Photo : B Muraleekrishnan
തിരുവനന്തപുരം: ആധുനിക മലയാളീ സമൂഹം ആര്‍ത്തവത്തിന്റെ ഒരു തുള്ളി രക്തത്തില്‍ ചിതറിയെന്ന് എഴുത്തുകാരന്‍ സക്കറിയ. എന്ത് കാര്യത്തിനും സുപ്രീം കോടതിയെ സമീപിക്കുന്ന രാഷ്്ട്രീയക്കാര്‍ ശബരിമലയിലെ സുപ്രീംകോടതി വിധിക്കെതിരേ തെലുവിലിറങ്ങി ആധുനികാ വിരുദ്ധതയും സ്ത്രീവിരുദ്ധതയും വളര്‍ത്തിയെടുത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ഇന്നത്തെ മലയാളിയുടെ അതിജീവന ജീവിതം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സക്കറിയ.സക്കറിയയെ കൂടാതെ സംവിധായകന്‍ ടികെ രാജീവ് കുമാര്‍ സാമൂഹിക വിമര്‍ശകന്‍ പ്രദീപ് പനങ്ങാട് എന്നിവര്‍ സംസാരിച്ചു.
'വര്‍ഗ്ഗീയതയ്ക്ക് ഒരളവില്‍ വരെ കുഴപ്പമില്ലെന്ന മാധ്യമനിലപാട് കേരളസമൂഹത്തെ പിന്നോട്ടടിച്ചു. മാധ്യമങ്ങളെപ്പോലെ സര്‍വ്വശക്തിയുള്ള കൂട്ടം വര്‍ഗ്ഗീയ ശക്കികള്‍ക്കൊപ്പം നീങ്ങുന്നത് ആപത്താണ്. ചെറിയ വര്‍ഗീയത കൊണ്ട് വലിയ കുഴപ്പമില്ലെന്ന മാധ്യമ നിലപാട് വലിയ ആപത്താണ് വരുത്തിയിട്ടുള്ളത്. സര്‍ക്കുലേഷന്‍ ലോബിയാണ് വര്‍ഗ്ഗീയതയ്ക്ക് അനകൂലമായ നിലപാട് എടുക്കാന്‍ മാധ്യമങ്ങളെ സ്വാധീനിക്കുന്നത്. ജോസഫ് മാഷുടെ കൈവെട്ടിയ സംഭവമാണ് ഏറ്റവും നിര്‍ദയവും പ്രാകൃതവുമായി മലയാളിക്കനുഭവപ്പെട്ട വര്‍ഗ്ഗീയത'.
മോദി അമിത്ഷായുടെ കൂട്ടുകെട്ടിന്റെ മുസ്ലിം വിരുദ്ധ നയം കേരളത്തില്‍ വിലപ്പോവാത്തത് ശ്രീനാരായണ ഗുരുമുതലുള്ള നവ്വോത്ഥാന നായകരും കേരളത്തിന്റെ ഇടതുപക്ഷ ശക്തികളും മൂലമാണെന്നും സക്കറിയ പറഞ്ഞു.
മലയാളി ഇന്ന് സുഖസൗകര്യങ്ങളില്‍ അഭിരമിച്ചു ജീവിച്ചു ശീലിച്ചു പോയെന്നും മലയാളി സമൂഹം സ്വാര്‍ഥരായി മാറിക്കഴിഞ്ഞെന്നും സംവിധായകന്‍ ടികെ രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടു. കാമ്പസ്സുകളില്‍ രാഷ്ട്രീയം വേണ്ട എന്ന് പറയുന്നതിനോട് യോജിക്കാനാവില്ലെന്നും കാമ്പസ് രാഷ്ട്രീയമാണ് എന്നിലെ ജനാധിപത്യവാദിയെയും സാമൂഹിക ബോധമുള്ള പൗരനെയും സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights: Zakkariah TK Rajeevkumar on Present malayalee, discussion, MBIFL2020