-
തിരുവനന്തപുരം: വിയോജിക്കാനുള്ള ധൈര്യം കാണിക്കുന്ന ജഡ്ജിമാരെപ്പോലും നമുക്ക് നഷ്ടപ്പെടുന്നുവെന്ന് അഡ്വ. കാളീശ്വരം രാജ്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ അന്ത നീതിയോ അന്തകനീതിയോ എന്ന വിഷയത്തില്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസി ജോസഫുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്ത് ഒരു ജസ്റ്റിസ് ഖന്നയുണ്ടായിരുന്നു. എന്നാല്‍ പുതിയ അടിയന്തരാവസ്ഥക്കാലത്ത് നമുക്ക് എത്ര ജസ്റ്റിസ് ഖന്നമാരെ കിട്ടുമെന്ന് അറിഞ്ഞുകൂടെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങള്‍ ധ്വംസിക്കാന്‍ പാര്‍ലമെന്റിന് പോലും അധികാരമില്ല എന്ന് എഴുതിയതിന്റെ പേരില്‍ ഏതെങ്കിലും ഒരു കാലത്ത് ഈ രാജ്യത്ത് ജനാധിപത്യം തിരിച്ചുവരികയാണെങ്കില്‍ ജസ്റ്റിസ് ഖന്നയുടെ പ്രതിമ സ്ഥാപിക്കപ്പെടും എന്ന് അന്ന് ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍ എഴുതി. ഇന്ന് എത്ര ന്യായാധിപര്‍ ഇത്തരം കാര്യങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തുമെന്ന് അദ്ദേഹം ചോദിച്ചു. ഇന്ന് വിയോജിപ്പ് ഇല്ലെന്ന് മാത്രമല്ല തന്ത്രപൂര്‍വം വിഷയങ്ങളെ കാണുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും സ്റ്റേ ചെയ്യണമെന്ന് ആവശ്യം ഉന്നയിക്കുകയും ചെയ്തു. ലോകോത്തര സമ്പദ് ശാസ്ത്ര പഠനങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് നോട്ട്നിരോധനം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്. എന്നാല്‍, ഒന്നും സംഭവിച്ചില്ല. യാതൊരു ഇലക്കാല ഉത്തരവും ഉണ്ടായില്ല. ഒരുപക്ഷേ നോട്ട്നിരോധനം അന്ന് സ്റ്റേ ചെയ്തിരുന്നെങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക ചരിത്രം തന്നെ ഒരളവുവരെ മാറിപ്പോയേനെ.
നാടകം കളിച്ചതിന്റെ പേരില്‍ കര്‍ണാടകത്തില്‍, പ്രതിഷേധ പ്രകടനം നടത്തിയതിന്റെ പേരില്‍ ഗോവയില്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ, ബ്രിട്ടണില്‍ പോലും പ്രയോഗിക്കാത്ത നിയമം പ്രയോഗിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്തിനെയും പെട്ടന്ന് രാജ്യദ്രോഹമായി വ്യാഖ്യാനിക്കാം എന്ന നിലയാണ്. ആ വകുപ്പ് തന്നെ റദ്ദാക്കണം, അത് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് സുപ്രീം കോടതിയില്‍ പോയപ്പോള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കാന്‍ തയ്യാറായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്തെങ്കിലും അക്രമത്തിന് ആഹ്വാനം ചെയ്യുന്ന അവസരത്തില്‍ വിരളമായി മാത്രം പ്രയോഗിക്കാം എന്നാണ് സുപ്രീം കോടതി പറഞ്ഞത്. പക്ഷേ നമുക്കറിയാം ഇപ്പോള്‍ തലങ്ങനെയും വിലങ്ങനെയും ഏത് പ്രക്ഷോഭത്തെയും അടിച്ചമര്‍ത്താന്‍ ഏറ്റവും അധികം പ്രയോഗിക്കുന്ന വകുപ്പുകളിലൊന്നാണ് ശിക്ഷാനിയമത്തിലെ 124 എ. അത് പോലെ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്ന ഒന്നാണ് ക്രിമിനല്‍ നടപടി ക്രമത്തിലെ സെക്ഷന്‍ 144.
കോടതിയിലെ നീതി എന്നു പറയുന്നത് ഭരണഘടന വിഭാവനം ചെയ്യന്ന നീതിയുടെ ഒരു ഭാഗം മാത്രമാണ്. കോടതിയിലൂടെ മാത്രം നല്‍കാവുന്ന ഒന്നല്ല നീതി. അതിന് കൂടുതല്‍ വലിയ ആഴങ്ങളുണ്ടെന്നും ആ ആഴങ്ങളിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ നീതിയുടെ ഭിന്ന തലങ്ങളെ സ്പര്‍ശിക്കാന്‍ കഴിയൂ എന്നും നമ്മുടെ ഭരണഘടനയുടെ ശില്പികള്‍ ശരിയായി തന്നെ മനസിലാക്കിയിരുന്നു.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം ഇതാണ് ഭരണഘടന മുന്നോട്ട് വച്ചിട്ടുള്ളത്. ഇത് മൂന്നും ഇന്ന് ഒരുപോലെ വെല്ലുവിളിക്കപ്പെടുന്നു. വിലിയ പ്രതീക്ഷ നല്‍കുന്ന വിധത്തില്‍ സമാധാനപരമായ പ്രക്ഷോഭങ്ങള്‍ രാജ്യത്ത് നടക്കുന്നു എന്നത് പ്രതീക്ഷ നല്‍കുന്നത്. മാധ്യമങ്ങളെക്കുറിച്ച് ആക്ഷേപങ്ങളുണ്ടെങ്കിലും ആ മേഖലയില്‍ നിന്നടക്കം പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Kaleeswaram raj in conversation with josy joseph at MBIFL 2020