-
''ജയിലില്‍ എന്നെ ആദ്യമായി വരവേറ്റത് ചാള്‍സ് ശോഭരാജ് ആണ്. അപ്പോയന്റ്‌മെന്റ് ഓര്‍ഡറുമായി തിഹാര്‍ ജയിലിലെ പ്രവേശനകവാടത്തില്‍ ശങ്കിച്ചുനിന്നപ്പോള്‍ ശോഭരാജ് സ്‌നേഹത്തോടെ ചോദിച്ചു എന്താ ഇവിടെ നില്‍ക്കുന്നതെന്ന്. ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ അയാളെന്നെ ഓഫീസറുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. ശോഭരാജിനെ കാണുമ്പോളൊക്കെ ഞാന്‍ ബഹുമാനപുരസ്സരം എഴുന്നേറ്റു നില്‍ക്കും. വളരെ സൗമ്യനായ അയാള്‍ അവിടുത്തെ ഓഫീസറാണെന്നാണ് ഞാന്‍ കരുതിയത്. അനുസരണാശീലമുള്ള, ജയിലില്‍ എങ്ങനെ പെരുമാറണമെന്ന് നന്നായി അറിയാവുന്ന അയാളാണ് കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭരാജ് എന്ന് പിന്നീടാണ് അറിയാന്‍ കഴിഞ്ഞത്. എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ശോഭരാജിനെ കണ്ടാല്‍ മുതിര്‍ന്ന ഒരു ഓഫീസറാണെന്നേ തോന്നൂ. സുന്ദരനും മാന്യനുമായിരുന്നു അയാള്‍''
തിഹാര്‍ ജയിലിലെ നീണ്ടകാലത്തെ ജയിലര്‍ സേവനത്തില്‍ നിന്നും പിരിഞ്ഞുവന്നപ്പോള്‍ ആദ്യം സുനില്‍ ഗുപ്ത എഴുതിയത് ബ്‌ളാക്ക് വാറണ്ട് എന്ന പുസ്തകമാണ്. പ്രശസ്ത മാധ്യമപ്രവര്‍ത്തക സുനേത്ര ചൗധരിയുമായി ചേര്‍ന്ന് ബ്‌ളാക്ക് വാറണ്ട് എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ചും തന്റെ സര്‍വീസ് അനുഭവങ്ങളെക്കുറിച്ചും മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവേദിയില്‍ സുനേത്ര ചൗധരിയോടൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു പതിറ്റാണ്ടുകാലത്തെ ജയിലനുഭവങ്ങള്‍, രംഗ, ബില്ല എന്നീ രണ്ട് കുപ്രസിദ്ധ കുറ്റവാളികളെ തൂക്കിലേറ്റുന്നതുമുതല്‍ കശ്മീരി നേതാവ് മക്ബൂല്‍ ഭട്ട്, അഫ്‌സല്‍ ഗുരു ഉള്‍പ്പെടെയുള്ളവരുടെ വധശിക്ഷയ്ക്ക് സാക്ഷിയാവേണ്ടിവന്നപ്പോളുണ്ടായ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു.
ജയിലിലെ ഏറ്റവും സാധാരണവും മാരകവുമായ ആയുധമേതാണെന്ന് ചോദിച്ചാല്‍ അത് ബ്‌ളേഡ് അല്ലാതെ മറ്റൊന്നുമല്ല. തടവുകാര്‍ തമ്മില്‍ തര്‍ക്കങ്ങളും കയ്യേറ്റങ്ങളും നിത്യസംഭവങ്ങളാണ്. ബ്‌ളാക്ക് വാറണ്ട് എന്ന പുസ്തകത്തിലേക്ക നയിച്ചത് നിര്‍ഭയകേസിലെ പ്രതി രാംസിങ്ങിന്റെ മരണമാണ്. അയാള്‍ തൂങ്ങിമരിക്കാനിടയില്ല എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. തിഹാര്‍ ജയിലില്‍ തടവുകാര്‍ പല പണികളിലും ഏര്‍പ്പെടാറുണ്ട്. അന്ന് രാംസിങ്ങ് തൂങ്ങി എന്നുകേട്ടപ്പോള്‍ ഞാനോടിച്ചെന്നു. അയാള്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത ഉയരത്തിലാണ് കെട്ടിത്തൂങ്ങിയിരിക്കുന്നത്. കൂടെയുള്ളവരോട് എങ്ങനെ ഇതു സംഭവിച്ചുഎന്നു ചോദിച്ചു. ചോദിക്കാനല്ലേ പറ്റൂ. തിഹാറിലെ ജയില്‍പ്പുള്ളികളുടെ മറുപടി ഊഹിക്കാമല്ലോ. അവര്‍ കൈ മലര്‍ത്തി. മറ്റൊരു കാര്യം രാംസിങ് കടുത്ത മാനസിക പ്രതിസന്ധി അനുഭവിച്ചിരുന്നു എന്നതാണ്- അദ്ദേഹം പറഞ്ഞു.
1981ല്‍ തിഹാര്‍ ജയിലില്‍ സേവനമാരംഭിക്കുമ്പോള്‍ ആദ്യമായി അഭിമുഖീകരിച്ചത് ഗീതാ ചൊപ്ര-സഞ്ജയ് ചൊപ്ര കൊലപാതകക്കേസിലെ പ്രതികളായ രംഗയുടെയും ബില്ലയുടെയും തൂക്കിക്കൊലയാണ്. സ്‌കൂള്‍ കുട്ടികളായ ഗീതയെയും സഹോദരന്‍ സഞ്ജയെയും കാശിനുവേണ്ടി തട്ടിക്കൊണ്ടുപോയതാണ് അവര്‍. പിന്നെ സംഭവങ്ങള്‍ മാറിമറിഞ്ഞു. ഗീത അതിക്രൂരമായി പീഡനത്തിനിരയാക്കപ്പെട്ടു. രണ്ടുപേരെയും അവര്‍ കൊന്നു. രംഗയെയും ബില്ലയെയും തൂക്കിലേറ്റുന്നതു കണ്ടപ്പോള്‍ മനസ്സിലായി തൂക്കിക്കൊല വളരെ എളുപ്പത്തിലും വേഗത്തിലും നടക്കുന്ന ഒന്നാണെന്ന്. രംഗ നന്നേ മെലിഞ്ഞിട്ടും ബില്ല തടിയനുമായിരുന്നു. ബില്ല നിമിഷങ്ങള്‍ക്കകം നിശബ്ദനായി. എന്നാല്‍ തൂക്കിലേറ്റി രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും രംഗയില്‍ ജീവന്റെ തുടിപ്പുകള്‍ അവശേഷിക്കുന്നുണ്ടായിരുന്നു-ഗുപ്ത ഓര്‍ത്തു.
1984ല്‍ മക്ബുല്‍ ഭട്ടിനെ തൂക്കിലേറ്റുന്നതിനു മുന്‍പ് അദ്ദേഹത്തോടൊപ്പം ഒരു കപ്പ് ചായ കുടിച്ചു. കശ്മീരിനുവേണ്ടി താന്‍ പ്രയ്തിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. പൊതുവേ ശാന്തനായിരുന്ന അദ്ദേഹം നല്ല ജ്ഞാനിയായിരുന്നു. കടലാസിലെ കല്പനകള്‍ അനുസരിക്കാന്‍ വിധേയനായ എനിക്ക് ആ മരണവും നോക്കിനില്‌ക്കേണ്ടിവന്നു.
അതേപോലെ വിഷമം വന്ന ഒന്നായിരുന്നു അഫ്‌സല്‍ ഗുരുവിനെ ധൃതിപിടിച്ച് തൂക്കിലേറ്റിയത്. ഞാന്‍ തീവ്രവാദിയല്ല എന്നയാള്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ബന്ധുക്കളെ അവസാനമായി ഒരുനോക്ക് കാണാനുള്ള സാവകാശം നമ്മുടെ അധികാരവ്യവസ്ഥനല്കിയില്ല.അഫ്‌സല്‍ ഗുരു എന്റെ നല്ല സുഹൃത്തായിരുന്നു. ജയിലില്‍ ഞങ്ങള്‍ എല്ലാവരും സുഹൃത്തുക്കളാണ്. ജയിലിലേക്ക് വരുന്നവരെ അതിഥികളായി കാണാനും അവര്‍ക്ക് ആതിഥേയ മര്യാദകള്‍ നല്‌കേണ്ടതും ഞങ്ങളുടെ കടമയാണ്. അതുകൊണ്ടുതന്നെ എല്ലാവരുമായും സൗഹൃദം സ്ഥാപിക്കും. താനൊരു തീവ്രവാദിയല്ല, പക്ഷേ ഈ അധികാര വ്യവസ്ഥയ്‌ക്കെതിരേ സമരം ചെയ്യുമെന്ന് അഫ്‌സല്‍ ഗുരു പറയുമായിരുന്നു.
അവസാനമായി അഫ്‌സല്‍ ഗുരു പറഞ്ഞത് എനിക്കൊരു പാട്ടുപാടണമെന്നാണ്. അയാള്‍ പാടി: അപ്‌നേ ലിയേ ജിയോ തോ ക്യാ ജിയേ... ഞാന്‍ നിശബ്ദനായി കേട്ടിരുന്നു. ആ സംഭവം എനിക്ക് ഒരിക്കലും മറക്കാനാവില്ല. ഒരു ജയിലറുടെ സര്‍വീസ് ജീവിതം തികച്ചും ഏകാന്തമാണ്. അയാള്‍ക്കുമുന്നിലുള്ള കുറ്റവാളികളുടെ മനുഷ്യസ്വഭാവം മാത്രമേ അയാള്‍ക്കറിയൂ. പറയട്ടെ, തൂക്കിക്കൊല്ലല്‍ എന്ന ശിക്ഷാവിധിയോട് എനിക്ക് ഒരിക്കലും യോജിക്കാനാവില്ല- അദ്ദേഹം പറഞ്ഞുനിര്‍ത്തി.
Content Highlights: Sunil Gupta talk MBIFL 2020