Photo: Madhuraj
തിരുവനന്തപുരം: ആ പതിവ് ചോദ്യം മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിലും രഞ്ജിത്തിന് മുന്നില്‍ ആവര്‍ത്തിക്കപ്പെട്ടു. ആറാം തമ്പുരാനിലും നരസിംഹത്തിലുമെല്ലാം മാടമ്പി സംസ്‌കാരത്തെയും ആണ്‍കോയ്മയെയും എന്തിന് മഹത്വവത്കരിച്ചുവെന്ന്. അല്പം നര്‍മം കലര്‍ത്തിയാണ് രഞ്ജിത്ത് ഇത്തവണ മറുപടി പറഞ്ഞത്.
'നരസിംഹം പോലുള്ള സിനിമകള്‍ തീര്‍ത്തും കച്ചവടതാത്പര്യത്തിന്റെ പുറത്താണ് രൂപപ്പെട്ടത്. അതിന് പോഷകങ്ങളായി മാടമ്പിത്തരവും സവര്‍ണമേധാവിത്വവുമെല്ലാം ഉപയോഗപ്പെടുത്തുകയായിരുന്നു. സിനിമയ്ക്ക് ടിക്കറ്റെടുത്ത് മലയാളികള്‍ ആ കച്ചവടം വിജയിപ്പിച്ചു. സിനിമ ചിലപ്പോഴൊക്കെ ആളെപ്പറ്റിക്കലാണ്. സിനിമയിലെ വഷളത്തരങ്ങള്‍ ജീവിതത്തിലേക്ക് ആവിഷ്‌കരിക്കാന്‍ ശ്രമിച്ചവര്‍ പറ്റിക്കപ്പെട്ടുവെന്ന് കരുതിയാല്‍ മതി.'
'തിരക്കഥയുടെ ഗ്രീന്‍ റൂം' എന്ന വിഷയത്തില്‍ കെ.വിശ്വനാഥുമായി തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് അനുഭവങ്ങള്‍ പങ്കുവച്ചു.
ഒരുകാലത്ത് ജീവിക്കാനുള്ള വക കണ്ടെത്തുക എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് താന്‍ എഴുതിയിരുന്നതെന്ന് രഞ്ജിത്ത് ഓര്‍മിക്കുന്നു. ഇന്ന് നല്ല സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം. സാമ്പത്തികമായി അത്തരം സിനിമകള്‍ വിജയിക്കണമെന്നില്ല. കയ്യൊപ്പ് എന്ന സിനിമയ്ക്ക് 15 ലക്ഷം രൂപമാത്രമാണ് കേരളത്തില്‍ നിന്ന് കളക്ഷന്‍ കിട്ടിയതെന്ന് രഞ്ജിത്ത് പറയുന്നു. സാമ്പത്തിക നഷ്ടത്തിനിടയിലും അത്തരം സിനിമകളിലൂടെ തനിക്കും ചുരുക്കം ചിലര്‍ക്കെങ്കിലും സംതൃപ്തി ലഭിക്കുന്നുണ്ടെങ്കില്‍ അത് താന്‍ ആസ്വദിക്കുന്നുവെന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്രകാരന്‍.
പ്രാഞ്ചിയേട്ടന്‍ സിനിമയുടെ വിശേഷങ്ങളും രഞ്ജിത്ത് പങ്കുവച്ചു. ദൈവത്തിന്റെ ഭാഷയേത്? മനുഷ്യര്‍ പറയുന്നത് ദൈവത്തിന് മനസിലാകുന്നുണ്ടോ തുടങ്ങിയ കുസൃതി ചിന്തകളില്‍ നിന്നാണ് സിനിമ രൂപപ്പെട്ടത്. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിലൂടെ മോഹന്‍ലാല്‍ മമ്മൂട്ടിയുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായി പ്രാഞ്ചിയേട്ടനെ തിരഞ്ഞെടുത്തതിലുള്ള സന്തോഷം രഞ്ജിത്ത് മറച്ചുവച്ചില്ല.
സിനിമയിലെ തലമുറമാറ്റത്തെക്കുറിച്ച് രഞ്ജിത്തിന് പറയാനുള്ളത്: ' സിനിമ കൂടുതല്‍ യാഥാര്‍ഥ്യബോധമുള്ളതാകുന്നു. സാധാരണക്കാരായ മനുഷ്യരെ സ്‌ക്രീനില്‍ കാണാന്‍ സാധിക്കുന്നു.' താരങ്ങളോ വമ്പന്‍ മുതല്‍മുടക്കുകളോ ഇല്ലാതെ സര്‍ഗാത്മകമായ കൂട്ടായ്മകളിലൂടെ യുവതലമുറ സിനിമയെ മാറ്റിയെഴുതിയിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
'നിശ്ചയിച്ച നടന്‍ പിന്‍മാറിയപ്പോള്‍ ഷൂട്ടിങ് മുടങ്ങാതിരിക്കാനാണ് അയ്യപ്പനും കോശിയും എന്ന സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്.' - തിരക്കഥയ്ക്കും സംവിധാനത്തിനും നിര്‍മാണത്തിനും ശേഷം അഭിനയിത്തിലും വ്യക്തിമുദ്രപതിപ്പിക്കാന്‍ ഒരുങ്ങുകയാണ് രഞ്ജിത്ത്.
Content Highlights: director ranjith shares experiences at MBIFL 2020, Malayalam Movie