'പരാജയത്തില്‍ നിന്നല്ലാതെ വിജയത്തില്‍ നിന്നൊന്നും പഠിക്കാനില്ലെന്ന് പറഞ്ഞ അച്ഛനാണെന്റെ ഗുരു'


പി.ഭാഗ്യശ്രീ

3 min read
Read later
Print
Share

സത്യം മാത്രം പറയാന്‍ പഠിപ്പിച്ച, എല്ലുമുറിയെ പണിയെടുത്ത് മാത്രം ശീലമുള്ള അച്ഛന്‍. അച്ഛനാണ് തന്റെ മാതൃകയെന്ന് മുതുകാട് പറഞ്ഞപ്പോള്‍ അല്‍പം വൈകാരികമായി സദസ്. അച്ഛന്‍ പറഞ്ഞ കഥകളാണ് എന്നെ മജീഷ്യനാക്കിയത്.

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ഗോപിനാഥ് മുതുകാടും പ്രഭാവർമ്മയും പങ്കെടുത്ത 'കാവ്യ വിസ്മയം' പരിപാടിയിൽ ടി.പത്മനാഭൻ അതിഥിയായെത്തിയപ്പോൾ. ഫോട്ടോ: മധുരാജ്

തിരുവനന്തപുരം: കവി വാക്കു കൊണ്ട് വിസ്മയം തീര്‍ത്തു. ആ കവിതയില്‍ നിന്ന് മായാജാലക്കാരന്‍ ഇന്ദ്രജാലം വിരിയിച്ചു. കവിതയും ഇന്ദ്രജാലവും ഇഴ നെയ്തപ്പോള്‍ അത് അക്ഷരോത്സവവേദിയില്‍ വിസ്മയപൂരമായി.

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ കാവ്യ വിസ്മയം എന്ന ചര്‍ച്ചയായിരുന്നു വേദി. കവി പ്രഭാ വര്‍മ്മയും പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടുമാണ് വാക്കും ഇന്ദ്രജാലവും വിരിയിച്ച് കണ്ടുനിന്നവരെ കൈയിലെടുത്തത്.

കവിതയില്‍ മായാജാലം കാണിച്ചവരാണ് മലയാള കവികളെന്ന് പ്രഭാവര്‍മ്മ അഭിപ്രായപ്പെട്ടു. കവിതയെ വിസ്മയത്തിലേക്കുയര്‍ത്തിയവരും വിസ്മയത്തെ കവിതയിലേക്കുയര്‍ത്തിയവരും മലയാളത്തിലുണ്ട്. മാജിക്കല്‍ റിയലിസം ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസിനേക്കാളും മുന്നേ മലയാള കവിതകളില്‍ പ്രതിഫലിച്ചിരുന്നു. എന്റെ അഭിപ്രായത്തില്‍ ഉണ്ണുനീലി സന്ദേശമാണ് മാജിക്കല്‍ റിയലിസം പ്രതിഫലിച്ച മലയാളത്തിലെ ആദ്യ കൃതി. വാക്കുകള്‍ കൊണ്ട് അമ്മാനമാടിയ എല്ലാ മലയാള കവികളും മായാജാലക്കാരാണ്. വാക്കിലെ മാന്ത്രികതയാണ് അവരെ ജനങ്ങളിലേക്കടുപ്പിച്ചത്. പി.ഭാസ്‌കരന്‍ അതിനൊരുദാഹരണമാണ്.

MBIFL2020
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ഗോപിനാഥ് മുതുകാടും പ്രഭാവര്‍മ്മയും പങ്കെടുത്ത 'കാവ്യ വിസ്മയം' ചര്‍ച്ചയ്ക്കിടെ മാജിക് അവതരിപ്പിക്കുന്ന മുതുകാട്- ഫോട്ടോ: മധുരാജ്

നാടന്‍ശീലുകൊണ്ട് മലയാളത്തെ അനുഗ്രഹിച്ച വ്യക്തിയാണ് ഭാസ്‌കരന്‍ മാഷ്. അന്നുവരെ കവിതയെന്നത് പ്രത്യേകം വിഭാഗക്കാര്‍ക്ക് മാത്രമായിരുന്നു. ബ്രാഹ്മണ്യ പാട്ട്, കുറത്തി പാട്ട്... എന്നിങ്ങനെ. എല്ലാവര്‍ക്കും പാടാനുള്ള പാട്ടുകള്‍ ഉണ്ടാക്കിയത് ഭാസ്‌കരന്‍ മാഷായിരുന്നു. കായലരികത്ത് വലയെറിഞ്ഞപ്പോ..., നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം...പാട്ടുകളിലൂടെ ഭാസ്‌കരന്‍ മാഷ് മാന്ത്രികത സൃഷ്ടിച്ചു- പ്രഭാവര്‍മ്മ പറഞ്ഞു

കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ടാണ് ഗോപിനാഥ് മുതുകാട് സദസിനെ കയ്യിലെടുത്തത്. പ്രഭാവര്‍മ്മ സാഹിത്യത്തിലെ മാന്ത്രികതയെക്കുറിച്ചാണ് പറഞ്ഞതെങ്കില്‍ മുതുകാട് മാജിക്കിനെ കവിതയിലേക്ക് ആവാഹിക്കുകയായിരുന്നു. അതിനായി തിരഞ്ഞെടുത്തത് പി.ഭാസ്‌കരന്‍ മാസ്റ്ററുടെ 'ആദ്യ വിദ്യാലയം' എന്ന കവിതയായിരുന്നു. കവിതയെ മാജികിലൂടെ പുനരാവിഷ്‌കരിക്കുകയായിരുന്നു മുതുകാട്. മാഷിന്റെ കവിത തന്റെ കുട്ടിക്കാല ഓര്‍മ്മകളുടെ ദൃശ്യാവിഷ്‌കാരമാക്കി മാറ്റി മുതുകാട് വേദിയെ വിസ്മയിപ്പിച്ചു. ടി.പത്മനാഭന്റെ 'ഒടുവിലത്തെ പാട്ട്' എന്ന കഥയാണ് തന്നെ മാജികില്‍ കവിതയാവിഷകരിക്കുന്നതിനെപ്പറ്റി ചിന്തിപ്പിച്ചതെന്ന് കഥാകാരന്‍ മുന്നിലിരിക്കെ മുതുകാട് പറഞ്ഞു. മാജിക്കുകാരന്റെ വ്യഥകളെ കഥയാക്കിയ ടി.പത്മനാഭനെ വേദിയിലേക്ക് വിളിച്ച് ആദരമറിയിക്കാനും മുതുകാട് മറന്നില്ല

മാന്ത്രികതയ്ക്കപ്പുറം ഓര്‍മ്മകളുടെ അറകള്‍ കൂടി തുറന്നു ഗോപിനാഥ് മുതുകാട്. വേദികളെ ഭയപ്പെട്ടിരുന്ന, സ്റ്റേജില്‍ കയറുമ്പോള്‍ വിറയ്ക്കുന്ന ബാല്യത്തില്‍ കൈപിടിച്ചുയര്‍ത്തിയ പ്രിയപ്പെട്ട പിള്ള സാര്‍, ആദ്യമായി തന്നെ സ്റ്റേജിലേക്ക് വിളിച്ചത് പിള്ളസാറായിരുന്നു. സാഹിത്യസമാജത്തില്‍. തന്നിലെ കലാകാരനെ ആദ്യമായി തിരിച്ചറിഞ്ഞ കമലടീച്ചര്‍. ഞങ്ങള്‍ കുട്ടികള്‍ ടീച്ചറമ്മയെന്ന് സ്‌നേഹത്തോടെ വിളിച്ച കമലാദേവി ടീച്ചര്‍, ഹൈസ്‌കൂളിലെ ശാന്ത ടീച്ചര്‍....എന്നിലെ മാന്ത്രികനെ ആദ്യം തിരിച്ചറിഞ്ഞത് ശാന്തടീച്ചറായിരുന്നു. ആദ്യമായി എനിക്കൊരു കൈയടി ലഭിച്ചത് ആ ക്ലാസില്‍ വെച്ചായിരുന്നു. എല്ലാറ്റിനും മീതെ അച്ഛനെന്ന ശക്തിയാണ് ഇക്കാലം വരെ നയിച്ചത്- മുതുകാട് പറഞ്ഞു.

സത്യം മാത്രം പറയാന്‍ പഠിപ്പിച്ച, എല്ലു മുറിയെ പണിയെടുത്ത് മാത്രം ശീലമുള്ള അച്ഛന്‍. അച്ഛനാണ് തന്റെ മാതൃകയെന്ന് മുതുകാട് പറഞ്ഞപ്പോള്‍ അല്‍പം വൈകാരികമായി സദസ്. അച്ഛന്‍ പറഞ്ഞ കഥകളാണ് എന്നെ മജീഷ്യനാക്കിയത്. ഒരു കഥകൂടി പറഞ്ഞാണ് മുതുകാട് അവസാനിപ്പിച്ചത്. ഏഴാമത്തെ വയസിലാണ് മാജിക് പഠിക്കാന്‍ തുടങ്ങിയത്. പത്താമത്തെ വയസിലാണ് ആദ്യമായി ഒരു വേദിയില്‍ മാജിക് അവതരിപ്പിച്ചത്. അവതരിപ്പിച്ച രണ്ട് മാജികും പരാജയപ്പെട്ട ഞാന്‍ വേദിക്ക് പിന്നില്‍ പോയി പൊട്ടിക്കരഞ്ഞു. മാജികിന് എന്നെ പറ്റില്ലെന്ന് ഞാന്‍ വിധിയെഴുതി. അന്ന് അച്ഛന്‍ എന്നോട് പറഞ്ഞ വാക്കുണ്ട്. 'വിജയത്തില്‍ നിന്ന് ഒരു പാഠവും പഠിക്കാനില്ല, പരാജയത്തില്‍ നിന്നേ പാഠങ്ങള്‍ പഠിക്കാനുള്ളൂ' അന്ന് വരെ ഞാന്‍ കേട്ടിട്ടുള്ള ഏറ്റവും മഹത്തായ വചനം അതായിരുന്നു. ഇന്നും കൂടെ കൊണ്ട് നടക്കുന്നുണ്ട് ആ വാക്കുകള്‍- മുതുകാട് പറഞ്ഞു

Content Highlights: Mathrubhumi International Festival of Letters 2020, MBIFL2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram