അക്ഷരോത്സവത്തിന് കൊടിയിറക്കം


അഖില്‍ ശിവാനന്ദ്‌

1 min read
Read later
Print
Share

നമുക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും മറ്റൊരാളുടെ ജീവിതത്തെ തകര്‍ക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ഫോട്ടോ: ബി.മുരളീകൃഷ്ണൻ

തിരുവനന്തപുരം: അനന്തപുരിക്ക് സാഹിത്യത്തിന്റെയും സര്‍ഗാത്മകയുടെയും സംവാദങ്ങളുടെയും പുതിയ ആകാശങ്ങള്‍ സമ്മാനിച്ച മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ മൂന്നാം പതിപ്പിന് കൊടിയിറക്കം. കനകക്കുന്ന് കൊട്ടാരത്തിലെ അക്ഷരോത്സവ വേദിയില്‍ നടന്ന സമാപന സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു.

സ്വന്തം വീക്ഷണങ്ങളും വികാരങ്ങളും ആവിഷ്‌കരിക്കാന്‍ അവകാശമുണ്ടെന്നു കരുതുന്ന പലരും അതിനെതിരെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്നില്ല. ഇരട്ടത്താപ്പും കാപട്യവുമാണിത്. ഇടങ്ങള്‍ ചുരുങ്ങിപ്പോകുന്നതിന്റെ പല അനുഭവങ്ങള്‍ തനിക്കുണ്ടായിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.അക്ഷരോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

നമ്മുടെ നാളെകള്‍ ഇരുളടഞ്ഞു പോകില്ലെന്ന സന്ദേശമാണ് അക്ഷരോത്സവം നല്‍കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചെറുത്തുനില്പിന് കരുത്തുപകരാന്‍ അക്ഷരോത്സവങ്ങള്‍ക്ക് കഴിയുമെന്നും ചിന്തയെ പേടിക്കുന്ന വര്‍ഗീയവാദികള്‍ക്കുള്ള മറുപടിയാണിത്തരം കൂട്ടായ്മകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അക്ഷരോത്സവം മൂന്നാം വര്‍ഷത്തില്‍ എത്തുമ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം തോന്നുന്നുവെന്ന് ചടങ്ങില്‍ സംസാരിച്ച മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു. അക്ഷരോത്സവം ഇതിനേക്കാള്‍ നന്നായി അടുത്ത വര്‍ഷം നടത്താനാവുമെന്ന വിശ്വാസമുണ്ട്. അടുത്ത അക്ഷരോത്സവത്തിന്റെ തീയതികള്‍ പിന്നീട് അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ ആശയങ്ങള്‍ക്ക് ഇടം നല്‍കാന്‍ ആത്മവിശ്വാസം നല്‍കും വിധത്തില്‍ ഗംഭീരമായ പങ്കാളിത്തമാണ് അക്ഷരോത്സവത്തിലുണ്ടായതെന്ന് സ്വാഗത പ്രസംഗത്തില്‍ മാതൃഭൂമി എഡിറ്റര്‍ മനോജ് കെ. ദാസ് പറഞ്ഞു. ഗവര്‍ണര്‍ക്ക് ഭീമ ജുവലേഴ്‌സ് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദനും മന്ത്രി കടകംപള്ളി സുരേന്ദ്രന് എം.വി. ശ്രേയാംസ് കുമാറും മൊമന്റോകള്‍ നല്‍കി. ഫെസ്റ്റിവല്‍ ഡയറക്ടര്‍ സബിന്‍ ഇക്ബാല്‍ ഫെസ്റ്റിവല്‍ നോട്ട് വായിച്ചു. സബിന്‍ ഇക്ബാല്‍, ഡയറക്ടര്‍ ടി.കെ. രാജീവ് കുമാര്‍ എന്നിവരെ ഗവര്‍ണര്‍ മൊമന്റോ നല്‍കി ആദരിച്ചു.

Content Highlights: mathrubhumi international festival of letters 2020 ends

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram