'ഇന്ന് മതത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന പ്രവണത കൂടിവരുന്ന കാലം'


2 min read
Read later
Print
Share

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സത്യം, ജ്ഞാനം, ആത്മീയത എന്ന വിഷയത്തില്‍ ഡെന്നിസ് ജേക്കബുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

-

ത്യമെന്ന പദവുമായി നമ്മള്‍ അടുത്തിടപഴകുമ്പോളാണ് ആ പദത്തിന്റെ മൂല്യമെന്തെന്ന് നമ്മള്‍ മനസ്സിലാക്കുകയെന്ന് മോറന്‍ മാര്‍ അത്താനേഷ്യസ് യോഹന്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സത്യം, ജ്ഞാനം, ആത്മീയത എന്ന വിഷയത്തില്‍ ഡെന്നിസ് ജേക്കബുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. സത്യമെന്ന വാക്കിനെ ഉപയോഗിക്കുന്ന രീതിയിലാണ് പ്രശ്‌നമിരിക്കുന്നത്. ഒരാളുടെ സത്യനിഷ്ഠ അയാളുടെ ആത്മനിഷ്ഠായാഥാര്‍ഥ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ മതങ്ങള്‍ക്കും തെറ്റ് ഏത് ശരി ഏത് എന്ന് തിരിച്ചറിയാനും രണ്ട് മാര്‍ഗത്തിലൂടെയും അനുയായികളെ നയിക്കാനുമുള്ള കഴിവുമുണ്ട്. മനുഷ്യനെന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്നത് സഹജീവികളെ ഉപദ്രവിക്കാതിരിക്കുക എന്നതാണ്. ലോകവ്യാപകമായി മതങ്ങളെ പുതുക്കിക്കൊണ്ടിരിക്കുന്നു-അദ്ദേഹം പറഞ്ഞു.

എല്ലാ മനുഷ്യരും തങ്ങളുടെ ജീവിതത്തില്‍ പരമപ്രധാനമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുള്ളവരാണ്. അല്ലെങ്കില്‍ പ്രധാനപ്പെട്ട എന്തെങ്കിലുമൊരു കാര്യത്തിന്റെ ഭാഗഭാക്കാവണമെന്ന് ആഗ്രഹിക്കുന്നവരാണ്. ആളുകള്‍ ഒരു പരിവര്‍ത്തനത്തിന്റെ ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. പാപത്തെക്കുറിച്ച് വ്യക്തമായ നിര്‍വചനമോ സങ്കല്പമോ നല്കാനാവില്ല. മതത്തെ ദുര്‍വ്യാഖ്യാനിക്കുകയും തെറ്റായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്ന പ്രവണത കൂടിവരുന്ന കാലമാണിത്. നിങ്ങള്‍ ഏതെങ്കിലും ഒരു മതഗ്രന്ഥത്തെ അനുകൂലമല്ലാത്ത രീതിയില്‍ വ്യാഖ്യാനിച്ചാല്‍ പിന്നെ നമുക്ക് ആ മതത്തെക്കുറിച്ച് പറയാനുള്ള അവകാശം നിഷേധിക്കപ്പെടുകയാണ്. പിന്നെ സമൂഹം നമുക്ക് വിധിക്കുന്നത് പരമാവധി ശിക്ഷയാണ്-അദ്ദേഹം തുടര്‍ന്നു.

ഒരു കൂട്ടം മനുഷ്യര്‍ ഒരു പ്രത്യേക വിശ്വാസത്തിനു കീഴില്‍ അണിനിരക്കുമ്പോള്‍ രൂപപ്പെടുന്ന ആശയമാണ മതം എന്നത്. അവര്‍ അജ്ഞരായ ആളുകള്‍ക്കിടയിലും നടക്കുന്നു. ഒരു തരത്തിലുള്ള ഗോത്രരീതി തന്നെയാണിത്. ആളുകളെ പരസ്പരം സഹായിക്കുക, സഹകരിക്കുക, സ്‌നേഹിക്കുക-ഇത്ര മാത്രമേ ഓരോ മതവും ചെയ്യേണ്ടതുള്ളൂ. സൂര്യോദയവും അസ്തമനവും നക്ഷത്രങ്ങളുള്ള ആകാശവുമൊക്കെ നമ്മള്‍ കാശുകൊടുത്ത് ആനന്ദിക്കുന്നതല്ല. പ്രപഞ്ചശക്തി അതെല്ലാം ഒരുക്കിത്തന്നിട്ടുണ്ടെങ്കില്‍, അതിന്റെ പ്രതിഫലനങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടെങ്കില്‍ എന്തിന് നാം പരസ്പരം കൊന്നുകൊലവിളിക്കണം? മതരാഹിത്യം എന്നതും ഒരു പ്രതിഭാസമായിട്ടുതന്നെ എടുക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്- അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്നാല്‍ ചെയ്യാന്‍ കഴിയുന്നത് ജീവിച്ചിരിക്കുന്ന കാലത്തുചെയ്യുക എന്നതാണെന്റെ മതം. നമ്മള്‍ക്കെല്ലാവര്‍ക്കും എന്തെങ്കിലും ചെയ്യാന്‍ കഴിയും എന്നതില്‍ യാതൊരു തര്‍ക്കവുമില്ല എന്നും നമ്മള്‍ മനസ്സിലാക്കണം. സെമിനാരിയില്‍ പഠിക്കുമ്പോള്‍ ആഴ്ചയില്‍ അഞ്ചു പുസ്തകമെന്നതോതില്‍ വായിക്കുമായിരുന്നു. ഇന്ന് അത്ര പറ്റാറില്ല. എന്നിരുന്നാലും തിയോളജിയും ഫിലോസഫിയുമായി ബന്ധപ്പെട്ട് പുസ്തകങ്ങളെഴുതാന്‍ കഴിഞ്ഞിട്ടുണ്ട്. ഞാന്‍ പിന്തുടരുന്ന ആശയം ഒരേ ഒരാളുടെതാണ്. അത് മറ്റാരുടേതുമല്ല. ജീസസ് ക്രൈസ്റ്റിന്റേതാണ്. എന്നെക്കുറിച്ച് ധാരാളം കുപ്രചരണങ്ങള്‍ കേള്‍ക്കാറുണ്ട്. ചീത്തവാര്‍ത്തകള്‍ സത്യത്തേക്കാള്‍ എട്ടുമടങ്ങ് വേഗത്തിലും ദൂരത്തിലും സഞ്ചരിക്കുമെന്ന് വിശ്വസിക്കാനാണ് അപ്പോഴൊക്കെ ഞാനിഷ്ടപ്പെടുന്നത്.

സമൂഹമാധ്യമങ്ങള്‍ അതിനുള്ള ഉപാധിയാണെന്നുവരെ തോന്നാറുണ്ട്. ജീസസ് ഒരു പാശ്ചാത്യ രാജ്യക്കാരനാണ്. എന്നാല്‍ പടിഞ്ഞാറന്‍ രാജ്യക്കാര്‍ ബൈബിളിനേയും ക്രിസ്തുവിനെയും അവരുടെ കാഴ്ചപ്പാടുകള്‍ക്കനുസൃതമായി മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ക്രിസ്തുവിനെ ആരാധിക്കാന്‍ ഇത്രമാത്രം ആരാധനാലയങ്ങളും വിശ്വാസങ്ങളും വേണ്ടതുണ്ടോ എന്നതും ചിന്തിക്കേണ്ടതാണ്. ചിലര്‍ പറയും ബൈബിളാണ് പള്ളിയുണ്ടാക്കിയതെന്ന് എന്നാല്‍ പള്ളിയാണ് ബൈബിള്‍ ഉണ്ടാക്കിയതെന്നാണ് എന്റെ അഭിപ്രായം. വിശ്വാസയോഗ്യവും ആധികാരികവുമായ മതത്തെ പിന്തുടരുക എന്നതാണ് പ്രധാനം.

ഞാനെന്റെ കുടുംബത്തിലെ ആറുമക്കളില്‍ ഒരുവനായിരുന്നു. എന്റെ മാമോദീസാദിനത്തില്‍ അമ്മ പള്ളീലച്ചനോടു പറഞ്ഞു ഇവനെയാണ് ഞങ്ങള്‍ കര്‍ത്താവിന്റെ പാതയിലേക്ക് അയക്കുന്നതെന്ന്.പിന്നെ വലുതാവുംതോറും പള്ളീലച്ചനാവാനുള്ള ആഗ്രഹമായിരുന്നു എനിക്ക്. പക്ഷേ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്റെ അധ്യാപകനായിരുന്ന അയ്യപ്പന്‍ സാറിനെപ്പോലെ നല്ലൊരു മാഷായാല്‍ മതി എന്നായി. പള്ളീലച്ചനാകാനുള്ള യോഗ്യതയില്ലെന്ന് ഞാന്‍ എന്നോടുതന്നെ പറഞ്ഞുതുടങ്ങി. കാരണം ഞാന്‍ കണ്ടുവളര്‍ന്ന അച്ചന്‍ സര്‍വോപരിയോഗ്യനായിരുന്നു. ആറുമാസം ബോംബെയിലെ ചേരികളിലെ ജനങ്ങളോടൊപ്പം ജീവിച്ചു. വേണ്ടത്ര ദുരിതമനുഭവിച്ചു. യാതനകള്‍ സഹിച്ചു.

പക്ഷേ എന്റെ ജീവിതം മാറ്റിമറിച്ച നിര്‍ണായകമായ അനുഭവമായിരുന്നു അത്. സുധാമൂര്‍ത്തിയെ വായിച്ചപ്പോള്‍ മനുഷ്യസേവനത്തെ ഇത്രകണ്ട് സ്‌നേഹിക്കുന്ന ആളുകള്‍ ഭൂമിയില്‍ ഉണ്ടെന്ന് മനസ്സിലായി. അതേപോലെ എന്നെ ഇന്ത്യന്‍ യാഥാര്‍ഥ്യത്തിലേക്ക് വീണ്ടുമെത്തിച്ച സിനിമയാണ് സ്ലം ഡോഗ് മില്യണയര്‍. കാരുണ്യപ്രവര്‍ത്തനങ്ങള്‍ ഒരു മാര്‍ക്കറ്റിംഗ് തന്ത്രമായി എടുക്കുന്നവരുണ്ട്. സെല്‍ഫ് മാര്‍ക്കറ്റിംഗ് തന്ത്രമായി കാണുന്നവരുമുണ്ട്. എനിക്ക് ആ രണ്ടുഗണത്തിലും പെടാന്‍ താല്പര്യമില്ല. അദ്ദേഹം പറഞ്ഞു.

Content Highlight: Moran Mor Athanasius Yohan 1 Denise Jacob MBIFL 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram