Photo:Sidheekul Akber
തിരുവനന്തപുരം: അക്രമം, സിനിമയിലെ ചോരപ്പാട്, എങ്ങനെയാണ് നവസിനിമയുടെ പുതുരസമായി മാറിക്കൊണ്ടിരിക്കുന്നത്? ഇതാണോ മലയാളസിനിമ? അക്രമത്തെ ഒരു സിനിമയുടെ മുഖ്യധാരാ പ്രമേയമാക്കി മാറ്റുമ്പോള്‍ അത് സിനിമയുടെ അതിജീവനത്തിന് വേണ്ടി ഉപയോഗിക്കുന്നതാണോ?
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ' നവസിനിമയുടെ തേരോടിക്കാന്‍ ഞങ്ങളും - കാഴ്ചയുടെ പുതുരസതന്ത്രവുമായി പുതുസംവിധായകര്‍' എന്ന വിഷയത്തില്‍ സംഭാഷണത്തിനെത്തിയ യുവസംവിധായകരായ വിധു വിന്‍സെന്റ്, മധു സി നാരായണന്‍, മാത്തുക്കുട്ടി സേവിയര്‍ എന്നിവരോടായി കവിയും അധ്യാപകനുമായ ടി.കെ.സന്തോഷ് കുമാറാണ് ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്. പാശ്ചാത്ത്യമായ ചില നോട്ടങ്ങളെ സംതൃപ്തിപ്പെടുത്തുവാന്‍ വേണ്ടിയിട്ടുള്ള, ഇപ്പോഴും കൊളോണിയല്‍ മനോഭാവം വെച്ച് പുലര്‍ത്തുന്ന അഭിരുചികളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ള സിനിമകള്‍ രൂപപ്പെടുന്നു. നവസിനിമകള്‍ ഇതിന്റെ ഭാഗമായി നില്‍കുന്നു എന്നൊരു പരാതി നവസിനിമകളെ സംബന്ധിച്ച് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍:
വിധു വിന്‍സെന്റ്: സിനിമയില്‍ പ്രത്യക്ഷമായി ജാതിയില്ല, പക്ഷേ ജാതിയുണ്ട്. പ്രത്യക്ഷമായി വര്‍ഗപരമായ വിവേചനമില്ല, പക്ഷേ കൃത്യമായ വര്‍ഗവ്യത്യാസം സിനിമയില്‍ നിലനില്‍കുന്നുണ്ട്. ഇതൊക്കെ ഞാനുള്‍പ്പെടെ ഉള്ളവര്‍ അനുഭവിക്കുന്നുണ്ട്, കാണുന്നുണ്ട്. എന്നാല്‍ ഉയരെ, കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍ പോലുള്ള സിനിമകളുണ്ടാകുന്നു. അല്ലെങ്കില്‍ ഒരു സ്ത്രീ നയിക്കുന്ന സിനിമകളുണ്ടാകുന്നു. അപ്പോള്‍ അത്തരം സിനിമകളുണ്ടാകാനും അത്തരം സിനിമകള്‍ക്ക് വേണ്ടി കാശ് മുടക്കാന്‍ ആളുകള്‍ തയ്യാറാകുന്നു. അവരെ പ്രോത്സാഹിപ്പിക്കാന്‍ ഒരു വലിയ പ്രേക്ഷകസമൂഹമുണ്ട് എന്നതൊക്കെ പുതിയ കാലത്തെ സിനിമയിലെ സംഭവിക്കുന്ന നല്ല മാറ്റങ്ങള്‍ തന്നെയാണ്. ഇതെല്ലാം ഞാന്‍ പ്രതീക്ഷയോടെ തന്നെയാണ് കാണുന്നത്. ഇനിയും മാറും, മാറാതെ ഇനി നിവര്‍ത്തിയില്ല.
മധു സി നാരായണന്‍: ശക്തമായ ഒരു തിരക്കഥയുണ്ടെങ്കില്‍ എത്ര ചെറിയൊരു സംഭവം പോലും നമ്മള്‍ക്ക് സിനിമയാക്കാന്‍ ഇന്ന് പറ്റും. അത് കാണാന്‍ ആള്‍ക്കാരുമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തെ മലയാള സിനിമയുടെ വളര്‍ച്ച ഒന്ന് നോക്കിയാല്‍ അത് വളരെ വ്യക്തമാണ്. വേറിട്ട പാതയിലൂടെ സഞ്ചരിക്കുന്ന സിനിമകള്‍ക്ക് പ്രേക്ഷകരുണ്ടായി. ഓരോ സിനിമകള്‍ കഴിയുന്തോറും അത് കൂടിക്കൂടി വന്നു. മഹേഷിന്റെ പ്രതികാരം തൊട്ട് ഇന്ന് ഹെലന്‍ വരെ നമ്മള്‍ മനസിലാക്കേണ്ടത് ഇതിന് സ്വീകാര്യത കൂടി വരികയാണ്. വ്യതസ്തമായ വിഷയം സംസാരിക്കാനും അത് ചെയ്യുന്നത് പുതിയൊരാള്‍ ആണെങ്കിലും പിന്തുണയ്ക്കാനും ആളുകളുണ്ടാവുന്നതും വലിയ കാര്യമാണ്.
മാത്തുകുട്ടി സേവിയര്‍: വ്യതസ്തത പുലര്‍ത്തുന്ന തിരക്കഥകളില്‍ പ്രവര്‍ത്തിക്കാനുള്ള ധൈര്യം കിട്ടുന്നത് ഈ നടക്കുന്ന മാറ്റങ്ങളുടെയൊക്കെ തുടര്‍ച്ചയാണ്. പ്രേക്ഷകരും മാറിയിട്ടുണ്ട്, അതുകൊണ്ടാണ് തുടര്‍ച്ചയായി അങ്ങനെയുള്ള സിനിമകള്‍ വരുന്നത്. കുറച്ച് മാസായിട്ടുള്ള അല്ലെങ്കില്‍ അധികം മസാല പടങ്ങള്‍ ഒത്തിരി സ്വീകരിക്കാടെ വന്നിട്ടുണ്ടെങ്കില്‍, അത് പ്രേക്ഷകര്‍ മാറിയത് കൊണ്ടാണ്. ആ മാറ്റമാണ് ഇപ്പോള്‍ വരുന്ന സിനിമാക്കാര്‍ക്കും സിനിമ ചെയ്യാനുമുള്ള ധൈര്യം.
നവസിനിമയില്‍ മാറ്റം സംഭവിക്കുന്നുണ്ടെന്നും, അത് വളരെ അനിവാര്യമായ ഒന്നാണെന്നും മൂന്നുപേരും ഒരേ സ്വരത്തില്‍ പറഞ്ഞു. ചെറുതെങ്കിലും ഒരു സന്ദര്‍ഭത്തെ ആസ്പദമാക്കി പോലും സിനിമകളുണ്ടാക്കുന്ന കാലമാണ്, അതിന് സ്വീകാര്യതയും ലഭിക്കുന്നുവെന്നതാണ് പ്രതീക്ഷയുള്ള കാര്യമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കുമ്പളങ്ങി നൈറ്റ്‌സ് പോലുള്ള സിനിമകളില്‍ എന്ത് കഥയാണ് ഉള്ളതെന്ന ടി.കെ.സന്തോഷ് കുമാറിന്റെ ചോദ്യത്തിന് കുമ്പളങ്ങി നൈറ്റ്‌സിന്റെ സംവിധായകന്‍ മധു സി നാരായണന്‍ പറഞ്ഞത് അതില്‍ വളരെ ലൈറ്റായ ഒരു കഥയുണ്ട്. അത് തിരക്കഥയില്‍ കണ്ടത് കൊണ്ടാണ് താന്‍ ആ സിനിമ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. നാല് ചെറുപ്പക്കാരുടെ കഥയാണതെന്നും പിന്നീട് അവരോരുത്തരുടെയും ജീവിതത്തില്‍ ഓരോ പെണ്ണ് വരുമ്പോള്‍ അവരിലുണ്ടാകുന്ന മാറ്റമാണ് സിനിമയുടെ അടിസ്ഥാനപ്രമേയമെന്ന് മധു പറഞ്ഞു.
ഈ പറഞ്ഞതിനോട് സംവിധായിക വിധു വിന്‍സെന്റ് വിയോജിപ്പ് അറിയിച്ചു. കുമ്പളങ്ങി നൈറ്റ്‌സ് എനിക്ക് ഭയങ്കര ഇഷ്ടമുള്ള സിനിമയാണ്. അത് ഞാന്‍ മൂന്ന് വട്ടം കണ്ടു. ഈ സ്ത്രീകള്‍ ആണുങ്ങളുടെ പ്രത്യേകിച്ച് അച്ചടക്കമില്ലാത്ത അരാജകവാദികളായ ആണുങ്ങളുടെ ജീവിതത്തിലേക്ക് വരുമ്പോള്‍ അവരുടെ ജീവിതം നേര്‍വഴിയിലെത്തും അല്ലെങ്കില്‍ അവര്‍ നന്നാവുമെന്നാണ് നിങ്ങളുടെ വിചാരമെങ്കില്‍, അതാണ് ആ സിനിമയിലൂടെ പറയാന്‍ ഉദ്ദേശിച്ചതെങ്കില്‍ അത് കയ്യില്‍ വെച്ചാല്‍ മതിയെന്നായിരുന്നു അവരുടെ മറുപടി.
Content Highlights: Session by young directors vidhu vincent, mathukutty xavier, madhu c narayanan