തിരുവനന്തപുരം: പൊതുസമൂഹത്തിന് നേരെയുള്ള തിരുത്തല്‍ മുന്നേറ്റമാണ് മീ ടൂ വെളിപ്പെടുത്തലുകളെന്ന് എഴുത്തുകാരി സി.എസ് ചന്ദ്രിക. അന്തസ്സോടെ ജീവിക്കണമെന്നാഗ്രഹിക്കുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ഗതികെടുമ്പോഴാണ് പലരും ഇത്തരത്തിലുള്ള തുറന്ന് പറയലുകള്‍ക്ക് തയ്യാറാവുന്നതെന്നും സി.എസ്. ചന്ദ്രിക വ്യക്തമാക്കി. തിരുവനന്തപുരത്ത് നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
തുറന്നു പറഞ്ഞതിനേക്കാള്‍ പലസാഹചര്യങ്ങള്‍ കൊണ്ടും അതിന് കഴിയാത്തവയാണ് കൂടുല്‍ ഉള്ളത്. സമൂഹത്തെ ചെറിയ രീതിയിലെങ്കിലും തിരുത്താനുള്ള ശേഷി ഈ മുന്നേറ്റങ്ങള്‍ക്കുണ്ട്. ആരോപണ വിധേയരായ നിരപരാധികള്‍ക്ക് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം നമ്മുടെ വ്യവസ്ഥിതിയില്‍ ഉണ്ട്. ഇരകളാക്കപ്പെട്ട പല സ്ത്രീകള്‍ക്കും മുഖങ്ങളില്ല. സൂര്യനെല്ലി പെണ്‍കുട്ടിക്കോ അവളുടെ മാതാപിതാക്കള്‍ക്കോ ഇത്തരത്തിലൊരു വേദിയില്‍ വന്നിരുന്ന് സംസാരിക്കാനാവില്ല.
പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ ഉല്‍പ്പന്നങ്ങളായവരാണ് മീ ടുവിനെ എതിര്‍ക്കുന്നത്. നമ്മുടെ സാമൂഹിക സ്ഥാപനങ്ങളെല്ലാം പഠിപ്പിക്കുന്നത് സ്ത്രീ ഒരു ശരീരം മാത്രമാണെന്നാണ്. തുറന്നു പറയുന്നതോട് കൂടെ അവളെ എല്ലാവരും കുറ്റക്കാരാക്കുകയാണ്. സ്ത്രീകളോട് അന്തസായി തന്നെ പെരുമാറണമെന്ന പാഠമാണ് ഈ മുന്നേറ്റത്തിലൂടെ സ്ത്രീകള്‍ നല്‍കിയത്. മുഴുവന്‍ സ്ത്രീകളും തുറന്നുപറയലുകള്‍ക്ക് തയ്യാറായാല്‍ നമ്മുടെ സമൂഹത്തിന് അത് താങ്ങാനായേക്കില്ല. സ്ത്രീവിമോചന മുന്നേറ്റത്തിലെ ഉജ്വല അദ്ധ്യായമായി മി ടു മാറുമെന്നും സി.എസ് ചന്ദ്രിക വ്യക്തമാക്കി.
ഇന്ത്യയില്‍ മി ടൂ വല്ലാതെ ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് മി ടുവില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത യുവാവിന്റെ അച്ഛനായ പി.കെ രാജന്‍ അഭിപ്രായപ്പെട്ടു. തന്റെ മകന്‍ നിരപരാധിയാണെന്ന് തനിക്കുറപ്പുണ്ട്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് നിയമങ്ങളൊന്നും പാലിക്കാതെ കമ്പനി അവനെ പിരിച്ചുവിടുകയായിരുന്നു. ഏറെ വേദനിച്ചാണ് അവന്‍ ആത്മഹത്യ ചെയ്തത്. മനുഷ്യ പക്ഷത്ത് നിന്ന് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും പി്.കെ രാജന്‍ ആവശ്യപ്പെട്ടു. പ്രതാപ് സുഗതന്‍ ജി ഉഷാകുമാരി എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
Content Highlights: CS Chandrika On Me too movement