകയാക്കിക്കൊണ്ട് 'കരിക്ക്' പറഞ്ഞുതരും.
ശില്പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക: www.mbifl.com/youtube.
Content Highlights: youtube, symbolism, MBIFL2019, karikku